Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിനോടുള്ള പെരുമാറ്റം

couple-lif.jpg

ഒരു വ്യക്തിയുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അദ്ദേഹം വളര്‍ന്നു വന്നിട്ടുള്ള സാഹചര്യം. അതു മനസ്സിലാക്കി പെരുമാറുമ്പോള്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തീരും. ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് വളര്‍ന്ന സാഹചര്യം മനസ്സിലാക്കേണ്ടതുണ്ട്. ഏതെങ്കിലും വാര്‍പ്പുമാതൃക വെച്ച് ഭര്‍ത്താവിനെ അളക്കാന്‍ ശ്രമിക്കരുത്. അദ്ദേഹത്തോടുള്ള അതൃപ്തിയായിരിക്കും നിങ്ങളിലതുണ്ടാക്കുക. നിങ്ങളുടെ മനസ്സിലുള്ള ഒരു മാതൃകയോട് താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിലുള്ള കുറവുകളിലായിരിക്കും നിങ്ങളുടെ ഊന്നല്‍ എന്നതാണ് കാരണം. കുറവുകള്‍ അംഗീകരിച്ചു കൊണ്ടു തന്നെ അദ്ദേഹത്തെ തൃപ്തിപ്പെടാന്‍ സ്ത്രീക്ക് സാധിക്കണം. എല്ലാം തികഞ്ഞ സമ്പൂര്‍ണനായ ഒരു പുരുഷനുമില്ല. ഭര്‍ത്താവില്‍ നിനക്ക് വന്നിട്ടുള്ള കുറവ് ഐഹികമോ പാരത്രികമോ ആയ മറ്റെന്തെങ്കിലും കാര്യത്തില്‍ അല്ലാഹു പകരം നല്‍കുമെന്ന ഉറച്ച ബോധ്യമാണ് നിനക്കുണ്ടാവേണ്ടത്.

ഭര്‍ത്താവിലുള്ള പൗരുഷത്തിന്റെ ഭാഗമായ ശക്തി, ആത്മാഭിമാനം, മനുഷ്യത്വം, ധീരത, സത്യസന്ധത, വിശ്വസ്തത, ഉത്തരവാദിത്വം, ശുചിത്വം, ആത്മാര്‍ഥത, കരാര്‍പാലനം തുടങ്ങിയ ഗുണങ്ങളുടെ പേരില്‍ പ്രശംസിക്കാന്‍ ഇണക്ക് കഴിയണം. അതിലൂടെ എപ്പോഴും തന്റെ പൗരുഷത്തെ കുറിച്ച ബോധം അദ്ദേഹത്തില്‍ നിലനിര്‍ത്താം. നിന്നോടൊപ്പം കഴിയുന്നതിനും നിന്റെ സന്തോഷത്തിനും വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്ന് നീ ഓര്‍ക്കണം. അതുകൊണ്ട് സ്‌നേഹത്തിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കരുത്.

ഭര്‍ത്താവായി കിട്ടിയ പുരുഷനൊപ്പമുള്ള ജീവിതത്തോട് പൊരുത്തപ്പെടാന്‍ നീ ശ്രമിക്കണം. അവിടെയാണ് നിന്റെ പുതിയ ലോകം. നിന്റെ വര്‍ത്തമാനവും ഭാവിയും അദ്ദേഹത്തോടൊപ്പമാണ്. ഭര്‍ത്താവിലുള്ള ചെറിയ വീഴ്ച്ചകള്‍ ഒരിക്കലും മറ്റൊരാളോടും പറയരുത്, ഉമ്മയോടോ സഹോദരിയോടോ ആണെങ്കില്‍ പോലും. അവരുടെ മനസ്സിലുള്ള അദ്ദേഹത്തിന്റെ ചിത്രത്തെയത് വികൃതമാക്കും. കുറച്ച് കാലം കഴിയുമ്പോള്‍ പറഞ്ഞ നിങ്ങള്‍ അത് മറന്നാലും മറ്റുള്ളവര്‍ അത് മറന്നു കൊള്ളണമെന്നില്ല. അപ്രകാരം സ്വന്തം വീട്ടുകാരുടെ കുറവുകള്‍ അദ്ദേഹത്തെയും അറിയിക്കരുത്. അദ്ദേഹത്തിന്റെ മുമ്പില്‍ നിന്റെ തന്നെ വിലയിടിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. മാത്രമല്ല, ഇണയുടെ കുടുംബത്തോട് തെറ്റായ ഒരു കാഴ്ച്ചപാട് അദ്ദേഹത്തില്‍ അതുണ്ടാക്കുകയും ചെയ്യും.

ഭര്‍ത്താവിന്റെ അടുക്കല്‍ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും അദ്ദേഹത്തെ അവമതിച്ചു കൊണ്ട് അതില്‍ വിധികല്‍പിക്കരുത്. ‘താങ്കളുടെ സ്വാര്‍ഥതയാണ് നാം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം’ എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ബന്ധങ്ങളെ തളര്‍ത്തുകയാണ് ചെയ്യുക. നിന്റെ സുഖത്തിന് വേണ്ടി അദ്ദേഹം എത്രത്തോളം പ്രയാസം സഹിക്കുകയും നിന്റെ വീഴ്ച്ചകളില്‍ ക്ഷമിക്കുകയും ചെയ്യുന്നുണ്ടെന്നത് നീ ഓര്‍ക്കുക. നിന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണല്ലോ അത്. സ്‌നേഹത്തിന് പകരം വെക്കേണ്ടത് മോശം പെരുമാറ്റമല്ല. അദ്ദേഹത്തിന്റെ വീട്ടുകാരുടെ മുമ്പില്‍ വെച്ച് നീയദ്ദേഹത്തെ പ്രശംസിക്കണം. ജീവിതത്തില്‍ വലിയ ഫലങ്ങള്‍ അതുണ്ടാക്കും.

Related Articles