Current Date

Search
Close this search box.
Search
Close this search box.

ഭാര്യമാര്‍ക്ക് മാത്രം

happy-famiy1.jpg

ഈ കുറിപ്പ് ഞാനെന്റെ ഹൃദയത്തിന്റെ അകക്കാമ്പില്‍ നിന്നാണ് എഴുതുന്നത്. ഭാര്യമാരായ എന്റെ സഹോദരികളുടെ ജീവിതത്തില്‍ പുഞ്ചിരിയും ആശ്വാസവും സമാധാനവും സൗഭാഗ്യവും വര്‍ഷിക്കും ഈ ഉപദേശങ്ങളെന്നാണ് എന്റെ പ്രതീക്ഷ. പതിവ്രതകളായ ഭാര്യമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഇടയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായകമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ കുറിപ്പിലുള്ള കാര്യങ്ങള്‍ പ്രാധാന്യപൂര്‍വം എന്റെ സഹോദരികള്‍ പരിഗണിക്കണമെന്ന അഭ്യര്‍ഥനയോടെ നിങ്ങളുടെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്.

1) ഭാര്യ ഭര്‍ത്താവിന് മനസ്സമാധാനം നല്‍കുന്ന വീടാണ്. ആദ(അ)മിന് ഇണയായി ഹവ്വ സൃഷ്ടിക്കപ്പെടുന്നതുവരെ ആദമിന് സന്തോഷിക്കാന്‍ സാധിച്ചിരുന്നില്ല. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് വേണ്ടിയും. അതുകൊണ്ടുതന്നെ പരസ്പരം സമാധാനവും സ്‌നേഹവും കാരുണ്യവും നല്‍കാന്‍ സഹോദരികള്‍ പരിശ്രമിച്ചുകൊണ്ടിരിക്കണം.

2) ജീവിത സൗഭാഗ്യം നേടാനുള്ള സഹോദരികളുടെ പരിശ്രമങ്ങളുടെ ഫലം ആദ്യം അനുഭവിക്കാനാവുക നിങ്ങള്‍ക്ക് തന്നെയാണ്. ഈ പ്രയത്‌നങ്ങള്‍ വഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ നിര്‍ഭയത്വവും സ്‌നേഹവും സൗഭാഗ്യവും സന്തോഷവും ആസ്വാദനവും വികാരപൂര്‍ത്തീകരണവും സാധിക്കുന്നു.

3) ഭര്‍ത്താവ്, അവന്‍ തന്നെയാണ് നിന്റെ സ്വര്‍ഗവും നരകവും. അവന്‍ തന്നെയാണ് നിന്റെ ശക്തമായ അഭയകേന്ദ്രവും. നിന്റെ സുന്ദരസ്വപ്‌നവും അവനാണ്. കൂര്‍മതയുള്ള നിന്റെ ഹൃദയവും അവനാണ്. അതിനെല്ലാം പുറമേ അവന്‍ നിങ്ങളുടെ സ്‌നേഹഭാജനങ്ങളും കരളിന്റെ കഷ്ണങ്ങളുമായ കുട്ടികളുടെ പിതാക്കളാണ്.

4) സഹോദരീ, നിന്റെ അടുത്തുള്ള എല്ലാ സ്വര്‍ണവും വസ്ത്രങ്ങളും വാഹനങ്ങളും വീടുകളും മറ്റ് സമ്പത്തുകളും എല്ലാറ്റിനുമുള്ള വിലയെക്കാളും എത്രയോ മുകളിയാണ് സത്യസന്ധമായ നിറഞ്ഞൊഴുകുന്ന പ്രണയം. ഭര്‍ത്താവിന്റെ സംരക്ഷണത്തിന് കീഴിലുള്ള നിര്‍ഭയത്വവും അവന്റെ സ്‌നേഹവും മോഹങ്ങളുമായി തുലനം ചെയ്യുമ്പോള്‍ നിന്റെ സമ്പത്തും സ്വത്തുകളുമെല്ലാം വളരെ ചെറുത് മാത്രമാണ്.

5) എല്ലാ കാര്യങ്ങള്‍ക്കും മുമ്പ് വളരെ നൈര്‍മല്യത്തോടെ സഹോദരികള്‍ ഭര്‍ത്താവിന്റെ സ്‌നേഹം അന്വേഷിച്ചുകൊണ്ടിരിക്കണം. ചെറിയൊരു പരിഗണനയില്‍ നിന്നും തിരിച്ച് സ്‌നേഹം വാരിക്കോരി നല്‍കാന്‍ സഹോദിരകള്‍ക്കാവണം. ഫലഭൂയിഷ്ടമായ ഭൂമിയില്‍ വിത്തുകള്‍ വീഴുമ്പോഴുള്ളതുപോലെ സ്‌നേഹം തഴച്ചു വളരണം. വിത്ത് വളര്‍ന്ന് പന്തലിച്ച് വൃക്ഷമാകും. അത് തണലും ഫലങ്ങളും നല്‍കും. അതുപോലെയാകണം സഹോദരികളുടെ സ്‌നേഹവും. അത് വളര്‍ന്ന് പന്തലിച്ച് ഭര്‍ത്താവിന് തണലും ഫലങ്ങളും നല്‍കണം. നീ ഭര്‍ത്താവിനെ സ്‌നേഹിക്കുകയാണെങ്കില്‍ നിന്റെ എല്ലാ അമൂല്യവസ്തുക്കളും അവന് വേണ്ടി ത്യജിക്കാന്‍ നീ തയ്യാറാകണം.
സഹോദരികളേ, നിങ്ങള്‍ നിങ്ങളുടെ സ്‌നേഹത്തിന് വേണ്ടി അല്ലാഹുവിന്റെ പ്രതിഫലമുദ്ദേശിച്ച്‌കൊണ്ട് എല്ലാം ത്യജിക്കാന്‍ തയ്യാറാവുക. അത് നിങ്ങള്‍ക്ക് ഇഹ-പരവിജയം എളുപ്പമാക്കും. ഇനി ഇഹത്തില്‍ ഫലം കുറഞ്ഞാലും പരത്തില്‍ വലിയ പ്രതിഫലമാണ് ലഭിക്കുകയെന്നോര്‍ക്കണം.

6) അരാജകത്വത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് സഹോദരീ, നിന്റെ ഭര്‍ത്താവിനെ സ്‌നേഹംകൊണ്ടും പരസ്പര ധാരണകള്‍കൊണ്ടും വൈകാരികതകള്‍കൊണ്ടും പരമാവധി തൃപ്തിപ്പെടുത്താന്‍ നീ പരിശ്രമിക്കുക. കാരണം അരാജകത്വത്തിന്റെ ശക്തികള്‍ ദുര്‍ബല മനസ്‌കരെ വീടിന് പുറത്തെന്നപോലെ അകത്തും കാത്തിരിക്കുകയാണ്. ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്റയും രൂപത്തില്‍ വീട്ടിനുള്ളില്‍ തന്നെ ഫിത്‌നകള്‍ ഒരുങ്ങിയിരിക്കുന്നുണ്ട്. ഈ ദുശിച്ച ശക്തികള്‍ എല്ലാ വാതിലുകളും മുട്ടിക്കൊണ്ടിരിക്കും. മിക്കഅവസരങ്ങളിലും നിങ്ങളുടെ ഭര്‍ത്താവ് ക്ഷമിച്ചെന്ന് വരാം. പക്ഷെ വളരെ കുറഞ്ഞ സന്ദര്‍ഭത്തില്‍ നിന്റെ ഭര്‍ത്താവിന് ദുര്‍ബോധനങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍കാനായില്ലെന്ന് വരാം. അതുകൊണ്ട് നിങ്ങള്‍ സൂക്ഷ്മത പാലിക്കുക.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles