Current Date

Search
Close this search box.
Search
Close this search box.

ബാധ്യതകളും അവകാശങ്ങളും അറിയാത്തവര്‍

love2.jpg

തനിക്ക് ലഭിക്കുന്ന ശമ്പളം പൂര്‍ണമായി ബിസിനസില്‍ നിക്ഷേപിച്ച് തന്റെയും മക്കളുടെയും ആവശ്യങ്ങള്‍ക്കും മറ്റെല്ലാ വീട്ടുചെലവുകള്‍ക്കും ഭാര്യയോട് അവളുടെ ശമ്പളത്തില്‍ നിന്ന് ചെലവഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു ഭര്‍ത്താവുമായി ഞാനൊരിക്കല്‍ സംസാരിച്ചു. ഞാന്‍ അയാളോട് പറഞ്ഞു: ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ഭാര്യയുടെ എല്ലാ ചെലവുകളും വഹിക്കേണ്ടത് ഭര്‍ത്താവാണെന്ന് താങ്കള്‍ക്കറിയുമോ? വീട്, അതിലെ ഉപകരണങ്ങള്‍, ഭാര്യക്ക് ആവശ്യമായി വരുന്ന ആഹാരം, വസ്ത്രം, ചികിത്സ തുടങ്ങിയ ഭാര്യയുടെ ചെലവുകളും ഉറപ്പുവരുത്തേണ്ടത് ഭര്‍ത്താവാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ ധനികയും ആണെങ്കില്‍ പോലും ഇതെല്ലാം നല്‍കേണ്ടത് അനിവാര്യമാണ്. ഭാര്യ വീട് ശ്രദ്ധിക്കാതിരിക്കുകയും തന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാതിരിക്കുകയും പ്രത്യേക കാരണമൊന്നുമില്ലാതെ കിടപ്പറയില്‍ ഭര്‍ത്താവിന്റെ വിളിക്ക് ഉത്തരം ചെയ്യാതിരിക്കുകയുമാണെങ്കില്‍ അവളുടെ ചെലവുകള്‍ വഹിക്കാന്‍ ഭര്‍ത്താവിന് ബാധ്യതയില്ലെന്ന കാര്യം താങ്കള്‍ക്കറിയുമോ? അവള്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നത് തന്നെ കാരണം. ഒരാള്‍ ഭാര്യക്ക് ചെലവിന് നല്‍കുന്നില്ലെങ്കില്‍ അതവന്റെ മേല്‍ കടമായി അവശേഷിക്കും. അത് അവള്‍ക്ക് കൊടുത്തുവീട്ടേണ്ടത് നിര്‍ബന്ധമാണ്. ചെലവു ചെയ്യാന്‍ ഭര്‍ത്താവിന് ശേഷിയുണ്ടായിരിക്കെ അത് ചെയ്യുന്നില്ലെങ്കില്‍ അക്കാരണത്താല്‍ ഭാര്യക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ? ഞാന്‍ പറഞ്ഞ ഇക്കാര്യങ്ങളെല്ലാം അയാളില്‍ വലിയ അത്ഭുതമാണുണ്ടാക്കിയത്. ഇസ്‌ലാം ഇത്രത്തോളം സൂക്ഷ്മമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്നാണ് അയാള്‍ പ്രതികരിച്ചത്.

ആദ്യ വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തിന് ശേഷം രണ്ടാമത് മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്ത ഒരാള്‍. ധാരാളമായി യാത്ര ചെയ്യുന്ന അയാള്‍ യാത്രകളില്‍ കൂടെ കൂട്ടാറുള്ളത് രണ്ടാം ഭാര്യയെയായിരുന്നു. അതില്‍ പരാതി പറഞ്ഞാണ് ആദ്യ ഭാര്യ വന്നത്. ഞാന്‍ അയാളോട് പറഞ്ഞു: രണ്ടാം വിവാഹം അനുവദനീയമാകുന്നതിനുള്ള അടിസ്ഥാന ഉപാധിയാണ് നീതി നടപ്പാക്കല്‍. പെരുമാറ്റം, ചെലവിന് കൊടുക്കല്‍, പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാറ്റിലും അവര്‍ക്കിടയില്‍ തുല്യത കാണിക്കണമെന്നതാണ് നീതി കൊണ്ടുദ്ദേശ്യം. അല്ലാത്ത പക്ഷം പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയ പോലെ ഒരു വശത്തേക്ക് ചെരിഞ്ഞവനായിട്ടായിരിക്കും താങ്കള്‍ അന്ത്യദിനത്തില്‍ ഹാജരാക്കപ്പെടുക. നബി(സ) പറഞ്ഞു: ‘ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അതില്‍ ഒരാളോട് അവന്‍ ചായ്‌വ് കാണിക്കുകയും ചെയ്താല്‍ പാര്‍ശ്വം ചെരിവുള്ളവനായി അന്ത്യദിനത്തില്‍ അവന്‍ കൊണ്ടുവരപ്പെടും.’  എന്നാല്‍ യാത്രയില്‍ അവരില്‍ ഒരാളെ തന്റെ കൂടെ കൂട്ടാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. പ്രവാചകന്‍(സ) യാത്ര പോകുമ്പോള്‍ നറുക്കെടുത്തായിരുന്നു ഭാര്യമാരില്‍ നിന്നും ഒരാളെ തെരെഞ്ഞെടുത്തിരുന്നത് എന്നു കാണാം. ഒന്നിലേറെ ഭാര്യമാരുള്ള ഒരാള്‍ അവര്‍ക്കിടയില്‍ നീതി കാണിക്കുന്നില്ലെങ്കില്‍ നീതിനിഷേധിക്കപ്പെട്ടവള്‍ക്ക് അക്കാരണത്താല്‍ വിവാഹമോചനം ആവശ്യപ്പെടാം. ഇതെല്ലാം കേട്ട് ആശ്ചര്യം പ്രകടിപ്പിച്ച അയാള്‍ തന്റെ ആദ്യഭാര്യയോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പു പറഞ്ഞിട്ടാണ് പോയത്.

