Current Date

Search
Close this search box.
Search
Close this search box.

പാരിതോഷികം നല്‍കൂ! സ്‌നേഹം സമ്പാദിക്കൂ!

gift.jpg

ഒരു കുടുംബത്തിലെ ദമ്പതികള്‍ക്കിടയിലുള്ള പ്രശ്‌നപരിഹാരത്തിനായി അവര്‍ എന്നെ സമീപിച്ചു. വളരെ രമ്യമായി ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇരുകൂട്ടരുടെയും വാദഗതികളെ ഞാന്‍ ശ്രദ്ദാപൂര്‍വം ശ്രവിച്ചു. ആദ്യ ദിവസത്തെ ചര്‍ച്ച കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ സ്വകാര്യമായി വിളിച്ചുപറഞ്ഞു. ‘അടുത്ത പ്രാവശ്യം വരുമ്പോള്‍ തന്റെ പ്രിയതമക്ക്  നല്‍കാനുള്ള സമ്മാനം കൂടെ കരുതണം, ചര്‍ച്ചക്കിടയില്‍ എന്റെ മുമ്പില്‍ വച്ച്  യാദൃശ്ചികമായി അതവള്‍ക്ക് നല്‍കുകയും ചെയ്യണം, നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കത്തിനും നിന്റെ അകതാരില്‍ അവളോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുന്നു എന്നതിന്റെ തെളിവുമാകുമത്.!’ എന്റെ വാക്കുകള്‍  വളരെ തന്മയത്വത്തോടെ സുന്ദരമായി അദ്ദേഹം നടപ്പിലാക്കി. തന്റെ പ്രിയതമന്റെ ഈ ഹൃദ്യമായ പെരുമാറ്റം അവളുടെ മനസ്സില്‍ വലിയ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും അവളറിയാതെ കണ്ണുകള്‍ നിറയുകയും കവിള്‍ത്തടത്തിലൂടെ അവ ചാലിട്ടൊഴുകുകയും ചെയ്യുകയുണ്ടായി.

ഒരിക്കലും അടുക്കില്ല എന്നു കരുതിയ ആ ബന്ധം വീണ്ടും തളിര്‍ത്തു പൂമൊട്ടിട്ടപ്പോള്‍ ആ സഹോദരന്‍ എന്റെയടുത്ത് വന്ന് ചോദിച്ചു. ഇത്തരത്തിലുള്ള ഒരു ചികിത്സക്ക് താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ്?  അപ്പോള്‍ ഞാന്‍ പ്രതികരിച്ചു. സ്വന്തമായി ഇതില്‍ ഞാനൊന്നും ചെയ്തിട്ടില്ല. റസൂല്‍(സ)യുടെ അധ്യാപനങ്ങള്‍ ഞാനൊന്നു പ്രയോഗികമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പ്രവാചകന്‍ പഠിപ്പിച്ചു.’ നിങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കൂ! പരസ്പര സ്‌നേഹം സമ്പാദിക്കൂ!’. സമ്മാനം (ഹദ്‌യ) നല്‍കല്‍ സ്‌നേഹത്തിന്റെ താക്കോലാണ്. മാത്രമല്ല, വലിയ വലിയ സങ്കീര്‍ണമായ കുടുംബപ്രശ്‌നങ്ങള്‍ വരെ പുഞ്ചിരിച്ചും സമ്മാനം നല്‍കിയും ക്ഷമചോദിച്ചും പരിഹരിക്കാന്‍ സാധിക്കുന്നതേയുള്ളൂ എന്നതാണ് യാഥാര്‍ഥ്യവും അനുഭവവും. പാരിതോഷികം നല്‍കുന്നതിന് മനസ്സുകളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കും. നീ നിന്റെ പ്രിയതമക്ക് നല്‍കിയത് പോലെ യാദൃശ്ചികമായി വല്ലതും നല്‍കുമ്പോള്‍ അതിന്റെ സ്വാധീനം നാം പ്രതീക്ഷിക്കുന്നതിലുമപ്പുറമാകും.

നീ പാരിതോഷികം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അനുയോജ്യമായ സന്ദര്‍ഭം കണ്ടെത്തുക എന്നത് ഇതില്‍ വളരെ പ്രധാനമാണ്. മാത്രമല്ല ആര്‍ക്കാണോ നല്‍കുന്നത് അവളുടെ ആവശ്യവും താല്‍പര്യവും കൂടി തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. എനിക്കു പരിചയമുള്ള സുഹൃത്ത് തന്റെ പ്രിയതമക്ക് നല്ല വിലപിടിപ്പുള്ള കാറ് വാങ്ങിക്കൊടുത്തു. രണ്ടു മാസത്തിന് ശേഷം വിവാഹ വാര്‍ഷികസുദിനത്തില്‍ ഒരു മനോഹരമായ പുഷ്പവും സമ്മാനമായി നല്‍കി. ആ പുഷ്പത്തെ കുറിച്ച് ഒരു മാസത്തോളം അവള്‍ വാഴ്ത്തിക്കൊണ്ടേയിരുന്നു. അതേ സമയം അതിനേക്കാള്‍ എത്രയോ പതിന്മടങ്ങ് വില വരുന്ന ആ കാറിനെ കുറിച്ച് ഒന്നോ രണ്ടോ ദിവസം മാത്രമാണ് അവള്‍ പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം എന്നോട് വിവരിക്കുകയുണ്ടായി. ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തില്‍ നല്‍കിയ ആ പൂവിന്റെ സുഗന്ധം അവളുടെ അകതാരില്‍ വലിയ പരിമളമാണ് സൃഷ്ടിച്ചിട്ടുള്ളത്.

അപ്രകാരം തന്നെ തന്റെ പ്രിയതമന്റെ സംപ്രീതിക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് മേത്തരം വിരുന്നൊരുക്കിയ ഭാര്യയുടെ അനുഭവവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ദിവസങ്ങള്‍ക്ക് ശേഷം റൊമാന്റിക്കായി വീട്ടില്‍ നിന്നും ഭാര്യ നല്‍കിയ ഭക്ഷണത്തെ കുറിച്ച് സംസാരിക്കാന്‍ അവളുടെ പ്രിയതമന് നൂറ് നാവായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി. ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണ്. ഇതിനിടയില്‍ ഇത്തരം ഹോട്ടലുകളില്‍ നിന്ന് നിരവധി തവണ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട. അതിനാല്‍ തന്നെ അതില്‍ എനിക്കൊരു പുതുമയുമില്ല. എന്നാല്‍ നീ വീട്ടില്‍ ഒരുക്കിയ ആ സദ്യ ഞാന്‍ മനസ്സില്‍ കാലങ്ങളായി താലോലിച്ച എന്തോ ഒന്ന് ലഭിച്ചതു പോലെയാണെനിക്ക് അനുഭവപ്പെട്ടത്.

സുലൈമാന്‍ നബി രാജാവാണോ പ്രവാചകനാണോ എന്ന് പരീക്ഷിക്കാന്‍ പാരിതോഷികം(ഹദ്‌യ) നല്‍കിയ ബില്‍ക്കീസ് രാജ്ഞിയുടെ കഥാകഥനം ഖുര്‍ആനില്‍ കാണാം. തന്റെ ന്യൂനതകള്‍ തിരുത്താനായി ചൂണ്ടിക്കാണിച്ചവരെ ‘എന്റെ തെറ്റുകള്‍ തിരുത്തി എനിക്ക് പാരിതോഷികം സമ്മാനിച്ചവനെ അല്ലാഹു അനുഗ്രഹിക്കട്ടെ! എന്ന് ഉമര്‍(റ) ആശീര്‍വദിക്കുന്നത് കാണാം. പ്രവാചകന്‍(സ)തന്റെ പ്രഥമ പത്‌നി ഖദീജ(റ)വിന്റെ മരണശേഷം അവരോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി അവരുടെ കൂട്ടുകാരികള്‍ക്ക് ആട്ടിനെ അറുത്ത് സദ്യയൊരുക്കിയതായും കാണാം.

പാരിതോഷികത്തിന്റെ ക്രിയാത്മകമായ വശങ്ങളാണ് ഇതുവരെ വിവരിച്ചതെങ്കില്‍ അതിന്റെ നിഷേധാത്മകവും ജീര്‍ണത നിറഞ്ഞതുമായ വശത്തെ നാം വിസ്മരിക്കാന്‍ പാടില്ല. കാര്യസാധ്യത്തിനായി ഉദ്യോഗസ്ഥരെയും തല്‍സ്ഥാനത്തുള്ളവരെയും പാരിതോഷികവുമായി സമീപിക്കല്‍ പ്രവാചക ശാപത്തിനിരയായ കൈക്കൂലിയുടെ ഗണത്തിലാണുള്‍പ്പെടുക. വിവാഹമോചിതയായ ഒരുവള്‍ തന്റെ രണ്ടാം ഭര്‍ത്താവിന്റെ സാന്നിദ്ധ്യം മകന് ഒരു പ്രയാസമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. ആ കുട്ടി വലുതായപ്പോള്‍ തന്റെ സ്ഥാനത്ത് നിന്ന് ആര്‍ക്ക് എന്തുനല്‍കണമെങ്കിലും കൈക്കൂലി കിട്ടിയേ തീരൂ എന്ന നിലപാടിലെത്തിച്ചേരുകയാണുണ്ടായത്.

പാരിതോഷികത്തിന് ഭൗതികവും ആന്തരികവുമായ തലങ്ങളുണ്ട്. അതിനാല്‍ തന്നെ എല്ലാ ഇണകളും ദിനേന അഞ്ചുതരം സമ്മാനങ്ങള്‍ പരസ്പരം കൈമാറാന്‍ ശ്രമിക്കേണ്ടതുണ്ട്. പരസ്പരം ബഹുമാനിക്കുകയും മാനിക്കുകയും ചെയ്യുക, പരസ്പര വിശ്വാസവും സദവിചാരവും വെച്ച് പുലര്‍ത്തുക, കയര്‍ത്തുസംസാരിക്കുകയും പരസ്പരം ദേശ്യപ്പെടുകയും ചെയ്യാതിരിക്കുക, നല്ല ആസൂത്രണം കാഴ്ചവെക്കുകയും ധൂര്‍ത്തടിക്കാതിരിക്കുകയും ചെയ്യുക, സന്താനങ്ങളെ മികച്ച ശിക്ഷണത്തില്‍ വളര്‍ത്താനുള്ള പരിശ്രമം എന്നിവയാണവ.

പുരുഷന്‍ സമ്മാനത്തെ ഇഷ്ടപ്പെടുന്നു. കുട്ടി പാരിതോഷികത്തില്‍ അതിരറ്റ് സന്തോഷിക്കുന്നു, സത്രീകള്‍ എത്ര സമ്പന്നരായാലും അവള്‍ മനസ്സറിഞ്ഞ സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നു. ഇവ സംരക്ഷിക്കുന്നതിലും പരിഗണിക്കുന്നതിലും സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വലിയ അന്തരമുണ്ട്. പുരുഷന്മാര്‍ പേന, വാച്ച്, മൊബൈല്‍ തുടങ്ങിയ ഉപകരിക്കുന്ന വല്ല വസ്തുക്കളും പാരിതോഷികമായി ആഗ്രഹിക്കുമ്പോള്‍ സ്ത്രീകള്‍ പാരിതോഷികം നല്‍കപ്പെടുന്നവക്ക് വലിയ സ്ഥാനം നല്‍കുകയും വൈകാരികമായ ഒരനുഭൂതിയായി അത് കൊണ്ടുനടക്കുകയും ചെയ്യുന്നത് കാണാം.

തന്റെ സുഹൃത്തിന് ചെറിയ ചെറിയ പാരിതോഷികങ്ങള്‍ നല്‍കിയ സുഹൃത്ത് അതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നത് കാണാം. ഞാന്‍ പിന്നീട് അവന്റെ വീട് സന്ദര്‍ശിക്കുമ്പോഴെല്ലാം ഇത് നീ തന്ന പാരിതോഷികമാണ്, ഞാന്‍ ഇത് ഒരഭിമാനമായി കാണുന്നു എന്ന് അദ്ദേഹം അയവിറക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സംസാരം ഞാന്‍ വലിയ ഒരു സമ്മാനമായിട്ടാണ് മനസ്സിലാക്കാറുള്ളത്. എന്ത് നല്‍കുന്നു? എത്ര വലുപ്പം എന്നതല്ല, സമ്മാനം നല്‍കുമ്പോള്‍ പരിഗണിക്കേണ്ടത്. മറിച്ച്, അതിന്റെ ആശയവും ഉള്ളടക്കവുമാണ്. ആരുടെയെങ്കിലും സ്‌നേഹം സമ്പാദിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ അവന് വല്ലതും സമ്മാനമായി നല്‍കുക. അത് പരസ്പര സ്‌നേഹം ഊഷ്മളമാക്കാന്‍ ഉപകരിക്കും തീര്‍ച്ച! തന്നെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുക.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles