Current Date

Search
Close this search box.
Search
Close this search box.

കുടുംബ സുരക്ഷ വിശുദ്ധ ഖുര്‍ആനില്‍

couple6.jpg

സ്ത്രീയും പുരുഷനും നിയമപരമായി ഒന്നിച്ചു ജീവിക്കുന്ന കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. മനുഷ്യകുലത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനവും അത് തന്നെ. ഇണകള്‍ക്കിടയില്‍ സ്‌നേഹവും പ്രേമവും ഇണക്കവും കാരുണ്യവും യാഥാര്‍ഥ്യമാക്കുക എന്നതാണ് ഇസ്‌ലാം വിവാഹബന്ധം കൊണ്ടുദ്ദേശിക്കുന്നത്. പരസ്പര സഹകരണവും സഹവര്‍ത്തിത്വവും അതിലൂടെ ഉണ്ടാകുന്നു. വന്യമായ ഏകാന്തതക്ക് അറുതി വരുത്തി പ്രയാസങ്ങള്‍ക്കും അപകടങ്ങള്‍ക്കും നടുവിലും അവരിരുവര്‍ക്കും ആത്മവിശ്വാസവും സമാധാനവും മനശാന്തിയും ലഭിക്കുന്നു. ഇണകള്‍ക്ക് നിര്‍ഭയത്വവും സമാധാനവും ആശ്വാസവും ലഭിക്കുന്ന അഭയകേന്ദ്രമായിട്ടാണ് ഇസ്‌ലാം വിവാഹത്തെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു : ‘അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.’ (30 : 21)

അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് വിവാഹം. അതുകൊണ്ട് തന്നെ അത് നിലനിര്‍ത്തുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സംശത്തിന്റെയും ഊഹത്തിന്റെയും മേഘങ്ങളെല്ലാം ഇല്ലാതാക്കാനും നല്ല നിലയില്‍ ഇണകളോട് സഹവര്‍ത്തിക്കാനും ഇസ്‌ലാം ആവശ്യപ്പെടുന്നത് അതിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ‘നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മനകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം.’ (4 : 19) ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍ അദ്ദേഹത്തിന്റെ തഫ്‌സീറില്‍ പറയുന്നത് കാണുക : ‘അവരോട് നിങ്ങളുടെ വാക്കുകള്‍ നന്നാക്കുക, അവരോടുള്ള നിങ്ങളുടെ പെരുമാറ്റവും പ്രവൃത്തികളും കഴിവിന്‍രെ പരമാവധി നന്നാക്കുക.’ വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു : ‘ദ്രോഹിക്കുന്നതിനുവേണ്ടി അവരെ പിടിച്ചുവക്കരുത്. അത് അക്രമമായിരിക്കും. ആരെങ്കിലും അവ്വിധം പ്രവര്‍ത്തിച്ചാല്‍ അവന്‍ തന്നോടുതന്നെയാണ് അധര്‍മം പ്രവര്‍ത്തിച്ചത്.’ (2 : 231) ഭാര്യയെ ദ്രോഹിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി തന്നെ പറയുകയാണ് ഈ സൂക്തം ചെയ്യുന്നത്. നബി(സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു : ‘ഭാര്യയോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍. എന്റെ ഭാര്യയോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനാണ് ഞാന്‍.’ (ഇബ്‌നുമാജ) ഇണകളോട് രൂപത്തില്‍ പെരുമാറേണ്ടതിന്റെ പ്രാധാന്യമാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അവളുടെ നന്മകള്‍ എടുത്തു പറയാനും അവയെ അവഗണിക്കാതിരിക്കാനും നബി(സ) വിശ്വാസികളെ പ്രത്യേകം പ്രേരിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ റിപോര്‍ട്ട് ചെയ്യുന്നു, പ്രവാചകന്‍(സ) പറഞ്ഞു : ”വിശ്വാസിയായ ഒരു പുരുഷന്‍ വിശ്വാസിനിയായ സ്ത്രീയോട് വെറുപ്പു കാണിക്കരുത്. അവളില്‍നിന്നു ഒരു സ്വഭാവത്തെ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവം ഇഷ്ടപ്പെടുന്നതായിരിക്കും.’ (മുസ്‌ലിം)

ഇണകളില്‍ അവരുടെ സൃഷ്ടിപരമായ പ്രകൃതിക്ക് ഇണങ്ങുന്ന അവകാശങ്ങളും ബാധ്യതകളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. പുരുഷന് സ്ത്രീയില്‍ നിന്ന് അവകാശങ്ങളുള്ളത് പോലെ സ്ത്രീക്കും പുരുഷനില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ നിശ്ചയിച്ചു. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു : ‘സ്ത്രീകള്‍ക്ക് ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരുടെ മേല്‍ അവകാശമുള്ളതുപോലെത്തന്നെ.’ (2 : 228) എല്ലാവരും തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സ്‌നേഹം, കാരുണ്യം, ദയ, പ്രശംസ, കൂടിയാലോചന, സഹകരണം, പ്രോത്സാഹനം, പരസ്പരം കരുത്ത് പകരല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിവാഹം നിലനില്‍ക്കുന്നതിന് അനിവാര്യമായ കാര്യങ്ങളാണ്. ഇരുപക്ഷത്തിനും വീഴ്ച്ചകള്‍ സഹിക്കാനും ക്ഷമിക്കാനും ന്യൂനതകളില്‍ പഴിചാരാതെയിരിക്കാനും സാധിക്കുമ്പോഴാണ് ശക്തമായ ബന്ധം നിലവില്‍ വരിക.

കുടുംബത്തിന്റെ സുസ്ഥിരതക്ക് വേണ്ടി മാത്രമാണ് അതിന്റെ നായകസ്ഥാനം പുരുഷന് നിശ്ചയിച്ചിരിക്കുന്നത്. ‘പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്.’ (4 : 34) പുരുഷന്‍ വഹിക്കുന്ന വലിയ ഉത്തരവാദിത്വമാണിത്. കുടുംബമെന്ന സംവിധാനത്തെ നയിക്കുന്നതിനും നേര്‍വഴിയില്‍ നയിക്കുന്നതിനും ഒരു നേതൃത്വം അനിവാര്യമാണ്. പുരുഷനെ പോലെ സ്ത്രീക്കും പിന്‍പറ്റാനുള്ള ഒരു മാതൃക ആവശ്യമാണ്. ഭാര്യയെ സംബന്ധിച്ച് ഭര്‍ത്താവ് മികച്ച ഒരു മാതൃകയാണ്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളില്‍ അനേകം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നവള്‍ക്ക് പഠിക്കാനുണ്ട്.

ദമ്പതികള്‍ക്ക് ഒരുമിച്ചുള്ള ജീവിതം ഒരു നിലക്കും മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്ത അനിവാര്യ സാഹചര്യത്തില്‍ മാത്രമാണ് ഇസ്‌ലാം വിവാഹമോചനം അനുവദിക്കുന്നത്. വിവാഹം ബന്ധം നിലനിര്‍ത്തുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്. ഇബ്‌നു ഉമര്‍(റ) പ്രവാചകന്‍(സ)ല്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്നു : ‘അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു.’ (അബൂദാവൂദ്, ഇബ്‌നുമാജ) മറ്റു മരുന്നുകളൊന്നും ലഭിക്കാത്ത അവസ്ഥയില്‍ രോഗിക്ക് നല്‍കുന്ന കയ്‌പ്പേറിയ മരുന്നിന് സമാനമായ ഒന്നാണ് വിവാഹമോചനം. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രമാണ് അതനുവദിക്കപ്പെട്ടിരിക്കുന്നത്.

വിവ : നസീഫ്‌

Related Articles