Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യത്തില്‍ നിങ്ങള്‍ കഴുതപ്പുലിയാവരുത്

hyena.jpg

അപ്രതീക്ഷിതമായി ഇരയുടെ മേല്‍ ചാടിവീണ് അതിനെ കീഴ്‌പ്പെടുത്തുന്ന ജീവിയാണ് കഴുതപ്പുലി. ദാമ്പത്യ ബന്ധം കെട്ടിപ്പടുക്കേണ്ടത് നിഷ്‌കപടതക്കും വിശ്വാസത്തിനും മേല്‍ ആയിരിക്കണമെന്നുള്ളത് അതിന്റെ അടിസ്ഥാനമാണ്. നിര്‍ഭയത്വത്തോടെയും സ്വസ്ഥമായും ദമ്പതികള്‍ക്ക് ജീവിക്കുന്നതിന് അനിവാര്യമാണത്. മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയകളും വ്യാപകമായതോടെ പല കുടുംബങ്ങളിലും നിലനില്‍ക്കുന്നത് കഴുതപ്പുലിയുടെ നയമാണ്. ഉറങ്ങിയ ഭര്‍ത്താവിന്റെ വിരല്‍ പിടിച്ച് ഫിംഗര്‍പ്രിന്റ് ലോക്ക് സംവിധാനമുള്ള അയാളുടെ മൊബൈല്‍ തുറക്കാന്‍ ശ്രമിച്ച ഭാര്യയെ എനിക്കറിയാം. ഭര്‍ത്താവിന്റെ മെസ്സേജുകള്‍ വായിക്കാനായിരുന്നു ആ ശ്രമം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് കൈവിരലിന് പകരം കാല്‍വിരലിലെ പ്രിന്റ് ഉപയോഗിച്ചു. ജോലി സമയത്തിനിടക്ക് ഭാര്യ വീട്ടില്‍ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് പോകുന്ന ഭര്‍ത്താവിനെയും എനിക്കറിയാം. ഭര്‍ത്താവിന്റെ കാറിനുള്ളില്‍ കട്ടുകേള്‍ക്കാനുള്ള ഉപകരണം സ്ഥാപിച്ച ഭാര്യ, ഭാര്യയെ നിരീക്ഷിക്കാന്‍ വീട്ടില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ച ഭര്‍ത്താവ് ഇത്തരത്തിലുള്ള നിരവധി കഥകള്‍ നാം നിത്യവും കേള്‍ക്കുന്നു.

ഭര്‍ത്താവിന്റെ കടുത്ത നിരീക്ഷണത്തെ കുറിച്ച ആവലാതിയുമായി രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീ എന്റെയടുത്ത് വന്നിരുന്നു. കടുത്ത നിരീക്ഷണം അവളെ മാനസികമായി ആകെ തളര്‍ത്തിയിരിക്കുകയാണ്. മക്കളെ കുറിച്ചോര്‍ത്തും അവര്‍ വല്ലാതെ ഉത്കണ്ഠപ്പെടുന്നു. ഭാര്യയെ കുറിച്ച അമിതമായ ചുഴിഞ്ഞന്വേഷണവും അവള്‍ പ്രതീക്ഷിക്കാത്ത സമയത്ത് അവള്‍ക്ക് മേലുള്ള ആക്രമണവും കാരണം ജോലിയിലും ജീവിതത്തിലും പരാജയപ്പെട്ട പുരുഷന്‍മാരുമുണ്ട്. കഴുതപ്പുലിയെ സംബന്ധിച്ചടത്തോളം ഇരക്ക് മേലുള്ള ഈ നിരീക്ഷണം അതിന്റെ ആഹാര കാര്യത്തില്‍ ഉപകാരപ്പെടുന്നു. എന്നാല്‍ ആ നയം മനുഷ്യരായ നാം പിന്തുടരുമ്പോള്‍ സ്വന്തത്തെ തന്നെ ക്ഷീണിപ്പിക്കുകയാണത് ചെയ്യുക. ‘മോളേ, നിന്റെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പിന്നെ നിന്റെ ഭര്‍ത്താവല്ല.’ എന്ന് പഴയകാലത്ത് വിവാഹിതരാവുന്ന യുവതികള്‍ക്ക് മുത്തശ്ശിമാര്‍ നല്‍കിയിരുന്ന ഉപദേശത്തിന്റെ പിന്നിലെ രഹസ്യം അതായിരിക്കാം. വീടിന് പുറത്തായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ പുറകെ കൂടേണ്ട എന്നാണ് അതിന്റെ ഉദ്ദേശ്യം. കാരണം അതവളെ ക്ഷീണിപ്പിക്കുകയും കുടുംബത്തിന്റെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്യും. ഈയൊരു യുക്തിയോടെയായിരുന്നു അവര്‍ കുടുംബത്തെ സംരക്ഷിച്ചിരുന്നത്.

സഹാബിമാരുടെയും സച്ചരിതരുടെയും ജീവിതം പരിശോധിക്കുമ്പോള്‍ അവര്‍ തങ്ങളുടെ ഭാര്യമാരുടെ സ്വകാര്യതകളെ മാനിച്ചിരുന്നവരായിരുന്നു എന്ന് കാണാം. അബ്ദുല്ലാഹ് ബിന്‍ മസ്ഊദിന്റെ ഭാര്യ സൈനബ്(റ)ല്‍ നിന്നും ഇബ്‌നു കഥീര്‍ ഉദ്ധരിക്കുന്നു: ‘അബ്ദുല്ല എന്തെങ്കിലും ആവശ്യത്തിനായി വന്നാല്‍ വാതിലിനടുത്ത് നിന്ന് മുരടനുക്കുമായിരുന്നു.’ ഇബ്‌നു മസ്ഊദ്(റ) വീടിന്റെ വാതിലിന് അടുത്തെത്തിയാല്‍ തന്റെ സാന്നിദ്ധ്യം അകത്തുള്ള ഭാര്യയെ അറിയിക്കുന്നതിന് തൊണ്ടകൊണ്ട് ശബ്ദമുണ്ടാക്കുമായിരുന്നു. തന്റെ വരവ് ഭാര്യക്ക് അപ്രതീക്ഷിതമാവാതിരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അദ്ദേഹം വെറുക്കുന്ന അവസ്ഥയില്‍ തന്നെ കാണപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നതെന്ന് സൈനബ്(റ) അതിന്റെ കാരണത്തെ കുറിച്ച് പറയുന്നു. അതിലൂടെ ഇണയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും വകവെച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. എത്ര ഉന്നതവും മഹത്തരവുമായ പെരുമാറ്റമാണത്. കഴുതപ്പുലിയുടെ സമീപനത്തില്‍ നിന്നും ഏറെ വിദൂരമാണത്. പരസ്പര വിശ്വാസത്തിന്റെയും നിഷ്‌കപടതയുടെയും അടിസ്ഥാനത്തിലാണ് ഇണയോടുള്ള ഈ പെരുമാറ്റം. ദാമ്പത്യത്തില്‍ സമാധാനവും സുരക്ഷിതത്വവും ഉണ്ടാക്കാന്‍ അതിന് സാധിക്കും. തന്റെ ഭാര്യ വഞ്ചനകാണിക്കുന്നുണ്ടോ ഇല്ലയോ എന്നറിയുന്നതിനും അവളുടെ വീഴ്ച്ചകള്‍ തേടിയും രാത്രി സമയത്ത് അപ്രതീക്ഷിതമായി വാതിലില്‍ മുട്ടുന്നത് പ്രവാചകന്‍(സ) വിലക്കിയിട്ടുണ്ട്. കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവാചക നിര്‍ദേശങ്ങളില്‍ പ്രധാനമാണിത്.

തന്റെ ഭാര്യ മറ്റാരിലേക്കെങ്കിലും ചായുമോ എന്ന ആശങ്കയാണ് വിടാതെ അവളെ പിന്തുടര്‍ന്ന് നിരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഒരാള്‍ ന്യായമായി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. പാപത്തേക്കാള്‍ നീചമായ ന്യായമാണ് താങ്കള്‍ പറയുന്നത് എന്ന മറുപടിയാണ് അയാളോടെനിക്ക് പറയാനുള്ളത്. ഭര്‍ത്താവിന്റെ മേലുള്ള നിരന്തര നിരീക്ഷണം ഒരു ഒഴിയാബാധയായി മാറിയ സ്ത്രീ എന്റെ പരിചയത്തിലുണ്ട്. തന്റെ ഭര്‍ത്താവ് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി ഭാവനയില്‍ കാണുന്ന അവസ്ഥയിലാണ് അവസാനം അവള്‍ എത്തിയത്.

കഴുതപ്പുലിയുടെ ഒന്നാമത്തെ വിശേഷണത്തെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അതിന്റെ രണ്ടാമത്തെ ഗുണമാണ് അതൊരു നിശാജീവിയാണെന്നുള്ളത്. പകല്‍ സമയം പുറത്തിറങ്ങാത്ത അത് ഇരുട്ട് പരന്നതിന് ശേഷമാണ് ഇരപിടിക്കാനിറങ്ങുന്നത്. വല്ല ശവവും കണ്ടുകിട്ടിയാല്‍ അത് മക്കള്‍ക്ക് വേണ്ടി കൊണ്ടുപോവുകയോ സ്വയം ഭക്ഷിക്കുകയോ ചെയ്യും. അതുകൊണ്ടാണ് ചുറ്റുപാടിനെ ശുചീകരിക്കുന്ന ജീവിയെന്ന് അതിനെ വിളിക്കുന്നത്. ശവക്കുഴികള്‍ മാന്തി അതിലുള്ള മൃതദേഹങ്ങള്‍ തിന്നുന്നതും കഴുതപ്പുലിയുടെ രീതിയാണ്. അറബികള്‍ കുഴപ്പങ്ങളുണ്ടാക്കുന്ന പ്രശ്‌നക്കാരെ കഴുതപ്പുലിയോട് ഉപമിക്കാറുണ്ട്. അത് ആടുകള്‍ക്ക് മേല്‍ ചാടിവീണാല്‍ നാശമുണ്ടാക്കും. എന്നാല്‍ ചെന്നായയും കഴുതപ്പുലിയും ഒരുമിച്ച് ആടിനടുത്തെത്തിയാല്‍ രക്ഷപ്പെട്ടെന്നാണ് അറബികള്‍ പറയാറുള്ളത്. കാരണം ആടിനെ പിടികൂടുന്നതില്‍ നിന്ന് അവ പരസ്പരം തടയും.

ദാമ്പത്യത്തില്‍ നിങ്ങളൊരിക്കലും കഴുതപ്പുലിയാവരുത്. അഥവാ കടുത്ത അപ്രതീക്ഷിതമായി ചാടിവീഴുന്നവനും, നിശാജീവിയും, പ്രശ്‌നക്കാരനും ആകരുത്. കാരണം ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസവും നിഷ്‌കപടതയും നിര്‍ഭയത്വവും പരസ്പര ആദരവും സഹകരണവുമാണ്. ഇവയുടെ അഭാവത്തില്‍ ദാമ്പത്യ ജീവിതം നരകവും ശിക്ഷയുമായിരിക്കും. നല്ല വിദഗ്ദനായ ഒരു വേട്ടക്കാരനാണെന്നതാണ് കഴുതപ്പുലിയുടെ പോസിറ്റീവായ ഏകഗുണം. അതുകൊണ്ട് നിങ്ങളോടുള്ള എന്റെ ഉപദേശം ദാമ്പത്യത്തില്‍ നിങ്ങളൊരിക്കലും കഴുതപ്പുലിയാവരുതെന്നുള്ളതാണ്.

മൊഴിമാറ്റം: നസീഫ്‌

Related Articles