Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിനെ ഉപദേശിക്കുമ്പോള്‍

family-life.jpg

മുസ്‌ലിംകളെല്ലാം സുബ്ഹിക്ക് പള്ളികളില്‍ പോയി നമസ്‌കരിക്കുന്ന സമയത്ത് അദ്ദേഹം ഉറക്കത്തില്‍ മുഴുകിക്കിടക്കുന്നത് കാണുമ്പോള്‍ ഞാന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്. എന്നാല്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായില്ല. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാക്കണമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. കാലമെത്ര നീണ്ടാലും അതിനുള്ള ശ്രമങ്ങള്‍ തുടരാനും ഞാന്‍ നിശ്ചയിച്ചു. സ്വന്തത്തെ സംസ്‌കരിച്ചിട്ടല്ലാതെ മറ്റൊരാളെ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന് എനിക്കറിയുമായിരുന്നു. സുബ്ഹി നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ ഞാന്‍ കണിശത പുലര്‍ത്തി. അല്ലാഹുവില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്. ഭര്‍ത്താവിന്റെ ഈ അവസ്ഥക്ക് മാറ്റം വരാനായി നിരന്തരം അല്ലാഹുവിനോട് ഞാന്‍ തേടിക്കൊണ്ടിരുന്നു.

ഓരോ പ്രഭാതം വിടര്‍ന്നപ്പോഴും ഉറക്കില്‍ നിന്നും എഴുന്നേല്‍പിക്കാനും സുബ്ഹി നമസ്‌കാരത്തെ കുറിച്ച് ഓര്‍മപ്പെടുത്താനുമായി എന്റെ കൈകള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തെ തടവി. എന്നാല്‍ എല്ലായ്‌പ്പോഴും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഞാന്‍ നിര്‍ബന്ധിച്ചപ്പോഴെല്ലാം വളരെ മോശമായ വാക്കുകള്‍ കൊണ്ടെന്നെ ശകാരിച്ചു. ചിലപ്പോഴെല്ലാം അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. മറ്റു ചിലപ്പോള്‍ മുറിയില്‍ നിന്ന് എന്നെ പുറത്താക്കുക വരെ ചെയ്തു. അദ്ദേഹത്തിന്റെ ഈ അവസ്ഥയില്‍ ഞാന്‍ ഏറെ വേദനിച്ചു. ഏറെ നേരം അതിനെകുറിച്ചോര്‍ത്ത് കരഞ്ഞു. എന്നാല്‍ അതൊന്നും എന്നെ നിരാശയാക്കിയില്ല. അദ്ദേഹത്തിന്റെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തോടുള്ള ബാധ്യതകളില്‍ യാതൊരു വീഴ്ച്ചയും ഞാന്‍ വരുത്തിയില്ല.

അദ്ദേഹം സാധാരണ എഴുന്നേല്‍ക്കുന്ന സമയമായ ഏഴ് മണിക്ക് എഴുന്നേറ്റ് വരുമ്പോള്‍ പുഞ്ചിരിയോടെ ഞാനദ്ദേഹത്തെ സ്വീകരിക്കുന്നു. അദ്ദേഹത്തിനുള്ള പ്രാതലും വസ്ത്രങ്ങളുമെല്ലാം ഞാന്‍ ഒരുക്കിക്കൊടുക്കുന്നു. പിന്നെ അദ്ദേഹത്തിന് നല്ലൊരു ദിവസം ആശംസിച്ചും അതിനായി പ്രാര്‍ഥിച്ചും ഞാനദ്ദേഹത്തെ യാത്രയാക്കുന്നു. അദ്ദേഹവുമായി യാതൊരു പ്രശ്‌നവുമില്ലാത്തത് പോലെ, അദ്ദേഹത്തില്‍ നിന്ന് എനിക്ക് യാതൊരു ഉപദ്രവവും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്ന പോലെയാണ് ഞാന്‍ പെരുമാറുന്നത്.

സല്‍പെരുമാറ്റവും ആത്മബന്ധവും കൊണ്ടല്ലാതെ അദ്ദേഹത്തിന്റെ ഹൃദയം കീഴടക്കാനാവില്ലെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ വസ്ത്രവും രൂപവും വീടും അദ്ദേഹത്തെ ആകര്‍ഷിക്കും വിധം ഞാന്‍ ഒരുക്കി. ഇടക്കെല്ലാം ആ നിര്‍ബന്ധ കര്‍മത്തിന്റെ മഹത്വത്തെ കുറിച്ച് ഉണര്‍ത്തി. എന്നാല്‍ നമസ്‌കാരത്തിന്റെ സമയമായിട്ടും അതിലദ്ദേഹം അലസത കാണിക്കുമ്പോഴല്ലാതെ ഒരിക്കലും ആ വിഷയം ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചില്ല. കാറില്‍ ഞങ്ങളൊരുമിച്ച് യാത്ര ചെയ്യുമ്പോള്‍ നമസ്‌കാരത്തെയും അതിന്റെ പ്രാധാന്യത്തെയും മരണത്തെയുമെല്ലാം കുറിച്ച ചില ക്ലിപ്പുകള്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു.

ചില ഫത്‌വകളും ലഘുലേഖകളും അദ്ദേഹം കാണുന്ന രൂപത്തില്‍ മുറിയില്‍ വെച്ചു. എന്നാല്‍ ആ പുസ്തകങ്ങളും ഓഡിയോകളും അദ്ദേഹം കേട്ടതിനെ കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തില്‍ വീഴ്ച്ചയും കുറ്റവും ആരോപിക്കുകയും അദ്ദേഹത്തേക്കാള്‍ നല്ലവളായി ചമയുകയാണെന്നും ഒരിക്കലും അദ്ദേഹത്തിന് തോന്നരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. പൊതുവെ പുരുഷന്‍ സ്ത്രീയുടെ ഉപദേശം അത്ര പെട്ടന്ന് സ്വീകരിക്കുകയില്ല. അവളുടെ സ്വാധീനം കൊണ്ട് ഒരു കാര്യം ചെയ്യുന്നതും അവന്‍ ഇഷ്ടപ്പെടുന്നില്ല.

ഭര്‍ത്താവിനെ ഉപദേശിക്കുന്നത് മറ്റ് മുഴുവന്‍ മനുഷ്യരെയും ഉപദേശിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണെന്ന് സ്ത്രീ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അദ്ദേഹത്തിന് അവള്‍ക്ക് മേല്‍ വലിയ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തേക്കാള്‍ ശബ്ദമുയര്‍ത്തുകയോ അദ്ദേഹത്തോടുള്ള ബാധ്യതകളില്‍ വീഴ്ച്ച വരുത്തുകയോ ചെയ്യരുത്. സ്‌നേഹത്തോടെയും നൈര്‍മല്യത്തോടെയുമായിരിക്കണം അദ്ദേഹത്തോടുള്ള ഉപദേശം. താന്‍ അദ്ദേഹത്തേക്കാള്‍ മെച്ചപ്പെട്ടവളാണെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും തോന്നിപ്പിക്കും വിധമായിരിക്കരുത് അത്. പരോക്ഷമായിട്ടായിരിക്കണം തെറ്റിനെ കുറിച്ച് സംസാരിക്കേണ്ടത്. അതിനായി കഥകളോ സംഭവങ്ങളോ ഉപയോഗപ്പെടുത്താം.

ഭര്‍ത്താവിന്റെ വിഷയത്തിലുള്ള എന്റെ പോരാട്ടം ഒരു വര്‍ഷം പൂര്‍ണമായി തുടര്‍ന്നു. അതിനിടയില്‍ ഒരു ദിവസം പോലും അദ്ദേഹത്തെ ഉണര്‍ത്തുന്നതില്‍ നിന്ന് ഞാന്‍ പിന്നോട്ടു പോയില്ല. സഹനത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഞാനത് ചെയ്തു. എന്നാല്‍ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ മുമ്പ് സുബ്ഹിക്ക് എഴുന്നേറ്റ് പോകുന്നവനായി മാറിയിരിക്കുന്നു. (ശൈഖ ദഹ്മശിന്റെ ‘കൈഫ തുഅഥിറൂന അലാ സൗജിക’ എന്ന പുസ്തകത്തെ അവലംബിച്ച് എഴുതിയത്)

Related Articles