Current Date

Search
Close this search box.
Search
Close this search box.

ഭാര്യ ഇഷ്ടപ്പെടുന്നത്

muslim-couples.jpg

പ്രവാചകന്‍ തന്റെ അവസാന ഹജ്ജില്‍ ലോകര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ ചില ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. അന്ത്യനാള്‍വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും പിന്‍പറ്റല്‍ നിര്‍ബന്ധമായ കാര്യങ്ങളാണ് അദ്ദേഹം ഉപദേശിച്ചത്. അതില്‍ ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത കാര്യമാണ് ഓരോ പുരുഷനും ജീവിതം മുഴുവന്‍ കൂടെ ജീവിക്കേണ്ട സ്ത്രീയെന്നത്. പ്രവാചകന്‍ പറഞ്ഞു: ‘സ്ത്രീകളോട് നിങ്ങള്‍ നന്നായി വര്‍ത്തിക്കുക. അവര്‍ നിങ്ങളുടെ സഹായികളാകുന്നു. അറിയുക, നിങ്ങളുടെ സ്ത്രീകള്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. നിങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അവരില്‍ നിന്നും ലഭിക്കേണ്ടതുമുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ വീട്ടില്‍ കയറ്റാതിരിക്കലും, മറ്റുള്ളവരെ വിരിപ്പില്‍ സ്വീകരിക്കാതിരിക്കലുമാണ്. ഭാര്യമാര്‍ക്ക് വാത്സല്യവും ഭക്ഷണവും വസ്ത്രവും നല്‍കലുമാണ് അവര്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍.’ (മുസ്‌ലിം)

സ്ത്രീയോട് നൈര്‍മല്യത്തോടെ പെരുമാറാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ഭാര്യയോട് കാരുണ്യം കാണിക്കാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. സ്ത്രീ അവള്‍ എത്ര ശക്തയാണെങ്കിലും അവളുടെ ഉള്ളില്‍ പുരുഷന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു വികാരമുണ്ട്. അതുകൊണ്ട്തന്നെ സ്ത്രീ ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന വികാരം സുരക്ഷിതത്വവും സംരക്ഷണവുമാണ്. അത് നഷ്ടപ്പെട്ടാല്‍ അവള്‍ അസ്വസ്ഥയാകും. പുരുഷന് അവള്‍ക്ക് ഈ സുരക്ഷിതത്വ ബോധം നല്‍കാന്‍ പുരുഷന് അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. സുരക്ഷിതത്വം അനുഭവപ്പെടുന്നതിലന്റെ ഒന്നാമത്തെ ഉറവിടം പുരുഷന്‍ അവളെ സ്‌നേഹിക്കുക എന്നതാണ്. പുരുഷന്റെ സ്‌നേഹം സ്ത്രീക്ക് ലഭിക്കുന്നതോടെ സുരക്ഷിതയാണെന്ന ബോധം അവള്‍ക്കുണ്ടാകും. പെണ്ണിന് സുരക്ഷിതബോധം നല്‍കുന്ന രണ്ടാമത്തെ ഘടകം പുരുഷന്റെ വിശ്വസ്തതയാണ്. അവന്‍ ധീരനും ഉന്നതനുമായി അവള്‍ക്ക് അനുഭവപ്പെടണം. ഈ ഗുണങ്ങളെല്ലാം സ്ത്രീയെ പുരുഷനിലേക്ക് കൂടുതല്‍ അടുപ്പിക്കും.

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും കഴിവുള്ളവനാണ് തന്റെ ഭര്‍ത്താവ് എന്ന ബോധം ഭാര്യയില്‍ സുരക്ഷിതബോധം വര്‍ദ്ധിപ്പിക്കും. യഥാര്‍ഥ പുരുഷന്‍ സ്വന്തത്തിന്റെയും ഇണയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കും. ഉത്തരവാദിത്തങ്ങളെ പേടിക്കാതെ അവ വെല്ലുവിളിയായി ഏറ്റെടുക്കുന്ന പുരുഷനെയാണ് സ്ത്രീക്ക് ഇഷ്ടം. ഭര്‍ത്താവിന് ആകര്‍ഷണീയമായ വ്യക്തിത്വമുണ്ടായിരിക്കുക എന്നതും ഭര്യയുടെ സുരക്ഷിതത്വബോധം അധികരിപ്പിക്കുന്ന ഘടകമാണ്. നല്ല വസ്ത്രവും പെരുമാറ്റവും വളരെ നിര്‍ണായകമാണ്. അമിത വിനയവും ക്ഷിപ്രകോപവും വ്യക്തിത്വത്തെ നശിപ്പിക്കും. സന്തുലിത വ്യക്തിത്വമാണ് ഭാര്യമാര്‍ക്ക് ഇഷ്ടപ്പെടുക. പൂര്‍ണനാണെന്ന് വെളിവാക്കാന്‍ കൃത്രിമ വ്യക്തിത്വം പ്രകടിപ്പിക്കുന്നത് വലിയ അപകടമാണ്.

