Current Date

Search
Close this search box.
Search
Close this search box.

പിതൃബന്ധം വേര്‍പ്പെടുത്താത്ത വിവാഹമോചനം

breakup.jpg

ഒരാളുടെ മരണവാര്‍ത്ത കിട്ടിയപ്പോള്‍ എവിടെയാണ് അന്ത്യകര്‍മങ്ങള്‍ നടക്കുന്നതെന്ന് ഞാന്‍ അന്വേഷിച്ചു. നേരത്തെ അദ്ദേഹം വിവാഹമോചനം ചെയ്ത ഭാര്യയുടെ വീട്ടില്‍ എന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ അതിന് പിന്നിലെ കഥ എനിക്ക് മനസ്സിലായി. മരണപ്പെട്ടയാള്‍ വിവാഹമോചിതയായി ആ സ്ത്രീയുടെ ഭര്‍ത്താവായിരുന്നു. അദ്ദേഹത്തില്‍ അവര്‍ക്ക് നാലു മക്കളും ഉണ്ടായിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ അദ്ദേഹത്തില്‍ നിന്ന് ത്വലാഖ് ആവശ്യപ്പെട്ടു. അതംഗീകരിച്ച് വിവാഹമോചനം ചെയ്ത അദ്ദേഹം അവളോട് പറഞ്ഞു: തലാഖ് ദാമ്പത്യബന്ധത്തെയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ പിതൃബന്ധത്തെ അതില്ലാതാക്കുന്നില്ല. ഈ വിവാഹമോചനം ഒരിക്കലും മക്കളെ ബാധിക്കരുതെന്നും അവര്‍ പരസ്പര ധാരണയിലെത്തി. മക്കളുടെ കാര്യത്തില്‍ പരസ്പര ധാരണയിലധിഷ്ടിതമായ ബന്ധം തുടരുമെന്നും അവര്‍ തീരുമാനിച്ചു. പിതാവിനെ സന്ദര്‍ശിക്കാനും അദ്ദേഹത്തോടൊപ്പം പുറത്തുപോകാനും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ക്ക് പരിഗണന നല്‍കാനുമെല്ലാം അവര്‍ മക്കളോട് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള മക്കളുടെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അവര്‍ കാര്യമായ പങ്കുവഹിച്ചു.

ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പിതാവിന് ക്യാന്‍സര്‍ ബാധിച്ചു. രോഗാവസ്ഥയില്‍ അദ്ദേഹത്തെ പരിചരിക്കാനോ സഹായിക്കാനോ കുടുംബത്തിലെ ആരും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് മക്കളുടെ പരിചരണം ലഭിക്കുന്നതിന് വിവാഹ മോചിതയായ ആ സ്ത്രീ മക്കളുമായി കൂടിയാലോചിച്ച് അവളുടെ വീട്ടില്‍ തന്നെ അദ്ദേഹത്തിന് മുറിയൊരുക്കി. ഈ നിര്‍ദേശത്തെ അംഗീകരിക്കാന്‍ അദ്ദേഹവും തയ്യാറായി. നാളുകള്‍ പിന്നിട്ടപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. നാല് മക്കളും അദ്ദേഹത്തെ മാറിമാറി പരിചരിച്ചു. രണ്ടര വര്‍ഷത്തോളം മക്കള്‍ മുഖേന അദ്ദേഹത്തെ അദ്ദേഹത്തിന്റെ പരിചരണത്തിനും ചികിത്സക്കും മുന്‍ഭാര്യയായ അവള്‍ മേല്‍നോട്ടം വഹിച്ചു. പിന്നീട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ അവസാന കര്‍മങ്ങളും ആ വീട്ടില്‍ തന്നെ വെച്ചുനടത്താമെന്ന മക്കളുടെ നിര്‍ദേശത്തെയും അവര്‍ സ്വീകരിച്ചു. ഇതാണ് സംഭവം.

ആ സ്ത്രീയുടെ പെരുമാറ്റം ഒട്ടേറെ വായനക്കാരെ അത്ഭുതപ്പെടുത്തുന്നുണ്ടാവാം. കാരണം വിവാഹമോചന കേസുകളില്‍ നാം കണ്ടു പരിചയിക്കാത്ത ഒന്നാണത്. വിവാഹമോചനത്തിന് മുമ്പ് അയാളില്‍ നിന്നുണ്ടായിട്ടുള്ള പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് മഹിതവും ധീരവുമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. സ്വന്തത്തിന് വേണ്ടി പ്രതികാരം ചെയ്യാന്‍ ആ അവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം അല്ലാഹുവിങ്കില്‍ നിന്നുള്ള പ്രതിഫലം നേടാനുള്ള അവസരമാക്കി അതിനെ മാറ്റി. വിവാഹമോചന കേസുകളില്‍ സമ്പത്തിനെയും മക്കളെയും ഉപയോഗിച്ച് ദമ്പതികള്‍ പരസ്പരം പ്രതികാരം ചെയ്യുന്നതിനെ കുറിച്ച് നാം ധാരാളം കേള്‍ക്കാറുണ്ട്. കുടുംബം ശിഥിലീകരിക്കപ്പെടുന്നതിലാണ് അത് ചെന്നെത്താറുള്ളത്.

ഈ സംഭവത്തില്‍ തലാഖ് ആവശ്യപ്പെട്ടിട്ടുള്ളത് ആ ഉമ്മ തന്നെയാണെന്ന് കാണാം. എന്നാല്‍ തന്റെ മുന്‍ ഭര്‍ത്താവിന് നേര്‍ക്ക് തെറ്റായ ചിന്തകള്‍ അവരില്‍ ഉണ്ടാവാതെ ശ്രദ്ധിച്ചു. മാത്രമല്ല അകന്ന് കഴിയുന്ന പിതാവിന് നന്മകള്‍ ചെയ്യാന്‍ മക്കളെ പ്രേരിപ്പിച്ച് ഒരു ഉമ്മയുടെ മാതൃകാപരമായ പങ്ക് അവര്‍ നിര്‍വഹിക്കുകയും ചെയ്തു. പിന്നീട് രോഗാവസ്ഥയില്‍ തന്റെ വീട്ടിലെ ഒരു മുറി അദ്ദേഹത്തിന് വേണ്ടി മാറ്റിവെക്കാനും അവര്‍ മനസ്സ് കാണിച്ചു.

സല്‍പെരുമാറ്റമാണ് എവിടെയും മികച്ച് നില്‍ക്കുക. അതുകൊണ്ടാണ് പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞത്: ‘തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഭാരം തൂങ്ങുന്ന മറ്റൊന്നുമില്ല.’
‘ഒരാളെ അയാളുടെ സല്‍സ്വഭാവം നമസ്‌കരിക്കുന്നവന്റെയും ധാരളമായി നോമ്പുനോല്‍ക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നവന്റെ പദവിയിലെത്തിക്കും.’
മോശം പെരുമാറ്റത്തിന് ഏറെ സാധ്യതയുള്ള തലാഖ് പോലുള്ള സന്ദര്‍ഭത്തില്‍ കാണിക്കുന്ന സല്‍പെരുമാറ്റത്തിന്റെ പ്രതിഫലം ഒന്നുകൂടി വര്‍ധിക്കും. ഈ വിവാഹമോചിതയുടെ പെരുമാറ്റം ഒട്ടേറെ മൂല്യങ്ങള്‍ നമുക്ക് പകര്‍ന്നു നല്‍കുന്നു. കരാര്‍ പൂര്‍ത്തീകരണം, ആദരവ്, തെറ്റായ ചിന്തകളെ അതിജയിക്കല്‍, മാതാപിതാക്കളോടുള്ള കടമ നിര്‍വഹിക്കാന്‍ മക്കളെ പഠിപ്പിക്കല്‍ തുടങ്ങിയ മൂല്യങ്ങള്‍ അതിലുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളും വരുമ്പോഴാണ് മനുഷ്യന്‍ തന്റെ തനിനിറം കാണിക്കുക. നല്ല ഐശ്വര്യത്തില്‍ കഴിയുമ്പോള്‍ നല്ല പെരുമാറ്റം കാഴ്ച്ചവെക്കുന്ന പലരുടെയും യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുക കടുത്ത പരീക്ഷണം വരുമ്പോഴാണ്. അത്തരമൊരു പരീക്ഷണത്തിലാണ് ഈ സ്ത്രീ വിജയിച്ചിരിക്കുന്നത്.

വേര്‍പിരിയാന്‍ ദമ്പതികള്‍ തീരുമാനിക്കുന്നത് ഒരു തെറ്റല്ല. പ്രത്യേകിച്ചും ഒത്തുപോവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷം. എല്ലാ വിവാഹങ്ങളും വിജയിക്കുകയില്ലെന്നുള്ളത് ഒരു സാമൂഹിക തത്വമാണ്. എന്നാല്‍ വിവാഹമായാലും വിവാഹമോചനമായാലും ശ്രേഷ്ഠ സ്വഭാവമാണ് കാണിക്കേണ്ടത്. എന്നാല്‍ ഇക്കാലത്തെ വിവാഹ മോചനങ്ങളുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. കോടതി വരാന്തകളില്‍ പരസ്പരം മത്സരിക്കുന്ന അവര്‍ക്കിടയില്‍ ഭീഷണിപ്പെടുത്താനും പ്രതികാരം ചെയ്യാനുമുള്ള ആയുധമായി മക്കള്‍ മാറുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് വിവാഹമോചനം നടന്നിട്ട് ഇപ്പോഴും അതുമായി ബന്ധപ്പെട്ട കേസുമായി നടക്കുന്ന ദമ്പതികളെ എനിക്ക് നേരിട്ട് പരിചയമുണ്ട്.
അവസാനമായി, മഹിതഗുണങ്ങള്‍ക്കുടമയായ വിവാഹമോചിതയുടെ വീട്ടില്‍ പരേതന് അനുശോചനം നേരുന്നു.

മൊഴിമാറ്റം: നസീഫ്‌

Related Articles