Current Date

Search
Close this search box.
Search
Close this search box.

ചുണ്ടിലെ പഞ്ചസാര

couple5.jpg

എന്താണ് പുണ്യം എന്നു ചോദിച്ച സഹാബിക്ക് നബി(സ) കൊടുത്ത മറുപടി നല്ല സ്വഭാവം എന്നായിരുന്നു. സ്വഭാവം ആദ്യമായി പ്രകടമാവുന്നതും വാക്കുകളിലൂടെയാണ്. വാക്കുകളിലൂടെ ഒഴുകുന്ന മധുരം ദാമ്പത്യജീവിതത്തിലെ വിലപ്പെട്ട ധനമാണ്. ജീവിതത്തിലെ ഏതു കൈപിനെയും അത് മധുരിപ്പിക്കും.
പരമ ദരിദ്രരായ ഒരു ഭര്‍ത്താവിനെയും ഭാര്യയെയും എന്‍ വി കൃഷ്ണവാര്യര്‍ തന്റെ ‘കള്ളദൈവങ്ങള്‍’ എന്ന കവിതയില്‍ അവതരിപ്പിക്കുന്നത് നോക്കൂ.
മധുരം കുറയും – എന്നെന്‍ പത്‌നി
നര്‍മ്മ സ്‌മേര
മധുരം പകര്‍ന്നേകും
കയ്പാര്‍ന്ന കട്ടന്‍ കാപ്പി

‘വിഷവും കുടിക്കും ഞാന്‍
നീ തന്നാല്‍’ എന്നായ് വാങ്ങി
വിഷമിച്ചല്‍പം മൊത്തി….
കട്ടന്‍ കാപ്പിയില്‍ പഞ്ചാര (പഞ്ചരയില്‍ ‘സ’ ചേര്‍ക്കാതിരിക്കുമ്പോഴാണ് വായനക്കാരേ മധുരം കൂടുക)യില്ലെങ്കില്‍ കുടിക്കുക വലിയ പ്രയാസമാണല്ലോ. മധുരം കുറയും എന്ന വാക്കുകൊണ്ടാണ് സ്‌നേഹ നിധിയായ ഭാര്യ ഭര്‍ത്താവിന്ന് ഒരു പ്രഭാതത്തിലെ പ്രഥമ സമ്മാനമായ കട്ടന്‍ കാപ്പി നല്‍കുന്നതെങ്കിലും അതില്‍ ഭര്‍ത്താവിന്ന് മധുരം കണ്ടെത്താന്‍ കഴിയുന്നു. എന്തുകൊണ്ട്? അവളതു പറയുന്നത് പുഞ്ചിരിയുടെ മധുരം ചാലിച്ചതുകൊണ്ട്. അതിന്റെ പ്രതികരണം അതിനേക്കാള്‍ മധുരമുള്ള വാക്കുകൊണ്ട്. നീ തന്നാല്‍ മധുരമില്ലാത്ത കട്ടന്‍ കാപ്പിയെന്നല്ല വിഷവും കുടിക്കുമെന്ന്. ഇങ്ങനെ വാക്കുകളില്‍ മധുരം നിറക്കാന്‍ ശ്രമിച്ചാല്‍ ജീവിതത്തിന്റെ ഏതു മേഖലയിലും നമുക്ക് വിജയിക്കാം.
നീ ആദ്യമായി ഒരു പുഞ്ചിരി നല്‍കുക, പിന്നെ ഒരാജ്ഞയും എന്ന ആപ്ത വാക്യമുണ്ട്. അങ്ങനെയായാല്‍ അതു നടപ്പാക്കാന്‍, ആജ്ഞാപിക്കപ്പെട്ടവര്‍ക്ക് തടസ്സമുണ്ടാകില്ല. ഇതു മനസ്സില്‍ വെച്ചുകൊണ്ടു വേണം കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍. പുരുഷന്മാര്‍ ജീവിക്കുന്നത് സംഘര്‍ഷങ്ങളുടെ ലോകത്താണ് എന്ന ഒരു പൊതുധാരണ വെച്ചുകൊണ്ട് ഭര്‍ത്താവ് സമാധാനത്തിന്ന് ദാഹിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്നത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹത്തിന്ന് സമാധാനം നല്‍കാന്‍ തനിക്കെന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കുന്നവളാണ് നല്ല ഭാര്യ. വാടിയ മുഖവുമായി വരുന്ന ഭര്‍ത്താവ് ഭാര്യയോട് ഇങ്ങനെ പറയുന്നു എന്ന് സങ്കല്‍പിക്കുക. ‘ഇന്ന് വല്ലാതെ പ്രയാസമുള്ള ഒരു ദിവസം’.
അതിന്ന് ഭാര്യയുടെ പ്രതികരണം. ‘ നിങ്ങള്‍ക്കെന്നാ പ്രയാസമില്ലാത്തത്? ഞാന്‍ ആദ്യമായി കാണുന്ന ദിവസം മുതല്‍ ഇന്നുവരെ നിങ്ങള്‍ക്ക് ടെന്‍ഷനാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന്’.
ഈ പ്രതികരണം ഭര്‍ത്താവിന്റെ പ്രശ്‌നത്തിന്നു പരിഹാരവും അദ്ദേഹം അവളില്‍ നിന്ന് പ്രതീക്ഷിച്ചതിന്റെ സാക്ഷാല്‍ക്കാരവുമാവുകയില്ല. മാത്രമല്ല അവളോട് വെറുപ്പുണ്ടാക്കാന്‍ അത് കാരണമാവുകയും ചെയ്യും. ഇതിനു പകരം അവള്‍ക്കിങ്ങനെ തുടങ്ങാം.
‘ ഹോ അതിനൊക്കെ നമുക്ക് എളുപ്പത്തില്‍ പരിഹാരമുണ്ടാക്കാം. തല്‍ക്കാലം നല്ലതെന്തെങ്കിലുമൊന്ന് കഴിക്കാം. ചൂടുള്ളതോ വേണ്ടത്, തണുത്തതോ?
ഈ ചോദ്യം അയാളുടെ മനസ്സിനെ ഉത്തരത്തിലേക്കു തിരിക്കും. ചൂടുള്ളതോ തണുപ്പുള്ളതോ വേണ്ടത്? …തണുത്തത്. തണുത്തതാണെങ്കില്‍ ഏത്?
മറുപടിയായി ഭാര്യ പുഞ്ചിരിയോടെ അടുത്തുതന്നെ നില്‍ക്കുന്നുണ്ട്. ഉടനെ അവളുടെ നിര്‍ദ്ദേശം. ‘ബാത്ത്‌റൂമില്‍ പോയി ഒന്ന് ഫ്രഷായി വരൂ. അപ്പോഴേക്കും ഞാന്‍ കുടിക്കാന്‍ കൊണ്ടുവരാം’.
ഭര്‍ത്താവിന്ന് ആ നേരത്ത് കുടിക്കാന്‍ വേണ്ടത് എന്താണെന്ന് അവള്‍ക്കറിയാം. എന്നിട്ടും ഏതാണ് വേണ്ടത് എന്നു ചോദിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ച് അസ്വസ്ഥതക്ക് താല്‍ക്കാലിക വിരാമമിടാനാണ്.
അയാള്‍ മുഖവും കൈകാലുകളും കഴുകി വരുമ്പോഴേക്കും പാനീയവുമായി അവളെത്തും. അത് കൈയില്‍ കൊടുത്ത് അവള്‍ അടുക്കളയിലേക്ക് തിരിച്ചുപോകില്ല. അതു കുടിച്ചു തീരുവോളം അടുത്തിരിക്കും. പിന്നെ ഗ്ലാസ് തിരിച്ചുവാങ്ങി പൊതുതാല്‍പര്യമുള്ള ഏതെങ്കിലുമൊരു വിഷയമെടുത്തിടും. അങ്ങനെയാവുമ്പോള്‍ പത്തുമിനുട്ടിനകം അയാള്‍ സമാധാനത്തിന്റെ തുരുത്തിലേക്ക് നീങ്ങിയിരിക്കും.
നന്മ എന്നാല്‍ സല്‍സ്വഭാവമാണ് എന്ന് നമുക്ക് ഇത്തരം അവസരങ്ങളില്‍ ബോധ്യപ്പെടും. മധുരമുള്ള വാക്കിനെ കര്‍മങ്ങള്‍ കൊണ്ട് യാഥാര്‍ഥ്യമാക്കണം. അപ്പോഴേ സല്‍സ്വഭാവമാവുകയുള്ളൂ.
 

Related Articles