ഭാര്യക്ക് എന്താണ് ഇഷ്ടപ്പെടുക?
സ്ത്രീക്ക് അവളെയും അവളുടെ വികാരങ്ങളെയും മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തുണകളെയാണ് ഇഷ്ടപ്പെടുക. അവളുടെ ചിന്തകളെയും പ്രതീക്ഷകളെയും പ്രയാസങ്ങളെയും അവന് മനസ്സിലാക്കാനാവണം. സ്ത്രീകള്‍ക്ക് ചെറിയ ചെറിയ കാര്യങ്ങളാണ് ഇഷ്ടപ്പെടുക. ഒരു പക്ഷെ നീ സ്‌നേഹത്തോടെ അവര്‍ക്ക് കൊണ്ടുവന്ന് കൊടുക്കുന്ന ഒരു പനിനീര്‍ പൂവായിരിക്കും ഒരു സ്വര്‍ണ മോതിരത്തെക്കാള്‍ അവര്‍ക്ക് ഇഷ്ടപ്പെടുക. തന്റെ ആവശ്യം പറഞ്ഞ് ബോധ്യപ്പെടുത്താതെതന്നെ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഭര്‍ത്താവിനെയാണ് ഭാര്യ ഇഷ്ടപ്പെടുക.

പുരുഷന്‍ അറിഞ്ഞിരിക്കേണ്ട കാര്യം പ്രവാചകന്‍ പഠിപ്പിക്കുന്നത് കാണുക. പ്രവാചകന്‍ പറഞ്ഞു: ‘സ്ത്രീ വാരിയെല്ലില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അവളെ നിനക്ക് നേരെയാക്കാന്‍ സാധിക്കില്ല. നീ അവളെ വക്രതയോടെ അനുഭവിക്കുകയാണെങ്കില്‍ അത് നിലനില്‍ക്കും. നീ അതിനെ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും. അവളെ പൊട്ടിക്കുകയെന്നാല്‍ വിവാഹ മോചനമാണ്.’ (മുസ്‌ലിം) പെണ്ണിന്റെ സ്വഭാവത്തിലുള്ള ഈ വക്രത മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അത് പ്രകൃത്യാഅവളിലുള്ളതാണ്. അത് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അവളുടെ പ്രകൃതിയെ മാറ്റാനാണ് നീ ശ്രമിക്കുന്നത്. സ്ത്രീയുടെ സ്വഭാവം കാണിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് ഇഷ്ടപ്പെടാനാവില്ല. കാരണം അവര്‍ രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ്.

ഇണയുടെ ഭാഷ മനസ്സിലാക്കുക
ഭാര്യക്ക് അവളുടെ വിഷമങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനായി പ്രത്യേക ഭാഷയുണ്ട്. അത് പരസ്പരപെരുമാറ്റത്തിലൂടെ നാം പഠിച്ചെടുക്കണം. അവ ശരിയായി മനസ്സിലാക്കി വിവര്‍ത്തനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടത്. അതിന് ചില ഉദാഹരണങ്ങള്‍ കാണുക.  

1) ഭാര്യ പറയുന്നു: ‘നമ്മള്‍ ഒരിക്കലും ഒരുമിച്ച് പുറത്തുപോയിട്ടില്ല.’
ഇതിനെ ഒരാള്‍ക്ക് അക്ഷരാര്‍ഥത്തിലെടുത്ത് ഇങ്ങനെ വായിക്കാം: നീ നിന്റെ ഉത്തരാവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല. നിന്നെകുറിച്ചുള്ള എന്റെ ധാരണതന്നെ തെറ്റിപ്പോയി. നമ്മള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ ഒന്നിച്ച് നില്‍കാനായിട്ടില്ല. നീ അത്രക്ക് മടിയനും വികാരശൂന്യനും മടുപ്പിക്കുന്നവനുമാണ്.

എന്നാല്‍ ഭാര്യയുടെ യഥാര്‍ഥ ഉദ്ദേശ്യം ഇങ്ങനെയാണെന്ന് ഭര്‍ത്താവിന് മനസ്സിലാകണം: നിങ്ങളോടുള്ള പ്രണയംകൊണ്ട് എനിക്ക് നിങ്ങളുടെ കൂടെ പുറത്തുപോവാന്‍ തോന്നുന്നുണ്ട്. മറ്റുള്ളവരുട മുമ്പിലൂടെ കൂടെ നടക്കണമെന്നും തോന്നുന്നുണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരിക്കുകയാണ്. എപ്പോഴും നിങ്ങളുടെ കൂടെയിരിക്കാനാണ് എനിക്ക് ആഗ്രഹം.

2) ഭാര്യ പറയുന്നു: ‘ഞാന്‍ വളരെ ക്ഷീണിതയാണ്. എനിക്കൊരു പണിയും ചെയ്യാനാകുന്നില്ല.’
ഞാനാണ് ഇവിടെയുള്ള എല്ലാം ചെയ്യുന്നത്. നിങ്ങള്‍ വെറുതെയിരിക്കുകയാണ്. എന്നെ സഹായിക്കാന്‍ എനിക്ക് മറ്റൊരാളെ ആവശ്യമുണ്ട്. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് ഈ വാക്കുകളെ മനസ്സിലാക്കാം. പക്ഷെ ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം ഇതല്ല. ഞാനിന്ന് കുറെ പണികള്‍ ചെയ്തിട്ടുണ്ട്. ഇനി മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എനിക്ക് കുറച്ച് വിശ്രമവും വിനോദവും ആവശ്യമുണ്ട്. നിങ്ങള്‍ക്ക് എന്നെ സഹായിക്കാമോ? ഈ കാര്യങ്ങളൊക്കെ ചെയ്യല്‍ വലിയ പ്രയാസമല്ലെന്ന് തോന്നുന്ന തരത്തില്‍ എന്റെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങള്‍ എനിക്ക് കുറച്ച് വിവോദങ്ങളും സ്‌നേഹ ലാളനകളും നല്‍കണം. ഇതാണ് ഈ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം.

3) ഭാര്യ പറയുന്നു: ‘വീട് എപ്പോഴും ക്രമക്കേടിലാണ്.’
നിങ്ങളെകൊണ്ട് വീട് എപ്പോഴും അടുക്കും ചിട്ടയുമില്ലാതെയാണ് കിടക്കുന്നത്. ഞാന്‍ അത് നന്നാക്കിയാല്‍ ഉടനെ നിങ്ങള്‍ അത് പഴയപടിയാക്കും. നിങ്ങള്‍ അശ്രദ്ധനാണ്. നിങ്ങള്‍ ഈ സ്വഭാവം മാറ്റുന്നതുവരെ എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കേണ്ട. ഒന്നുകില്‍ വീട് നന്നായി സൂക്ഷിക്കുക. അല്ലെങ്കില്‍ എന്നെ ഒഴിവാക്കുക. ഇങ്ങനെയൊന്നുമല്ല ഭാര്യയുടെ ഈ പരിഭവത്തിന്റെ അര്‍ഥം. അവളുടെ പരിഭവത്തിന്റെ വിവര്‍ത്തനം ഇത്ര സങ്കീര്‍ണമൊന്നുമല്ല. ഞാന്‍ വളരെ ക്ഷീണിച്ചിട്ടുണ്ട്. എനിക്ക് കുറച്ച് വിശ്രമം വേണം. പക്ഷെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട് ഒന്ന് ക്രമപ്പെടുത്താന്‍ നിങ്ങള്‍ എന്നോട് സഹകരിക്കുമോ? ജോലികളില്‍ സഹായിക്കാമോ? ഇത്രയാണ് അവള്‍ ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത് നാം വാക്കുകളെ വായിക്കരുത്.

ബന്ധം നന്നാക്കാന്‍ ചില വഴികള്‍
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ബന്ധം സുദൃഢമാവാനും ശക്തിപ്പെടാനും നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1) നല്ല അഭിവാദ്യങ്ങളോടെ വീട്ടിലേക്ക് പ്രവേശിക്കുക. ചിരിക്കുന്ന മുഖത്തോടെ സലാം ചൊല്ലിക്കൊണ്ട് വീട്ടിലേക്ക് പ്രവേശിക്കുക. അവള്‍ക്ക് ഇഷ്ടപ്പെടുന്ന പേരുകള്‍കൊണ്ട് വിളിച്ച് ചിരിതമാശകളോടെ തുടങ്ങുക.

2) ഭാര്യയുടെ വികാരങ്ങളെ പരിഗണിക്കുക. ഭര്‍ത്താവ് വരുമ്പോള്‍ മനസ്സില്‍ പ്രയാസവും പരാതികളുമായായിരിക്കും ഒരുപക്ഷെ ഭാര്യ നില്‍കുന്നത്. അത് മനസ്സിലാക്കി അവളെ പരിഗണിച്ച് അവള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ശ്രദ്ധിക്കുക. അവളെ തലോടി സമാധാനിപ്പിക്കുക.

3) വീട്ടിലെ ജോലികളില്‍ ഭാര്യയെ സഹായിക്കുക. വീട്ടിലെ ഭക്ഷണമുണ്ടാക്കലിലും മറ്റും ഭാര്യയെ നാം സഹായിക്കുന്നത് അവള്‍ക്ക് വലിയ ആശ്വാസവും ആഹ്ലാദവും നല്‍കും. അവള്‍ക്ക് സ്‌നേഹവും ആരാധനയും വര്‍ദ്ധിക്കാന്‍ അത് കാരണമാകും.
ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ ദാമ്പത്യജീവിതം സുന്ദരമായിത്തീരും.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles