Current Date

Search
Close this search box.
Search
Close this search box.

പ്രവാചകദാമ്പത്യത്തിലെ സവിശേഷതകള്‍

family.jpg

മുഹമ്മദ് നബി(സ)യെ അല്ലാഹു ഇതര ജനങ്ങളേക്കാള്‍ സവിശേഷമായ ഒട്ടനേകം ഘടകങ്ങളാല്‍ വേര്‍തിരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കഴിവും സ്ഥാനവും വ്യക്തമാക്കുന്ന പ്രധാനഘടകമാണത്. ഈ പ്രത്യേകത കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പദവിയും മറ്റു കാര്യങ്ങളും ഉയര്‍ത്തപ്പെടുന്നു. അതാവട്ടെ പ്രവാചകന്റെ മാനുഷികമായ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. പത്‌നിമാരോടുള്ള പ്രവാചകന്റെ സമീപനങ്ങളും അവരോടുള്ള ശാന്തിദായകമായുള്ള പെരുമാറ്റവും ശ്രദ്ധേയമാണ്. അത് പ്രകൃതിയുടെ തേട്ടവും ആത്മസംതൃപ്തിയുടെ സാക്ഷാത്കാരവും മനസ്സമാധാനം നല്‍കുന്നതുമാണ്.

തീര്‍ച്ചയായും ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകളെ നാല് മേഖലകളായി തരം തിരിക്കാവുന്നതാണ്. ഓരോ മേഖലയെടുത്ത് പരിശോധിച്ചാലും പ്രവാചകജീവിതത്തിലെ വ്യതിരക്തമായ ജീവിതപാഠങ്ങള്‍ നമുക്ക് കാണാവുന്നതാണ്.

നാലിലധികം ഭാര്യമാരെ പ്രവാചകന്‍(സ)ക്ക് മാത്രമാണ് അനുവദനീയമാക്കിയത്. മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം പാപമുക്തനാണ്. അധികമുള്ള വിവാഹങ്ങളെല്ലാം പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ളതോ അനിവാര്യമായതോ പ്രബോധനലക്ഷ്യം നിര്‍വ്വഹിക്കുന്നതോ ആയതായിരുന്നു. അതിന്റെ തണലിലായിരുന്നു ഒട്ടനേകം പ്രധാനപ്പെട്ട പ്രാബോധനതാല്പര്യങ്ങള്‍ സാക്ഷാല്‍കരിച്ചത്. അതില്‍പെട്ടതായിരുന്നു ഇസ്‌ലാമിക പ്രബോധനത്തിന്റെ വ്യാപനം, പ്രവാചകന്റെ പ്രത്യേകമായ ഗൃഹാന്തരവിശേഷങ്ങള്‍ സമൂഹത്തിന് പഠിപ്പിക്കുക, ദത്തു പുത്രന്റെ സ്ഥാനത്തെയും അവകാശത്തെയും കുറിച്ച് പഠിപ്പിക്കുക തുടങ്ങിയവ. ബുദ്ധിശാലിയും പണ്ഡിതയുമായ ആഇശയുമായുള്ള ബന്ധത്തിലൂടെയാണ് പ്രവാചകന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടറേ ഹദീസുകള്‍ മാനവസമൂഹത്തിന് ലഭ്യമാവുന്നത്.

പ്രവാചകന്റെ വിവാഹങ്ങളില്‍ സ്വയം സമര്‍പ്പിതരായി വിവാഹമൂല്യമില്ലാതെ നിര്‍വ്വഹിക്കപ്പെട്ടതും പ്രവാചകന്റെ മാത്രം സവിശേഷതയാണ്. ഖുര്‍ആന്‍ വിവരിക്കുന്നു: നബിയേ, താങ്കള്‍ വിവാഹമൂല്യം നല്‍കിയ താങ്കളുടെ പത്‌നിമാരെ താങ്കള്‍ക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു താങ്കള്‍ക്ക് യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ താങ്കളുടെ വലംകൈ ഉടമപ്പെടുത്തിയ അടിമസത്രീകളെയും താങ്കളോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്‌തെത്തിയ താങ്കളുടെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍,  മാതൃസഹോദര പുത്രിമാര്‍, മാതൃസഹോദരീ പുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം ചെയ്യാനുദ്ദ്യേശിക്കുകയാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത താങ്കള്‍ക്ക് മാത്രം ബാധകമുള്ള നിയമമാണിത്.” (33:50). “ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ച് നിര്‍ത്താം.” (33:51)

ഒരു സ്ത്രീ സ്വയം പ്രവാചകന് സമര്‍പ്പിക്കുകയും പ്രവാചകന്‍ അവരെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍ അവള്‍ക്ക് മഹര്‍ നല്‍കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ നേരെ മറിച്ച് മറ്റൊരു പുരുഷനാണെങ്കില്‍ വിവാഹമുടമ്പടിയിലെത്തുന്നതൊടെ അയാള്‍ക്ക് മഹ്ര്‍ നല്‍കല്‍ അനിവാര്യമായിത്തീരുന്നു. ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വയം സന്നദ്ധയായി വന്നിട്ടും പ്രവാചകന്‍ അവരെ സ്വീകരിച്ചില്ല. സ്വീകരിക്കലോ നിരസിക്കലോ പൂര്‍ണ്ണമായും പ്രവാചകന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതായിരുന്നു.

പ്രവാചകന്റെ മരണശേഷം അവിടുത്തെ പത്‌നിമാരെ മറ്റുള്ളവര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവാദമില്ല. ദുന്‍യാവിലും ആഖിറത്തിലും അവര്‍ പ്രവാചകന്റെ പത്‌നിമാര്‍ തന്നെയാണ് എന്നതത്രെ വസ്തുത. പ്രവാചകന്റെ സ്ഥാനത്തിനും അഭിമാനത്തിനും പദവിക്കും പ്രവാചകന്റെ മരണശേഷവും സംരക്ഷണച്ചുമതലയേറ്റെടുത്തത് അവരായിരുന്നു. “അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമായ കാര്യം തന്നെ” (33:53)

പിന്നീട് സ്തുത്യര്‍ഹനായ അല്ലാഹു പ്രവാചക പത്‌നിമാരെ സത്യവിശ്വാസികളുടെ മാതാക്കളുടെ (ഉമ്മഹാതുല്‍ മുഅ്മിനീന്‍) പദവിയിലേക്ക് ഉയര്‍ത്തി. “പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്‌നിമാര്‍ അവരുടെ മാതാക്കളാണ്” (33:6) അതിലൂടെ അവരെ വിവാഹം കഴിക്കുന്നത് മാതാക്കളെ വിവാഹം കഴിക്കുന്നതിന് തുല്യമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മുസ്‌ലിംകളല്ലാത്തവര്‍ പ്രവാചകന് നിഷിദ്ധമായിരുന്നു. അല്ലാഹു പറയുന്നു. “ നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്‌നിമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു.” (33:50)   ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുഅബ്ബാസ് ഇപ്രകാരം പറയുന്നു. “ഇസ്‌ലാമല്ലാത്തെ മറ്റ് ഏത് മതത്തിലുള്ളവളാണെങ്കിലും അദ്ദേഹത്തിന് നിഷിദ്ധമായിരുന്നു”  (തിര്‍മുദി)

ഇഹലോകത്തെ പ്രവാചകന്റെ സഹധര്‍മ്മിണികള്‍ പരലോകത്ത് പദവികളുയര്‍ത്തപ്പെട്ടവരായിരിക്കും. അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദിനെ നബിയും റസൂലുമായി അംഗീകരിച്ച പ്രാവചക പത്‌നിമാര്‍ക്ക് മഹത്തായ അനുഗ്രഹങ്ങളായിരിക്കും പരലോകത്ത് ലഭിക്കുക.

വിവ. സുഹൈറലി തിരുവിഴാംകുന്ന്
 

Related Articles