Current Date

Search
Close this search box.
Search
Close this search box.

ഭാര്യക്കു വേണ്ടി രണ്ടു സായാഹ്നങ്ങള്‍

tea.jpg

ജോലിയും പൊതു പ്രവര്‍ത്തനവുമുള്ള ഭര്‍ത്താക്കന്‍മാര്‍ ധാരാളമുള്ള ഒരു കാലമാണിത്. രാഷ്ട്രീയ സംഘടനകളും മതസംഘടനകളും സാംസ്‌കാരിക സംഘടനകളും സജീവമായ കാലമായതിനാല്‍ യുവാക്കള്‍ ജോലി സമയം കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനത്തില്‍ മുഴുകും. പലരും വീട്ടിലെത്താന്‍ രാത്രി പത്തു മണിയെങ്കിലുമാകും. വൈകാതെ എന്നും ഉറങ്ങാന്‍ വീട്ടിലെത്തുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് അവരുടെ വാക്കുകളിലുണ്ടാവുക. ചിലപ്പോള്‍ അവര്‍ ഭാര്യമാരോട് ഇങ്ങനെ പറയും : ‘എത്ര ഭര്‍ത്താക്കന്‍മാരുണ്ട് ആഴ്ച്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ വീട്ടില്‍ വരുന്നവരായിട്ട്. അന്യ ജില്ലകളില്‍ ജോലി ചെയ്യുന്ന അവരുടെ ഭാര്യമാര്‍ ആ അസാന്നിദ്ധ്യം സഹിക്കുന്നു. നിനക്ക് അക്കണക്കിന് വലിയ സുഖമാണ്. ഞാന്‍ എന്നും വീട്ടിലെത്തുന്നുണ്ടല്ലോ.’

അയാള്‍ പറയുന്നത് ശരിയാണ്. വീട്ടിലെത്താന്‍ വൈകുന്നതിനുമുണ്ട് ന്യായീകരണം. നേരം വൈകുന്നത് വേണ്ടാത്ത കാര്യത്തില്‍ ഏര്‍പ്പെട്ടത് കൊണ്ടല്ല. നല്ല കാര്യത്തില്‍ വിനിയോഗിച്ചതു കൊണ്ടാണ് എന്ന്. അതും ശരി തന്നെ. എന്നാല്‍ അതിന്നിടയില്‍ കാണേണ്ട മറ്റൊരു ശരിയുണ്ട്. വൈകുന്നേരങ്ങളില്‍ ഭര്‍ത്താവിനെ വീട്ടില്‍ കാണല്‍ ഭാര്യയുടെ വലിയ ആഗ്രഹമാണ്. കാരണം രണ്ടാണ്. വൈകുന്നേരമാണ് മിക്ക സ്ത്രീകളും പലഹാരമുണ്ടാക്കുക. ഇളം ചൂടുള്ള നെയ്യപ്പമോ ഞെരിഞ്ഞ പരിപ്പു വടയോ മയമുള്ള ഒരു കഷ്ണം കുക്കറപ്പമോ ഭര്‍ത്താവിന്റെ മുന്നില്‍ കൊണ്ടു വെക്കാന്‍ ഭാര്യക്ക് കൊതിയുണ്ടാവും. എന്നും രാത്രി പത്തുമണിക്കെത്തുന്നയാള്‍ക്ക് ചൂടുള്ള പലഹാരം നല്‍കാന്‍ അവള്‍ക്ക് കഴിയില്ലല്ലോ.

രണ്ടാമത്തെ കാരണം വൈകുന്നേരത്തെ ചായയും പലഹാരവും വിളമ്പിക്കഴിഞ്ഞാല്‍ ഭാര്യ സന്ധ്യവരെ സ്വതന്ത്രയാണ്. അപ്പോള്‍ കൂട്ടിനൊരു ഇണ എന്ന മോഹം അവള്‍ക്കുണ്ടാവും.

ഇതു കണക്കിലെടുത്ത് മാസത്തില്‍ രണ്ടു വൈകുന്നേരങ്ങള്‍ ഭാര്യക്കു വേണ്ടി മാറ്റി വെക്കുക. സന്ധ്യയാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വീട്ടിലെത്തണം. പിന്നെ നമസ്‌കരിക്കാനല്ലാതെ പുറത്തു പോകരുത്. ഇങ്ങനെ വീട്ടിലുണ്ടാകുന്ന ദിവസം ഭാര്യയെ അറിയിക്കണം. എങ്കിലേ അവള്‍ക്ക് ആ സായാഹ്നം ഭംഗിയുള്ളതാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഈ വരവ് ഭാര്യക്കു മാത്രമല്ല സന്തോഷമുണ്ടാക്കുക. മാതാപിതാക്കളോടൊപ്പമാണ് താമസമെങ്കില്‍ അവര്‍ക്കും ഇത് വിലപ്പെട്ട അനുഭവമാകും. പ്രത്യേകിച്ചും അവര്‍ പ്രായം കൂടിയവരാണെങ്കില്‍. സമയത്തിന്റെ ഒരു ഭാഗം അവര്‍ക്കു വേണ്ടിയും നീക്കിവെക്കണം. അവരുടെ അടുത്തിരുന്ന് ശരീരം സ്പര്‍ശിച്ചു കൊണ്ട് സംസാരിക്കുക. ഉമ്മ കിടക്കുകയാണെങ്കില്‍ തലതടവി കൊണ്ടോ കാല്‍ തിരുമ്മി കൊണ്ടോ കൈ ഉഴിഞ്ഞു കൊണ്ടോ ആകണമത്. അപ്പോള്‍ ഉമ്മയനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുണ്ടാവുകയില്ല. ചെറുപ്പത്തില്‍ നിങ്ങളെ തലോടിയതും ലാളിച്ചതും കൊഞ്ചിച്ചതുമെല്ലാം ഉമ്മയുടെ മനസ്സില്‍ ടി.വി സ്‌ക്രീനിലെന്ന പോലെ ഉയര്‍ന്നു വരും. പിതാവിന് ഈ സ്പര്‍ശനം വേണ്ടി വരില്ല. പ്രായം വളരെ കൂടുമ്പോഴേ അവര്‍ക്കത് വേണ്ടി വരികയുള്ളൂ. ഉമ്മാക്കാകട്ടെ ഇത് ഏത് പ്രായത്തിലും ആവശ്യമായിരിക്കും.

ഭാര്യക്കുവേണ്ടി രണ്ടു സായാഹ്നങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ക്കു കൂടിയുള്ളതാണെന്ന് ഭര്‍ത്താക്കന്‍മാര്‍ മനസ്സിലാക്കണം. ഇതുവരെ ആ ക്രമീകരണം. ശീലിച്ചിട്ടില്ലാത്തവര്‍ ഒന്നു പരിശോധിച്ചു നോക്കൂ. ടെന്‍ഷന്‍ മാറാനും പുതിയ ഉന്മേഷം കൈവരാനും ഈ സായാഹ്നങ്ങള്‍ ഉപകരിക്കും. ഇതെന്തു കൊണ്ട് മുമ്പേ തുടങ്ങിയില്ല എന്ന തോന്നലാകും പിന്നെയുണ്ടാവുക.

ഇതൊന്നും ശ്രദ്ധിക്കാതെ നിങ്ങള്‍ എഴുപതു വയസ്സിലെത്തി എന്നു സങ്കല്‍പിക്കുക. അന്ന് സങ്കടം തീര്‍ത്താല്‍ തീരില്ല. ജീവിതത്തില്‍ കുടുംബ ജീവിതം മധുരിപ്പിക്കാനായി സമയത്തിന്റെ ഒരു ചെറിയ ഭാഗം നീക്കിവെച്ചിരുന്നെങ്കില്‍ എന്ന നഷ്ടചിന്ത നമ്മെ പിടികൂടിയെന്നു വരും. അതിനാല്‍ ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നുവോ എന്ന് ഭാര്യയും ഭര്‍ത്താവും ചിന്തിക്കണം. നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ ഏതെല്ലാം തരത്തില്‍ അത് പ്രയോഗത്തില്‍ വരുത്താം എന്ന് ചര്‍ച്ച ചെയ്യുക. ഇതില്‍ വലിയ റോള്‍ വഹിക്കാനുള്ളത് പുരുഷനാണ്. അധികം കാത്തു നില്‍ക്കേണ്ട. ഈ ആഴ്ച്ച തന്നെ ഒരു സായാഹ്നം അവള്‍ക്കു വേണ്ടി മാറ്റി വെക്കുക. അത് തനിക്കു കൂടിയാണെന്ന് മറക്കാതിരിക്കുകയും ചെയ്യുക. ജീവിതത്തെ മധുരിപ്പിക്കാന്‍ ഇതുപോലെ പല വഴികളും സ്വയം കണ്ടെത്താന്‍ കഴിയും.

Related Articles