Current Date

Search
Close this search box.
Search
Close this search box.

പ്രേമ രഹസ്യങ്ങള്‍

love-birds.jpg

ഇണ തുണകള്‍ക്കിടയില്‍ വൈകാരികത നഷ്ടപ്പെടുന്നു എന്നത് മിക്കവരുടെയും പരാതിയും പരിഭവവുമാണ്. ഏകസ്വരവും മാറ്റമില്ലാത്ത ജോലികളും അവസ്ഥയും അവരിരുവരെയും ഒരു വീട്ടിലെ രണ്ട് ജോലിക്കാരെ പോലെയാക്കിത്തീര്‍ക്കുന്നു. നിരവധി മനശ്ശാസ്ത്ര വിശാരദരും ഗവേഷകന്മാരും  സന്തുഷ്ട കുടുംബ ജീവിതം നയിക്കാനാവശ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചതായി കാണാം. അതില്‍ കുറേ ശരികളുമുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഭാവനാത്മകവും മറ്റു ചിലത് പ്രയോഗവല്‍കരിക്കാന്‍ പ്രയാസമുള്ളതുമാണ്. ഇണ തുണകള്‍ക്കിടയില്‍ സ്‌നേഹവും വൈകാരികതയും വീണ്ടെടുക്കാനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

1. പ്രവര്‍ത്തനങ്ങളിലെ പരസ്പര പങ്കാളിത്തം:

 

