Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യ വിജയത്തിന് അന്ധത നടിക്കുക!

heart.jpg

ഒരു വ്യക്തിയും എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനായി നൂറു ശതമാനം പൂര്‍ണനല്ല. ഒരാളും താനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും തന്റെ ഇണയിലുണ്ടാകണമെന്ന് ശഠിക്കുകയും ചെയ്യരുത്. ഒരു പക്ഷെ ദമ്പതികള്‍ക്ക് താന്‍ ഇഷ്ടപ്പെടാത്ത ഒരനുഭവം ഇണയില്‍ നിന്നനുഭവിക്കാത്ത ഒരു ദിവസം പോലും കടന്നുപോകാന്‍ സാധിക്കില്ല. എന്നാല്‍ എല്ല സമയത്തും ദമ്പതികള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുമെന്നും പറയാനാകില്ല. അപ്രകാരമാണ് കാര്യമെങ്കില്‍ അതൊരു നരകജീവിതം തന്നെയാകും.

ദാമ്പത്യവിജയത്തിന് പരസ്പരം തെറ്റുകളും കുറവുകളും കണ്ടില്ലെന്ന് നടിക്കല്‍ അനിവാര്യമാണ്. എന്നാല്‍ വലിയ വീഴ്ചകള്‍ അവഗണിക്കണമെന്നല്ല പറയുന്നത്. ജീവിതത്തെ കാര്യമായി ബാധിക്കാത്ത തരത്തിലുള്ള ചെറിയ വീഴ്ചകള്‍ പരസ്പരം കണ്ടില്ലെന്ന് നടിക്കണം. ഇത്തരത്തില്‍ വിട്ടുവീഴ്ച ജീവിതത്തിന്റെ ഭാഗമാക്കാന്‍ പഠിച്ചില്ലെങ്കില്‍ ദാമ്പത്യം മുന്നോട്ടു പോകാന്‍ വലിയ പ്രയാസമായിരിക്കും.

ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ശീലമാക്കേണ്ട ഇക്കാര്യത്തെകുറിച്ച് ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ പറയുന്നത് കാണുക: ‘സല്‍സ്വഭാവത്തിന്റെ പത്തിലൊമ്പതും മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിക്കുന്നതിലാണ്.’ ഈ അവഗണനയും അശ്രദ്ധയും മനപ്പൂര്‍വം ഉണ്ടാക്കിയെടുക്കേണ്ടതാണ്. ചെറിയ നന്മകളെ പോലും പരിഗണിക്കാനും ചെറിയ തിന്മകളെ അവഗണിക്കാനും ദമ്പതികള്‍ പഠിക്കണം.

ചില പുരുഷന്മാര്‍ തന്റെ ഇണയുടെ എല്ലാ കാര്യങ്ങളെയും സൂക്ഷമമായി നിരീക്ഷിക്കും. എല്ലാറ്റിനെയും നിരൂപിക്കുകയും ചെയ്യും. രാവിലെ അയാള്‍ റെഫ്രിഡ്ജറേറ്റര്‍ തുറന്ന്‌നോക്കി ഭാര്യയോട് അലറും: എടീ, നിനക്കെന്താ ഇവിടെ പണി! പച്ചക്കറികളൊക്കെ ക്രമപ്പെടുത്തിക്കൂടെ നിനക്ക്, പഴങ്ങള്‍ മറ്റെ അറയില്‍ സൂക്ഷിച്ചുകൂടെ…. ഈ മേശയില്‍ മുഴുവന്‍ പൊടിയാണ്… ഭക്ഷണം ചൂടാണ്, ഭക്ഷണം തണുത്തുപോയി…. ഇപ്രകാരം ശകാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ചില സ്ത്രീകളും അതുപോലെയാണ്. ഭര്‍ത്താവിന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞ് ശകാരവും കരച്ചിലും തന്നെയായിരിക്കും. ഇത്തരത്തിലാണ് ജീവിതമെങ്കില്‍ എന്താവും ആ വീട്ടിലെ മറ്റുള്ളവരുടെയും കുട്ടികളുടെയും അവസ്ഥ!

ചില ആളുകള്‍ക്ക് പാരമ്പര്യമായി ലഭിച്ചതോ അല്ലെങ്കില്‍ ചെറുപ്പത്തില്‍ തന്നെ ശീലിച്ചുവന്നതോ ആയ ചില പതിവുകളുണ്ടായിരിക്കും. അത് ഇണയില്‍ ഒരു ആകര്‍ഷണീയതയും ജനിപ്പിക്കുന്നുണ്ടാവില്ല. അല്ലെങ്കില്‍ ചെറിയ വെറുപ്പിന് കാരണമാകുന്നുണ്ടായിരിക്കാം. അത്തരം സ്വഭാവങ്ങളെ മാറ്റാന്‍ പരിശ്രമിക്കാമെങ്കിലും അതിനെ അധിക്ഷേപിക്കുന്ന പതിവ് നല്ലതല്ല. കാലക്രമത്തില്‍ അവ മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്. അത് മാറുന്നതുവരെ അത്തരം അസ്വസ്തതകളെ അവഗണിക്കാനും അവക്ക് നേരെ അന്ധത നടിക്കാനും ഇണ തുണകള്‍ പരിശ്രമിക്കണം.

ദാമ്പത്യബന്ധങ്ങളില്‍ സുഖവും സന്തോഷവും നിറയാനും ബന്ധം കൂടുതല്‍ ഊഷ്മളമായി മുന്നോട്ടുപോകാനും ദമ്പതികള്‍ പരസ്പരം തെറ്റുകളും കുറവുകളും തിരിച്ചറിഞ്ഞ് മനപ്പൂര്‍വമായ അന്ധത പരിശീലിക്കല്‍ നിര്‍ബന്ധമാണ്. ജീവിതത്തില്‍ പരസ്പരം വിട്ടുവീഴ്ചയും ധാരണകളും വളര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യബന്ധം തകരുകയോ, മാനസികമായി പിരിഞ്ഞ് ഒന്നിച്ച് കഴിയാന്‍ ഇണതുണകള്‍ നിര്‍ബന്ധിതരാവുകയോ ചെയ്യും. അതുകൊണ്ട് ക്രിയാത്മകമായ ഈ അവഗണനയും അന്ധതയും വളര്‍ത്താന്‍ ശ്രദ്ധിക്കുക.

വിവ : ജുമൈല്‍ കൊടിഞ്ഞി
 

Related Articles