Current Date

Search
Close this search box.
Search
Close this search box.

എന്റെ പ്രിയപത്നി

love.jpg

നാട്ടുനടപ്പുകള്‍ അപ്പടി പകര്‍ത്തുകയും അതില്‍ നിന്നും പുറത്തു കടക്കുന്നതില്‍ അസ്വസ്ഥപ്പെടുകയും ചെയ്യുന്ന ചിന്താമരവിപ്പ് ബാധിച്ച ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു: നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കുറിച്ച് അവള്‍ ഏറ്റവും ബുദ്ധിമതിയും ശ്രേഷ്ഠയുമായ സ്ത്രീയാണെന്ന് എഴുതുമോ?! ആരെങ്കിലും ഭാര്യയെ കുറിച്ച എഴുതിയതായി താങ്കള്‍ കേട്ടിട്ടുണ്ടോ? അറബികള്‍ അവളെ കുറിച്ച് പ്രത്യക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നില്ല. എത്രത്തോളമെന്നാല്‍ ജരീറിന് തന്റെ ഭാര്യയെ കുറിച്ച് ഒരു അനുശോചന കാവ്യം കുറിക്കുന്നതിനും അവളുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിനും ലജ്ജ തടസ്സമായി. നമ്മുടെ പിതാമഹന്‍മാരുടെ കാലവും അതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. എന്റെ ഭാര്യ എന്ന് പറയുന്നതിന് പകരം വീട്ടുകാരിയെന്നും കുട്ടികളും ഉമ്മ, കുടുംബം എന്നെല്ലാമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ജനങ്ങള്‍ ശീലിച്ച ഈ സമ്പ്രദായമെല്ലാം മറന്ന് അതിന് വിരുദ്ധമായത് നിങ്ങള്‍ ചെയ്യുമോ?

ഞാന്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും.
എന്റെ ഭാര്യയെ കുറിച്ച് ഞാന്‍ എഴുതും, അതില്‍ എന്ത് ന്യൂനതയാണുള്ളത്? കാമുകന് കാമുകിയെ കുറിച്ച് എഴുതാമെങ്കില്‍ എന്തുകൊണ്ട് അനുവദനീയമായ രീതില്‍ വിവാഹം ചെയ്ത ഇണയെ കുറിച്ച് എഴുതിക്കൂടാ? ആളുകളെ വിവാഹത്തിന് പ്രേരിപ്പിക്കുന്നതിനായി എന്തുകൊണ്ട് അവളുടെ ഗുണങ്ങള്‍ സത്യസന്ധമായി പറഞ്ഞുകൂടാ? ഒരു കാമുകന്‍ തന്റെ കാമുകിയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ച് ജനങ്ങളെ തെറ്റിന് പ്രേരിപ്പിക്കുയാണല്ലോ ചെയ്യുന്നത്..

വിവാഹത്തിന്റെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച സുദീര്‍ഘമായ ലേഖനങ്ങള്‍ നിത്യവും ആളുകള്‍ വായിക്കുന്നു. എന്നാല്‍ അതിന്റെ നന്മകളെയും അനുഗ്രഹങ്ങളെയും കുറിച്ച ലേഖനം ഒരിക്കല്‍ പോലും എന്തുകൊണ്ട് വായിക്കുന്നില്ല?

ഞാന്‍ സന്തോഷവാനാണെന്ന് ഒരു ഭര്‍ത്താവ് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല, യഥാര്‍ഥത്തില്‍ അവന്‍ സന്തുഷ്ടനാണെങ്കില്‍ പോലും. കാരണം നന്ദി കെട്ടവനായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു അനുഗ്രഹം ഇല്ലാതാകുമ്പോള്‍ മാത്രമേ അവനതിന്റെ വില തിരിച്ചറിയുകയുള്ളൂ. കാരണം എപ്പോഴും മോഹങ്ങളുടെ പുറത്താണ് അവന്‍ സഞ്ചരിക്കുന്നത്. ഓരോ അനുഗ്രഹം ലഭിക്കുമ്പോഴും അതിനപ്പുറമുള്ളത് ലഭിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. ലഭിച്ച അനുഗ്രഹത്തില്‍ അവന്‍ തൃപ്തനാവുകയോ അതിന്റെ രുചി അനുഭവിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താക്കന്‍മാര്‍ക്ക് തങ്ങളുടെ ഭാര്യമാരെ കുറിച്ച് ആവലാതിയാണ്. അവള്‍ മരിച്ചിട്ടല്ലാതെ അവളോടുള്ള നന്ദി രേഖപ്പെടുത്തുകയില്ല. തന്നില്‍ നിന്നവള്‍ വേര്‍പ്പെട്ടു കഴിയുമ്പോള്‍ അവന്‍ അവളുടെ നന്മകളും മഹത്വവും ഓര്‍ക്കുകയും അറിയുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും അംഗീകരിച്ചു കൊണ്ടു പറയുകയാണ് ‘എന്റെ ദാമ്പത്യ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനും സന്തോഷവാനുമാണ്.’

അതിന് എന്നെ സഹായിച്ച കാര്യങ്ങള്‍ മനസ്സുവെച്ചാല്‍ എല്ലാവര്‍ക്കും സാധിക്കുന്നതാണ്. സന്തോഷം തേടുന്നവര്‍ക്ക് എന്റെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഒന്നാമതായി എനിക്കറിയുന്നവരില്‍ നിന്നാണ് ഞാന്‍ വിവാഹം അന്വേഷിച്ചത് എന്നതാണ്. ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഭാഗത്തില്‍ നിന്നല്ല ഞാന്‍ വിവാഹം കഴിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ കേട്ടതില്‍ നിന്നും ഭിന്നമായ കാര്യങ്ങള്‍ പെരുമാറ്റത്തിലൂടെ എനിക്ക് വെളിപ്പെടുമായിരുന്നു. ഭംഗിയുള്ള പുറംമോഡിക്ക് പിന്നില്‍ അവര്‍ മറച്ചുവെച്ച മോശമായ രഹസ്യങ്ങളും ഞാന്‍ അറിയുമായിരുന്നു. എന്നാല്‍ ഞാന്‍ നന്നായിട്ടറിയുന്ന, അതുപോലെ എന്നെയും അറിയുന്നവരില്‍ നിന്നാണ് ഞാന്‍ വിവാഹം കഴിച്ചത്. അവരുടെ വീട്ടിലെ ജീവിതം എന്താണെന്ന് എനിക്കും എന്റെ വീട്ടിലെ ജീവിതം അവര്‍ക്കും അറിയുമായിരുന്നു. നര്‍മപ്രിയനും സദസ്സുകള്‍ക്ക് അലങ്കാരവുമായി കണക്കാക്കപ്പെടുന്ന എത്രയെത്ര ആളുകളാണ് തങ്ങളുടെ വീട്ടില്‍ അറുവിരസന്‍മാരായിട്ടുള്ളത്! നാട്ടുകാര്‍ക്കിടയില്‍ അത്യുദാരനായ എന്നാല്‍ വീട്ടില്‍ പിശുക്കരായ എത്രയെത്ര ആളുകളാണുള്ളത്! ബാഹ്യപ്രകടനങ്ങളില്‍ ആളുകളെ വഞ്ചിതരാക്കുകയാണവര്‍.

ഞാന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ ഉപ്പ എന്റെ ഉമ്മയുടെ പിതൃവ്യപുത്രനാണ്. സിറിയന്‍ നീതിന്യായ രംഗത്ത് അറിയപ്പെടുന്ന ഉസ്താദ് സലാഹുദ്ദീന്‍ ഖതീബാണ് അദ്ദേഹം. ശാമിലെ സര്‍വാംഗീകൃത ഹദീസ് പണ്ഡിതനായ ശൈഖ് ബദറുദ്ദീന്‍ അല്‍ഹസനിയുടെ മകളാണ് അവളുടെ മാതാവ്. അതായത് എല്ലാ അര്‍ത്ഥത്തിലും നല്ലൊരു കുടുംബത്തിലാണ് അവള്‍ ജനിച്ചിട്ടുള്ളത്.

ഞങ്ങളുടെ നിലവാരത്തിലുള്ള കുടുംബത്തില്‍ നിന്നാണ് ഇണയെ തെരെഞ്ഞെടുത്തത് എന്നതാണ് രണ്ടാമത്തെ കാര്യം. അവളുടെ ഉപ്പയും എന്റെ ഉപ്പക്കൊപ്പം കോടതിയിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം ജഡ്ജിയായിരുന്നു, ഞാനും. ഞങ്ങളുടേതിന് സമാനമായ ജീവിതരീതിയായിരുന്നു അവരുടേതും. സന്തുഷ്ട ദാമ്പത്യം കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന ഘടകമാണത്. ദമ്പതികള്‍ക്കിടയില്‍ ചേര്‍ച്ചയുണ്ടാവണമെന്ന് (കുഫ്‌വ് ഒക്കണമെന്ന്) ഹനഫീ കര്‍മശാസ്ത്രകാരന്‍മാര്‍ ഉപാധി വെച്ചത് അക്കാരണത്താലാണ്.

മൂന്ന്, അത്യാവശ്യം എഴുതാനും വായിക്കാനും അറിയുന്ന, സാധാരണ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച പെണ്‍കുട്ടിയെയാണ് ഞാന്‍ ഇണയായി തെരെഞ്ഞെടുത്തത്. എന്നോടൊപ്പമുള്ള 13 വര്‍ഷത്തെ ജീവിതം കൊണ്ടിപ്പോള്‍ അവള്‍ക്ക് കാര്യങ്ങള്‍ നന്നായി ഗ്രഹിക്കാനും പുസ്തകങ്ങളും ആനുകാലികങ്ങളും ആസ്വദിക്കാനും സാധിക്കുന്നു. അഭ്യസ്തവിദ്യരായിട്ടുള്ള പല സ്ത്രീകള്‍ക്കും കഴിയാത്ത ഒന്നാണത്.

അഭ്യസ്തവിദ്യകളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതില്‍ നിന്ന് ഞാന്‍ യുവാക്കളെ പിന്തിരിപ്പിക്കുകയല്ല. എന്നാല്‍ മോശപ്പെട്ട കരിക്കുലത്തോടു കൂടിയുള്ള നിലവിലെ വിദ്യാഭ്യാസ രീതി മിക്കപ്പോഴും പെണ്‍കുട്ടികളുടെ സ്വഭാവത്തെയും പിടികൂടുന്നു എന്ന് ഞാന്‍ ദുഖത്തോടെ പറയുകയാണ്. ഒട്ടേറെ കാര്യങ്ങള്‍ അതില്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഒരു ഇണയെന്ന നിലയിലും മാതാവെന്ന നിലയിലും ജീവിതത്തില്‍ ഉപകാരപ്പെടുന്ന വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അതവള്‍ക്ക് നല്‍കുന്നുള്ളൂ. സ്ത്രീ എത്ര ഉയര്‍ന്നാലും സന്തോഷവതിയായ ഇണയും മാതാവും ആകുന്നതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

സൗന്ദര്യത്തെ അടിസ്ഥാനോപാധിയായി കണ്ടില്ല എന്നതാണ് നാലാമത്തെ കാര്യം. എന്റെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യം നീങ്ങിപ്പോകുന്ന തണലാണ്. സുന്ദരിയുടെ സൗന്ദര്യം പോകുന്നില്ല. എന്നാല്‍ അതിനെ കുറിച്ച നിങ്ങളുടെ ബോധവും ശ്രദ്ധയുമാണ് പോകുന്നത്. സുന്ദരിയായ ഭാര്യയെ ഉപേക്ഷിച്ച് സൗന്ദര്യത്തിന്റെ കണികപോലും ഇല്ലാത്ത സ്ത്രീക്കൊപ്പം പോകുന്ന പുരുഷന്‍മാരെ നാം കാണുന്നത് അക്കാരണത്താലാണ്.

അഞ്ച്, ഭാര്യാ വീട്ടുകാരുമായുള്ള എന്റെ ബന്ധം ഇതുവരെ അതിര് വിട്ടിട്ടില്ല. പരസ്പരം ആദരവിലും സ്‌നേഹത്തിലുമാണ് ഞങ്ങളുടെ ബന്ധം തുടരുന്നത്. ഇടക്കിടെ സന്ദര്‍ശനങ്ങളും നടത്താറുണ്ട്. ചില ഭര്‍ത്താക്കന്‍മാര്‍ അനുഭവിക്കുന്നത് പോലെ ഭാര്യാ വീട്ടുകാര്‍ അവരുടെ കാര്യത്തില്‍ ഇടപെടുന്നതും അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമായ അനുഭവം എനിക്കുണ്ടായിട്ടില്ല. എല്ലാ ഭാര്യാ ഭര്‍ത്താക്കന്‍മാരെയും പോലെ ഞങ്ങളും തൃപ്തിപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞങ്ങളുടെ തൃപ്തിയിലും ദേഷ്യപ്പെടലിലും വീട്ടുകാര്‍ കടന്നുവരാറില്ല. ഇതുവരെ ഇരുപതിനായിരത്തിലധികം ദാമ്പത്യ തര്‍ക്കങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നുള്ള പരിചയത്തില്‍ ഞാന്‍ മനസിലാക്കിയ കാര്യം ദാമ്പത്യ പ്രശ്‌നങ്ങളില്‍ പുറമെ നിന്ന് ആരും ഇടപെടാതെ ദമ്പതികള്‍ക്കത് വിട്ടുകൊടുക്കുകയാണെങ്കില്‍ മിക്കതും രമ്യമായി പരിഹരിക്കപ്പെടുമെന്നതാണ്.

ആറ്, മിക്ക ദമ്പതികള്‍ക്കുമിടയിലുണ്ടാകുന്നത് പോലെ വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകള്‍ തേന്‍ പോലെ മധുവൂറുന്നതും പിന്നീട് ആട്ടങ്ങ പോലെ കയ്പ്പുറ്റതുമായി മാറുന്ന ഒന്നാക്കി ഞങ്ങള്‍ മാറ്റിയില്ല. എന്റെ ഏറ്റവും മോശപ്പെട്ട വശം ആദ്യത്തില്‍ തന്നെ അവള്‍ക്ക് ഞാന്‍ കാണിച്ചു കൊടുത്തു. അതവള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതയാവുകയും സഹനം കൈക്കൊള്ളുകയും ചെയ്തു. ജീവിതത്തില്‍ ഓരോ നാളുകള്‍ പിന്നിടുമ്പോഴും എന്നില്‍ കൂടുതല്‍ കൂടുതല്‍ നന്മകള്‍ അവള്‍ക്ക് കാണാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഞങ്ങളുടെ ദാമ്പത്യത്തിന്റെ സന്തോഷം നാള്‍ക്കുനാള്‍ വര്‍ധിച്ചു.

സ്ത്രീധനം എന്ന നിലക്ക് ഒരു വസ്തുവും അവള്‍ കൊണ്ടുവന്നില്ല എന്നതാണ് ഏഴാമത്തെ കാര്യം. ഞാന്‍ നേരത്തെ നിബന്ധന വെച്ച കാര്യമായിരുന്നു അത്. ദമ്പതികള്‍ക്കിടയിലെ വിയോജിപ്പുകള്‍ക്ക് വലിയൊരു കാരണമായിട്ടാണ് അതിനെ ഞാന്‍ കാണുന്നത്. പുരുഷന്‍ അതുപയോഗിക്കുകയും തന്റേതാക്കി മാറ്റുകയും ചെയ്യുകയാണെങ്കില്‍ അതിനെ ചൊല്ലി അവളുടെ മനസ്സുരുകും. അല്ലെങ്കില്‍ അവളത് തന്റെ തന്നെ നിയന്ത്രണത്തിലാക്കി വെക്കുന്നത് പുരുഷനെ പ്രകോപിതനാക്കുന്നു.

എട്ടാമതായി സീസര്‍ക്കുള്ളത് സീസര്‍ക്ക് വിട്ടുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്. വീടിന്റെയും മക്കളുടെയും പരിപാലനം പോലുള്ള അവളുടെ മേഖലകളിലൊന്നും ഞാന്‍ കൈകടത്തിയില്ല. അപ്പോള്‍ എന്റേതായ ഉത്തരവാദിത്വങ്ങള്‍ എനിക്കും പൂര്‍ണമായി അവള്‍ വിട്ടുനല്‍കി.

ഒമ്പത്, അവള്‍ എന്നില്‍ നിന്നോ ഞാന്‍ അവളില്‍ നിന്നോ ഒരു കാര്യവും മറച്ച് വെച്ചിരുന്നില്ല എന്നതാണ്. ഞാന്‍ അവളോട് കളവ് പറയുകയോ അവള്‍ എന്നോട് കളവ് പറയുകയോ ചെയ്തിരുന്നില്ല. എന്റെ സാമ്പത്തികാവസ്ഥയെകുറിച്ച് ഞാന്‍ അവളെ അറിയിച്ചിരുന്നു. ഞാന്‍ പോകുന്ന സ്ഥലങ്ങളില്‍ അവളെ കൊണ്ടുപോവുകയും അവളെ അറിയിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ കുട്ടികളെ സത്യസന്ധതയും വിശ്വസ്തയും ഞങ്ങള്‍ ശീലിപ്പിച്ചിരുന്നു. അവര്‍ക്ക് കളവിനോട് വെറുപ്പും വിരോധവും ഉണ്ടാക്കുകയും ചെയ്തു.

അങ്ങേയറ്റത്തെ ആത്മാര്‍ഥതയും ബുദ്ധിയും ചിന്തയുമാണ് അവളില്‍ ഞാന്‍ കാണുന്നത്. അവള്‍ ജീവിക്കുന്നത് സ്വന്തത്തിന് വേണ്ടിയല്ല, വീടിന് വേണ്ടിയാണ്. തന്റെ ഇണക്കും കുട്ടികള്‍ക്കും വേണ്ടിയാണ് അവളുടെ ജീവിതം. ഞങ്ങള്‍ ഭക്ഷിക്കാന്‍ അവള്‍ വിശപ്പനുഭവിക്കുകയും ഞങ്ങള്‍ക്കുറങ്ങാന്‍ അവള്‍ ഉറക്കമിളക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സൗകര്യത്തിനായി അവള്‍ പ്രയാസപ്പെടുന്നു. വീട്ടില്‍ ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും അവളാണ്. എന്നെ സന്തോഷിപ്പിക്കുന്നതിലും ആശ്വാസം നല്‍കുന്നതിലുമാണ് അവള്‍ക്കെപ്പോഴും താല്‍പര്യം.

ഞാന്‍ എഴുതുകയോ ഉറങ്ങുകയോ ആണെങ്കില്‍ അവള്‍ കുട്ടികളെ നിശബ്ദരാക്കി വീട് ശാന്തമാക്കും. എനിക്ക് യാതൊരു പ്രയാസവും വരാതെ അവള്‍ ശ്രദ്ധിച്ചിരുന്നു. ഞാനിഷ്ടപ്പെടുന്നവയെ അവളും ഇഷ്ടപ്പെടുകയും ഞാന്‍ വെറുക്കുന്നവയെ വെറുക്കുകയും ചെയ്തു. സ്ത്രീകള്‍ ആളുകളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവള്‍ എന്നെ തൃപ്തിപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. അവരുടെ താല്‍പര്യം ആഭരണങ്ങളിലും വസ്ത്രങ്ങളിലുമാകുമ്പോള്‍, അവളുടെ ഏറ്റവും വലിയ ആഗ്രഹം വാടക വീടിന് പകരം സ്വന്തമായൊരു വീട് എന്നതായിരുന്നു.

എന്റെ വീട്ടുകാരെ അവള്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, അവര്‍ക്ക് ഗുണം ലഭിക്കുന്ന കാര്യങ്ങളായിരുന്നു അവര്‍ ചെയ്തിരുന്നത്. അവരിലാര്‍ക്കെങ്കിലും നന്മ ചെയ്യുന്നതില്‍ ഞാന്‍ പിന്നോട്ടടിക്കുമ്പോഴെല്ലാം എന്നെ അതിന് പ്രരിപ്പിച്ചിരുന്നത് അവളായിരുന്നു. ഒരു പൗരസ്ത്യ വനിതയുടെ ഉത്തമ മാതൃകയായിരുന്നു അവള്‍. ഭര്‍ത്താവും വീടുമായിരുന്നു അവളുടെ ലോകം.

നമ്മുടെ സ്ത്രീകളാണ് ഭൂമിയിലെ തന്നെ ഏറ്റവും ഉത്തമരായ സ്ത്രീകള്‍. ഭര്‍ത്താക്കന്‍മാരോട് ഏറ്റവും അധികം കൂറ് കാണിക്കുന്നവരും, കുട്ടികളോട് ഏറെ വാത്സല്യമുള്ളവരും ഏറ്റവും മാന്യരും അവരാണ്. ഏറ്റവും വിശുദ്ധകളും അവര്‍ തന്നെയാണ്. അവരോടുള്ള ഉപദേശങ്ങള്‍ ഫലവത്തായിരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നവരായിരിക്കുമവര്‍.

വിവ: നസീഫ്‌

Related Articles