Current Date

Search
Close this search box.
Search
Close this search box.

പ്രണയം വ്യഭിചാരത്തിലേക്ക് വഴിമാറുമ്പോള്‍

love.jpg

വിവാഹിതയും ഒരു കുട്ടിയുടെ ഉമ്മയുമായ എന്റെ കൂട്ടുകാരി ജോലിസ്ഥലത്തെ തന്റെ കാമുകനെപറ്റി വിവരിച്ചപ്പോള്‍ എനിക്ക് മുഖത്തടിയേറ്റത് പോലെത്തോന്നി. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണിതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. എങ്ങനെയാണ് ഒരുമനുഷ്യന് ഇത്ര മോശമാകാന്‍ കഴിയുക?  എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ല. അവളല്ലാതെ മറ്റാരെങ്കിലുമാണ് എന്നോട് അത് വിവരിച്ചിരുന്നതെങ്കില്‍ ഞാനൊരിക്കലും അത് വിശ്വസിക്കുമായിരുന്നില്ല.

പ്രേമവും കാരുണ്യവും ഉള്‍ചേര്‍ന്ന വൈവാഹിക ജീവിതമാണെങ്കില്‍ മനസ്സിനെയും മസ്തിഷ്‌കത്തെയും അത്രയേറെ ത്രസിപ്പിക്കുന്ന മറ്റൊരു അനുഭൂതി ജീവിതത്തില്‍ ഉണ്ടാവുകയില്ല! മനുഷ്യന്റെ ശാരീരികേഛകളെയും വൈകാരികായ എല്ലാ താല്‍പര്യങ്ങളെയും അത്തരം വിവാഹത്തിലൂടെ പരിരക്ഷിക്കാന്‍ കഴിയും. പാതിവൃത്യത്തിന്റെ ഉത്തുംഗതയില്‍ നിന്ന് വിവാഹിതനായ മനുഷ്യന് അവിഹിത ബന്ധങ്ങളുടെ ഗര്‍ത്തത്തിലേക്ക് എങ്ങനെ ആപതിക്കാന്‍ കഴിയും!

വിവാഹിതയായ ഈ സ്ത്രീക്കെങ്ങനെ ഇത്തരം നീചകര്‍മങ്ങളിലേര്‍പ്പെടാന്‍ കഴിയുന്നു. വ്യഭിചാരത്തിന്റെ പടിയിലെത്തിയിട്ടില്ലെങ്കിലും അതിന്റെ മുന്നൊരുക്കങ്ങള്‍ ഇവിടെ സംഭവിക്കുന്നു. യഥാര്‍ഥത്തില്‍ സ്‌നേഹ ബന്ധം നിലനില്‍ക്കുന്നത് ജോലിസ്ഥലത്താണ്. അവളുടെ ഭര്‍ത്താവിന് ലഭിക്കേണ്ട സ്‌നേഹം കാമുകന് അപഹരിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇത് വലിയ ദുരന്തത്തിനാണ് വഴിയൊരുക്കുന്നത്. ഇടര്‍ച്ചയുടെയും പതര്‍ച്ചയുടെയും തുടക്കവും ഇതുതന്നെയാണ്. ഈമാന്‍ ചിലവചനങ്ങള്‍ മനസ്സാന്നിദ്ധ്യത്തോടെ ഉരുവിടുന്നതിലൂടെ  വിശ്വാസിയുടെ ഹൃദയത്തില്‍ പ്രവേശിക്കുന്നു. മറ്റു ചില വചനങ്ങളിലൂടെ നരകത്തിന്റെ അഗാധ ഗര്‍തത്തില്‍ ആപതിക്കുകയും ചെയ്യുന്നു. ദൈവികമായ ബലിഷ്ഠ കരാറിലാണ് വിവാഹത്തിലൂടെ ഇണതുണകള്‍ പ്രവേശിക്കുന്നത്. അതും ഒരു വാക്കിലൂടെയാണ്. അതിനാല്‍ ഇരുവരും ആദരണീയതയോടെ പ്രവര്‍ത്തിക്കണം. ഒരു വാക്കിലൂടെ ഹൃദയത്തെയും അവയവങ്ങളെയും ചലിപ്പിക്കുന്നതുപോലെ തന്നെ കണ്ണും കാതും നാവുമെല്ലാം വ്യഭിചാരത്തിന് വിധേയമാക്കപ്പെടുകയും ചെയ്യും. ഇന്ന് സ്ത്രീയെ ജോലിസ്ഥലത്തും മറ്റും ആത്മാവില്ലാത്ത കേവല വില്‍പനച്ചരക്കാക്കി സമൂഹം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്.

അന്യസ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള സംസാരം അപകടകരമാണ്. അതിനാലാണ് പുരുഷന്മാരുമായി സംസാരിക്കേണ്ടി വരുമ്പോള്‍ ശബ്ദം താഴ്ത്തിയും മറ്റുള്ളവരില്‍ ആകര്‍ഷകത്വം തോന്നാത്തതുമായ രീതിയില്‍ സൂക്ഷ്മതയോടും സംസാരിക്കണമെന്ന് അല്ലാഹു പ്രവാചക പത്‌നിമാരെയും വിശ്വാസിനികളെയും ഉണര്‍ത്തിയത്. ഇത്തരം സുരക്ഷിത പരിധികള്‍ അവിഹിതമായി മുറിച്ചുകടക്കുന്നത് ഹറാമിലേക്കുള്ള പ്രവേശനമായിരിക്കും. മനുഷ്യമനസ്സ് മ്ലേഛതയിലേക്ക് മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും, അല്ലാഹുവിന്റെ കാരുണ്യത്തിന് വിധേയമായവരാണ് അതില്‍ നിന്നും രക്ഷപ്രാപിക്കുക എന്ന് യൂസുഫ് നബി ഉദ്ദരിക്കുന്ന വാക്യം ഖുര്‍ആനില്‍ നമുക്ക് ദര്‍ശിക്കാം. ദൈവഭയവും അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും മാത്രമേ മനുഷ്യനെ ഇത്തരം അപഭ്രംശങ്ങളില്‍ നിന്ന് തടഞ്ഞു നിര്‍ത്തുകയുള്ളൂ.

ഭാര്യാ-ഭര്‍തൃ ബന്ധങ്ങളില്‍ വഞ്ചന വര്‍ധിച്ചുവരുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആധുനിക മാധ്യമങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും വികാസത്തിനനുസൃതമായി ഇത്തരത്തിലുള്ള സംസാരങ്ങളും കുടുംബ പ്രശ്‌നങ്ങളും അധികരിച്ചുവരുന്നു. സംസാരങ്ങളില്‍ അനുവദനീയമായതും നിഷിദ്ധമായതും സംശയാസ്പദമായവയുമുണ്ട്. നിരന്തരം ജാഗ്രതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ മനസ്സിനെ അതില്‍ നിന്നും കരകയറ്റാന്‍ കഴിയുകയുള്ളൂ.

സംസാരം മുതല്‍ വ്യഭിചാരം വരെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ വിവാഹിതരായവര്‍ ഏര്‍പ്പെടുന്നതില്‍ ഒരു ന്യായീകരണവുമില്ല. പുരുഷന്മാര്‍ക്കാണെങ്കില്‍ നാല് പേരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇത്തരം വഞ്ചനാത്മക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ പ്രത്യേക ന്യായീകരണമൊന്നും തന്നെയില്ല. വൈവാഹിക ജീവിതത്തില്‍ ആനന്ദവും അനുഭൂതിയുമുണ്ടാകുന്നതോടൊപ്പം നിരവധി പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതുണ്ട്. അതിനാലാണ് പ്രേമത്തോടൊപ്പം കാരുണ്യവും ഉണ്ടായിരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. ഉമര്‍(റ) വിവരണം ഇവിടെ ശ്രദ്ധേയമാണ്. ‘എല്ലാ ഭവനങ്ങളും സ്‌നേഹത്തില്‍ പണിതതല്ല; പക്ഷെ, ഇസ്‌ലാമും കുടുംബ മഹിമയിലും നിരവധി ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്’. പൂര്‍വികരായ ആളുകള്‍ അന്യരുമായുള്ള സംസാരത്തിലും പെരുമാറ്റത്തിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിഷ്‌കര്‍ഷിച്ചതിന്റെ കാരണവും യഥാര്‍ഥത്തില്‍ മറ്റൊന്നല്ല.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles