Current Date

Search
Close this search box.
Search
Close this search box.

നിങ്ങളില്‍ നിന്ന് തന്നെയുള്ള ഇണകള്‍

wife.jpg

ഇസ്‌ലാമിക പ്രമാണങ്ങളില്‍ വരുന്ന സത്യങ്ങള്‍ക്ക് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ട കാര്യങ്ങളെപോലെ തന്നെ വിശ്വസ്തതയുണ്ടായിരിക്കും. മനുഷ്യജീവിതത്തില്‍ അവക്ക് വ്യക്തവും സുപ്രധാനവുമായ സ്വാധീനങ്ങളും ഉണ്ടാകും. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി.’ (30:21) ഇവിടെ ‘നിങ്ങളില്‍ നിന്ന്’ എന്ന വാക്യം ഉപയോഗിച്ചതിന്റെ രഹസ്യങ്ങളെ കുറിച്ച് നാം പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു.

മനുഷ്യന് സമാധാനവും ശാന്തിയും ലഭിക്കാനും അവര്‍ക്ക് സന്തോഷപൂര്‍ണമായ ജീവിതമുണ്ടാകാനുമാണ് ഇണകളെ സൃഷ്ടിച്ചിരിക്കുന്നത്. അത് ഒരേ വര്‍ഗത്തില്‍ നിന്നു തന്നെ ആകേണ്ടത് അനിവാര്യമാണ്. കാരണം ഒരേ വര്‍ഗത്തില്‍ നിന്നുള്ളവരാണെങ്കില്‍ മാത്രമേ സുഖവും സന്തോഷവും നല്‍കുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയുള്ളു. ജിന്നുകളില്‍ നിന്ന് ചിലര്‍ക്ക് ഇണകളുണ്ടെന്ന് കഥകള്‍ പറഞ്ഞ് കേള്‍കാറുണ്ട്. എന്നാല്‍ അതിന് ഒരടിസ്ഥാനവും ഇല്ലെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നുണ്ട്.

ഇണകളെ സ്വന്തം വര്‍ഗത്തില്‍ നിന്ന് തന്നെ സൃഷ്ടിച്ചു എന്നത് ദൈവത്തിന്റെ മഹത്തായ ഒരനുഗ്രഹമാണ്. സ്വന്തം വര്‍ഗത്തില്‍ നിന്ന് തന്നെയാണ് മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാന്‍ പ്രവാചകരെ നിയോഗിച്ചതും. പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിയോഗിച്ചതിനെ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ കാണുക: ‘തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിച്ചെടുക്കുന്നു. വേദപുസ്തകവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.’ തിന്നുകയും കുടിക്കുകയും യാത്രചെയ്യുകയും കോപിക്കുകയും സന്തോഷിക്കുകയും വിവാഹം കഴിക്കുകയും പുഞ്ചിരിക്കുകയും കണ്ണീരൊഴുക്കുകയുമെല്ലാം ചെയ്യുന്ന പച്ചമനുഷ്യനായിരുന്നു പ്രവാചകന്‍.

തന്റെ ഇണയും ഒരു പച്ചമനുഷ്യനാണെന്നുള്ള സത്യം അംഗീകരിക്കണമെന്നാണ് ‘നിങ്ങളുടെ വര്‍ഗത്തില്‍ നിന്ന് ഇണയെ സൃഷ്ടിച്ചു’ എന്ന് ഓര്‍മപ്പെടുത്തുന്നതിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. താന്‍ എന്തുകൊണ്ടാണോ തൃപ്തിപ്പെടുന്നത് അതുകൊണ്ടാണ് ഇണയും തൃപ്തിപ്പടുകയെന്ന് മനസ്സിലാക്കണം. അതുപോലയാണ് കോപവും മറ്റെല്ലാ വികാരങ്ങളും. ഇണയും തന്നെപോലെ ഒരു മനുഷ്യനാണെന്ന് മനസ്സിലാക്കുന്നതോടെ പരസ്പരം വികാരങ്ങള്‍ പരിഗണിക്കാനും കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ യാത്രയില്‍ താന്‍ നേരിടാന്‍ പോകുന്ന ഓരോ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും കൃത്യമായി മനസ്സിലാക്കിയ ഒരു യാത്രക്കാരന്റെ യാത്രാ സൗകര്യം അയാള്‍ക്ക് ദാമ്പത്യജീവിതത്തില്‍ ലഭിക്കും.

ഇനി ഇത്തരം കാര്യങ്ങള്‍ ഒരാള്‍ ഉള്‍കൊള്ളാന്‍ സന്നദ്ധനായില്ലെങ്കിലോ? അവന്‍ വഴിയറിയാത്ത യാത്രക്കാരനെ പോലെയാണ്. യാത്രയില്‍ ഒരിടത്തും അവന് നേര്‍വഴി പ്രാപിക്കാനാവില്ല. ഓരോ കാല്‍വെപ്പിലും മറ്റുള്ളവരുടെ സഹായം അത്യാവശ്യമായി അനുഭവപ്പെടും. അവന്‍ ലക്ഷ്യത്തിലെത്താന്‍ ഒരു സാധ്യതയുമില്ല. ഇനി ലക്ഷ്യത്തിലെത്തിയാല്‍ തന്നെ പലതും നഷ്ടപ്പെട്ട ശേഷമായിരിക്കും എത്തിപ്പെടുക. അതുപോലെയാണ് ദാമ്പത്യ ജീവിതവും. തന്റെ ഇണയെ മനസ്സിലാക്കിയില്ലെങ്കില്‍ മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ ദാമ്പത്യം മുന്നോട്ട് പോവുകയുള്ളു. അവിടെയാണ് കൗണ്‍സിലര്‍മാരെ ആവശ്യമായി വരുന്നത്. അത്തരം ദാമ്പത്യം വഴിതെറ്റും, തീര്‍ച്ച.

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles