Current Date

Search
Close this search box.
Search
Close this search box.

പിതാവിന്റെ രണ്ടാം വിവാഹം

parenting.jpg

മാതാവിന്റെ മരണം കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കുക എന്നതില്‍ സംശയമില്ല, കുടുംബത്തിലെ എല്ലാവരെയും അത് സ്വാധീനിക്കും. മരണത്തെ സ്വീകരിക്കാനും അംഗീകരിക്കാനും പലര്‍ക്കും പ്രയാസമായിരിക്കും. പിതാവിനെയും മക്കളെയും ഒരുപോലെ ബാധിക്കുന്ന ദുരന്തമാണത്. പിതാവിനെ സംബന്ധിച്ചിടത്തോളം ജീവിത സന്ധികളില്‍ തന്റെ കൂടെയുണ്ടായിരുന്ന ഇണയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികളില്‍ തന്നോടൊപ്പം ചേര്‍ന്നിട്ടുണ്ടായിരുന്ന തന്റെ ആശ്വാസനിധിയായിരുന്നു അവള്‍ . ‘വിവാഹക്കരാറിലൂടെ ഒന്നായ ശേഷം ശാരീരികമായും വൈകാരികമായും അയാള്‍ക്ക് ഏറ്റവും അടുപ്പം അവളോടായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് പോലെ ‘പരസ്പരം സുഖം പകരുകയും അവര്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ ‘ (നിസാഅ്-21)

മക്കള്‍ക്ക് മാതാവ് നഷ്ടമാകുന്നതിലൂടെ മനം നിറഞ്ഞ് കിട്ടിയിരുന്ന സ്‌നേഹവും വാത്സല്യവും മാത്രമല്ല ഉറക്കറയില്‍ പോലും കിട്ടിയിരുന്ന പരിഗണനയും സഹായവും ഇല്ലാതായി. അവര്‍ക്ക് ലഭിച്ചിരുന്ന തലോടലാണ് ഇപ്പോഴില്ലാതായിരിക്കുന്നത്. കാലങ്ങളായി അവരുടെ കണ്ണുനീര്‍ തുടക്കുകയും വേദനകള്‍ ലഘൂകരിക്കുകയും ചെയ്ത കൈകളായിരുന്നുവത്. രാപ്പകലുകളില്‍ കുഞ്ഞ് വിളിക്കുന്ന ഏത് ആവശ്യങ്ങള്‍ക്കും വിളിപ്പാടകലെ അവളുണ്ടായിരുന്നു. ചുരുക്കത്തില്‍ കുഞ്ഞിന് സ്‌നഹത്തിന്റെയും വാത്സല്യത്തിന്റയും എല്ലാമെല്ലാമാണ് ഇല്ലാതായിരിക്കുന്നത്. ഉമ്മ എന്ന രണ്ടക്ഷരത്തിനുള്ളില്‍ ഒരു വലിയ ലോകം തന്നെ ഒളിഞ്ഞിരുന്നിരുന്നു.

പക്ഷെ അല്ലാഹുവിന്റെ വിധിയിലുള്ള കുടുംബത്തിന്റെ വിശ്വാസം അവര്‍ക്ക് ആശ്വാസം നല്‍കും. അല്ലാഹുവിന്റെ വിധിക്ക് പിന്നില്‍ നന്മയുണ്ടാകുമെന്ന വിശ്വാസം ദൃഢവിശ്വാസമേകുന്നതോടൊപ്പം സംഭവിച്ച ദുരന്തത്തില്‍ അവര്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള ഹേതുവുമാകുന്നു. ജീവിതം തുടരണമെന്നണവര്‍ പഠിക്കുന്നു. ജീവിതം വീണ്ടും അതിന്റെ പാതയിലൂടെ മുന്നോട്ട് പോകാന്‍ തുടങ്ങും. ഇത് അല്ലാഹുവിന്റെ നിയമമാണ്. ഇഹലോക ജീവിതത്തില്‍ മനുഷ്യജീവിതത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ എപ്പോഴും ഉണ്ടാകും.

കാലം കഴിയുന്നതോടെ, അവസാനിക്കാത്ത ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ട് ഈ ദുഖം എല്ലാവരും മറക്കും. പിതാവ് കുട്ടികളുടെയും വീടിനകത്തുള്ള  മറ്റ് കാര്യങ്ങളും ശ്രദ്ധിക്കുന്നതിനായി ധനാഗമന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. പണ്ട് ഉമ്മ ചെയ്തിരുന്ന വീട്ടുപണികൂടി ഇപ്പോള്‍ പിതവാണ് ചെയ്യുന്നത്. എന്നാല്‍ എത്ര പണിപ്പെട്ടാലും ഉമ്മ ചെയ്യുന്നപോലെ ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. മനുഷ്യ പ്രകൃതിയനുസരിച്ച് ഗൃഹഭരണം പിതാവിനേക്കാള്‍ നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നത് മാതാവിനാണല്ലോ.  ഇങ്ങനെയൊരു തിരിച്ചറിവില്‍ നിന്നാണ് പിതാവ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുക, പ്രകൃതിപരവും സാമൂഹികമായും  താനഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാണ് അയാളെ സംബന്ധിച്ചേടത്തോളം വിവാഹം. ഏറ്റവും സുഗമമായും, സാമൂഹിക ജീവിതത്തിനും ശര്‍ഈ വിധികള്‍ക്ക് യോജിച്ച നിലയിലും അയാള്‍ക്ക് പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.

മാതാവിന്റെ മരണാനന്തരമുള്ള പിതാവിന്റെ പുനര്‍ വിവാഹം ശരീഅത്ത് വിധിക്കനുസൃതമാണെന്നതില്‍ സംശയമില്ല. കുട്ടികള്‍ വലുതാണോ ചെറുതാണോ എന്നത് അവിടെ പരിഗണിക്കേണ്ടതില്ല. എന്നാല്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ വിവാഹം നിര്‍ബന്ധമാണെന്ന്‌വരെ വേണമെങ്കില്‍ പറയാം. കാരണം പിതാവ് പുതിയ വിവാഹം കഴിക്കാതെ സന്താനപരിപാലനം സാധ്യമല്ലല്ലോ. രണ്ടാം വിവാഹത്തെക്കുറിച്ച് ടെലിവിഷനുകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല. ഭാര്യ മരണപ്പെട്ട പ്രായം ചെന്ന ഭര്‍ത്താവ്, ഒരു പക്ഷെ അയാള്‍ക്ക് യുവാക്കളായ മക്കളുണ്ടാകാം അയാള്‍ രണ്ടാമതായി വിവാഹം ചെയ്യുന്നതിനെ എന്തോ വലിയ കുററംചെയ്യുന്നത് പോലെയാണ് മാധ്യമങ്ങളില്‍ അവതരിപ്പിക്കാറുള്ളത്, അത് കണ്ടാല്‍ ഒരു വലിയ സാമൂഹിക ദ്രോഹമാണ് അയാള്‍ ചെയ്യുന്നതെന്ന് തോന്നിപ്പോകും. എന്നാല്‍ ഉമ്മയുടെ മരണ ശേഷം രണ്ടാം വിവാഹത്തിലൂടെ മക്കളെ വേദനിപ്പിക്കേണ്ടന്ന് കരുതി പ്രത്യക്ഷത്തില്‍ വിവാഹം കഴിക്കാതെ നിവൃത്തികേടുകൊണ്ട് വൃത്തികേടിലകപ്പെടുന്ന എത്രയോ ആളുകളുണ്ട്.

കുട്ടികളുടെ അവസ്ഥക്കനുസരിച്ച് പിതാവിന്റെ വിവാഹത്തിന് വ്യത്യസ്ത മാനങ്ങളുണ്ടായിരിക്കും. ചിലപ്പോള്‍ ഉമ്മ മരിക്കുമ്പോള്‍ കുട്ടികള്‍ക്ക് ചെറുപ്പമായിരിക്കും. ഏഴ് വയസ് പോലും ആയിട്ടുണ്ടാവില്ല, മറ്റ് ചിലപ്പോള്‍ കുട്ടികള്‍ വലുതായി കൗമാരപ്രായക്കാരായിട്ടുണ്ടാകും. ഇതില്‍ ആദ്യം പറഞ്ഞ അവസ്ഥയില്‍ കുട്ടികളെ പിതാവ് നന്നായി പരിചരിക്കേണ്ടതാണ്, സ്‌നേഹവാത്സല്യങ്ങള്‍ അധികം നല്‍കണം. ചുരുക്കിപ്പറഞ്ഞാല്‍ ഈ സന്ദര്‍ഭത്തില്‍ മാതാവിന്റയും പിതാവിന്റെയും ദൗത്യങ്ങള്‍ പിതാവ് തന്നെ സ്വയം നിര്‍വഹിക്കേണ്ടതായിവരും. ഈപ്രായത്തിലെ കുട്ടികള്‍ക്കാണ് മാതാവിന്റെ വേര്‍പാട് വലിയ ആഘാതമുണ്ടാക്കുകയെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രത്യേകിച്ച് മരണം കഴിഞ്ഞ ആദ്യമാസങ്ങളിലായിരിക്കും ഈ ആഘാതം കൂടുതലനുഭവപ്പെടുക. ഈ ഘട്ടത്തില്‍ മാതാവിന്റെ സ്‌നേഹം നല്‍കി കുട്ടികളെ പരിഗണിക്കാനാകുക എന്നതാണ് രണ്ടാംവിവാഹത്തിന്റെ ആദ്യപടിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഈ ഘട്ടം കഴിഞ്ഞാല്‍ കുട്ടികളോട് മാനസികമായി ഇണങ്ങാന്‍ കഴിയുന്ന ഭാര്യയെ തെരെഞ്ഞെടുക്കുക എന്നതാണ് അടുത്തപടി. കുട്ടികളുടെ നഷ്ടപെട്ട ഉമ്മാക്ക് പകരം മറ്റൊരു ഉമ്മയാകാന്‍ ആ സ്ത്രീക്ക് കഴിയണം, കുട്ടികള്‍ക്ക് മാനസിക അടുപ്പമുള്ളവരായാല്‍ അതാണ് നല്ലത്. കുട്ടികള്‍ക്ക് കൂടി അടുപ്പമുള്ള ഉമ്മയായാല്‍ ആ വിവാഹത്തിന് മക്കളുടെ കൂടി ആശീര്‍വാദമുണ്ടാകും.

പിന്നീട് ഭാര്യക്കും മക്കള്‍ക്കുമിടയില്‍ ഉണ്ടാകാന്‍ സാധ്യതയുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിപരമായും യുക്തിയോടും കൂടിയാണ് ഭര്‍ത്താവ് പ്രവര്‍ത്തിക്കേണ്ടത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പ്രത്യേകിച്ചും ഇതിനുളള സാധ്യത കൂടുതലായിരിക്കും. തങ്ങളുടെ ഉമ്മാക്ക് പകരം മറ്റൊരു ഉമ്മയെ പെട്ടെന്ന് സ്വീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. ഭാര്യയെയും കുട്ടിയെയും ഐക്യത്തിലാക്കാന്‍ ക്രമപ്രവൃദ്ധമായ ശ്രമങ്ങള്‍ ഭര്‍ത്താവില്‍ നിന്നുണ്ടാവണം. ഭാര്യക്ക് ഉമ്മയുടെ സ്ഥാനം അലങ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടില്‍ സമാധാനവും ശാന്തിയും ഉണ്ടാക്കുവാനാവുന്ന തരത്തില്‍ കുട്ടികളോട് സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാന്‍ ഭാര്യ ശ്രമിക്കണം. മുഴുവന്‍ അനുഷ്ടിക്കാന്‍ സാധ്യമല്ലാത്തതില്‍ സാധ്യമായത് അനുഷ്ഠിക്കുക എന്നതായിരിക്കും പല സന്ദര്‍ഭങ്ങളിലും ഉചിതമാവുക.

എന്നാല്‍ കൗമാരക്കാരോ കൗമാരപ്രായം കഴിഞ്ഞതോ ആയ കുട്ടികളാണെങ്കില്‍ അത് പ്രയാസമാണ്. കൗമാര കാലഘട്ടം പ്രായത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണ്.  പലകാരണങ്ങളാല്‍ ഈ അവസരത്തില്‍ പിതാവിന് കുട്ടികളെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോകും. അതിന്റെ ചില പ്രധാന കാരണങ്ങള്‍

1. കുട്ടികളുടെ മാനസിക ഘടന(Psychological factor) എപ്പോഴും തങ്ങളുടെ ഉമ്മാക്ക് പകരം മറ്റൊരു ഉമ്മയെ സ്വീകരിക്കാന്‍ വിസമ്മതിക്കും. മറ്റൊരാളെ സ്വീകരിക്കുന്നത് ഉമ്മയോടുള്ള അവകാശ ലംഘനമായിട്ടാണ് അവര്‍ മനസിലാക്കുക. അവര്‍ക്ക് ചെറിയ കുട്ടികളെപ്പോലെ പുതിയ ആളുമായി തമാശ പറയാനോ ചിരിക്കാനോ സാധിക്കില്ല. മാതാവിന്റെ സ്ഥാനത്ത് മറ്റൊരാളെക്കൊണ്ട് വരാനുള്ള പിതാവിന്റെ എല്ലാ ശ്രമങ്ങളെയും അവര്‍ പ്രതിരോധിക്കും.

2. സാമൂഹികവും മനശാസ്ത്രപരമായും വളരെ മോശമായ രണ്ടാനമ്മയുടെ ചിത്രമാണ് പൊതുസമൂഹത്തിനുള്ളത്. ഇൗ ചിന്താഗതി വലിയ അളവോളം കുട്ടികളുടെ മനസില്‍ പതിഞ്ഞിരിക്കും. രണ്ടാനമ്മ സ്വാര്‍ത്ഥയും പിതാവില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ ശ്രമിക്കുന്നവരുമാണെന്ന ധാരണ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വലിയ അളവോളം കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടാകും. അതിനെ മാറ്റിയെടുക്കുക പ്രയാസമാണ്.

എന്നാല്‍ ഇത്രയെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും അതിനെ നിരന്തര പരിശ്രമങ്ങള്‍ക്കൊണ്ടും പ്രായോഗിക നടപടികള്‍കൊണ്ടും പ്രതിരോധിക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള പ്രതിസന്ധികളെല്ലാമുണ്ടെങ്കിലും പിതാവ് വിവാഹം കഴിക്കേണ്ടതാണ്. പക്ഷെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കുട്ടികളോട് ഇടയുന്ന അവസ്ഥയുണ്ടാകരുത്. കുട്ടികള്‍ പലപ്പോഴും രണ്ടാനമ്മയുമായി കൃത്രിമമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ വരെ ശ്രമിച്ചേക്കാം, വിവാഹം ഒരു പ്രശ്‌നമാക്കി മാറ്റാനായിരിക്കും എപ്പോഴും അവര്‍ ശ്രമിക്കുക.  അവസാനം പിതാവ് ഭാര്യയെയാണോ മക്കളെയാണോ പരിഗണിക്കേണ്ടത് എന്നതില്‍ ആത്മസംഘര്‍ഷമനുഭവിക്കും.  അവസാനിക്കാത്ത പ്രശ്‌നങ്ങള്‍ക്കിടയിലായിരിക്കും അയാള്‍ ജീവിക്കുക, അനാരോഗ്യകരമായ ഗാര്‍ഹികാന്തരീക്ഷമാണ് പിന്നീടുണ്ടാകുക. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍നിന്ന് വലിയൊരളവോളം രക്ഷ നേടാന്‍ കഴിയും.

