Current Date

Search
Close this search box.
Search
Close this search box.

ബലാല്‍സംഗം : മാലാഖമാര്‍ പിശാചുകളാകുമ്പോള്‍

rape.jpg

ബലാല്‍സംഗത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും വാര്‍ത്തകള്‍ നമുക്ക് പുതുമയുള്ള ഒന്നല്ല. സമൂഹമോ ഭാഷയോ അതിനെ വേര്‍തിരിക്കുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തിന് ശേഷം അത് സംബന്ധമായ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അതില്‍ ഓരോരുത്തരും തങ്ങളുടേതായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍കുകളിലൂടെയും പ്രകടിപ്പിക്കുകയും സ്ത്രീകളും പുരുഷന്‍മാരും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു.
ബലാല്‍സംഗവും ലൈംഗിക പീഡനവും കുറ്റകൃത്യങ്ങളാണ് അല്ലാതെ സ്ത്രീ-പുരുഷ സംഘട്ടനമല്ല. എന്നാല്‍ ഇന്ന് ഓരോ പുരുഷനെയും പീഡകനായും ഓരോ സ്ത്രീയെയും അതിന് പ്രേരിപ്പിക്കുന്നവളായും മുദ്രകുത്തി സാമാന്യവല്‍കരിക്കുന്ന പ്രവണത വളരെ ദുഖകരമാണ്. മറ്റുള്ളവരിലെ വികാരങ്ങള്‍ ഇളക്കിവിടാതെ സ്ത്രീയും പുരുഷനും മാന്യമായി വസ്ത്രം ധരിക്കണം എന്നാണ് എന്റെ വിശ്വാസം.
ഒരു നാഗരിക സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് സാധാരണയായി പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാ ജീവിക്കുന്നത് നാഗരിക സമൂഹത്തില്‍ തന്നെയാണോ? മനുഷ്യരും ഡോള്‍ഫിനുകളും മാത്രമാണ് ആനന്ദത്തിന് വേണ്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ എന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ആനന്ദത്തിന് വേണ്ടിയാണെന്ന് പറയാനാകുമോ? ബലം പ്രയോഗിക്കാതെ അതിലേര്‍പ്പെടുമ്പോഴാണ് അതിന്റെ ആനന്ദം ആസ്വദിക്കാനാവുക. എന്നാല്‍ ബലാല്‍സംഗവും പീഡനവുമെല്ലാം അതല്ല, മറിച്ച് തന്റെ ആവശ്യം പൂര്‍ത്തിയാക്കാന്‍ എതിരാളിയില്‍ മുഴു ശക്തിയും പ്രയോഗിക്കുകയാണ്.
കാട്ടുമൃഗങ്ങളുടെ രീതിയാണിത്, ദൈവത്തിന്റെ വിശേഷ സൃഷ്ടികളായ മനുഷ്യര്‍ക്ക് തീരെ അനുയോജ്യമല്ലിത്. അതുകൊണ്ട് തന്നെ തന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിനായി ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ മൃഗങ്ങളേക്കാള്‍ അധപതിച്ചവരാണ്. ഭര്‍ത്താവ് ഭാര്യയെ നിര്‍ബന്ധിക്കുകയാണെങ്കിലും ബലാല്‍സംഗത്തിന്റെ പരിധിയില്‍ തന്നെയാണ് അതുള്‍പ്പെടുക.

വസ്ത്രധാരണം നിര്‍വഹിക്കുന്ന പങ്ക്
തന്നെ ആരെങ്കിലും ബലാല്‍സംഗം ചെയ്യണമെന്നാഗ്രഹിച്ച് റോഡിലൂടെ നടക്കുന്ന ഒരു സ്ത്രീയും ഉണ്ടാവില്ല. എന്നാല്‍ തന്റെ മൂല്യം തിരിച്ചറിയുക എന്നതാണ് അവളുടെ ബാധ്യത. അമൂല്യങ്ങളായ മുത്തുകള്‍ സമുദ്രത്തിന്റെ അഗാധതയില്‍ ചിപ്പിക്കുള്ളിലാണുള്ളത്. മനുഷ്യന്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് അവയെടുത്ത് ഉപയാഗിക്കാതിരിക്കുന്നതിനാണത്.
സ്ത്രീകളുടെ വസ്ത്രധാരണത്തിന് വലിയ ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ മാത്രമാണോ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്? ഒരിക്കലുമല്ല, ബലാല്‍സംഗം ചെയ്യുന്ന മാനസിക നിലയുമായിട്ടാണതിന് ബന്ധം. മാന്യമായി വസ്ത്രം ധരിച്ച സ്ത്രീകളും ഇരയാക്കപ്പെടാം, എന്നാല്‍ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാത്തപ്പോള്‍ കുറ്റവാളിക്കത് എളുപ്പമാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. വീട്ടിനകത്തുവെച്ചും രക്ഷിതാക്കള്‍ക്കൊപ്പമായിരിക്കുന്ന അവസ്ഥയിലും ബലാല്‍സംഗം ചെയ്യപ്പെടുന്ന എത്രയോ റിപോര്‍ട്ടുകള്‍ ഇന്ന് നാം കാണുന്നുണ്ട്.
എണ്‍പതുകാരിയായ വൃദ്ധയെ കള്ളന്‍മാര്‍ കൂട്ടബലാല്‍സംഗം ചെയ്തതിന്റെ കാരണം അവരുടെ വസ്ത്ര ധാരണരീതിയായിരുന്നെന്ന് നിങ്ങള്‍ ചിന്തിക്കുമോ? അപ്രകാരം മൂന്നുവയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചത് മോശമായ വസ്ത്രധാരണം കാരണമെന്ന് നിങ്ങള്‍ പറയുമോ? എന്നാല്‍ മറ്റുചിലരില്‍ നിന്നുണ്ടായ പെരുമാറ്റ രീതികളായിരിക്കും നിഷ്‌കളങ്കരായ ഇവരോട് കുറ്റകൃത്യം നടത്താന്‍ കുറ്റവാളികളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. താരതമ്യേന സ്ത്രീകളെക്കാള്‍ പെട്ടന്ന് വികാരമുണ്ടാകുന്നവരും ലൈംഗിക വേഴ്ച നടത്താന്‍ കഴിയുന്നവരുമാണ് പുരുഷന്‍മാര്‍ എന്നത് ശരിയാണ്. മാത്രമല്ല അത്തരം വികാരങ്ങള്‍ അടക്കിവെക്കുന്നതില്‍ താരതമ്യേനെ പുരുഷന് സഹനശക്തി കുറവാണ്. അതുകൊണ്ടാണ് സ്ത്രീകള്‍ ഹിജാബ് ധരിക്കണം എന്നു കല്‍പ്പിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹു പുരുഷന്‍മാര്‍ തങ്ങളുടെ കണ്ണുകള്‍ താഴ്ത്തണം എന്നു കല്‍പ്പിച്ചത്. അവന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ അറിയാമെങ്കില്‍ പോലും അവള്‍ സ്വന്തത്തെ സംരക്ഷിക്കാന്‍ പഠിച്ചിരിക്കണം. ഒരു പക്ഷേ ശാരീരികമായി അവള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടാവില്ല, എന്നാല്‍ ആയിരക്കണക്കിനാളുകള്‍ അവളെ ചിന്തകള്‍ കൊണ്ടത് ചെയ്തിട്ടുണ്ടാവും.
എല്ലാ ഇരകളും മാന്യമല്ലാത്ത രൂപത്തില്‍ വസ്ത്രം ധരിച്ചവരായിരിക്കണമെന്നില്ല, മറിച്ച് ടെലിവിഷന്‍ ഷോകളും സിനിമകളും പുരുഷവികാരങ്ങളെ ഉണര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്്ര്രകീനില്‍ തുറിച്ച് നോക്കുന്ന അവര്‍ക്കപ്പോള്‍ തങ്ങളുടെ ആഗ്രഹങ്ങളെ തടഞ്ഞുവെക്കാന്‍ സാധിക്കുന്നില്ല, അവരുടെ കൈകള്‍ തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും അടുത്ത ഇരയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്.
സുരക്ഷിതമായി വാതിലുകളെല്ലാം അടച്ചിരിക്കുന്ന ഒരു വീട് കൊള്ളയടിക്കുന്നതിനേക്കാള്‍ എളുപ്പം വാതില്‍ തുറന്നിട്ടിരിക്കുന്ന വീട് കൊള്ളയടിക്കാനാണെന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ സുരക്ഷിതമായി മറച്ചിട്ടുണ്ടെങ്കില്‍ നിങ്ങളോട് പോരടിക്കുന്ന പീഡകനോട് ജയിക്കാനുള്ള നിങ്ങളുടെ സാധ്യതയെയാണത്് വര്‍ദ്ധിപ്പിക്കുന്നത്.

മാലാഖമാര്‍ പിശാചുകളാകുമ്പോള്‍
പീഡന കേസുകളില്‍ ഇരയുടെ അടുത്ത ആളുകള്‍ കുറ്റവാളികളായി മാറുന്നതിന്റെ നിരക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? പല ഇരകളും പോലിസില്‍ പരാതിപ്പെടാത്തത് എന്തുകൊണ്ട്? തിരിച്ചറിയുന്ന പ്രതിയെ കുറിച്ച് പരാതിപ്പെടുക എന്നത് എളുപ്പമല്ലേ? എന്നാല്‍ ഇത് ഇരയുടെ തെറ്റല്ല, മറിച്ച് നാം ജീവിക്കുന്ന സമൂഹത്തിന്റേതാണ് തെറ്റ്.
ഇരയെ കുറ്റപ്പെടുത്താതെ സ്വീകരിക്കാന്‍ എത്രത്തോളം ആളുകള്‍ മാനസിക വിശാലത കാണിക്കും? മറ്റു കുറ്റകൃത്യങ്ങളില്‍ നിന്ന് ഭിന്നമായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരകള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലജ്ജിക്കുകയും പേടിക്കുകയും ചെയ്യുന്നു. നിയമം അനുശാസിക്കുന്ന ശിക്ഷയില്‍ നിന്ന് രക്ഷപെടാനും വീണ്ടും വീണ്ടും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാനും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പഴുതും അതുതന്നെയാണ്.
കുറ്റകൃത്യം അവസാനിപ്പിക്കുന്നതിന് കുറ്റവാളി പാഠം പഠിക്കേണ്ടതുണ്ട്. ബലാല്‍സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് ധാരാളം ആളുകള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ വധശിക്ഷ പോയിട്ട് പല കേസുകളിലും നീതിപീഠത്തിന് മുമ്പില്‍ പ്രതിയായിട്ട് പോലും കണക്കാക്കുന്നില്ല. എന്തുകൊണ്ട്? ഉത്തരം വളരെ ലളിതമാണ്, നമ്മുടെ സമീപനമാണതിന് കാരണം. ഒരു കൊലപാതകിക്കെതിരെ പരാതിപ്പെടാന്‍ നാം ധൈര്യപ്പെടുന്നു. അതേസമയം നമ്മുടെ മകളോ ഭാര്യയോ അമ്മയോ ഇരയാക്കപ്പെടുമ്പോള്‍ അതിനെ പരാതിപ്പെടുന്നതില്‍ നാം പിന്നോട്ടടിക്കുന്നു. ലോകം അതറിയുമ്പോള്‍ സംഭവിക്കുന്നതിനെയോര്‍ത്താണ് നാം പിന്‍വാങ്ങുന്നത്. അവരുടെ മാനസിക ആഘാതം മനസിലാക്കുന്നതിന് പകരം സമൂഹം ഇരയെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
ലൈംഗികമായ പീഡനത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന ധാരാളം പ്രയാസങ്ങളുണ്ട്. മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടിയിലധികം മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നവരായിരിക്കും അവര്‍. ദുരന്തത്തിന് ശേഷമുണ്ടാകുന്ന മാനസിക വിഭ്രാന്തി ആറിരിട്ടി അവര്‍ അനുഭവിക്കുന്നവരായിരിക്കും. അവര്‍ മദ്യത്തിന് അടിമകളാകാനുള്ള സാധ്യത 13 ഇരട്ടിയായും മയക്കുമരുന്നിന് അടിപ്പെടാനുള്ള സാധ്യത 26 ഇരട്ടിയായും വര്‍ദ്ധിക്കുന്നു. അവരില്‍ ആത്മഹത്യാ ശ്രമവും നാലിരട്ടിയായി വര്‍ദ്ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തിരിച്ചുവരവ്
ലൈംഗിക ആക്രമണത്തിന് ശേഷമുള്ള ഒരു തിരിച്ച് വരവ് വളരെ സങ്കീര്‍ണ്ണവും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതുമായ ഒന്നാണ്. ലൈംഗികാതിക്രമങ്ങളുടെ ഇരകള്‍ മാനസികവും ശാരീരികവുമായി മുറിവേല്‍പ്പിക്കപ്പെടുന്നുണ്ട്. ഒരു സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് അവര്‍ സ്വന്തത്തോട് തന്നെ പോരാടേണ്ടതുണ്ട്. ജീവിതത്തില്‍ അവര്‍ക്കുണ്ടായ അടിതെറ്റല്‍ അവരുടെ തന്നെ തെറ്റാണെങ്കില്‍ സമൂഹം അവരെ ആക്ഷേപിക്കുന്നതിലേറെ സ്വന്തത്തെ ആക്ഷേപിക്കുന്നവരായിരിക്കും അവര്‍. കരിനിഴലുകള്‍ക്ക് കീഴിലുള്ള ജീവിതം അത്ര എളുപ്പമല്ല. അതിനായി കുടുംബവും സമൂഹവും അതിനായി അവരെ സഹായിക്കണം.
