Current Date

Search
Close this search box.
Search
Close this search box.

കുടുംബബന്ധം ചേര്‍ക്കാന്‍ 13 വഴികള്‍

familycha.jpg

ഒരിക്കല്‍ ഉച്ചസമയത്ത് ടാക്‌സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പ്രായം ചെന്ന മദീനക്കാരനായ അതിന്റെ ഡ്രൈവറോട് ഏസി പ്രവര്‍ത്തിപ്പിക്കാന്‍ ഞാനാവശ്യപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഓ, നിങ്ങള്‍ ഏസിയുടെ തലമുറയാണല്ലേ. നല്ല ചൂടാണല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി: ചൂടുള്ള അന്തരീക്ഷം ഞങ്ങള്‍ ശീലിച്ചിട്ടുള്ളതാണ്. മരങ്ങളുടെ തണലായിരുന്നു ഞങ്ങള്‍ക്ക് അഭയം. ചെറുപ്പത്തില്‍ സൂര്യന്റെ ചൂടേറ്റ് ശരീരം വിയര്‍ത്തു കുളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയായിരുന്നാലും കാല്‍നടയായിട്ടോ ഒട്ടകപ്പുറത്തേറിയോ ദൂരങ്ങള്‍ താണ്ടി ബന്ധുക്കളെ സന്ദര്‍ശിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങള്‍. സംസാരം ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു: എന്നാല്‍ ഇന്ന് ആളുകള്‍ ഫോണുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കുടുംബബന്ധങ്ങള്‍ അവര്‍ക്കിടയില്‍ മുറിഞ്ഞിരിക്കുന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: എന്റെ ഈ ആരോഗ്യവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ അനുഭവിക്കുന്ന വിഭവങ്ങളും കുടുംബബന്ധം ചേര്‍ത്തതിന്റെ ഫലമാണെന്ന് നിങ്ങള്‍ക്കറിയുമോ? ”വല്ലവനും ജീവിത വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ” എന്നാണല്ലോ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ഫോണുകളുടെ അതിപ്രസരത്തില്‍ നമ്മുടെ മക്കള്‍ക്ക് കൈമോശം വന്നിരിക്കുന്ന ഒരു ഗുണമാണിത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ടെലിഫോണ്‍ സംഭാഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്കിടയിലുള്ള നേരിട്ടുള്ള സന്ദര്‍ശനം കുറഞ്ഞിരിക്കുന്നു.

എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ കുടുംബബന്ധത്തെയും വിശുദ്ധ റമദാന്‍ മാസത്തില്‍ അതിനുള്ള സവിശേഷ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. മൂല്യങ്ങളെ മുറുകെ പിടിക്കുന്നതില്‍ പഴയ തലമുറക്കും പുതിയ തലമുറക്കുമിടയിലുള്ള അദ്ദേഹത്തിന്റെ താരതമ്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. വളരെ പ്രസക്തിയുള്ള വിഷയമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കുടുംബ ബന്ധം ചേര്‍ക്കാനുള്ള വഴികളെ കുറിച്ച് ഞാന്‍ ആലോചിച്ചപ്പോള്‍ എന്റെ ചിന്തയില്‍ വന്ന 13 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അവരെ സന്ദര്‍ശിക്കുക, സുഖവിവരങ്ങള്‍ അന്വേഷിക്കുക, അവരുമായി ബന്ധപ്പെടുക, അവര്‍ പ്രയാസമനുഭവിക്കുന്നുവെങ്കില്‍ സഹായിക്കുക, അവരിലെ പ്രായമായവരെ ആദരിക്കുകയും കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക, അവരുടെ സാമൂഹിസ്ഥാനം വകവെച്ചു കൊടുക്കുക, അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുക, അവര്‍ക്കിടയിലെ രോഗികളെ സന്ദര്‍ശിക്കുക, ആരെങ്കിലും മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക, അവരുടെ ക്ഷണങ്ങള്‍ സ്വീകരിക്കുക, ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കുക, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നിവയാണവ.

ഐശ്ചികമായ ദാനധര്‍മങ്ങളേക്കാളും നമസ്‌കാരങ്ങളേക്കാളും ദിക്‌റുകളേക്കാളുമെല്ലാം പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് കുടുംബബന്ധം ചേര്‍ക്കല്‍. കാരണം നിര്‍ബന്ധ ബാധ്യതയാണത്. മാത്രമല്ല, അതില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുള്ളത്. അത്തരക്കാര്‍ക്ക് സ്വര്‍ഗം നഷ്ടമാകുമെന്നതിനൊപ്പം ഐഹികമായ ശിക്ഷകളും അവരനുഭവിക്കേണ്ടി വരുമെന്നാണ് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നബി(സ) പറഞ്ഞു: ”കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” മറ്റൊരു ഹദീസ് ഇങ്ങനെയാണ്: ”അക്രമത്തെക്കാളും കുടുംബബന്ധം മുറിക്കുന്നതിനേക്കാളും പരലോകത്തെ ശിക്ഷക്കൊപ്പം ഇഹലോകത്തും വേഗത്തിലുള്ള ശിക്ഷക്ക് അര്‍ഹരാക്കുന്ന മറ്റൊരു തിന്മയുമില്ല.” കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ അഞ്ച് തരക്കാരാണ്: ഒന്ന്, തന്നോട് മോശമായി പെരുമാറുന്നവരോടും കുടുംബബന്ധം ചേര്‍ക്കുന്നവന്‍. ഏറ്റവും ശ്രേഷ്ഠമായതാണിത്. രണ്ട്, ബന്ധം മുറിച്ചവരോട് ബന്ധം ചേര്‍ക്കുന്നവര്‍. ഒന്നാമത്തെ വിഭാഗത്തെ പോലെ ഉയര്‍ന്ന സ്ഥാനമാണിത്. മൂന്ന്, തന്നോട് ബന്ധം ചേര്‍ക്കുന്നവനോട് ബന്ധം ചേര്‍ക്കുകയും മുറിച്ചവരോട് ബന്ധം മുറിക്കുകയും ചെയ്യുന്നവര്‍. നാല്, തന്നോട് ബന്ധം ചേര്‍ക്കുന്നവരോട് ബന്ധം മുറിക്കുന്നവര്‍. അഞ്ച്, തനിക്ക് നന്മ ചെയ്യുന്നവരോടുള്ള ബന്ധം മുറിക്കുകയും അവരെ ദ്രോഹിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നവര്‍. കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശക്കാരാണ് അവര്‍.

പ്രവാചകന്‍ തിരുമേനി കുടുംബബന്ധം ചേര്‍ക്കുകയും ബന്ധുക്കളെ വിളിച്ചു ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഗുണകാംക്ഷ കാണിക്കുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിതൃവ്യ പുത്രനായ ഇബ്‌നു അബ്ബാസിന് ദീനില്‍ അവഗാഹമുണ്ടാവാന്‍ പ്രാര്‍ഥിച്ചതും, അമ്മാവനായിരുന്ന സഅ്ദിനെയും പിതൃവ്യപുത്രനായ സുബൈറിനെയും പ്രശംസിച്ചതും പ്രവാചക ജീവിതത്തില്‍ നമുക്ക് കാണാം. ബന്ധുക്കളാരെങ്കിലും രോഗിയായാല്‍ അവരുടെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ഥിക്കലും പ്രവാചകചര്യയായിരുന്നു. ആദ്യമായി വഹ്‌യ് ലഭിച്ച് പരിഭ്രാന്തിയോടെ വീട്ടിലെത്തിയ തിരുമേനിയെ ആശ്വസിപ്പിച്ചു കൊണ്ട് പ്രിയ പത്‌നി ഖദീജ(റ) പറഞ്ഞത് ”അങ്ങ് പ്രയാസപ്പെടേണ്ട.. നിങ്ങള്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണ്” എന്നായിരുന്നു.

ആ ഡ്രൈവര്‍ പറഞ്ഞത് എത്ര വലിയ സത്യമാണ്. ഫോണിലൂടെയുള്ള ബന്ധപ്പെടലുകള്‍ വര്‍ധിച്ചപ്പോള്‍ ബന്ധം ചേര്‍ക്കല്‍ ചുരുങ്ങിയിരിക്കുന്നു. സവിശേഷ സന്ദര്‍ഭങ്ങളിലും ആഘോഷങ്ങളിലും കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് സാമൂഹിക സഹകരണം ശക്തിപ്പെടുത്തുകയും കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് ചെറിയ കുട്ടികള്‍ക്ക് ധാരണയുണ്ടാക്കുന്നതിന് സഹായകമാവുകയും ചെയ്യും.

വിവ: നസീഫ്‌

Related Articles