1. പിതാവും മക്കളും തമ്മില്‍ സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുക. സാമൂഹികവും കുടുബപരവുമായ കാര്യങ്ങളില്‍ അവരോട് ചര്‍ച്ചയിലേര്‍പ്പെടണം. ഭാര്യ പരിഗണിക്കാന്‍ വിട്ട് പോയ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് ക്രിത്യമായി പിതാവ് ചെയ്യുന്നതിലൂടെ പിന്നീടെങ്കിലും പിതാവിന്റെ വിവാഹം മക്കള്‍ അംഗീകരിക്കുന്ന സാഹചര്യമുണ്ടാകും.

2. പിതാവ് നല്ല ഭാര്യയെ തെരെഞ്ഞടുക്കണം. മതപരവും ധാര്‍മികവുമായ ചിട്ടകള്‍ പാലിക്കുന്നവളായിരിക്കുക എന്നതിലുപരിയായി സമൂഹികമായി കുട്ടികള്‍ക്കും വീടിനും യോജിച്ചവളായിരിക്കണം ഭാര്യ. കുട്ടികളോട് ഏറ്റവും അടുപ്പമുള്ള ഭാര്യയാണ് നല്ലത്. കുട്ടികളെ ഉള്‍ക്കൊള്ളാനും അവരുടെ കാര്യങ്ങള്‍ പരിഗണിക്കാനും സംസ്‌കരിക്കാനും കഴിയുന്ന വിധവകളെപ്പോലുള്ള വരാണ് നല്ലത്. കന്യകയായ സ്ത്രീകള്‍ക്ക് കുട്ടികളോടും ഭര്‍ത്താവിനോടും നന്നായി പെരുമാറാന്‍ പ്രയാസമായിരിക്കും.

പ്രമുഖ സ്വഹാബിയായിരുന്ന ജാബിര്‍ ബിന്‍ അബ്ദുല്ലയെ നോക്കൂ. അദ്ദേഹത്തിന് ഏഴ് സഹോദരിമാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രക്തസാക്ഷിയാകുകയായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചപ്പോള്‍ വിധവയായ സ്ത്രീയെയാണ് ഭാര്യയായി സ്വീകരിച്ചത്. പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു നിനക്ക് കൂടുതല്‍ ആനന്ദത്തോടെ സല്ലപിക്കാന്‍ കഴിയുന്ന കന്യകയെ വിവാഹം കഴിക്കാമായിരുന്നില്ലേ? അപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധേയമാണ് ‘ എന്റെ പിതാവ് ഉഹ്ദില്‍ വെച്ച് മരണപ്പെടുമ്പോള്‍ എനിക്ക് ഏഴ് സഹോദരിമാരുണ്ടായിരുന്നു. അവരുടെ കൂടെ നില്‍ക്കാന്‍ കഴിയുന്നവളും അവരുടെ കാര്യങ്ങള്‍ കൂടി പരിഗണിക്കാന്‍ കഴിയുന്നവളെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു അല്ലാഹു ഉദ്ദേശിച്ചാല്‍ നിനക്ക് പ്രതിഫലം ലഭിക്കും. വിഭാര്യനായ ഒരാള്‍ സഹോദരിമാരെ പരിഗണിച്ച് വിധവയെ തെരെഞ്ഞടുത്തപ്പോള്‍ പ്രവാചകന്‍ അതിന് പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടികളുള്ള ഒരു പിതാവിന് കുട്ടികളുടെ കാര്യങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്ന ഭാര്യയെ തെരെഞ്ഞടുക്കുന്നതാണുത്തമം.

