Current Date

Search
Close this search box.
Search
Close this search box.

ഏകപക്ഷീയമായ സ്‌നേഹം ദാമ്പത്യത്തെ നിലനിര്‍ത്തുമോ?

love8978.jpg

ദമാമില്‍ വെച്ച് സ്‌നേഹിക്കുന്നതിനെ കുറിച്ച് ക്ലാസ്സെടുക്കുന്നതിനിടെ സദസ്സില്‍ നിന്നും ഒരു സ്ത്രീ എന്നോട് ചോദിച്ചു: മനുഷ്യനെ സംബന്ധിച്ചടത്തോളം സ്‌നേഹം അനിവാര്യമാണെന്നും അതില്ലാതെ ജീവിതം അസാധ്യമാണെന്നും താങ്കള്‍ പറഞ്ഞു. ദമ്പതികളില്‍ ഒരാളുടെ സ്‌നേഹം കൊണ്ട് മാത്രം ദാമ്പത്യം തുടരാമെന്നും പിന്നീട് നിങ്ങള്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഇതില്‍ വൈരുദ്ധ്യമില്ലേ? പിന്നീട് സദസ്സിലെ പുരുഷന്‍മാരില്‍ ഒരാള്‍ മറ്റൊരു ചോദ്യം ചോദിച്ചു: ഞാന്‍ എന്റെ ഭാര്യയെ അതിയായി സ്‌നേഹിക്കുന്നു. വാക്കുകള്‍ കൊണ്ട് അത് പ്രകടിപ്പിക്കല്‍ സ്ത്രീകളെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. വൈകാരികമായ വാക്കുകളിലൂടെ അത് പ്രകടിപ്പിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇതിനെന്താണ് പരിഹാരം?

ചോദ്യങ്ങളുടെ ആധിക്യം കാരണം ആ പരിപാടിയില്‍ വളരെ ചുരുക്കിയാണ് ആ രണ്ട് ചോദ്യത്തിനും മറുപടി നല്‍കിയത്. ഇവിടെ ലേഖനത്തിലൂടെ അല്‍പം കൂടി അത് വിശദമായി പറയാനാണുദ്ദേശിക്കുന്നത്. ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടി: ഓരോ മനുഷ്യനും ജനനം മുതല്‍ മരണം വരെ ആവശ്യമുള്ളതാണ് സ്‌നേഹം. സ്‌നേഹത്തിന്റെ അഭാവത്തില്‍ ജീവിക്കുന്നവന്റെ ജീവിതം ഇരുട്ടു നിറഞ്ഞതും ദുഖകരവുമായിരിക്കും. അതുകൊണ്ടാണ് സ്‌നേഹിക്കുന്നവരെ നഷ്ടമാകുമ്പോള്‍ മനുഷ്യന്‍ സ്‌നേഹത്തിന്റെ മറ്റുവഴികള്‍ തേടുന്നത്. മനസ്സിന് ആശ്വാസം കിട്ടാന്‍ അവന്‍ ഹോബികളോ സ്‌നേഹം പങ്കുവെക്കാനുള്ള സുഹൃത്തുക്കളെയോ കണ്ടെത്തുന്നു. സ്‌നേഹമില്ലെങ്കില്‍ മനുഷ്യന്‍ ആത്മാവില്ലാത്ത ശരീരം പോലെയാണ്. ഏറ്റവും ആത്മാര്‍ഥവും സത്യസന്ധവുമായ സ്‌നേഹം മാതാപിതാക്കള്‍ മക്കളോട് കാണിക്കുന്നതാണ്. അതു കഴിഞ്ഞാല്‍ പിന്നെ ദമ്പതികള്‍ക്കിടയിലെ സ്‌നേഹം.

ദമ്പതികളില്‍ ഒരാളുടെ മാത്രം സ്‌നേഹം കൊണ്ട് ദാമ്പത്യ ബന്ധം തുടരാന്‍ സാധിക്കുമെന്ന് ഞാന്‍ പറഞ്ഞത് ഇപ്പറഞ്ഞതിനൊന്നും വിരുദ്ധമല്ല. കാരണം രണ്ടു പേര്‍ക്കിടയിലെ സ്‌നേഹത്തിന് മൂന്ന് അവസ്ഥകളുണ്ട്. സ്‌നേഹം, സ്‌നേഹമില്ലായ്മ, വെറുപ്പ് എന്നിവയാണവ. സ്‌നേഹമില്ലാത്ത അവസ്ഥയിലും വെറുപ്പിന്റെ അവസ്ഥയിലും ദാമ്പത്യം തുടരാന്‍ സാധ്യമാണ്. എന്നാല്‍ ആ ബന്ധത്തിലെ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും തോതില്‍ മാറ്റങ്ങളുണ്ടാവും. വെറുപ്പിന്റെ അവസ്ഥയെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ”ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേയവസരം അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം.” (അന്നിസാഅ്: 19) വെറുപ്പിന്റെ അവസ്ഥയിലും സ്‌നേഹമില്ലാത്തപ്പോള്‍ പോലും ദാമ്പത്യ ബന്ധം തുടരാന്‍ സാധിക്കുമെന്നാണിത് സൂചിപ്പിക്കുന്നത്. മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നതാണ് സ്‌നേഹമെന്നത് പോലെ അതില്ലാതാകുന്നതിന് കാരണങ്ങളുമുണ്ട്. വെറുപ്പിന്റെ കാരണങ്ങള്‍ നീങ്ങിക്കഴിഞ്ഞാല്‍ ബന്ധം സ്‌നേഹമില്ലായ്മയുടെയോ സ്‌നേഹത്തിന്റെയോ അവസ്ഥയിലേക്ക് വീണ്ടും മടങ്ങിയെത്തും. സ്‌നേഹമില്ലായ്മയില്‍ നിന്നും വെറുപ്പില്‍ നിന്നും സ്‌നേഹത്തിലേക്ക് എത്തിയിട്ടുള്ള നിരവധി പേരുടെ ഉദാഹരണങ്ങള്‍ എന്റെ മുന്നിലുണ്ട്. ഒരിക്കല്‍ ഭാര്യയെ വെറുക്കുന്നുവെന്നും അതുകൊണ്ട് അവളെ വിവാഹമോചനം ചെയ്യണമെന്നും പറഞ്ഞു കൊണ്ട് ഒരാള്‍ എന്റെയടുത്ത് വന്നു. എന്നാല്‍ അയാള്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ തന്നെ അയാളുടെ ഭാര്യയായി നിലനിര്‍ത്തി തരണമെന്നാണ് അവള്‍ എന്നോട് പറഞ്ഞത്. അവള്‍ ആവശ്യപ്പെട്ടത് പോലെ നടന്നു. ദമ്പതികളില്‍ ഒരാള്‍ കാണിച്ച സ്‌നേഹം കൊണ്ട് കുടുംബം ശിഥിലമാവാതെ നിന്നു. മക്കള്‍ക്ക് വേണ്ടിയോ അവളുടെ പ്രത്യേക സാഹചര്യമോ അതിന് കാരണമായിരിക്കാമെങ്കിലും അവളെ സംബന്ധിച്ചടത്തോളം വേര്‍പിരിയുന്നതിനേക്കാള്‍ നന്മ അതായിരുന്നു.

വാക്കുകള്‍ കൊണ്ട് സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇനി പറയുന്നത്. ഇണയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ എത്രയോ മാര്‍ഗങ്ങളുണ്ട്. നേരിട്ട് മുഖത്തു നോക്കി നന്നായി സംസാരിക്കാന്‍ ചിലര്‍ക്ക് കഴിയില്ല. എന്നാല്‍ കത്തെഴുതിയോ, അവള്‍ക്കിഷ്ടപ്പെട്ട സമ്മാനങ്ങള്‍ നല്‍കിയോ, ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് അവളുടെ ചെവിയില്‍ മന്ത്രിച്ചോ മുഖത്തോടു മുഖം നോക്കാതെ സ്‌നേഹം അറിയിക്കാം. ഫോണിലൂടെയോ ബെഡ്‌റൂമിലെ കണ്ണാടിയില്‍ സ്‌നേഹവചനങ്ങള്‍ എഴുതിയോ അതറിയിക്കാം. ഇത്തരത്തിലുള്ള ബുദ്ധിപരമായ എത്രയോ വഴികള്‍ അതിനുണ്ട്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചടത്തോളം അവള്‍ സ്‌നേഹിക്കപ്പെടുന്നു എന്നത് സ്വന്തം കാതു കൊണ്ട് കേള്‍ക്കേണ്ടത് ആവശ്യം തന്നെയാണ്. പൊതുവെ സ്ത്രീകള്‍ ശ്രവണപ്രിയരാണെന്നതാണ് കാരണം.

മൊഴിമാറ്റം: നസീഫ്‌

Related Articles