Current Date

Search
Close this search box.
Search
Close this search box.

ദമ്പതികള്‍ പരസ്പരം മറച്ചുവെക്കുന്ന രഹസ്യങ്ങള്‍

privacy.jpg

ദമ്പതികള്‍ പരസ്പരം മറച്ചു വെക്കുന്ന ആ രഹസ്യങ്ങള്‍ എന്താണ്? നാം നമ്മുടെ മക്കളില്‍ നിന്നും മറച്ചു വെക്കുന്ന രഹസ്യങ്ങള്‍ ഏതൊക്കെയാണ്? എപ്പോഴാണ് നാം അവ വെളിപ്പെടുത്തുക? വിവാഹത്തിന് മുമ്പ് നാം രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ടോ? സ്ത്രീ രഹസ്യം സൂക്ഷിക്കേണ്ടതുണ്ടോ? രഹസ്യം പങ്കുവെക്കുന്നതാണോ ഉത്തമം? അവ വെളിപ്പെടുമ്പോള്‍ എങ്ങനെയതിനെ കൈകാര്യം ചെയ്യും? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരുത്തരം കണ്ടെത്താന്‍ സാധിച്ചാല്‍ വിജയകരമായ കുടുംബ ജീവിതത്തിലേക്ക് നമ്മെയത് നയിക്കും.

മനുഷ്യന്റെ സ്വകാര്യതകളും രഹസ്യങ്ങളും വരെ വെളിപ്പെടുന്ന ഏക ബന്ധമാണ് വിവാഹം. അതുകൊണ്ടാണ് അല്ലാഹു അതിനെ വസ്ത്രത്തോടുപമിച്ചത്. ശരീരത്തിന്റെ സ്വകാര്യതയും രഹസ്യങ്ങളും മറച്ചുവെക്കുകയും സംരക്ഷിക്കുകയുമാണ് വസ്ത്രം ചെയ്യുന്നത്. വൈവാഹിക ജീവിതത്തിന്റെ തുടക്കത്തില്‍ ഒരു തരം മറച്ചു പിടിക്കലിന്റെയും വെളിപ്പെടുത്താതിരിക്കലിന്റെയും ബന്ധമായിരിക്കും ഇരുവര്‍ക്കുമിടയിലുണ്ടാവുക. ഇണകള്‍ക്കിടയില്‍ പരസ്പരം സുരക്ഷിതത്വ ബോധം വളരുന്നതിനനുസരിച്ച് സുതാര്യതയും വര്‍ധിക്കുന്നു. അപ്പോഴാണ് ജീവിതത്തില്‍ രഹസ്യമാക്കിയിരുന്ന പല കാര്യങ്ങളും പങ്കുവെക്കുക. എന്നാലും ഓരോരുത്തര്‍ക്കും ജീവിതത്തില്‍ സ്വകാര്യമായ ചില കാര്യങ്ങള്‍ സ്വകാര്യങ്ങളായി തന്നെ അവശേഷിക്കും. ആ സ്വകാര്യതയെ മാനിക്കുകയാണ് പങ്കാളി ചെയ്യേണ്ടത്. അതിന് അവരുടെ ദാമ്പത്യ ബന്ധവുമായോ ജീവിതവുമായോ ബന്ധമില്ലാത്തടത്തോളം കാലം വിവാഹത്തിന്റെ വിജയത്തെയത് ബാധിക്കുകയില്ല. വിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ക്ക് മുന്നില്‍ ഞാനൊരു ചോദ്യമിട്ടു. നിങ്ങള്‍ ഇണയില്‍ നിന്ന് എന്ത് കാര്യമാണ് മറച്ചു വെക്കുന്നത് എന്നായിരുന്നു എന്റെ ചോദ്യം.

അധിക പുരുഷന്‍മാരും സ്ത്രീകളില്‍ നിന്നും മറച്ചു വെക്കുന്നത് സാമ്പത്തികമായ കാര്യങ്ങളാണ്. വരുമാനത്തെ കുറിച്ചും സമ്പത്ത് ചെലവഴിക്കുന്നതിനെയും ആസ്തിയെയും സംബന്ധിച്ച കാര്യങ്ങളായിരുന്നു അത്. ജോലി സംബന്ധമായ രഹസ്യങ്ങള്‍ മറച്ചു വെക്കുന്നവരാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ന്ന് സുഹൃത്തുക്കള്‍, പരസ്ത്രീകള്‍, ഭൂതകാല കാര്യങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, സഹോദരി സഹോദരന്‍മാരുടെ പ്രയാസങ്ങള്‍, രണ്ടാം വിവാഹം, ദാനധര്‍മങ്ങള്‍ സംഭാവനകള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയ രഹസ്യങ്ങളെ കുറിച്ച രഹസ്യങ്ങളും പുരുഷന്‍മാര്‍ മറച്ചു വെക്കുന്നത്. എണ്ണത്തില്‍ ഏറ്റവും പിന്നിലായത് ഭാര്യയില്‍ നിന്ന് ഒന്നും മറച്ച് വെക്കാത്തവരായിരുന്നു.

എന്നാല്‍ സ്ത്രീകള്‍ ഏറ്റവുമധികം പുരുഷന്‍മാരില്‍ നിന്ന് മറച്ചുവെക്കുന്നത് വീട്ടിലെ പ്രയാസങ്ങളാണ്. രണ്ടാം സ്ഥാനത്ത് വരുന്നത് അവളുടെ ശമ്പള സംബന്ധമായ കാര്യങ്ങളുമാണ്. മറച്ചു വെക്കുന്ന കാര്യങ്ങളില്‍ മൂന്നാം സ്ഥാനം അവളുടെ കൂട്ടുകാരികളെ സംബന്ധിച്ച രഹസ്യം മറച്ചു വെക്കുന്നവര്‍ക്കായിരുന്നു. ഭര്‍ത്താവില്‍ നിന്നും ഒന്നും മറച്ചു വെക്കാത്തവര്‍ നാലാം സ്ഥാനത്താണുണ്ടായിരുന്നത്. പുരുഷന്‍മാരില്‍ ഏറ്റവും പിന്നിലായിരുന്നു ഇതെന്ന് നാം ഓര്‍ക്കണം. വിവാഹത്തിന് മുമ്പുള്ള പ്രണയം രഹസ്യമാക്കിയവരായിരുന്നു അഞ്ചാം സ്ഥാനത്ത്. തുടര്‍ന്ന് ജോലിസംബന്ധമായ പ്രയാസങ്ങള്‍, മാര്‍ക്കറ്റിലേക്കുള്ള പോക്ക്, കുട്ടികളുടെ തെറ്റുകള്‍, ബന്ധുക്കളോടും കൂട്ടുകാരികളോടും മക്കളോടും നടത്തിയ തെറ്റായ ഇടപെടലുകള്‍, വസ്ത്രത്തിന്റെ വില തുടങ്ങിയ കാര്യങ്ങള്‍ മറച്ചു വെക്കുന്നവരായിരുന്നു പിന്നീട് ഉണ്ടായിരുന്നത്. അതില്‍ ഏറ്റവും പിന്നിലായി ഉണ്ടായിരുന്നത് സ്ത്രീ അവളുടെ കുടുംബത്തിന് നല്‍കുന്ന സഹായങ്ങള്‍ മറച്ചു വെക്കുന്നവരായിരുന്നു.

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും രഹസ്യങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസം മുകളില്‍ പറഞ്ഞ ക്രമങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഇത്തരത്തില്‍ ഓരോരുത്തരും സ്വകാര്യതകളുണ്ട്. തന്റെ ജീവിതത്തെ കുറിച്ച എല്ലാ കാര്യങ്ങളും ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ച ഭാര്യയെ എനിക്കറിയാം. അയാള്‍ എല്ലാ കാര്യങ്ങളും ഉമ്മയോട് തുറന്ന് പറയുമെന്നതായിരുന്നു അതിന് കാരണം. പിന്നീട് ഉമ്മ മരിച്ചപ്പോള്‍ അവള്‍ എല്ലാ കാര്യങ്ങളും ഭര്‍ത്താവിന് പറയാന്‍ തുടങ്ങി. ഒരു രഹസ്യം എക്കാലത്തും രഹസ്യമായിരിക്കില്ല. നിശ്ചിത കാലം കഴിഞ്ഞാല്‍ പിന്നെ അത് രഹസ്യമല്ലാതെയായി മാറുന്നു.

ദാമ്പതികള്‍ക്കിടയില്‍ രഹസ്യങ്ങള്‍ മറച്ചു വെക്കുന്നതിന്റെ കാരണം അന്വേഷിക്കുന്നവര്‍ക്ക് നാല് കാര്യങ്ങളാണ് കണ്ടെത്താന്‍ സാധിക്കുക. അതില്‍ ഒന്നാമത്തേത് പങ്കാളിയിലുള്ള വിശ്വാസമില്ലായ്മയാണ്. തന്റെ രഹസ്യം അറിഞ്ഞാല്‍ അത് തെറ്റായി ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയാണതിന് കാരണം. തന്റെ രഹസ്യം അറിഞ്ഞാല്‍ നാളെ തനിക്കെതിരെ തന്നെ അത് ഉപയോഗപ്പെടുത്തുമോ എന്ന നിര്‍ഭയത്വമില്ലായ്മയാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തെ കാരണം തന്റെ രഹസ്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാതെ വളര്‍ന്ന് അതൊരു ശീലമായതാണ്. ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ പങ്കാളിയുടെ മുന്നില്‍ താന്‍ ദുര്‍ബലനായി പോകുമോ എന്ന ഭയമാണ് രഹസ്യം മറച്ചു വെക്കാന്‍ പ്രേരിപ്പിക്കുന്ന അവസാനത്തെ കാരണം.

അപ്രകാരം കാര്യങ്ങള്‍ പരസ്പരം തുറന്ന് പറയുന്നതിനും നാല് കാരണങ്ങളുമുണ്ട്. രഹസ്യം സൂക്ഷിക്കേണ്ട സമയം അവസാനിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. ഒരു രഹസ്യം കൈമാറി അത് മൂന്നാമതൊരാളിലേക്ക് എത്തുന്നില്ലെന്ന് ദമ്പതികള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതത്വ ബോധം മറ്റു രഹസ്യങ്ങള്‍ കൂടി തുറന്നു പറയാന്‍ കാരണമാകുന്നു എന്നതാണ് രണ്ടാമത്തേത്. രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് മൂന്നാമത്തെ കാരണം. പങ്കാളിയില്‍ നിര്‍ഭയത്വം അനുഭവപ്പെടുന്നതാണ് നാലാമത്തെ കാരണം.

രഹസ്യം സൂക്ഷിക്കുകയെന്നത് സൂക്ഷ്മത പാലിക്കുന്ന സദ്‌വൃത്തരുടെ സവിശേഷതയാണ്. അതുകൊണ്ടാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഇണകളെ അല്ലാഹു പ്രത്യേകം പ്രശംസിച്ചിരിക്കുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘ഉത്തമ സ്ത്രീകള്‍ എന്നുവച്ചാല്‍ നീ അവളെ നോക്കിയാല്‍ അവള്‍ നിന്നെ സന്തോഷിപ്പിക്കും. അവളോടു നീ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും. നീ അവളില്‍ നിന്നും അപ്രത്യക്ഷമായാല്‍ അവളെയും നിന്റെ സമ്പത്തിനെയും നിനക്കുവേണ്ടി അവള്‍ സംരക്ഷിക്കും.’

എന്നാല്‍ ഡോക്ടറുടെയോ കൗണ്‍സിലറുടെയോ മുമ്പില്‍ നന്മ ഉദ്ദേശിച്ച് ഭര്‍ത്താവിന്റെ രഹസ്യം വെളിപ്പെടുത്തുന്നതില്‍ കുഴപ്പമില്ല. ഖൗല ബിന്‍ത് ഥഅ്‌ലബിന്റെ പരാതി അതിനുദാഹരണമാണ്. അല്ലാഹു അതിനെ കുറിച്ച് പറയുന്നു : ”ഭര്‍ത്താവിനെക്കുറിച്ച് താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ സംസാരം അല്ലാഹു ശ്രവിച്ചിരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കുന്നുണ്ട്.’ (അല്‍-മുജാദല : 1) അവര്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് തന്റെ ഭര്‍ത്താവിനെ കുറിച്ച് ആവലാതി പറഞ്ഞ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിക്കുന്നത്. നൂഹ് നബിയുടെയും ലൂത്വ് നബിയുടെയും ഭാര്യമാരെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നതും നമുക്ക് കാണാം. അവര്‍ രണ്ടു പേരും ഭര്‍ത്താക്കന്‍മാരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവരായിരുന്നു. അല്ലാഹു അതിനെ കുറിച്ച് പറയുന്നു : ‘നിഷേധികളുടെ കാര്യത്തില്‍ അല്ലാഹു നൂഹിന്റെയും ലൂത്തിന്റെയും പത്‌നിമാരെ ഉദാഹരിക്കുന്നു. നമ്മുടെ അടിമകളില്‍ സച്ചരിതരായ രണ്ട് അടിമകളുടെ ഭാര്യാപദത്തിലായിരുന്നു അവര്‍. എന്നാല്‍ ഇരുവരും ഭര്‍ത്താക്കളെ വഞ്ചിച്ചു.’ (അത്തഹ്‌രീം : 10)

വിവ : നസീഫ്‌

Related Articles