Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യത്തിന് വെല്ലുവിളിയാവുന്ന പത്ത് അവസ്ഥകള്‍

couple3.jpg

ഭാര്യാ ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള പരാതികള്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നത്തെ കുറിച്ചാണ് അവര്‍ പറയുന്നതെന്നാണ് നമുക്ക് ആദ്യം തോന്നുക. മിക്കപ്പോഴും ഇങ്ങനെ പരാതിയുമായെത്തുന്ന ഭാര്യ/ഭര്‍ത്താവ് ബന്ധം നന്നാക്കാനുള്ള സാധ്യകളെ മറന്നാണ് സംസാരിക്കാറുള്ളത്. അതിനുള്ള ശ്രമങ്ങള്‍ക്ക് ഒരു ഫലമില്ലെന്ന് ആവര്‍ത്തിക്കുന്ന അവര്‍ വേര്‍പിരിയലിനെ ഏറ്റവും നല്ല പരിഹാരമായി കാണുന്നു. എന്നാല്‍ അവര്‍ക്കിടയിലെ ബന്ധത്തിന്റെ വിശദാംശങ്ങളിലേക്ക് നാം കടന്നാല്‍ മനസ്സിലാവുന്ന കാര്യം രണ്ടേ രണ്ട് പ്രശ്‌നങ്ങള്‍ മാത്രമേ അവര്‍ക്കിടയില്‍ ഉള്ളൂ എന്നതാണ്. പരസ്പരം സംവദിക്കാത്തതും മനസ്സിലാക്കാത്തതുമാണ് ഒന്നാമത്തെ പ്രശ്‌നം. വൈകാരിക ബന്ധത്തിലെ കുറവാണ് രണ്ടാമത്തെ പ്രശ്‌നം.

ദമ്പതികള്‍ക്കിടയില്‍ പരസ്പരം മനസ്സിലാക്കുന്നതിലും സംസാരിക്കുന്നതിലും വൈകാരിക ബന്ധത്തിലും ദൗര്‍ബല്യങ്ങളുണ്ടാക്കുന്നത് എന്താണ്? അതിനുള്ള മറുപടി, ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പരസ്പര ബന്ധവും സംസാരവുമെല്ലാം വളരെ ശക്തമായിരിക്കും. കാലക്രമേണെ അതിന്റെ ശക്തി കുറഞ്ഞു വരികയാണ് ചെയ്യുന്നത്. അതിന് ബാഹ്യമായ കാരണങ്ങളോ ജീവിത സമ്മര്‍ദങ്ങളോ കാരണമായിരിക്കാം. അവര്‍ക്കിടയിലെ കെട്ടുറപ്പിനെയും പരസ്പര ബന്ധത്തെയും അത് ബാധിക്കുകയും വിവാഹത്തിന്റെ അടിത്തറ ഇളക്കുന്നതിന് കാരണമാവുകയും ചെയ്യും. ദാമ്പത്യത്തിന്റെ കെട്ടുറപ്പിനും സുസ്ഥിരതക്കും വെല്ലുവിളിയായി മാറുന്ന പത്ത് സന്ദര്‍ഭങ്ങളും നിലപാടുകളും മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പെട്ടന്നുള്ള മാറ്റമോ അല്ലെങ്കില്‍ അവര്‍ നേരിട്ട എന്തെങ്കിലും പ്രതിസന്ധിയോ ആയിരുന്നു അവയുടെ കാരണം. പരസ്പരം മനസ്സിലാക്കുന്നതിലും വൈകാരിക ബന്ധത്തിലും വിള്ളലുകള്‍ സൃഷ്ടിക്കാന്‍ അവ കാരണമാവുകയും ചെയ്തു. ക്രമേണ വിവാഹ ബന്ധത്തെ തകര്‍ക്കുന്ന അത്തരം സാഹചര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്:

1- സന്താനപരിപാലനത്തിന്റെ കാര്യത്തില്‍ ദമ്പതികള്‍ ഒരു യോജിപ്പിലെത്താതെ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അധികരിക്കല്‍. കുട്ടികളെയത് ആശങ്കയിലകപ്പെടുത്തുകയും ദമ്പതികള്‍ക്കിടയിലുള്ള വിയോജിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും.
2- ജീവിത സമ്മര്‍ദത്തിനും ജോലിയുടെ ആധിക്യത്തിനും ദമ്പതികള്‍ ഉത്തരം നല്‍കേണ്ടി വരുമ്പോള്‍ അവരോരുത്തരും അവരുടെ ലോകത്ത് വ്യാപൃതരായി മാറുന്നു. കുടുംബത്തെയോ അതിന്റെ ഭാവിയെയോ കുറിച്ചവര്‍ സംസാരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ല.
3- ദമ്പതികളില്‍ ഒരാള്‍ മറ്റെയാള്‍ക്കെതിരെ മക്കളെ തിരിക്കുന്നതിലൂടെ മാതാപിതാക്കളോടുള്ള ആദരവ് മക്കള്‍ക്ക് നഷ്ടപ്പെടുന്നു. മക്കള്‍ക്ക് പിതാവിനോട് വെറുപ്പുണ്ടാകാന്‍ മാതാവ് കാരണമായതിന്റെയും തിരിച്ചുമുള്ള എത്രയോ സംഭവങ്ങള്‍ നാം കേട്ടിരിക്കുന്നു.
4- ഭര്‍ത്താവിന്റെ സഹോദരീ സഹോദരന്‍മാര്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കുമ്പോള്‍ ഭാര്യയെക്കാള്‍ അവര്‍ക്ക് പ്രാധാന്യം നല്‍കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അഭിപ്രായത്തിലും കൂടിയാലോചനയിലും അവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കപ്പെടുകയും ചെയ്യുന്നു. തെറ്റ് അവളുടെ ഭാഗത്തല്ലെങ്കില്‍ പോലും ഭിന്നതകളുണ്ടാകുമ്പോള്‍ അവളോട് ക്ഷമാപണം നടത്താനാവശ്യപ്പെടുകയും ചെയ്യുന്നു.
5- സാമ്പത്തിക വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസം. പ്രത്യേകിച്ചും വീട്ടുചെലവുകളിലും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ഭാര്യ കൂടി പങ്കാളിത്തം വഹിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെടുമ്പാള്‍.
6- ജോലിക്കോ പഠനത്തിനോ നടത്തുന്ന ദീര്‍ഘയാത്രകളും അതില്‍ നിന്നുള്ള മടക്കവും. യുക്തിയോടെയും നൈപുണ്യത്തോടെയും കൈകാര്യം ചെയ്തില്ലെങ്കില്‍ സാമൂഹ്യ ബന്ധങ്ങളില്‍ വരുന്ന മാറ്റം ജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും.
7- സംസ്‌കാരവും താല്‍പര്യങ്ങളും വ്യത്യസ്തമാകലും പ്രായത്തിലെ അന്തരവും. വിവാഹ ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ മൂന്ന് കാര്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പ്രകടമാവുക.
8- നേരത്തെ അകന്ന് നില്‍ക്കുകയോ വിവാമോചനം നടത്തുകയോ ചെയ്ത ദമ്പതികളാണെങ്കില്‍ ചിലപ്പോഴെല്ലാം വിവാഹമോചനവും വേര്‍പിരിയലും അവര്‍ക്കിടയില്‍ ഉയര്‍ന്ന് വരാം.
9- ചില വിചാരങ്ങള്‍ മനസ്സില്‍ ആരും അറിയാതെ മൂടി വെക്കുകയും കാലക്രമേണ ബന്ധത്തെ തകര്‍ക്കുന്ന വലിയൊരു അഗ്നിപര്‍വതമായി മാറി അത് പൊട്ടിത്തെറിക്കുകയും ചെയ്യാറുണ്ട്.
10- ഭാര്യാപിതാവോ ഭര്‍തൃമാതാവോ മരണപ്പെടുന്നത് ചില വിവാഹങ്ങളെയെങ്കിലും സാരമായി ബാധിക്കാറുണ്ട്. അവര്‍ മുഖേനെയായിരുന്നു ഇത്രയും കാലം വിവാഹ ബന്ധം നിലനിന്നിരുന്നത് എന്നതാണതിന് കാരണം. അടിയന്തിര സാഹചര്യങ്ങള്‍ മറികടക്കാനും കുടുംബത്തിലെ വിയോജിപ്പുകള്‍ പരിഹരിക്കാനും ദമ്പതികള്‍ പഠിച്ചിട്ടില്ലെങ്കിലാണിത് സംഭവിക്കുക. ബന്ധത്തെയത് സ്വാധീനിക്കുകയും അത് തുടരുന്നതിന് വെല്ലുവിളിയായി മാറുകയും ചെയ്യും.

മേല്‍പറഞ്ഞ പത്ത് അവസ്ഥകള്‍ക്കും പരസ്പര മനസ്സിലാക്കലും ബന്ധവും നഷ്ടപ്പെടുന്നതിനും വൈകാരിക ബന്ധം ഇല്ലാതാകുന്നതിനുമുള്ള ചികിത്സ രണ്ട് കാര്യങ്ങളാണ്. ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ദമ്പതികള്‍ക്ക് തങ്ങളുടെ മനസ്സിലുള്ളതെല്ലാം പങ്കുവെക്കാനുള്ള സ്വകാര്യമായ അവസരം ഉണ്ടാക്കുകയെന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് മനസ്സിലുള്ള വികാരവും പരസ്പരമുള്ള താല്‍പര്യവും പ്രകടിപ്പിക്കുകയെന്നതാണ്. ഏറ്റവും ചുരുങ്ങിയത് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും കിടപ്പറയിലെ ബന്ധവും നിലനിര്‍ത്തുക. ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുകളില്‍ പറഞ്ഞ പത്ത് തരത്തിലുള്ള സാഹചര്യങ്ങളുണ്ടായാലും ദാമ്പത്യത്തെ തകരാതെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും. ഇത് വായിക്കുന്ന ആരെങ്കിലും മുകളില്‍ നാം പറഞ്ഞ അവസ്ഥകളില്‍ ഏതെങ്കിലും ഒന്നിനാല്‍ പ്രയാസപ്പെടുന്നവരാണെങ്കില്‍ സമയം അതിവേഗം മുന്നോട്ട് നീങ്ങുകയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നടത്തുകയാണ് വേണ്ടത്. അതിന്റെ ഫലം വ്യക്തമായി തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതോടൊപ്പം അല്ലാഹുവോടുള്ള പ്രാര്‍ഥനയും മറക്കരുത്. കാരണം എല്ലാ ബന്ധങ്ങളെയും നിലനിര്‍ത്തുന്നത് അവനാണ്.

മൊഴിമാറ്റം: നസീഫ്‌

Related Articles