Current Date

Search
Close this search box.
Search
Close this search box.

ചിലതെല്ലാം മായ്ച്ചു കളയേണ്ടതാണ്

eraser3.jpg

വിവാഹം കഴിഞ്ഞ ഒരു യുവാവ് ആശീര്‍വാദം സ്വീകരിക്കുന്നതിനായി പിതാവിന്റെ അടുക്കലെത്തി. ഒരു കടലാസും പെന്‍സിലും എറേസറും (മായ്ക്കാനുള്ള റബര്‍) കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
മകന്‍: എന്തിനാണത്?
പിതാവ്: നീയത് കൊണ്ടു വന്നാല്‍ മതി.
യുവാവ് പോയി കടലാസും പെന്‍സിലും കൊണ്ടുവന്നു. എന്നാല്‍ എറേസര്‍ കൊണ്ടുവന്നിരുന്നില്ല.
പിതാവ്: പോയി ഒരു എറേസര്‍ കൂടി വാങ്ങി വരൂ…
മകന്‍ കടയില്‍ പോയി ഒരു എറേസര്‍ വാങ്ങി വന്നു. ഉപ്പയുടെ അടുത്ത് തന്നെ ഇരുന്നു.
പിതാവ്: നിനക്കിഷ്ടമുള്ളത് അതില്‍ എഴുതൂ…
അതുകേട്ട് യുവാവ് ഒരു വരി എഴുതി.
അപ്പോള്‍ പിതാവ് പറഞ്ഞു: അത് മായ്ക്കൂ…
അതവന്‍ മായ്ച്ചു കളഞ്ഞപ്പോള്‍ പിതാവ് വീണ്ടും എഴുതാന്‍ പറഞ്ഞു.
യുവാവ് ചോദിച്ചു: എന്താണ് നിങ്ങളുദ്ദേശിക്കുന്നത്?
പിതാവ്: നീ എഴുതൂ…
അവന്‍ എഴുതി കഴിഞ്ഞപ്പോള്‍ വീണ്ടും മായ്ക്കാനാണ് പിതാവ് പറഞ്ഞത്.
എഴുതലും മായ്ക്കലും പലതവണ ആവര്‍ത്തിച്ചു. അവസാനം അവന്റെ ചുമലില്‍ തട്ടിക്കൊണ്ട് ആ പിതാവ് പറഞ്ഞു: വിവാഹ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് എറേസര്‍.

ഭാര്യയുടെ ഭാഗത്തു നിന്നും അത്ര സന്തോഷകരമല്ലാത്ത സന്ദര്‍ഭങ്ങള്‍ ഭര്‍ത്താവിനും തിരിച്ചും ഉണ്ടാവും. അത്തരം സന്ദര്‍ഭങ്ങള്‍ മായ്ച്ചു കളയാനുള്ള എറേസര്‍ ഇല്ലാതിരിക്കുമ്പോള്‍ ദിവസങ്ങള്‍ കൊണ്ട് ദാമ്പത്യത്തിന്റെ ഏടുകള്‍ ഇരുണ്ടതായി മാറും.

പങ്കാളിയുടെ വീഴ്ച്ചകള്‍ തേടിപ്പിടിച്ചു നടക്കുന്നവരായി നിങ്ങളൊരിക്കലും മാറരുത്. വിട്ടുവീഴ്ച്ചയും തെറ്റുകളെ കണ്ടില്ലെന്നു നടിക്കുന്നതുമായിരിക്കണം ദമ്പതികളുടെ പ്രകൃതം. ”വിശ്വാസികളില്‍ ഏറ്റവും പൂര്‍ണമായി വിശ്വാസമുള്ളവന്‍ അവരിലെ ഏറ്റവും നല്ല സ്വഭാവത്തിനുടമയാണ്, നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവനും.” എന്ന പ്രവാചക വചനം എപ്പോഴും ഇരുവരുടെയും ആലോചനയിലുണ്ടാവണം.

എത്ര മനോഹരമാണ് പരസ്പരം പൊറുത്തു കൊടുക്കുന്നതും വിട്ടുവീഴ്ച്ച കാണിക്കുന്നതും. പരസ്പര അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുണ്ടായ പ്രശ്‌നങ്ങളെല്ലാം മറക്കാന്‍ ഇരുവര്‍ക്കും സാധിക്കുമ്പോള്‍ എത്ര നല്ല ദമ്പതികളായിരിക്കും അവര്‍. തന്നോട് ചെയ്ത തെറ്റുകള്‍ അവര്‍ പൊറുക്കുന്നു. പങ്കാളിയോടുള്ള സ്‌നേഹമല്ലാതെ മറ്റൊന്നും അവര്‍ മനസ്സില്‍ കൊണ്ടു നടക്കുന്നില്ല. ഏത് പ്രശ്‌നത്തേക്കാളും അവര്‍ക്കിടയിലെ ബന്ധത്തില്‍ മുഴച്ചു നില്‍ക്കുക സ്‌നേഹമായിരിക്കും. അപ്പോള്‍ വീട്ടില്‍ ശാന്തതയും സന്തോഷവും നിറയും.

ഉഥ്മാന്‍ ബിന്‍ സായിദ പറയുന്നു: ഇമാം അഹ്മദിനോട് ഞാന്‍ പറഞ്ഞു ”സൗഖ്യം പത്ത് ഭാഗങ്ങളാണ്, അതില്‍ ഒമ്പതും (അപരന്റെ വീഴ്ച്ചകള്‍) കണ്ടില്ലെന്ന് നടിക്കലിലാണ്.” അപ്പോള്‍ അദ്ദേഹം മറുപടി നല്‍കി: ”സൗഖ്യം പത്ത് ഭാഗങ്ങളാണ്, അത് മുഴുവനും (അപരന്റെ വീഴ്ച്ചകള്‍) കണ്ടില്ലെന്ന് നടിക്കലിലാണ്.”

വിവ: നസീഫ്‌

Related Articles