ദമ്പതികള്‍ക്ക് ആത്മബന്ധം പകരാനും നാം ഒന്നാണ് എന്ന ചിന്ത ശക്തിപ്പെടുത്താനും പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാകും. ആരാധന കര്‍മങ്ങളിലെ പരസ്പര പങ്കാളിത്തവും ഇതിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രവാചകന്‍ ലഘുവാചകങ്ങളിലൂടെ ഇതു നമ്മെ തെര്യപ്പെടുത്തുന്നതുകാണാം. ‘രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുന്നവന് അല്ലാഹു കരുണ ചെയ്യട്ടെ’ എന്ന പ്രവാചക വചനം ഇതിലേക്കാണ് വെളിച്ചം നല്‍കുന്നത്. നമസ്‌കാരം, സദഖ, ഖുര്‍ആന്‍ പാരായണം, അതുപോലെ വീട്ടുജോലികള്‍ തുടങ്ങിയവയില്‍ പരസ്പര സഹകരിക്കുന്നത് ബന്ധത്തിന് കൂടുതല്‍ ഊഷ്മളത പകരും.
2. വാക്കുകൊണ്ടുള്ള സ്‌നേഹപ്രകടനം:
മധുരമുള്ള വാക്കുകളുപയോഗിച്ച് പരസ്പര സ്‌നേഹം പ്രകടിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുക എന്നത് വളരെ അനിവാര്യമാണ്. പരസ്പരം നന്മകള്‍ എടുത്തുപറയുക, പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും അംഗീകരിക്കുകയും ചെയ്യുക, മുഖപ്രസന്നതയോടെ അഭിമുഖീകരിക്കുക, ഇടക്കിടെ പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ച് നേരിട്ട് പറയുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. പരസ്പര ബന്ധം ഊഷരമാകാതിരിക്കാനും ഊര്‍വരതയുടെ പച്ചപ്പാകാനും ഏറ്റവും അഭികാമ്യമാണിത്.
3. വിശ്വാസം പ്രകടിപ്പിക്കുക:
പരസ്പരമുള്ള വിശ്വാസം എടുത്തോതുന്നത് സ്‌നേഹവും പ്രേമവും വര്‍ദ്ദിപ്പിക്കാനിടവരുത്തും. നിരന്തരമായ സംശയങ്ങളും ധാരാളം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കലും വ്യക്തമായ കാരണമില്ലാതെയുള്ള രോഷപ്രകടനങ്ങളും ടെന്‍ഷനിലേക്കും പരസ്പരമുള്ള വെറുപ്പിലേക്കും കാര്യങ്ങളെത്തിക്കും. ഇണ അവളുടെ സ്വഭാവത്തിലും വിശ്വസ്ഥതയിലും ആത്മാര്‍ഥത പ്രകടിപ്പിക്കുക. അപ്രകാരം തന്നെ ഭര്‍ത്താവ് അവന്റെ ദീനിലും അമാനത്തിലും വിശ്വാസം പ്രകടിപ്പിക്കണം.
4. ആശയങ്ങളുടെ കൈമാറ്റം:
പരസ്പരം പങ്കുവെക്കാനുള്ള കാര്യങ്ങള്‍  മനസ്സുതുറന്നു പറയുക എന്നത് വളരെ പ്രധാനമാണ്. പ്രവാചകന്‍(സ) ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ വീട്ടില്‍ വന്നു വീട്ടുകാരോട് സംസാരിക്കുമായിരുന്നു. പ്രവാചകന് അവരെ പ്രത്യേകം പരിഗണിക്കുന്നതിനെ പറ്റി ആഇശ(റ) പ്രത്യേകം ഉദ്ദരിക്കുന്നുണ്ട്.
ഇണ തുണകള്‍ക്കിടയിലുള്ള മൗനം ചികിത്സ അനിവാര്യമായ രോഗമാണ്. ഭാര്യമാര്‍ക്ക് ധാരാളം പറയാനുണ്ടാകും, ഭര്‍ത്താവ് കൂടുതല്‍ സമയം കേട്ടുനില്‍ക്കേണ്ടിവരും.  സ്ത്രീക്ക് അവളില്‍ ഭര്‍ത്താവിന് വിശ്വാസമുണ്ടെന്നും പരിഗണിക്കുന്നുണ്ടെന്നും സംസാരത്തിനിടയില്‍ അനുഭവഭേദ്യമാകേണ്ടതുണ്ട.്
5. ആദരവും പരിഗണനയും:
ഇണതുണകള്‍ ഓരോരുത്തരും മറ്റുള്ളവരുടെ അധ്വാന പരിശ്രമങ്ങളെ പരിഗണിക്കുകയും വാചികമായി നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പരസ്പരമുള്ള ആദരവ് നഷ്ടപ്പെട്ടാല്‍ കുടുംബം തകരും. ആദരവിന്റെ ഉറവിടമാണ് പരിഗണനയും നീതിയോടെയുള്ള സമീപനവും സത്യസന്ധമായി ജീവിതത്തെ വിലയിരുത്തുകയും ചെയ്യല്‍.
6. അവകാശങ്ങളെ കുറിച്ച് ചോദിക്കുന്നതിന് മുമ്പ് ബാധ്യതകള്‍ നിര്‍വഹിക്കുക.
എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. അതിനാല്‍ തന്നെ ഭാര്യ ഭര്‍ത്താക്കന്മാര്‍  അവകാശങ്ങളെ കുറിച്ച് ചോദിക്കുന്നതിന് മുമ്പ് സ്വയം ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യം ചോദിക്കേണ്ടതുണ്ട്. അവന്റെ അവകാശം എന്നു പറയുന്നത് ബാധ്യതകള്‍ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കുന്നതിലൂടെ അവകാശങ്ങള്‍ നേടിത്തരും. ബാധ്യതകള്‍ എന്നത് അധ്വാനപരിശ്രമങ്ങളും സ്വഭാവ പ്രകടനങ്ങളും മാത്രമല്ല, മറിച്ച് വൈകാരികവും മാനസികവുമായി ലഭിക്കേണ്ട ബാധ്യതകളുമുണ്ട്. ഭൗതികമായ ആവശ്യങ്ങള്‍ എത്രതന്നെ പൂര്‍ത്തീകരിച്ചുകൊടുത്താലും മനസ്സിനെയും ഹൃദയത്തെയും സ്‌നേഹം കൊണ്ടലങ്കരിക്കാതെ ഈ ബാധ്യതാ നിര്‍വഹണം പൂര്‍ത്തിയാകുകയില്ല.
7. പരസ്പര സംതൃപ്തി
ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആത്മീയമായും ഭൗതികമായും സംതൃപ്തി നിറയുമ്പോഴാണ് ഏറ്റവും മനോഹരമായ കൂടായി അത് മാറുന്നത്. തങ്ങളുടെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും കണ്ണയക്കാതെ പരസ്പരം നന്മയിലേക്കും മികവിലേക്കും നോക്കുന്നതിലൂടെയാണ് ഈ സംതൃപ്തി ലഭ്യമാകുന്നത്. വീട് എത്ര അസൗകര്യം നിറഞ്ഞതാണെങ്കിലും സംതൃപ്തിയുണ്ടെങ്കില്‍ വീടിന് വിശാലത കൈവരും. പ്രവാചകന്‍ പഠിപ്പിച്ചു: ഐശര്യം എന്നത് സമ്പത്തിന്റെ ആധിക്യമല്ല; മനസ്സിന്റെ ഐശര്യമാണ്.(മുസ്‌ലിം)
ആത്മസംതൃപ്തി നഷ്ടപ്പെടലാണ് കുടുംബത്തകര്‍ച്ചയുടെ തുടക്കം എന്നുപറയുന്നത്.
8. വിശ്വാസം അതല്ലേ, എല്ലാം
 അല്ലാഹുവിലുള്ള വിശ്വാസവും അവന് തൃപ്തിപ്പെടുന്ന ജീവിതം നയിക്കുന്നതുമാണ് ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പരസ്പര സ്‌നേഹം വര്‍ദ്ദിപ്പിക്കുന്നതിനുള്ള പ്രധാന കണ്ണി. സച്ചരിതയായ ഭാര്യ എന്നു പറയുന്നത് ദീനിന്റെ പകുതി സംരക്ഷിക്കുന്നതില്‍ കാവല്‍ നില്‍ക്കുന്നവളാണ്. ഐഹിക ലോകത്തെ ഏറ്റവും നല്ല ചരക്കാണവള്‍. കണ്ണിനു പരിചയും അഭിമാനത്തിന് സംരക്ഷ കവചവും രഹസ്യങ്ങളുടെ സൂക്ഷിപ്പും അനുസരണത്തിലെ സഹായിയുമെല്ലാമാണവള്‍. സച്ചരിതനായ ഭര്‍ത്താവ് വിശ്വസ്തതയുടെ സൂക്ഷിപ്പുകാരനും ഉത്തരവാദിത്ത നിര്‍വഹകനും നല്ല പരിപാലകനും സത്യസന്ധനായ വിശ്വാസിയുമാണ്. അവരുടെ വീട് അനുഗ്രഹവും പ്രകാശവും നിറക്കുന്ന ഈമാനികമായ പാഠശാലയാണ്.
9.വിട്ടുവീഴ്ചക്ക് പകരമില്ല
വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്ന ഹൃദയങ്ങള്‍ എത്ര സൗഭാഗ്യമുള്ളവരുടേതാണ്! പരസ്പരം വിട്ടുവീഴ്ചക്കും പൊറുക്കലിനും കഴിവുള്ള ഇണതുണകളാണെങ്കില്‍ ആ ജീവിതം സന്തുഷ്ടദായകമായിരിക്കും. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നിരവധി പ്രശ്‌നങ്ങള് സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഇതില്‍ ഓരോന്നിലും ഇണ തുണകള്‍ വിദ്വേഷവും കോപവും പ്രതികരണ മനസ്സുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ജീവിതം സംഘര്‍ഷഭരിതമാകുകയും വേര്‍പെടുകയും ചെയ്യേണ്ടി വരും. പരസ്പര വിട്ടുവീഴ്ച ചെയ്യുമ്പോഴും പൊറുക്കുമ്പോഴുമാണ് തെറ്റുകള്‍ തിരുത്തി സന്തുഷ്ട ജീവിതം നയിക്കാന്‍ സാധിക്കുന്നത്. പ്രവാചകന്‍(സ) പഠിപ്പിച്ചു. ‘ഒരു സത്യവിശ്വാസിയും സത്യവിശ്വാസിനിയെ വെറുക്കരുത്. അവളില്‍ ചില സ്വഭാവം അവന് അരോചകമാണെങ്കില്‍ പ്രീതിപ്പെടുത്തുന്ന മറ്റനേകം സ്വഭാവങ്ങളും അവളിലുണ്ട്'(മുസ്‌ലിം)
10. സവിശേഷ ബന്ധം
ഇണ തുണകള്‍ക്കിടയില്‍ പ്രേമവും കാരുണ്യവും പരിലസിക്കുമ്പോള്‍ ഒരു സവിശേഷമായ ബന്ധം നിലനില്‍ക്കുന്നതായി കാണാം. ഔദ്യോഗികമായ വരണ്ട ബന്ധമാണെങ്കില്‍ ഈ അടുപ്പം ലഭിക്കുകയില്ല. ഇണതുണകള്‍ക്ക് സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയെല്ലാം വൈകാരികമായി തന്നെ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഈ സവിശേഷമായ ബന്ധത്തെ ഉള്‍ക്കൊള്ളുകയും എല്ലാ അര്‍ഥത്തിലുമുള്ള വെള്ളവും വളവും നല്‍കി പരിരക്ഷിക്കുകയും ചെയ്യുന്നതിലാണ് ഭാര്യ ഭര്‍തൃ ബന്ധത്തിലെ വിജയം കുടികൊള്ളുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles