Current Date

Search
Close this search box.
Search
Close this search box.

കാരുണ്യത്തിന്റെ വറ്റാത്ത കടലുകളാവുക

rahma.jpg

ഇശാ നമസ്‌ക്കാരത്തില്‍ നിന്നു വിരമിച്ചപ്പോഴാണ് ഞാനവനെക്കാണുന്നത്. ഏറെ സ്‌നേഹത്തോടെ വന്നെന്നെ കെട്ടിപ്പിടിച്ച അവന്റെ കണ്ണില്‍ ദുഖം തളം കെട്ടിയതായി ഞാന്‍ ശ്രദ്ധിച്ചു. അവന്റെയുള്ളില്‍ നീറിപ്പുകയുന്ന കാര്യം എന്നോട് പറയാനുദ്ദേശിച്ചാണ് എന്നെ സമീപിച്ചത്.  ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അവന്‍ സ്വയം പരിചയപ്പെടുത്തി. മുഖത്ത് ക്ഷീണം പ്രകടമെങ്കിലും നല്ല കഴിവും നൈപുണ്യവും അവനുണ്ടെന്ന് മനസിലായി. പിതാവിന്റെ പ്രതിഛായക്ക് കോട്ടം തട്ടരുതെന്ന് നിര്‍ബന്ധമുള്ള അവന് പിതാവിന്റെ പേര് പറയാതെ കാര്യത്തിലേക്ക് കടന്നു. ‘ആഴ്ചകള്‍ക്കു മുന്‍പ് പിതാവ് എന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് ‘ ഇടറിയ വാക്കുകളില്‍ അവന്‍ പറഞ്ഞൊപ്പിച്ചു. കാരണമാരാഞ്ഞപ്പോള്‍ അവന്‍ സംഗതി വിശദമാക്കി. ‘എന്റെ പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും വച്ചുകൊണ്ടു തന്നെ പറയട്ടെ വളരെ പരുക്കനായ സ്വഭാവത്തിനുടമയാണദ്ദേഹം. സ്‌നേഹത്തിന്റെ ഭാഷ അദ്ദേഹത്തിന് അന്യമാണ്. യാതൊരു കരുണയും കൂടാതെ മക്കളെ തല്ലാനും ബന്ധനസ്ഥരാക്കാനും മക്കളുടെ മുന്നിലിട്ട് എന്റെ ഉമ്മയെ തല്ലാനും അദ്ദേഹത്തിന് മടിയില്ല. ഞാനും ഉമ്മയും സഹോദരങ്ങളും അതിരറ്റ് സ്‌നേഹിക്കുന്നുണ്ടങ്കിലും അദ്ദേഹം ആ സ്‌നേഹത്തിന് യാതൊരു വിലയും കല്‍പിക്കാറില്ല. ഇപ്പോഴിതാ അന്യായമായി എന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. എന്നെ അദ്ദേഹത്തിന്റെ മുന്നില്‍ കാണരുതെന്നും അഥവാ കാണുകയോ വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയോ ചെയ്താല്‍, ഉമ്മയെ ത്വലാഖ് ചൊല്ലുമെന്നും മറ്റു സഹോദരന്‍മാരെയും കൂടി പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

ഞാനേറെ സ്‌നേഹിക്കുന്ന സ്വന്തം ഉമ്മയെ രഹസ്യമായി ഒന്നു കാണാന്‍ പോലും എനിക്കാവുന്നില്ല. ഞാനെന്തു ചെയ്യണം ? ‘ ഒരു ദീര്‍ഘമായ നെടുവീര്‍പ്പോടെ അവന്‍ പറഞ്ഞു നിര്‍ത്തി. ഇപ്പോഴത്തെ കാര്യങ്ങള്‍  എങ്ങിനെ കഴിയുന്നു എന്നു ചോദിച്ചപ്പോള്‍ അവന്‍ വീണ്ടും വാചാലനായി. ‘ആദ്യ ദിനങ്ങളില്‍ ചില സ്‌നേഹിതന്‍മാരുടെ വീട്ടില്‍ കഴിഞ്ഞെങ്കിലും അവര്‍ക്കൊരു ഭാരമാവാതിരിക്കാന്‍ സ്ഥലം മാറി. രണ്ടു ദിവസം ഞാന്‍ ഒരു കെട്ടിടത്തിന്റെ കോണിയില്‍  കിടന്നിരുന്നു. കൊടും തണുപ്പുള്ള ആ ദിവസങ്ങളില്‍ ഒരു പുതപ്പ് പോലുമില്ലാതെ കിടക്കേണ്ടി വന്നു. ആ രണ്ടു ദിവസവും ഞാന്‍ പിതാവിനെ വിളിച്ച് തിരികെ വീട്ടില്‍ കയറ്റണമെന്ന് കെഞ്ചിയെങ്കിലും അദ്ദേഹത്തിന്റെ മനസ് ഇത്തിരി പോലും അലിഞ്ഞില്ല. മദ്ധ്യസ്ഥരെ വച്ച് കാര്യങ്ങള്‍ പരിഹരിക്കാമെന്ന നിര്‍ദേശവും അദ്ദേഹം ചെവികൊണ്ടില്ല. മദ്ധ്യസ്ഥനെ വച്ചാല്‍ കുടുംബരഹസ്യങ്ങള്‍ പുറത്താവുമത്രെ ! ‘ കണ്ണ് നനയിക്കുന്ന വിധത്തിലുള്ള വിവരണം കേട്ട് ഞാനെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.

നമുക്കിടയിലുമുണ്ട് ഇത്തരം കഠിനഹൃദയരായ പിതാക്കളും, സ്‌നേഹം തിരികെ കിട്ടാത്ത മക്കളും ഭാര്യമാരും.  അത്തരം  പിതാക്കളോടെനിക്ക് പറയാനുള്ളത് ഇതാണ്. സ്വന്തം ഭാര്യയെയും മക്കളെയും കഠിനമായി അക്രമിക്കുകയും, വീട്ടിലെ രഹസ്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ അത് മറച്ചു വെക്കുകയും ചെയ്യുകയെന്നത് എവിടത്തെ ന്യായാമാണ്. നിങ്ങള്‍ക്ക് സൃഷ്ടികളുടെ മുന്നില്‍ നിന്ന് മച്ചുവെക്കാന്‍ സാധിച്ചേക്കും. പക്ഷെ എല്ലാം കാണുന്ന ദൈവത്തില്‍ നിന്നും എല്ലാം കുറിച്ചുവെക്കുന്ന മലക്കുകളില്‍ നിന്നും കാര്യങ്ങള്‍ എങ്ങിനെ മറച്ചുവെക്കും? സ്വന്തം ഭാര്യയോടും മക്കളോടും ഇത്തരത്തില്‍ പെരുമാറുന്നവരുണ്ട് എന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്.  കാരുണ്യം എന്ന മഹത്തായ വികാരം എടുത്തുകളയപ്പെട്ട മനസിനുടമകളോ ഇത്തരക്കാര്‍. സ്വന്തം ഭാര്യയോടും മക്കളോടും മയത്തില്‍ പെരുമാറണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ച മതത്തിന്റെ അനുയായികളില്‍ നിന്നും ഇത്തരം ചെയ്തികള്‍ നമുക്ക് പ്രതീക്ഷിക്കാമോ? മോശം വക്കുകളാല്‍ അഭിസംബോധന ചെയ്യുക വഴി മക്കളിലും ഭാര്യയിലും വെറുപ്പിന്റെ വിത്തുകള്‍ പാകാന്‍ കഠിന ഹൃദയര്‍ക്കല്ലാതെ സാധിക്കില്ല.

പ്രിയ സഹോദരങ്ങളെ, മക്കളോടും ഭാര്യയോടും ഏറ്റവും അടുത്തവരോടും ഇടപെടുന്നിടത്ത് നമ്മുടെ നിലപാടെന്താണ് ?  പ്രവാചകന്റെ കാരുണ്യവുമായി തട്ടിക്കുമ്പോള്‍ നമ്മള്‍ എത്ര പിറകിലാണെന്ന് നമ്മള്‍ ചിന്തിച്ചട്ടുണ്ടോ ?  മക്കളെ ചുംബിക്കുന്ന പ്രവാചകനെക്കണ്ട ഒരാള്‍ ആശ്ചര്യത്തോടെ ചോദിച്ചുവത്രെ ‘അങ്ങ് മക്കളെ ചുംബിക്കുകയോ? നമ്മള്‍ അത് ചെയ്യാറില്ലല്ലോ? അപ്പോള്‍ പ്രവാചകന്‍ പറഞ്ഞത് ‘അല്ലാഹു നിങ്ങളില്‍ നിന്നും കാരുണ്യം എടുത്തു കളഞ്ഞതിന് ഞാനെന്തു ചെയ്യാനാണ്’ എന്നായിരുന്നു.  മറ്റൊരു നബി വചനം ശ്രദ്ധിക്കുക. ‘നിങ്ങളില്‍ കാരുണ്യം കാണിക്കുന്നവരോട് പരമകാരുണികനായ ദൈവവും കാരുണ്യം കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’. നിങ്ങള്‍ അങ്ങേയറ്റം സ്‌നേഹിക്കുകയും  ആദരിക്കുകയും ചെയ്യുന്നവര്‍ നിങ്ങളോട് പരുഷമായി പെരുമാറിയാല്‍ നിങ്ങളുടെ പ്രതികരണമെന്തായിരിക്കും? അത്തരം പ്രതികരണം എന്തായാലും മനസിനൊരു ആഘാതമാവുമെന്നത് തീര്‍ച്ച.  മറ്റുള്ളവരില്‍ നിന്നും നമ്മള്‍ കൊതിക്കുന്ന പ്രതികരണം കിട്ടണമെങ്കില്‍   എന്നും കാരുണ്യത്തിന്റെ വറ്റാത്ത കടലുകളാവുക. എങ്കില്‍ ദൈവകാരുണ്യം നമ്മില്‍ നമ്മില്‍ വര്‍ഷിക്കപ്പെടും. കാരുണ്യം എന്ന വികാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് കുടുംബന്ധത്തിന്റെ കെട്ടുറപ്പ്. കാരുണ്യം കൂടുംതോറും ബന്ധം ശക്തിപ്പെടുകയും കാരുണ്യം കുറയുംതോറും ബന്ധത്തില്‍ വിള്ളലുകലള്‍ വീഴുകയും ചെയ്യുന്നു. അതിനാല്‍ കാരുണ്യത്തിന്റെ ഭാഷ സ്വായത്തമാക്കുക. കാഠിന്യത്തെ മനസില്‍ നിന്നും കുടിയിറക്കുക. കുടുംബ ബന്ധങ്ങള്‍ ശോഭനമാവട്ടെ.

വിവ : ഇസ്മാഈല് അഫാഫ്

Related Articles