Current Date

Search
Close this search box.
Search
Close this search box.

മക്കളെ കൊണ്ട് മനംനിറയണമെങ്കില്‍

ideal-stu.jpg

മക്കളുടെ നന്മ എല്ലാ മാതാപിതാക്കളും ആശിക്കുന്നതാണ്. അവരുടെ സൗഭാഗ്യത്തിനും നന്മക്കുമായി വിലപ്പെട്ട എന്തും ചിലവഴിക്കാന്‍ അവര്‍ സന്നദ്ധരുമാണ്. എന്നാല്‍ മക്കളുടെ നന്മ എന്ത് എന്ന് മനസ്സിലാക്കുന്നതില്‍ മിക്ക മാതാപിതാക്കളും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍ഗണന നല്‍കേണ്ട വശം അവഗണിച്ചുകൊണ്ടാണ് മിക്കവരും അവരുടെ അധ്വാനങ്ങള്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഉദ്ബുദ്ധരായ പിതാവും സദ്‌വൃത്തയായ മാതാവും ഈ യാഥാര്‍ഥ്യത്തെ കുറിച്ച് അശ്രദ്ധരാകുകയില്ല. മക്കളുടെ സംരക്ഷണത്തിനും അവരുടെ ശാശ്വതമായ നന്മക്കും വിജയത്തിനുമുതകുന്ന പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ഏര്‍പ്പെടുക. മക്കളുടെ ഇഹ പരവിജയത്തിനാവശ്യമായ ശിക്ഷണങ്ങളില്‍ അത്തരം മാതാപിതാക്കള്‍ അതിയായ താല്‍പര്യം പ്രകടിപ്പിക്കും.
എന്നാല്‍ മതപരമായ ശിക്ഷണത്തെ അവഗണിച്ച് കൊണ്ട് ഭൗതികവും ശാരീരികവുമായ വളര്‍ച്ചക്ക് പരിഗണന നല്‍കുകയാണെങ്കില്‍ അവ നിരാശയാണ് സംഭാവന ചെയ്യുക. സമയത്തിന്റെയും സമ്പത്തിന്റെയും അധ്വാന പരിശ്രമത്തിന്റെയും കനത്ത നഷ്ടവും അവ വരുത്തും. അതിനെല്ലാം പുറമെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കരളിന്റെ കഷ്ണങ്ങളെ നഷ്ടപ്പെടുകയും ചെയ്യുന്നു.

നല്ല ശിക്ഷണം നല്‍കി വളര്‍ത്തുക, സംരക്ഷണം നല്‍കുക, പ്രാര്‍ഥിക്കുക, ഉപദേശിക്കുക എന്നിവ സന്താനങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങളില്‍ പെട്ടതാണ്. പ്രവാചകന്‍ പഠിപ്പിച്ചു: ‘ അല്ലാഹു പ്രജകളുടെ ചുമതല നല്‍കിയ ഒരുവന്‍ അവ ഗുണകാംക്ഷയോടെ നിര്‍വഹിച്ചിട്ടില്ലെങ്കില്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അവന് ലഭിക്കുകയില്ല’ ( ബുഖാരി). ഉത്തരവാദിത്തവും സംരക്ഷണവും എന്താണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മാതാപിതാക്കള്‍ മക്കളുടെ ശിക്ഷണം പരിപൂര്‍ണമായ രീതിയില്‍ നിര്‍വഹിക്കുകയാണെങ്കില്‍ മക്കള്‍ അവര്‍ക്ക് കണ്‍കുളിര്‍മ പ്രദാനം ചെയ്യും. സന്താനങ്ങളുടെ നിലവിലെയും ഭാവിയിലെയും ജീവിതമാര്‍ഗം പരിരക്ഷിക്കുക മാത്രമല്ല ഉത്തരവാദിത്ത നിര്‍വഹണം. മറിച്ച് അവരുടെ ഇഹപര വിജയത്തിന് നിദാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴാണ് അവ പൂര്‍ത്തിയാകുന്നത്. കാരണം മാതാപിതാക്കളുടെ സൗഭാഗ്യവും വിജയവും യഥാര്‍ഥത്തില്‍ മക്കളുടെ സൗഭാഗ്യത്തെയും വിജയത്തെയും ആശ്രയിച്ചാണ് കിടക്കുന്നത് . നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കത്തിയെരിയുന്ന നരകത്തില്‍ നിന്ന് സംരക്ഷിക്കുക എന്ന വിശ്വാസികളോടുള്ള അല്ലാഹുവിന്റെ താക്കീത് ഇതാണ് നമ്മെ ഉണര്‍ത്തുന്നത്.

തന്റെ മക്കളില്‍ നിന്നും കണ്‍കുളിര്‍മ ആഗ്രഹിക്കുന്നവര്‍ അവരോടുള്ള തങ്ങളുടെ ബാധ്യതകള്‍ തിരിച്ചറിയണം. രണ്ടു തരം മാതാപിതാക്കളെ കാണാം. ഒരുകൂട്ടര്‍ ഐഹികമായ വിജയത്തിന് മാത്രം പരിശ്രമിക്കുന്നവരാകും. അവരുടെ നമസ്‌കാരമോ ദൈവബോധമോ മതപരമായ വിദ്യാഭ്യാസമോ ധാര്‍മിക ശിക്ഷണമോ അവര്‍ പരിഗണിക്കുകയില്ല. അതിന്റെ തിക്തഫലം അവര്‍ അനുഭവിക്കുകയും ചെയ്യും. രണ്ടാമത്തെ വിഭാഗം തന്റെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നതു പോലെ തന്നെ മക്കളുടെ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കും. ദീനി വിജ്ഞാനങ്ങളും ആശയങ്ങളും അവരെ പഠിപ്പിക്കും. മതബോധത്തോടെ അവരെ വളര്‍ത്തും, നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ ഉഛാടനത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അവരെ സജ്ജരാക്കും. അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അവരുടെ നന്മകളില്‍ നിറഞ്ഞ പ്രോല്‍സാഹനവും നല്‍കും. യുക്തിദീക്ഷയുളള ഒരു ഡോക്ടറെ പോലെ അവരുടെ വീഴ്ചകളെ ചികിത്സിക്കും. അവരുടെ സംസ്‌കരണത്തിനും സന്മാര്‍ഗലബ്ധിക്കുമായി നിരന്തരം പ്രാര്‍ഥനയിലേര്‍പ്പെടും. സന്താനങ്ങള്‍ക്കായുള്ള പ്രവാചകന്മാരുടെയും സത്യവിശ്വാസികളുടെയും  പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ‘  ‘എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്‌ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്..’ (അഹ്ഖാഫ് 15). ‘അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: ‘ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ. ‘ (അല്‍ഫുര്‍ഖാന്‍ 74). ഇത്തരം മക്കളാണ് നമ്മുടെ മനംനിറക്കുന്ന മലര്‍വാടിയാകുക.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.
 

Related Articles