ഇരക്ക് നല്‍കുന്ന ചികിത്സ സ്വീകരിക്കുന്നതിനും കുറ്റകൃത്യത്തെ കുറിച്ച് പോലിസില്‍ പരാതിപ്പെടുന്നതിനും വളരെ അനിവാര്യമായ ഒന്നാണ് സുരക്ഷിത ബോധം അനുഭവിക്കുകയെന്നത്. ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള പരിക്കുകള്‍ പുറമെ കാണാത്തതാണെങ്കിലും പരിശോധനക്ക് വിധേയമാക്കുകയും ചികിത്സ നല്‍കുകയും ചെയ്യേണ്ടത് രോഗിയുടെ ആരോഗ്യത്തിനും ആത്മസുരക്ഷക്കും പ്രധാനമാണ്. എയ്ഡ്‌സ് അതുപോലുള്ള മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും ടെസ്റ്റുകള്‍ നടത്തുകയും സാധ്യമായ പ്രതിരോധ ചികിത്സകള്‍ നല്‍കുകയും ചെയ്യണം.
കുറ്റവാളിയെ കണ്ടെത്തുന്നതിനായി അവശേഷിക്കുന്ന തെളിവുകള്‍ ഇരകള്‍ നശിപ്പിക്കരുത്. അപ്പോള്‍ ഒരു പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെങ്കില്‍ പോലും ഫോറന്‍സിക് മെഡിക്കല്‍ പരിശോധന നടത്തേണ്ടതുണ്ട്. പിന്നീട് അതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടി വരുമ്പോള്‍ ശേഖരിച്ച് വച്ചിരിക്കുന്ന തെളിവുകള്‍ പോലിസിന് കുറ്റവാളിയെ കണ്ടെത്താന്‍ കൂടുതല്‍ സഹായകമാകും.
‘ഒരു പെണ്‍കുഞ്ഞ് ഗര്‍ഭാശയത്തിന് അകത്തും പുറത്തും സുരക്ഷിതയല്ല.’ എവിടെയോ ഞാന്‍ വായിച്ച വരികളാണിത്. അതെത്ര സത്യമാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഓരോ പകലുകള്‍ മായുമ്പോഴും മനുഷ്യത്വവും ഭൂമുഖത്ത് നിന്ന് മാഞ്ഞുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ജീവിതം ഇവിടെ ഒട്ടും സുരക്ഷിതമല്ല. ആരെയങ്കിലും കുറ്റപ്പെടുത്തുകയും നമ്മുടെ വാദത്തെ സ്ഥാപിക്കാനായി തര്‍ക്കികയും ചെയ്യുന്നതിന് മുമ്പ് ഇരയോട് നൈര്‍മല്യത്തോടെ പെരുമാറാന്‍ നമുക്ക് സാധിക്കണം. അതോടൊപ്പം പ്രശ്‌നത്തെ കുറിച്ച് അവബോധം ആളുകളില്‍ ഉണ്ടാക്കുകയും ചെയ്യണം. അക്രമത്തിനെതിരെ നമുക്കൊരുമിച്ച് നിന്ന് നല്ല ഒരു ലോകത്തിനായി പരിശ്രമിക്കാം. മത-ജാതി-സമൂഹം-പ്രായം-ലിംഗ ഭേദമന്യേ ആരും ബലാല്‍കാരത്തിനിരയായേക്കാം.
വിവ. അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles