Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യത്തില്‍ ഊഷരത കടന്ന് വരാതിരിക്കാന്‍

happy-famiy1.jpg

ദാമ്പത്യത്തിന്റെ ആദ്യകാലത്ത് ദമ്പതിമാര്‍ തമ്മില്‍ കടുത്ത പ്രണയവും വൈകാരിക അടുപ്പവുമായിരിക്കും. ഇനിയൊരിക്കലും പിരിയാനാവില്ലെന്നായിരിക്കും വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം പറയുന്നത്. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴേക്കും കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങും. വൈകാരികത വറ്റിവരണ്ട് ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന അവസ്ഥയിലെത്തും ചില ഇണതുണകള്‍. ഇത് ആണിനും പെണ്ണിനും ഒരുപോലെ ബാധിക്കുന്ന രോഗമാണ്. ഇത്തരം വൈകാരികാവസ്ഥയിലെത്തിയ ദാമ്പത്യം പിന്നെ ഇരുവര്‍ക്കും ജീവിതത്തില്‍ വലിയ ഭാരമായിരിക്കും.

ബന്ധങ്ങളില്‍ ഊഷരത വന്നുകയറിയാല്‍ പിന്നെ ഭര്‍ത്താവ് കൂടുതല്‍ സമയം പുറത്ത് പോകാന്‍ ഇഷ്ടപ്പെടും. തന്റെ ഭാര്യയുടെ കൂടെ സമയം ചെലവഴിക്കാന്‍ അയാള്‍ക്ക് ഒരു ആഗ്രഹവുമുണ്ടാവില്ല. തന്റെ സമയം ഭാര്യയുടെ മുമ്പില്‍ തുലച്ച് കളയേണ്ടതല്ലെന്നവന്‍ ചിന്തിക്കുന്നു. തന്റെ ഭാര്യയുടെ മുമ്പില്‍ നല്ല രീതിയില്‍ വസ്ത്രങ്ങളണിയാനോ വ്യക്തിത്വം സംരക്ഷിക്കാനോ അവന്‍ ശ്രമിക്കുകയില്ല. ഇനി ഭാര്യ എന്തെങ്കിലും അയാളോട് പറയാനൊരുങ്ങിയാലോ, അവന്‍ പറയും: സ്‌നേഹത്തിന്റെ കാലമെല്ലാം കഴിഞ്ഞുപോയി.

ഇതുപോലെ തന്നെയാണ് ചില യുവതികളുടെയും കാര്യം. അവര്‍ വിവാഹം കഴിഞ്ഞ് ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പിന്നെ തന്നെ കുറിച്ച് തികഞ്ഞ അശ്രദ്ധയിലായിരിക്കും. ഭര്‍ത്താവിന് അപരിചിതത്വം തോന്നുന്ന തരത്തില്‍ അവള്‍ തന്നെ കുറിച്ച് അശ്രദ്ധയില്‍ വീഴുന്നു. ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങുന്നത് അവള്‍ ഉപേക്ഷിക്കുന്നു. തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതില്‍ അവള്‍ അശ്രദ്ധ കാണിക്കുന്നു. ഭര്‍ത്താവിനെ സേവിക്കാനും അവന് വേണ്ട സഹായങ്ങള്‍ ചെയ്യാനും അവള്‍ മടികാണിക്കുന്നു. ലൈംഗികബന്ധങ്ങളിലും വൈകാരിക കൈമാറ്റങ്ങളിലും വരെ അവള്‍ അനാസ്ഥ കാണിച്ച് തുടങ്ങുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള സ്‌നേഹം കുറക്കുമെന്നതില്‍ ഒരു സംശയവുമില്ല.

ഇത്തരം സ്വാഭാവികതകള്‍ക്കിടയില്‍ ദാമ്പത്യം നിലനില്‍ക്കാനും തകരാതെ നിലനിര്‍ത്താനും ചെറിയ ഉപായങ്ങള്‍ മതിയാകില്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ പിടിവിടാതിരിക്കാന്‍ ദാമ്പത്യത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ ചില അടിസ്ഥാനങ്ങളും ചിട്ടകളും ജീവിതത്തില്‍ പകര്‍ത്താന്‍ പരിശ്രമിക്കണം. അവയില്‍ ചിലതാണ് താഴെ:

1) വൈകാരികവും സുന്ദരവുമായ സംസാരം.
2) നിര്‍മലമായ സ്പര്‍ശനം.
3) സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരിക്കുക.
4) ദാമ്പത്യത്തിലെ സുന്ദരമായ ഓര്‍മകളെകുറിച്ച് എടുത്ത് പറഞ്ഞ് പ്രശംസിക്കുക.
5) പ്രണയം പുതുക്കുന്ന തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുക.
6) ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അര്‍ഹിക്കുന്നതിലും വലിയ പരിഗണന നല്‍കുക.
7) ആകസ്മികമായുണ്ടാകുന്ന സംഭവങ്ങള്‍ സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുക. സന്തോഷങ്ങളെയും ദുഖങ്ങളെയും രോഗങ്ങളെയും ബന്ധം ഊഷ്മളമാക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യുക.

കുടുംബത്തിലെ അംഗങ്ങള്‍
കുടുംബത്തിന്റെയും വീടിന്റെയും സുരക്ഷിതമായ നടത്തിപ്പിന് ഭാര്യാ-ഭര്‍തൃ ബന്ധം മാത്രം ഉറപ്പുള്ളതായാല്‍ പോര. മറിച്ച് വീട്ടിലെയും കുടുംബത്തിലെയും എല്ലാ അംഗങ്ങള്‍ക്കും അവിടെ സുരക്ഷിതത്വവും സ്‌നേഹവും അനുഭവപ്പെടണം. മക്കളോടും മറ്റ് കുടുംബക്കാരോടുമുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്ന ചില അടിസ്ഥാനങ്ങളാണ് ചുവടെ:

1) മക്കളെ ചുംബിക്കുക.
2) മക്കളെ ഓമനിക്കുക.
3) അവരോടുള്ള സ്‌നേഹം വാക്കുകള്‍കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും പ്രകടിപ്പിക്കുക.
4) മക്കളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുക.
5) കുടുംബാംഗങ്ങള്‍ക്ക് വൈകാരിക ഭാഷയിലുള്ള കത്തുകളും മെസേജുകളും അയക്കുക.
6) മക്കളെ പരമാവധി പ്രശംസിക്കുകയും സ്തുതിക്കുകയും ചെയ്യുക. നെഗറ്റീവായ സന്ദേശങ്ങള്‍ അവര്‍ക്ക് കൈമാറപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
7) മക്കളുടെകൂടെ വിനോദയാത്ര നടത്തുക.
8) മക്കള്‍ക്ക് വിനോദങ്ങള്‍ക്കും കളികള്‍ക്കുമുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുക.
9) നിര്‍ബന്ധ കര്‍മങ്ങളും കടമകളും കുടുംബത്തിന്റെ കൂടെ നിര്‍വഹിക്കുക. ബന്ധങ്ങള്‍ ശക്തിപ്പെടാനും കുട്ടികള്‍ക്ക് കടമകള്‍ നിര്‍വഹിക്കണമെന്ന ബോധമുണ്ടാക്കാനും ഇത് ഉപകരിക്കും.

വിവ: ജുമൈല്‍ കൊടിഞ്ഞി  
 

Related Articles