Current Date

Search
Close this search box.
Search
Close this search box.

കുടുംബാസൂത്രണം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍

family-planng.jpg

ഛത്തിസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്ത്രീകള്‍ക്കുള്ള വന്ധ്യംകരണ ക്യാമ്പില്‍ ശാസ്ത്രക്രിയക്കു വിധേയരായ 8 സ്ത്രീകള്‍ മരിക്കുകയും 15 സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബാസൂത്രണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പില്‍ 83 സ്ത്രീകളാണ് വന്ധ്യംകരണ ശാസ്ത്രക്രിയക്ക് വിധേയരായത്.  രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയെ നിയന്ത്രിക്കാനുള്ള ഇത്തരം ക്യാമ്പുകളുണ്ടാക്കുന്ന  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച ബോധമില്ലായ്മയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകളെയും വ്യക്തികളെയും പ്രേരിപ്പിക്കുന്നത്.

കുടുംബാസൂത്രണ നടപടികള്‍ രാജ്യത്തിന്റെയും പൗരന്മാരുടെയും ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായാണ് വിലയിരുത്തപ്പെടാറുള്ളത്. സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും ഇത്തരം സംരംഭങ്ങളെയും നടപടികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപരീത ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഇതിനെക്കുറിച്ച പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇന്ന് ലോകത്തെ പല രാഷ്ട്രങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിലും ഇന്ത്യയിലും തന്നെയാണ് ഇത് ഏറ്റവും രൂക്ഷമായി  അനുഭവപ്പെടുന്നത്.

കുടുംബാസൂത്രണ നടപടികളിലൂടെ ഉണ്ടായിത്തീരുന്ന ജനസംഖ്യയിലെ ലിംഗ അസന്തുലിതാവസ്ഥയുടെ കണക്കുകള്‍ മാത്രം വിലയിരുത്തിയാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുന്നതാണ്. 2011 ലെ സെന്‍സസ് പ്രകാരം ആറു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്ന തോതിലാണ്് ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാദം. 2001 ലെ സെന്‍സസ് പ്രകാരം ഇത് 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലായിരുന്നു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ലിംഗ അസന്തുലിതാവസ്ഥയാണ് 2011 ലേത്. ഓരോ വര്‍ഷവും ഇത് വര്‍ധിക്കുന്നുവെന്ന് സാരം.  

ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗ അസന്തുലിതാവസ്ഥ  നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലുള്ള രാജ്യമാണ് ചൈന. 2012 ലെ കണക്കു പ്രകാരം 1170 ആണ്‍കുട്ടികള്‍ക്ക് 1000 പെണ്‍കുട്ടികള്‍ എന്ന ജനസംഖ്യാനുപാതികമാണ് ചൈനയിലേത്. ചൈനയില്‍ ‘ഒരു കുട്ടി’ എന്ന നയം നടപ്പാക്കിയതിന്റെ ദുരന്തമാണിത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയ ചൈനീസ് ഭരണകൂടം നിയമത്തില്‍ ചില ഇളവുകള്‍ വരുത്താന്‍ തയ്യാറായിട്ടുണ്ട്.

ആണ്‍കുട്ടികളുടെ എണ്ണം കൂടുകയും പെണ്‍കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്ന പ്രവണത ഓരോ വര്‍ഷവും  വര്‍ധിക്കുകയാണ്. ഇതുമൂലം അനവധി പുരുഷന്മാര്‍ സമൂഹത്തില്‍ ഇണകളെ ലഭിക്കാത്തതു മൂലം അവിവാഹിതരായി കഴിയേണ്ടി വരുന്നു. 2020 ആകുമ്പോള്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലുള്ള 15 മുതല്‍ 20 ശതമാനം വരെ പുരുഷന്മാര്‍ക്ക് ജീവിതപങ്കാളികളെ ലഭിക്കില്ലെന്നും, 2020 ആകുമ്പോള്‍ ചൈനയില്‍ 40 മില്യണ്‍ ആളുകള്‍ അവിവാഹിതരായി കഴിയേണ്ടി വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുവാക്കള്‍ ജീവിത പങ്കാളിയെ ലഭിക്കാത്തതു മൂലം സമൂഹത്തില്‍ ഒറ്റപ്പെടുകയും കുടുംബപ്രതിബദ്ധത ഇല്ലാതാവുകയും ചെയ്യും. ഇത് സമൂഹത്തില്‍ തെറ്റായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുകയും അക്രമങ്ങള്‍ക്കും അരാജകത്വത്തിനും കാരണമായിത്തീരുകയും ചെയ്യും.

ഇതിന്റെ ഫലമായി സമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷ മുഖ്യ പ്രശ്‌നമായി മാറും.  ബഹുഭര്‍തൃത്വം(ഒരു സ്ത്രീയെ പല പുരുഷന്മാര്‍ പങ്കിട്ടെടുക്കുന്ന രീതി) സമൂഹത്തില്‍ വ്യാപകമാകും. മനുഷ്യക്കടത്തും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും അധികരിക്കും. വേശ്യാവൃത്തിയും ലൈംഗിക വ്യാപാരവും സമൂഹത്തില്‍ മ്ലേച്ഛമായ അവസ്ഥ സംജാതമാക്കും. ഉത്തരകൊറിയ ചൈനയുമായി പങ്കിടുന്ന വടക്കന്‍ അതിര്‍ത്തിയിലൂടെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉല്‍പന്നം സ്ത്രീകളാണ് എന്ന റിപ്പോര്‍ട്ടുകള്‍ ഇത്തരം ദുരന്തങ്ങളുടെ അനുഭവ സാക്ഷ്യങ്ങളാണ്. ചൈനയുടെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിക്കൊണ്ടു പോകലുകളും മ്ലേച്ഛ വൃത്തികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

പ്രപഞ്ച സ്രഷ്ടാവ് നിര്‍ണ്ണയിച്ചു വെച്ച വ്യവസ്ഥകളുടെ മേലുള്ള കയ്യേറ്റം എന്നും സമൂഹത്തില്‍ ദുരന്തങ്ങളാണ് സൃഷ്ടിച്ചത്. ചില കാര്യങ്ങള്‍ മനുഷ്യ ബുദ്ധിക്ക് നന്മയായി തോന്നുമെങ്കിലും അവയുടെ പരിണതിയും ദുരന്തകരം തന്നെയാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. കുടുംബാസൂത്രണ വിഷയത്തില്‍ സംഭവിച്ചതും, സംഭവിക്കാന്‍ പോകുന്നതും മറ്റൊന്നല്ല. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. അല്ലാഹു പറയുന്നു: ‘മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു, ജനം സ്വകര്‍മങ്ങളില്‍ ചിലതിന്റെ രുചിയറിയേണ്ടതിന്. അവര്‍ മടങ്ങിയെങ്കിലോ'(വി.ഖു: 30-41)  ദൈവവ്യവസ്ഥയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകളിലേക്കും അതുമൂലം ഉണ്ടായിത്തീരുന്ന ദുരന്തകരമായ പരിണതികളിലേക്കും ഈ സൂക്തം വിരല്‍ ചൂണ്ടുന്നു. വന്ധ്യംകരണം പോലെ മനുഷ്യ ജന്മം തടയുന്ന പ്രവൃത്തികളെയും ഖുര്‍ആന്‍ വിലക്കുന്നുണ്ട്. ‘സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.’ (വി.ഖു: 17-31) ഇന്ന് കുടുംബാസൂത്രണമെന്ന പേരില്‍ നടത്തുന്ന മനുഷ്യജന്മം തടയുന്ന പ്രവൃത്തികള്‍ മഹാപാപമാണെന്നതിലേക്ക് ഈ സൂക്തം വിരല്‍ ചൂണ്ടുന്നു.

മനുഷ്യനിര്‍മ്മിത പ്രസ്ഥാനങ്ങളും, നിയമങ്ങളും, ഭരണകൂടങ്ങളുമെല്ലാം എന്നും ദുരന്തങ്ങളാണ് ലോകത്തിന് സമ്മാനിച്ചത്. ലോകചരിത്രം ഇക്കാര്യം നമ്മോട് വിളിച്ചു പറയുന്നുണ്ട്. ദൈവവ്യവസ്ഥയെ വെല്ലുവിളിച്ച് സുന്ദരലോകം സൃഷ്ടിക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെടുകയും ലോകത്ത് പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്ത കമ്മ്യൂണിസത്തിന്റെ തകര്‍ച്ച ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇത്തരത്തിലുള്ള മറ്റു വ്യവസ്ഥകളും ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ എന്നും അജയ്യമായി നില കൊള്ളുകയും കാലഭേദമില്ലാതെ പ്രായോഗിക മാതൃക സൃഷ്ടിക്കുകയും ചെയ്ത വിശുദ്ധ ഖുര്‍ആനെന്ന ദൈവിക ഗ്രന്ഥം മാത്രമാണ് ഇതിന്ന് അപവാദം. കുടുംബാസൂത്രണ നിയമങ്ങളും അവയുടെ പരിണതികളും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

Related Articles