ഭര്‍ത്താവിന്റെ നിരന്തരമുള്ള അവിഹിത ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു സ്ത്രീ എന്നോട് സംസാരിച്ചത്. അവള്‍ക്ക് പല രോഗങ്ങളുണ്ടാകുന്നതിനും ആ ബന്ധങ്ങള്‍ കാരണമായിട്ടുണ്ട്. ഗുരുതരമായ ലൈംഗിക രോഗമാണ് അതില്‍ അവസാനത്തേത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അതിനെ കുറിച്ച് ആരോടും പറയാതെ കഴിയുകയായിരുന്നു അവള്‍. ഞാന്‍ അവളോട് പറഞ്ഞു: ഭര്‍ത്താവിന്റെ അതിക്രമത്തോട് മൗനം പാലിച്ചതാണ് നിങ്ങളുടെ തെറ്റ്. അദ്ദേഹത്തെ നന്നാക്കാനുള്ള എല്ലാ ശ്രമങ്ങളും നിങ്ങള്‍ നടത്തിയിട്ടും നിഷിദ്ധമായ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്. അവള്‍ പറഞ്ഞു: പക്ഷേ, കുടുംബം തകര്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. അദ്ദേഹത്തെ എനിക്ക് ആവശ്യമാണ്. എനിക്ക് താമസിക്കാന്‍ മറ്റൊരു വീടോ കുടുംബമോ ഇല്ല. ഞാന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തോട് മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെടാം. ഓരോ മൂന്ന് മാസം കൂടുമ്പോഴും വൈദ്യപരിശോധന നടത്തി രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമല്ലാതെ കിടപ്പറയില്‍ ബന്ധം പുലര്‍ത്തില്ലെന്ന ഉപാധി നിങ്ങള്‍ക്ക് വെക്കാം. അവള്‍ ചോദിച്ചു: അതിന് എനിക്ക് അവകാശമുണ്ടോ? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും. കാരണം നിഷിദ്ധമാക്കപ്പെട്ട ബന്ധങ്ങള്‍ പുലര്‍ത്തി അയാള്‍ നിങ്ങളിലേക്ക് രോഗങ്ങള്‍ പകര്‍ത്തുന്നു. അയാള്‍ മര്യാദക്കാരനാകുന്നത് വരെ അദ്ദേഹത്തെ നിരസ്സിക്കുകയോ അല്ലെങ്കില്‍ വേര്‍പിരിയുകയോ ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ‘സ്ത്രീകളെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്.’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അവളെ വിട്ട് അവിഹിതമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവളോട് ചെയ്യുന്ന ദ്രോഹമാണ്. അതുകൊണ്ടു തന്നെ അന്യായമായ പിടിച്ചുവെക്കലിന്റെ പരിധിയിലാണ് അത് വരിക. നിങ്ങള്‍ക്ക് മാരകമായ രോഗങ്ങള്‍ ഉണ്ടാവുന്നതിന് വരെ അയാള്‍ കാരണമായിരിക്കെ നിങ്ങളോടുള്ള ദ്രോഹമല്ല അതെന്ന് എങ്ങനെ പറയാനാവും. ഇത്തരത്തില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വരെ കര്‍മശാസ്ത്ര പണ്ഡിതമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഞാനിത് ആദ്യമായിട്ട് കേള്‍ക്കുകയാണെന്നാണ് ആശ്ചര്യത്തോടെ അവള്‍ പ്രതികരിച്ചത്.

ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ നിത്യവും എന്റെയടുക്കല്‍ എത്താറുണ്ട്. അതിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ആളുകള്‍ക്ക് തങ്ങളുടെ ബാധ്യതകളെയും അവകാശങ്ങളെയും കുറിച്ച് അറിയില്ലെന്നാണ്. ദീനിനെ മനസ്സിലാക്കുന്നതിലും കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അങ്ങേയറ്റം ദുര്‍ബലരാണ് അവര്‍.

മൊഴിമാറ്റം: നസീഫ്‌

Related Articles