Current Date

Search
Close this search box.
Search
Close this search box.

നമ്മെ ഉയര്‍ത്തിയ ചിറകുകള്‍

parenting-family.jpg

ഇന്നും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്നവരുള്ള ഒരു രാജ്യത്താണ് സുഷമാ വര്‍മയും വളര്‍ന്നത്. എന്നാല്‍ ഉത്തരേന്ത്യയിലെ പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ നിന്ന് വന്ന അവള്‍ ഇന്ന് മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നിരിക്കുന്നു. മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആകെയുണ്ടായിരുന്ന ഭൂമിയും അവളുടെ പിതാവ് വിറ്റു. ഏഴാമത്തെ വയസ്സില്‍ തന്നെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സുഷമ 13ാമത്തെ വയസ്സില്‍ ഡിഗ്രിയും നേടി. എന്നാല്‍ അവള്‍ നേടിയ നേട്ടങ്ങള്‍ക്കൊക്കെയും പിന്നിലെ ഇച്ഛാശക്തി നിരക്ഷരരായ അവളുടെ മാതാപിതാക്കളായിരുന്നു. ”എന്റെ മകള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുമ്പോള്‍ അത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് എനിക്ക് നല്‍കുന്നത്. അവള്‍ നന്നായി പഠിക്കുന്നത് കാണുമ്പോള്‍ എന്റെ എല്ലാ വിഷമങ്ങളും മായുന്നു. കൃഷി ചെയ്തും കൂലിപ്പണിയെടുത്തും ഞാന്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്റെ മക്കള്‍ ഒരിക്കലും അനുഭവിക്കാന്‍ പാടില്ല”, സുഷമയുടെ പിതാവിന്റെ വാക്കുകളില്‍ പ്രതീക്ഷ നിറയുന്നു.

പതിമൂന്നുകാരിയായ ഈ മിടുക്കിയുടെ അത്ഭുതകഥ കേട്ടപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് മകളുടെ ഉയര്‍ച്ചകള്‍ക്ക് പിന്നിലെ ആ മാതാപിതാക്കളുടെ സ്ഥാനമാണ്. തങ്ങളുടെ മകളുടെ ഉന്നതിക്ക് വേണ്ടി അവര്‍ കാണിച്ച അര്‍പ്പണ മനസ്സ് ശ്ലാഘനീയം തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റ നിരക്കുള്ള കാനഡയില്‍ ജീവിക്കുമ്പോള്‍ എന്തിനാണ് ജനങ്ങള്‍ ഇങ്ങോട്ടേക്ക് ഒഴുകുന്നതെന്ന് ആശ്ചര്യപ്പെടാറുണ്ട്. തങ്ങളുടെ ജന്മനാടുകളിലെ ഉയര്‍ന്ന ജോലിയും വരുമാനവും വേണ്ടെന്നു വെച്ച് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കുടുംബ സമേതം ഇങ്ങോട്ടു ചേക്കേറുന്നതിന്റെ പൊരുള്‍ എനിക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. എന്നാല്‍ അവര്‍ തരുന്ന മറുപടി ആ ഗ്രാമീണ ഇന്ത്യന്‍ മാതാപിതാക്കളുടേതില്‍ നിന്ന് ഭിന്നമല്ല. ”ഞങ്ങളുടെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ഞങ്ങള്‍ ഇവിടേക്ക് ചേക്കേറിയത്” എന്ന് അവര്‍ ഒന്നടങ്കം പറയുന്നു.

അതുകൊണ്ടു തന്നെയാണ് ഖുര്‍ആന്‍ പലപ്പോഴും ദൈവബോധത്തോടും ദൈവഭക്തിയോടും ചേര്‍ത്ത് മാതാപിതാക്കള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് പറഞ്ഞതും. സൂറത്തുല്‍ മര്‍യമില്‍ പ്രവാചകനായ യഹ്‌യ(അ) തന്റെ മാതാപിതാക്കളോട് കാണിച്ച വാത്സല്യത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”അദ്ദേഹം വളരെ ഭക്തനും മാതാപിതാക്കളെ നന്നായി പരിചരിക്കുന്നവനുമായിരുന്നു. ക്രൂരനായ ധിക്കാരിയായിരുന്നില്ല.” (അല്‍മര്‍യം 13, 14)
പ്രവാചകന്‍(സ)യോട് ഒരു അനുചരന്‍ ചോദിച്ചു: ”അല്ലാഹുവിങ്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഏതാണ് തിരുദൂതരേ?” പ്രവാചകന്‍(സ) പറഞ്ഞു: ”നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കുക”. അപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ”പിന്നെ ഏതാണ് പ്രവാചകരേ?” പ്രവാചകന്‍(സ) പറഞ്ഞു: ”മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുകയും അവര്‍ക്ക് സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുക”. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നതിനെ നമസ്‌കാരമെന്ന ഇബാദത്ത് കര്‍മത്തിന് ശേഷമാണ് പ്രവാചകന്‍(സ) എണ്ണിയത്.

വിഖ്യാത ശാസ്ത്രപ്രതിഭ സര്‍ ഐസക് ന്യൂട്ടന്‍ ഒരിക്കല്‍ പറഞ്ഞു: ”ഞാന്‍ കാതങ്ങള്‍ക്കപ്പുറവും ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് എന്നേക്കാള്‍ അതികായന്മാരായവരുടെ ചുമലിലേറിയത് കൊണ്ട് മാത്രമാണ്.” നമ്മുടെ ജീവിതത്തില്‍ പലപ്പോഴും ഈ അതികായന്മാര്‍ നമ്മുടെ മാതാപിതാക്കളാണ്. നമ്മുടെ വളര്‍ച്ചകളിലും തളര്‍ച്ചകളിലും നമ്മെ ചുമലിലേറ്റുന്നവര്‍. അവരുടെ ചുമലിലേറിയാണ് ഈ ലോകം നാം കണ്ടുതുടങ്ങിയതും. അവര്‍ എന്താണോ ആവാതെ പോയത് അതിനുമപ്പുറം നാം ആവണം എന്ന് കൊതിക്കുന്നവര്‍. നമ്മെ പിച്ചവെച്ച് നടത്തിയവര്‍ നമ്മുടെ വിരലുകളില്‍ തൂങ്ങുന്ന ഒരുകാലം വരും. അന്ന് അവരെ നെഞ്ചോടു ചേര്‍ക്കാനും കിട്ടിയ സ്‌നേഹത്തിന്റെ ഒരംശമെങ്കിലും തിരിച്ചു നല്‍കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

വിവ: അനസ് പടന്ന

Related Articles