Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യ ജീവിതത്തിന്റെ പ്രഥമശത്രു

married-life.jpg

ദാമ്പത്യസുഖം യുവതീ-യുവാക്കളുടെ സുന്ദരസ്വപ്‌നവും ആഗ്രഹവുമാണ്. സാക്ഷാല്‍കരിക്കപ്പെടണമെങ്കില്‍ നല്ല പ്രയത്‌നം അത്യാവശ്യമായ കാര്യമാണത്. ലക്ഷ്യത്തിലേക്കുള്ള വഴിയിലും ലക്ഷ്യത്തിനടുത്തും ധാരാളം ശത്രുക്കളും എതിരാളികളും തക്കംപാര്‍ത്തിരിപ്പുണ്ട്. ബുദ്ധിമാന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നവനാണ്. ദമ്പതികള്‍ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും അത് സാക്ഷാല്‍കരിക്കാനാവാത്ത വീടുകള്‍ കാണാറുണ്ട്. അവര്‍ക്ക് സംഭവിക്കുന്ന തെറ്റുകളും പിഴവുകളും നാം കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. അത്തരം പിഴവുകള്‍ ദാമ്പത്യത്തെ നശിപ്പിക്കുന്നതിനെ കരുതിയിരിക്കണം.

ദാമ്പത്യസുഖത്തെ ഇല്ലാതാക്കുന്ന പിഴവുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് രഹസ്യങ്ങള്‍ സൂക്ഷിക്കാതിരിക്കുകയെന്നത്. ദാമ്പത്യ ജീവിതത്തിന്റെ പ്രഥമ ശത്രുവുമാണിത്. വീട്ടിലെ രഹസ്യങ്ങളെന്നത് വിശ്വസിച്ചേല്‍പിക്കപ്പെട്ട സമ്പത്ത് പോലെയാണ്. സൊറപറച്ചിലുകള്‍ക്കിടയില്‍ ദാമ്പത്യരഹസ്യങ്ങള്‍ പരസ്യമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എത്ര അടുത്ത സുഹൃത്താണെങ്കിലും നിന്റെ രഹസ്യങ്ങള്‍ പൂര്‍ണമായും സൂക്ഷിക്കാന്‍ അവന് സാധിക്കുകയില്ല. നിന്റെ രഹസ്യങ്ങള്‍ ഉള്‍കൊള്ളാനാകാത്ത തരത്തില്‍ കൂട്ടുകാരന്റെ ഹൃദയം ഇടുങ്ങിയതാവുകയും രഹസ്യം പുറത്താക്കപ്പെടുകയും ചയ്യും. ഒരു കവി പാടുന്നതുകാണുക: സ്വന്തം രഹസ്യം സൂക്ഷിക്കാനാവാതെ മനുഷ്യന്റെ ഹൃദയം ഇടുങ്ങുന്നു. പിന്നെ മറ്റുള്ളവരുടെ രഹസ്യങ്ങളുടെ കാര്യമോ!

തന്റെ ഗൃഹത്തിലെ രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നത് ഒരാളുടെ മതബാധ്യതയാണ്. അത് അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗവുമാണ്. അസ്മാഅ്(റ) പറയുന്നു: ഞങ്ങള്‍ പ്രവാചകന്റെ അടുത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ചുറ്റും ആണുങ്ങളും പെണ്ണുങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. അപ്പെള്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങളിലാരാണ് തന്റെ ഭാര്യയുടെകൂടെ കഴിഞ്ഞതിനെപറ്റി മറ്റുള്ളവരോട് പറയാറുള്ളത്? സ്ത്രീകളില്‍ നിന്ന് തങ്ങളുടെ ഭര്‍ത്താകന്മാരുടെ കൂടെ കഴിഞ്ഞതിനെകുറിച്ച് പറയുന്നവരാരാണുള്ളത്?’ അപ്പോള്‍ ഒരാളും മറുപടി പറഞ്ഞില്ല. ഞാന്‍ പറഞ്ഞു: സ്ത്രീകളും പുരുഷന്മാരും അപ്രകാരം ചെയ്യാറുണ്ട് പ്രവാചകരെ. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങള്‍ അപ്രകാരം ചെയ്യരുത്. അത് ചെയ്യുന്നവര്‍ ജനമധ്യത്തില്‍ വേഴ്ച നടത്തുന്ന പിശാചുകളെ പോലെയാണ്.’

രഹസ്യങ്ങള്‍ക്ക് വ്യത്യസ്ത ഇനങ്ങളും പദവികളുമുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന രഹസ്യങ്ങള്‍ ഒരേ പരിഗണനയല്ല അര്‍ഹിക്കുന്നത്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന ഭിന്നതകളാണ് ഇവയിലൊന്ന്. ഇവയിലൊന്നും പുറത്ത് അറിയാതിരിക്കുന്നതാണ് നല്ലത്. പരിഹാരത്തിനായി വല്ലതും ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ മാത്രം അത്യാവശ്യമുള്ളത് മാത്രം മറ്റുള്ളവരോട് പറയാവുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കൂട്ടുകാരികളോടും കുടുംബക്കാരോടുമല്ല പറയേണ്ടത്. അതിന് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്ന രീതി ഇത്തരം കാര്യങ്ങള്‍ പറയേണ്ടത് ഗുണകാംക്ഷയോടെ ഇതിനെ സമീപ്പിക്കുന്ന മധ്യസ്ഥരോടാണ്. അല്ലാഹു പറയുന്നു: ‘ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ.’

എന്നാല്‍ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്പോഴേക്കും മധ്യസ്ഥനെ നിയോഗിച്ച് അവരോട് ദാമ്പത്യ രഹസ്യങ്ങള്‍ വെളിവാക്കുന്നത് ശരിയല്ല. സ്വന്തമായി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയും ക്ഷമിച്ചും സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കണം. മറ്റൊരു മാര്‍ഗവുമില്ലാത്ത അവസരമെത്തുമ്പോഴാണ് അല്ലാഹു അവസാന മാര്‍ഗമെന്ന നിലയില്‍ മധ്യസ്ഥരെ നിയോഗിക്കുകയെന്നത് നിയമമാക്കിയത്.

വീടിന്റെ ഉള്ളില്‍ പരിമിതമാവേണ്ട വേറെയും ധാരാളം രഹസ്യങ്ങള്‍ ജീവിതത്തിലുണ്ടായേക്കാം. അവയെല്ലാം നാട്ടുകാര്‍ക്ക് വായിക്കാവുന്ന തരത്തില്‍ തുറന്ന പുസ്തകമാക്കുന്നത് ദാമ്പത്യത്തെ തകര്‍ത്ത് കളയും. പുറത്തുപറയേണ്ടതില്ലാത്ത ചില വിരുന്നുകാരം അതിഥികളും വീട്ടില്‍ വന്നേക്കാം. അവയെല്ലാവരോടും പറഞ്ഞ് നടക്കേണ്ട കാര്യമില്ല. ഇത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കാത്തതിനെകുറിച്ചാണ് ഖുര്‍ആനില്‍ നൂഹിന്റെയും ലൂത്തിന്റെയും ഭാര്യമാരുടെ വഞ്ചന(ഖിയാന) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം ലൂത്തിന്റെ ഭാര്യ ഭര്‍ത്താവിന്റെ അതിഥികളായി ആരെങ്കിലും വന്നാല്‍ അവരെ ഉപദ്രവിക്കാനായി വിവരങ്ങള്‍ അക്രമികള്‍ക്ക് എത്തിച്ച്‌കൊടുക്കുമായിരുന്നു.

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles