Current Date

Search
Close this search box.
Search
Close this search box.

നീയാവട്ടെ ഏറ്റവും അഴകുള്ളവള്‍

couple4.jpg

വൃത്തി, വെടിപ്പ് തുടങ്ങിയവക്ക് ഇസ്‌ലാം നല്‍കിയത് പോലുള്ള പരിഗണന ലോകത്ത് ഒരു മതവും ദര്‍ശനവും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസലാമിക പ്രമാണങ്ങളുടെയും അധ്യാപനങ്ങളുടെയും ആകെത്തുക ശുദ്ധിയും വിശുദ്ധിയും മുറുകെ പിടിക്കുകയെന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് ‘അല്ലാഹു പശ്ചാതപിക്കുന്നവരെയും, വൃത്തിയുള്ളവരെയും ഇഷ്ടപ്പെടുന്നു.’ (അല്‍ബഖറ 222)
വൃത്തിയും വെടിപ്പും കാത്ത് സൂക്ഷിക്കാനുള്ള ത്വര ദീനിന്റെ പകുതിയായി ഇസ്‌ലാം മനസ്സിലാക്കുന്നു ‘ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്’ എന്നാണ് പ്രവാചകാധ്യാപനം. (മുസ്‌ലിം)

സ്ത്രീകള്‍ക്കിടയിലെ അഴകാവട്ടെ നീ
മുസ്‌ലിംകള്‍ മറ്റ് ജനങ്ങള്‍ക്കിടയില്‍ തിളങ്ങുന്നവരും വേറിട്ട് നില്‍ക്കുന്നവരും ആവണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. രൂപത്തിലും, ഭാവത്തിലും, പെരുമാറ്റത്തിലും ഇടപാടുകളിലും അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമായിരിക്കണം. അവരുടെ സുന്ദരമായ ബാഹ്യമോടി പോലെ തന്നെ മനോഹരമായിരിക്കണം ഈ മഹത്തായ ദീനിനെ പ്രതിനിധീകരിക്കുന്ന ഹൃദയവും കര്‍മവും. നബി തിരുമേനി (സ) തങ്ങളുടെ സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ യാത്ര പുറപ്പെട്ട തന്റെ അനുചരന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്. ‘നിങ്ങളുടെ സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കാനിരിക്കുകയാണ് നിങ്ങള്‍. അതിനാല്‍ നിങ്ങളുടെ വാഹനം നന്നാക്കുക, നല്ല വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ജനങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തരാവട്ടെ നിങ്ങള്‍. തീര്‍ച്ചയായും അല്ലാഹു അനാവശ്യത്തെയോ, തോന്നിവാസത്തെയോ ഇഷ്ടപ്പെടുന്നില്ല.’ (അബൂദാവൂദ്)
മോശപ്പെട്ട കോലവും, വൃത്തികെട്ട രൂപവും, ബാഹ്യമോടിയെ അവഗണിക്കലും തോന്നിവാസമാണെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. അല്ലാഹു ഇഷ്ടപ്പെടാത്ത, പ്രവാചകന്‍ (സ) വെറുക്കുന്ന, അകന്ന് നില്‍ക്കാന്‍ നിര്‍ദേശിച്ച കാര്യമാണ് അത്.

മനോഹരിയും പവിത്രയുമായവള്‍
എല്ലാ മുസ്‌ലിംകള്‍ക്കുമുള്ള നിര്‍ദേശം ഇങ്ങനെയായിരിക്കെ പിന്നെ മുസലിം പത്‌നിയുടെ കാര്യം എങ്ങനെയായിരിക്കും? നബി തിരുമേനി (സ)യോട് ഏറ്റവും നല്ല സ്ത്രീയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് നല്‍കിയ മറുപടി ‘നീയവളെ കാണുമ്പോള്‍ നിന്നില്‍ ആനന്ദമുണ്ടാക്കുന്നവളാണ് അവള്‍’ എന്നായിരുന്നു. (ഇമാം അഹ്മദ്)

ഈ വചനം കേട്ട ഒരു മുസ്‌ലിം പത്‌നി തന്റെ നാഥന്റെ തൃപ്തിയിലേക്കും, ഇണയുടെ സംതൃപ്തിയിലേക്കും തന്റെ പരിശുദ്ധമായ ജീവിതവും, ആകര്‍ഷണീയമായ പെരുമാറ്റവും കൊണ്ട് ഉയരുന്നു. തന്റെ ഇടപെടലുകളിലും, ബാഹ്യരൂപത്തിലും ഏറ്റവും അഴകുള്ളവ മാത്രം നിറച്ച് വെക്കുന്നു. തന്റെ പ്രണയിനിയെ കണ്ട ഇണ, ഇമ വെട്ടാതെ നോക്കി നില്‍ക്കുകയും സന്തോഷത്താല്‍ കുളിരണിയുകയും ചെയ്യുന്നു. എത്ര വൃത്തിയുള്ള മനസ്സും ശരീരവും! എത്ര മനോഹരമായ വസ്ത്രം! എത്ര ആകര്‍ഷണീയമായ പരിമളം! പിന്നിലേക്ക് മെടഞ്ഞിട്ട അലങ്കൃതമായ മുടിക്കെട്ടുകള്‍! പവിഴങ്ങള്‍ പോലെ തിളങ്ങുന്ന മുന്‍നിര പല്ലുകള്‍! അവളെ കാണുന്ന മാത്രയില്‍ ഏത് ഇണയാണ് ആനന്ദനൃത്തം ചവിട്ടാതിരിക്കുക!

മുസ്‌ലിം പത്‌നിയാണ് ഏറ്റവും വൃത്തിയും അഴകുമുള്ളവള്‍. കാരണം ഇസ്‌ലാം അവളെ അങ്ങനെയാണ് ആഗ്രഹിക്കുന്നത്. അനുവദനീയമായ മാര്‍ഗങ്ങളുപയോഗിച്ച് അവള്‍ നേടുന്ന ഈ അഴകില്‍ നിന്ന് പിന്നാക്കം നില്‍ക്കാന്‍ ഇസ്‌ലാം ആഗ്രഹിക്കുന്നില്ല. തന്റെ കാര്യം ശ്രദ്ധിക്കാത്ത, വീടിനെ അവഗണിക്കുന്ന, വെറുപ്പിക്കുന്ന ഒരു ഇണ മുസ്‌ലിം ഭവനങ്ങളില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല.

ബുദ്ധിമതിയായ മുസലിം സ്ത്രീ വൃത്തിയുള്ളവളും സുന്ദരിയുമായിരിക്കും. അവള്‍ സ്വന്തത്തെയോ, സ്വഗൃഹത്തെയോ അവഗണിക്കുകയില്ല. തന്റെ ചുമതലയിലുള്ള ഒട്ടേറെ കാര്യങ്ങള്‍ക്കിടയില്‍ അവ മറന്ന് പോവുകയുമില്ല. തന്റെ പ്രഥമമായ ബാധ്യത അവയാണെന്ന് അവള്‍ മനസ്സിലാക്കുന്നു. തന്റെ സുപ്രധാനമായ സത്തയുടെ നിര്‍ണായക വശമാണ് വൃത്തിയും വ്യവസ്ഥയുമുള്ള ബാഹ്യവശമെന്ന് അവള്‍ക്കറിയാം. തന്റെ ശരീരത്തില്‍ നിന്ന്, വസ്ത്രത്തില്‍ നിന്ന് വൃത്തികെട്ട ദുര്‍ഗന്ധം പ്രസരിക്കുന്നത് അവള്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ഏറ്റവും മനോഹരവും, പരിശുദ്ധവുമായ വസ്ത്രമണിഞ്ഞ് ഭര്‍ത്താവിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.
സൗന്ദര്യത്തെ പ്രശംസിക്കുന്ന, അലങ്കാരത്തെ പ്രോല്‍സാഹിപ്പിക്കുന്ന, വൃത്തിയെയും വെടിപ്പിനെയും ആദരിക്കുന്ന ഇസാലമികാധ്യാപനങ്ങള്‍ ധാരാളമാണ്. ‘അല്ലാഹു നല്ലവനാണ് നല്ലതിനെ ഇഷ്ടപ്പെടുന്നു, വൃത്തിയുള്ളവനാണ് വൃത്തിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു, ഔദാര്യവാനാണ് ഔദാര്യം ഇഷ്ടപ്പെടുന്നു, അതിനാല്‍ നിങ്ങളുടെ മുറ്റം വൃത്തിയാക്കുക, നിങ്ങള്‍ യഹൂദികളെപ്പോലെ ആവാതിരിക്കുക…’ (തിര്‍മിദി)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles