Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ മറവിയും കോപവും

angry-man.jpg

ജോലിത്തിരക്കിന്റെയും ഉത്തരവാദിത്വ ബാഹുല്യത്തിന്റെയും സൃഷ്ടിയാണ് മറവി. മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം അന്നത്തെ ജോലിയെ തന്നെ ബാധിക്കും. പത്രാധിപരോ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനോ പത്രറിപോര്‍ട്ടറോ ആണ് ഭര്‍ത്താവെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഭാര്യ ഒരു ചോദ്യം ചോദിക്കണം; മൊബൈല്‍ എടുത്തോ?

ആ പതിവ് തെറ്റിക്കരുത്. മൊബൈല്‍ ഫോണ്‍ ഇന്ന് എല്ലാവര്‍ക്കും അനിവാര്യമാണ്. പിന്നെയെന്തിന് സാധാരണ ജോലിക്കാരായ ഭര്‍ത്താക്കന്‍മാരോട് അതിനെ കുറിച്ച് ചോദിക്കുന്ന കാര്യം പറയാത്തത് എന്ന ചോദ്യം വായനക്കാര്‍ക്കുണ്ടായേക്കാം. ഏതുതരം ഭര്‍ത്താവിനോടും ചോദിക്കേണ്ടതു തന്നെയാണത്. പക്ഷേ, അധ്യാപകനോ ഓഫീസ് ക്ലാര്‍ക്കോ കൂലിപ്പണിക്കാരനോ അത് മറക്കാന്‍ സാധ്യത കുറവാണ്. മറന്നാല്‍ വലിയ പ്രശ്‌നമില്ല താനും. അവര്‍ക്ക് അധികം കാളുകള്‍ വരാനിടയില്ല. എന്നാല്‍ ആദ്യം പറഞ്ഞവരുടെ ജോലിയുടെ നല്ലൊരു ഭാഗം ഫോണിലൂടെയായിരിക്കും. ഒരു ദിവസം ഭര്‍ത്താവ് ഫോണെടുക്കാന്‍ മറക്കുകയും ഭാര്യ ചോദിക്കാന്‍ മറക്കുകയും ചെയ്തു എന്ന് സങ്കല്‍പിക്കുക. ഇരുവരും അന്ന് അനുഭവിക്കുന്ന മാനസിക പ്രയാസം വലുതായിരിക്കും. ഭര്‍ത്താവ് പോയി അരമണിക്കൂര്‍ കഴിഞ്ഞ് മറന്നു വെച്ച ഫോണ്‍ റിംഗ് ചെയ്യുന്നത് ഭാര്യ കേള്‍ക്കുന്നു. ആ ദിവസം മുഴുവന്‍ ഭാര്യ അസ്വസ്ഥയായിരിക്കും. എന്നും ചോദിക്കാറുള്ള ഞാന്‍ ഇന്ന് ചോദിക്കാന്‍ മറന്നല്ലോ. അദ്ദേഹം ഇന്ന് എത്രമാത്രം ബുദ്ധിമുട്ടും. വൈകുന്നേരം വരുമ്പോള്‍ എങ്ങനെയാണ് മുഖത്തു നോക്കുക? ഭാര്യ ഈ ചിന്തയുമായി കഴിയുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തുവെച്ച് മനസ്സില്‍ അവളെ ശകാരിക്കുന്നുണ്ടാവും. അയ്യേ അവളിത് ഓര്‍മിപ്പിച്ചില്ലല്ലോ. എന്റെ ബദ്ധപ്പാടും ഉത്തരവാദിത്വവും അറിയാവുന്നവളല്ലേ അവള്‍? ഇതായിരിക്കും അന്നുമുഴുവന്‍ അയാളുടെ മനസ്സില്‍.

ഭാര്യ മറവിക്കാരിയാണെങ്കില്‍ ഭര്‍ത്താവിനും ചില ബാധ്യതകളുണ്ട്. മറക്കാതെ മരുന്നു കഴിക്കേണ്ടവളായിരിക്കാം അവള്‍. ഓഫീസില്‍ വെച്ചോ ജോലിസ്ഥലത്തു വെച്ചോ ഒരു വിളി; അല്ലാ നീ മരുന്നു കഴിച്ചോ?  ഈ ചോദ്യം ഭാര്യക്കുണ്ടാക്കുന്ന സന്തോഷത്തിന് അളവുണ്ടായിരിക്കില്ല. ഈ ജോലിത്തിരക്കിനിടയിലും അദ്ദേഹം എന്നെ ഓര്‍ത്തല്ലോ!

ഈയിടെ ഞാന്‍ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും പരിചയപ്പെട്ടു. ഉച്ചഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടതായിരുന്നു ഞാന്‍. ഭാര്യക്ക് നാല്‍പത് നാല്‍പ്പത്തഞ്ച് വയസ്സു കാണും. ഭര്‍ത്താവിന്റേത് കൃത്യമായി അറിയാം. എണ്‍പത്. ഭക്ഷണം കഴിച്ച ശേഷം വീട്ടുകാരിയോട് കുശലാന്വേഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ, ‘ഈ മനുഷ്യന്റെ ഭാര്യയാകാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.’ പ്രായത്തില്‍ വലിയ അന്തരമുണ്ടായിട്ടും അവള്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു. അയാളുടെ ആദ്യ ഭാര്യ മരിച്ച ശേഷം കല്ല്യാണം കഴിച്ചതിനാലാണ് ഈ അന്തരം. മറക്കാനിടയുള്ളത് പരസ്പരം ഓര്‍മിപ്പിച്ച് തെറ്റുകള്‍ സംഭവിച്ചാല്‍ അത് വിട്ടുവീഴ്ച്ച ചെയ്ത് മറക്കേണ്ടതു മറന്ന് ജീവിതം മുന്നോട്ടു നീക്കുന്നവരാണവര്‍. സ്‌നേഹം, കരുണ, വാത്സല്യം എന്നിവ പോലെ മനുഷ്യനുണ്ടാകുന്ന വികാരമാണ് കോപമെന്നും നാം ഓര്‍ക്കണം. ഭര്‍ത്താവ് കോപിച്ചാല്‍ അദ്ദേഹം മനുഷ്യനാണല്ലോ, കോപം മനുഷ്യസഹജമാണ് എന്ന് ഭാര്യ ചിന്തിക്കണം. ഭര്‍ത്താവോ? എന്റെ ഇണ എന്റെ വര്‍ഗക്കാരിയാണ്. എനിക്കുണ്ടാകുന്ന എല്ലാ വികാരങ്ങളും അവള്‍ക്കുമുണ്ടാകും. ഇതായിരിക്കണം അയാള്‍ ചിന്തിക്കേണ്ടത്. എങ്കില്‍ ദാമ്പത്യം നല്ല നിലയില്‍ മുന്നോട്ടു പോകും.

കോപവും മറവിയും പ്രവാചകന്‍മാര്‍ക്കും ഉണ്ടായിരുന്നു. അവര്‍ കോപത്തെ നിയന്ത്രിക്കും. കോപിച്ചുപോയതില്‍ പശ്ചാത്തപിക്കും. യൂനുസ് നബി(അ)നെ കുറിച്ച് ‘അദ്ദേഹം കുപിതനായി പോയ്ക്കളഞ്ഞ സന്ദര്‍ഭം, നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു.’ (21 : 87) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. കോപം നിയന്ത്രിക്കുന്നവരെ ഖുര്‍ആന്‍ പുകഴ്ത്തിയിട്ടുണ്ട്. അതു നിയന്ത്രിച്ചാല്‍ അല്ലാഹുവിങ്കിലും ജനങ്ങള്‍ക്കു മുമ്പിലും മാന്യന്മാരാകാന്‍ നമുക്കു കഴിയും. ദാമ്പന്ത്യ ജീവിതത്തിലാണ് ഇതേറ്റവുമധികം അനിവാര്യമാവുക. കാരണം ദമ്പതിമാരാണല്ലോ എല്ലാ സ്വകാര്യങ്ങളും പങ്കുവെച്ച് അടുത്തിടപഴകി ജീവിക്കുക. അതിനാല്‍ അവര്‍ക്കിടയിലാണ് സ്‌നേഹം എന്ന പോലെ കോപവും അധികമുണ്ടാവുക. ഈ സത്യം ഗ്രഹിച്ചാല്‍ തന്നെ കോപം നീണ്ടു നില്‍ക്കാതെ കഴിക്കാം. പല വിവാഹ മോചനങ്ങളിലും കോപത്തിന് വലിയ പങ്കുണ്ട്.

Related Articles