Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യബന്ധം നിഷ്‌കളങ്കമാവണം

couple.jpg

പകല്‍സമയത്തെ ജോലിഭാരം മൊത്തം പേറി അയാള്‍ വീട്ടിലെത്തുമ്പോഴേക്കും സമയം രാത്രി 8:30 ആകും. അയാള്‍ അകത്ത് കയറി വാതില്‍ പതിയെ ചാരുന്ന ശബ്ദം കേട്ടാണ് ടി.വി സീരിയലില്‍ കണ്ണും നട്ടിരിക്കുന്ന ഭാര്യക്ക് ഭര്‍ത്താവ് വന്നെന്ന് മനസ്സിലാവുക. രാവിലെ കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്തും, അവര്‍ക്ക് ബാഗില്‍ പുസ്തകങ്ങള്‍ വെച്ചുകൊടുത്തും അവരെ സ്‌കൂളില്‍ അയച്ചും വസ്ത്രങ്ങള്‍ അലക്കിയും ഭക്ഷണം പാകം ചെയ്തുമൊക്കെ ഭാര്യയുടെ പകലും എരിഞ്ഞടങ്ങിയിട്ടുണ്ടാകും. അവള്‍ക്ക് ആകെ വിശ്രമിക്കാന്‍ കിട്ടുന്ന സമയം രാത്രിയാണ്. അതാകട്ടെ അവള്‍ ടി.വിക്ക് മുന്നില്‍ ചെലവഴിക്കും. അയാള്‍ വന്ന് സലാം പറയുമ്പോള്‍ അവള്‍ പതുക്കെ സലാം വീട്ടി ഒന്ന് ചിരിച്ച് വീണ്ടും ടി.വിയിലേക്ക് കണ്ണയക്കും.

കുട്ടികള്‍ അവരുടെ മുറിയില്‍ ഐപാഡിലും ലാപ്‌ടോപിലും ചാറ്റിംഗിന്റെ തിരക്കിലാണ്. ഉപ്പ വന്നത് അവരൊന്നും അറിഞ്ഞിട്ടില്ല. ടി.വിയില്‍ അഞ്ച് മിനിറ്റ് പരസ്യത്തിന്റെ സമയമാവുമ്പോഴേക്ക് ഭാര്യ അടുക്കളയിലേക്ക് ധൃതിയില്‍ ചെന്ന് ഭര്‍ത്താവിനുള്ള അത്താഴം മേശപ്പുറത്ത് വിളമ്പും. അയാളാകട്ടെ നേരെ ചെന്ന് മുശിഞ്ഞ വസ്ത്രങ്ങളൊക്കെ അഴിച്ചുമാറ്റി ഒന്നു കുളിച്ച് ഫ്രഷ് ആകും. അയഞ്ഞ വസ്ത്രം എന്തെങ്കിലും എടുത്ത് അണിഞ്ഞ് നേരെ ലാപ്‌ടോപിന് മുന്നില്‍ ചെന്നിരിക്കും. കാരണം, നാളെ ബോര്‍ഡ് മീറ്റിംഗിന് സമര്‍പ്പിക്കാനുള്ള പ്രസന്റേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഭക്ഷണം കഴിക്കാനുള്ള ഭാര്യയുടെ വിളിക്ക് ഒരു മൂളലില്‍ മറുപടി കൊടുക്കും. ശേഷം അന്നത്തെ പത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കും. ഇതൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോഴേക്കും ഭാര്യ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാകും. ഭക്ഷണം കഴിച്ച് അയാളും കിടക്കയില്‍ അഭയം പ്രാപിക്കും. ചുരുക്കത്തില്‍ ഈ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു അണുകുടുംബത്തിലെ പതിവു കാഴ്ചകളിലൊന്ന് മാത്രം.

എന്നാല്‍ ഒരിക്കലും ഇതൊരു മാതൃകാ കുടുംബമല്ല. കാരണം, കുടുംബാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയമോ പങ്കുവെക്കലുകളോ നടക്കുന്നില്ല. എല്ലാവരും അവരവരുടേതായ ലോകത്താണ്. ജോലിയും കുട്ടികളും പലപ്പോഴും ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ വലിയ പരീക്ഷണമാകാറുണ്ട്. ഭര്‍ത്താവ് ജോലിത്തിരക്കിലും ഭാര്യ കുട്ടികളെ പോറ്റുന്ന തിരക്കിലുമാകുമ്പോള്‍ നഷ്ടപ്പെടുന്നത് എല്ലാവര്‍ക്കുമാണ്. ഭര്‍ത്താവിന് ഭാര്യയുടെയും മക്കളുടെയും സ്‌നേഹം നഷ്ടപ്പെടുന്നു. ഭാര്യക്കും ഭര്‍ത്താവിന്റെയോ മക്കളുടെയോ സ്‌നേഹം ലഭിക്കുന്നില്ല. മക്കള്‍ക്ക് മാതാപിതാക്കളുടെ സ്‌നേഹവായ്പും നിഷേധിക്കപ്പെടുന്നു. എല്ലാം ഒരു ചടങ്ങ് മാത്രമായി അവശേഷിക്കുന്നു. എന്നാല്‍ കൂട്ടുകുടുംബത്തില്‍ ഒരുപരിധി വരെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. കാരണം, മാതാപിതാക്കളില്‍ നിന്ന് ലഭിക്കാത്തത് കുടുംബത്തിലെ പ്രായമാവരില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കും. ഭാര്യയെ പോലെ അനേകം സ്ത്രീകള്‍ മിണ്ടാനും പറയാനും ആ വീട്ടിലുണ്ടാകും. ഭര്‍ത്താവിനും രാത്രി വന്നുകഴിഞ്ഞാല്‍ ഒന്ന് കൂടിയിരിക്കാനും സംസാരിക്കാനും പുരുഷന്മാര്‍ അവിടെ കാണും.

ദമ്പതികള്‍ തമ്മില്‍ നടക്കേണ്ടത് ആശയവിനിമയങ്ങളാണ്. അത് മാതാപിതാക്കളും കുട്ടികളും തമ്മിലും നടക്കേണ്ടതുണ്ട്. കുറച്ച് വര്‍ഷം കഴിഞ്ഞാല്‍ ഭാര്യക്കും ഭര്‍ത്താവിനും പ്രായമാകും. തമ്മിലുണ്ടായിരുന്ന ആശയവിനിമയത്തിന്റെ അഭാവം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വാര്‍ധക്യകാലത്ത് അത് ഒറ്റപ്പെടല്‍ സമ്മാനിക്കും. കാരണം, ഭര്‍ത്താവ് ജോലിയില്‍ നിന്ന് റിട്ടയര്‍ ആകും. ഭാര്യക്കും പണ്ട് സ്ഥിരമായി ചെയ്തിരുന്ന ജോലികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരും. മക്കളൊക്കെ അവരവരുടെ കുടുംബജീവിതവുമായി തിരക്കിലായിരിക്കും. അവസാനം ബാക്കിയാവുന്നത് വൃദ്ധരായ ദമ്പതികളാണ്. പരസ്പരം മുഖം നോക്കി ഇരിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളൂ. മൂന്നും നാലും പതിറ്റാണ്ട് പരസ്പരം വെച്ചുപുലര്‍ത്തിയ നിസ്സംഗ സമീപനം ഒരിക്കലും ഊഷ്മളമായ ഒരു ബന്ധത്തിലേക്ക് വഴിമാറില്ല. വാര്‍ദ്ധക്യം തീര്‍ത്തും ഒറ്റപ്പെടലായി ഇത്തരക്കാര്‍ക്ക് അനുഭവപ്പെടും.

നമ്മള്‍ മനസ്സിലാക്കേണ്ടത്, മനുഷ്യര്‍ക്കിടയില്‍ അല്ലാഹു ആദ്യമായി സൃഷ്ടിച്ച ബന്ധം ഭാര്യാ-ഭര്‍തൃ ബന്ധമാണ്. അതാണ് എല്ലാ ബന്ധങ്ങളുടെ അടിസ്ഥാനവും. ആദം നബി(അ)യെ സൃഷ്ടിച്ചതിന് ശേഷം അല്ലാഹു ചെയ്തത് അദ്ദേഹത്തിന് ഒരു ഇണയെ സൃഷ്ടിച്ച് നല്‍കി എന്നുള്ളതായിരുന്നു. മാതാവും പിതാവുമൊക്കെ ആകുന്നതിന് മുമ്പ് ആ ബന്ധത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. ദാമ്പത്യത്തിന്റെ യുവത്വകാലത്ത് തന്നെ പരസ്പരം സ്‌നേഹവും വിശ്വാസവും കരുതലും വളര്‍ത്തിയെടുക്കാന്‍ സാധിച്ചാലേ മരണം വരെ ദാമ്പത്യം എന്നത് മധുരതരമായി തുടരുകയുള്ളൂ. ദാമ്പത്യം എന്നത് വലിയ തത്വമോ സിദ്ധാന്തമോ അല്ല, അത് കറകളഞ്ഞ സ്‌നേഹം മാത്രമാണ്. ചില ദമ്പതികള്‍ പരസ്പരം ഈഗോ വെച്ചുപുലര്‍ത്തുകയും വലിയ ശ്രദ്ധയോടെ പരസ്പരം സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ കുട്ടികളെ പോലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും സംസാരിക്കാനും നിഷ്‌കളങ്കമായി ചിരിക്കാനും സാധിക്കുമ്പോഴാണ് ദാമ്പത്യം പച്ചപ്പുള്ളതാകുന്നത്. അത് മാത്രമേ വാര്‍ദ്ധക്യ കാലത്ത് പരസ്പരം ഓര്‍ത്തിരിക്കാന്‍ ബാക്കിയാവുകയുള്ളൂ.

വിവ: അനസ് പടന്ന

Related Articles