3. പിതാവിന് ധാരാളം ക്ഷമിക്കുവാനും യുക്തിയോടെ നിലകൊള്ളാനും സാധിക്കണം. ഭാര്യയെയും കുട്ടികളെയും തമ്മില്‍ ചേര്‍ക്കുന്ന കണ്ണിയായി വര്‍ത്തിക്കാന്‍ അയാള്‍ക്ക് കഴിയണം. അതോടൊപ്പം ഭാര്യയുടെയും കുട്ടികളുടെയും അവകാശങ്ങള്‍ ഹനിക്കാതെ സൂക്ഷിക്കുകയും വേണം. ഭര്‍ത്താവിന്റെ പ്രായപൂര്‍ത്തിയെത്തിയ മക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നത് പ്രധാന്യമുള്ള കാര്യമാണെന്നും അത്ര എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയാത്തതാണെന്നും മനസിലാക്കണം. ഭര്‍ത്താവിന് മുന്തിയ പരിഗണനല്‍കുമ്പോള്‍ കുട്ടിക്കള്‍ പിന്തള്ളപ്പെടാറാണ് പതിവ്. കുട്ടികള്‍ക്ക് കൊടുക്കുന്ന സ്‌നേഹവും വാത്സല്യവും വലിയകുട്ടികള്‍ക്ക് നല്‍കാന്‍ കഴിയാറില്ല. ഭാര്യക്ക് ഭര്‍ത്താവിന്റെകാര്യങ്ങളും വീട്ടുകാര്യങ്ങളുടെയും കൂടെ ഇങ്ങനെയുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍കൂടിയുണ്ടാകുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം ക്ഷമയവലംബിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ പ്രേരിപ്പിക്കേണ്ടിവരും.

കുട്ടികളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെ ദുഷിപ്പിക്കുന്ന സിനിമകളില്‍നിന്നും സീരിയലുകളില്‍ നിന്നും മറ്റു മാധ്യമങ്ങളില്‍ നിന്നും അവരെ അകറ്റാനാകണം. ഇസ്‌ലാമിക സംസ്‌കാരങ്ങളെല്ലാം നിലനിന്നിരുന്ന പഴയ കാലത്ത് ഇങ്ങനെയുള്ള വിവാഹങ്ങള്‍ അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല, അന്നത്തെ സാഹചര്യമല്ല ഇന്ന്. ഇന്ന് ചില നിബന്ധനകള്‍ പാലിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നത് പോലെ വിവാഹം ശാരീരികാവശ്യം മാത്രമല്ല, ശരീഅത്തനുസരിച്ചുള്ള വിവാഹമാണെങ്കില്‍ അത് ശാരീരികവും സാമൂഹികവും ദൈവിക പ്രകൃതിയുടെ ഭാഗവുമാണ്. ഇന്ന് വിവാഹത്തിന്റെ രൂപം മാറിയിരിക്കുന്നു. ഇന്നതിനെ വികാര പൂര്‍ത്തീകരണത്തിനുള്ള ഉപാധിമാത്രമായി വികലമായി ചിത്രീകരിക്കപ്പെട്ടിരികക്കുന്നു. ഈ വിവാഹത്തിലെ രണ്ടാനമ്മ ഭര്‍ത്താവിന്റെ മക്കളെ പീഡിപ്പിക്കുന്നവളും ഭര്‍ത്താവിനെയും കുട്ടികളെയും തമ്മില്‍ അകറ്റുന്നവളുമാണ്. ഇത് ഇങ്ങനെ ആക്കിത്തീര്‍ക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് ഭാര്യമരണപ്പെട്ടാല്‍ പിന്നീടുള്ള രണ്ടാം വിവാഹം സങ്കീര്‍ണമായ ഒരേര്‍പ്പാടാണ്. മാധ്യമങ്ങള്‍ നമ്മുടെ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാണോ?

 

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles