Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് കുടുംബം തിരിച്ചുപിടിക്കുക

togother.jpg

ഏറ്റവും അടുത്ത ബന്ധുവിന്റെ കല്ല്യാണത്തിനു പോയി അരമണിക്കൂറിനുള്ളില്‍ തിരിച്ചുവന്ന അനിയത്തിയോട് നീ മാറ്റിയൊരുങ്ങിപ്പുറപ്പെടാന്‍ എടുത്തത്ര സമയംപോലും ആയില്ലല്ലോ തിരിച്ചുവരാന്‍ എന്നുചോദിച്ചപ്പോ ഓ അതിനെന്താ നേരെ അങ്ങ് പന്തലില്‍ പോയി. തരാതരം ഭക്ഷണമുള്ളതില്‍ നിന്നും എടുത്തുകഴിച്ചു. പിന്നെ ഇങ്ങുപോന്നു. ഏന്നെ ആര്‍ക്കും വലിയ പരിചയമൊന്നുമില്ല. എല്ലാവരും നിന്നെയാ ചോദിച്ചേ ബോറടിച്ചു നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഇങ്ങോട്ട് പോരുന്നതു തന്നെയെന്നായിരുന്നു അവളുടെ പ്രതികരണം.  

മരുമക്കത്തായ തറവാടിന്റെ എല്ലാ ആലസ്യവും ദൗര്‍ബല്യവും ആഘോഷങ്ങളും മതിമറന്നനുഭിച്ച ഞാനും, തറവാട് കുളംതോണ്ടിയപ്പോള്‍ ജനിച്ച എന്നെക്കാള്‍ ഒരുപാട് പ്രായവ്യത്യാസമുള്ള അവളും കുടംബബന്ധങ്ങളെ നോക്കിക്കാണുന്നത് രണ്ടുതരത്തിലാണ്. അതിന് രണ്ടുപേരുടെയും കാലത്തെ ആഘോഷരീതികള്‍ക്ക് ഇതിലൊരു വലിയ പങ്കില്ലേയെന്ന് ചോദിച്ചപ്പോള്‍ എന്നെപോലെ തന്നെ അതെ. കുറച്ചൊക്കെ ആഘോഷങ്ങളും ആഹ്ലാദങ്ങളുമൊക്കെ വേണം എന്നുതന്നെയായിരുന്നു ഉദ്യോഗസ്ഥയായ അവളുടെയും പ്രതികരണം.

കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നത് എന്ന വര്‍ണനയോടെ സകലമാന പര്യായങ്ങളും ചേര്‍ത്താണ് കുടുംബത്തെക്കുറിച്ചും അതിന്റെ കെട്ടുറപ്പിനെ കുറിച്ചും പലരും പറഞ്ഞു തുടങ്ങാറ്. ഒരുപ്പയും ഒരുമ്മയും രണ്ടേരണ്ടു മക്കളും മാത്രം എന്നും കൂടിയാല്‍ ഈ ഇമ്പം ഉണ്ടാവുമോ?

കെട്ട്യോളും കുട്ടികളും എന്നും വാട്‌സ് ആപ്പിനും ഗെയിമിനു പിന്നാലെയും കളിക്കുന്നതില്‍ പരിതപിക്കുന്നവരും കുടുംബം തിരിച്ചുപിടിക്കാനായി ക്യാമ്പുകള്‍ നടത്തി നേരം കളയുന്ന സമുദായ സംഘടനകളും ഏറെയുള്ള കാലത്തിരുന്ന് ഞാനെന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി. ആഴ്ചയിലഞ്ചു ദിവസം മദ്രസയിലും സ്‌കൂളിലും പോകുന്നതിനെക്കാള്‍ കൂടുതല്‍ നേരം ഉപ്പാന്റെയും ഉമ്മാന്റെയും കുടുംബത്തില്‍ പോകാനുണ്ടാകും. കല്ല്യാണവും സല്‍ക്കാരവും വീട്ടുകൂടലും പ്രസവിച്ച കുഞ്ഞിനെ കാണാന്‍ പോകലും അങ്ങനെയങ്ങനെ. മരിച്ചവീട്ടില്‍ പോകുന്നതും വരുന്നതു പോലും ഇതേപോലെ തന്നെ.

ധൂര്‍ത്തും ദുര്‍വ്യയവും ഏറെയുണ്ടെങ്കിലും അത്യാചാരങ്ങളും ചടങ്ങുകളും ബാധ്യതയും പ്രയാസങ്ങളും ഉണ്ടാക്കിയിരുന്നത് കണ്ടിരുന്നെങ്കിലും അതിനുള്ളില്‍ നിലനിന്നിരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മനുഷ്യത്വത്തിന്റെയും ആര്‍ദ്രതയുടെയും നിറമുണ്ടായിരുന്നു. പെരുന്നാളിന്റെ ഗോതമ്പപ്പായസം അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുക്കൊടുക്കുമ്പോഴും വാങ്ങിതിന്നുമ്പോഴും ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും പങ്കുവെക്കലിന്റെയും രസം ഞങ്ങളറിഞ്ഞിരുന്നു. ബന്ധത്തിലാരെങ്കിലും ഗര്‍ഭിണിയായാല്‍ ഉപ്പവഴിക്കും ഉമ്മവഴിക്കും കാരണവന്മാര്‍ വഴിക്കുമുള്ള സ്‌നേഹമുള്ള അപ്പമെത്തുമായിരുന്നു. അത് തിന്നുമ്പോഴും കൊടുക്കുമ്പോഴും അതിലെ മധുരമല്ലാതെ ആചാരങ്ങളുടെ കെട്ടുപാടുകളെ വല്ലാതെ ആലോചിച്ചിരുന്നില്ല.

പക്ഷേ ദീനിനു നിരക്കാത്ത അനാചാരത്തെ പടിക്കുനിര്‍ത്തിയപ്പോള്‍ വാശികൊണ്ടോ അവധാനതയില്ലാതെ പോയതു കൊണ്ടോ ഇത്തരം സ്‌നേഹത്തിന്റെ പശിമയുള്ള മണങ്ങളെയും നാം ഇല്ലാതാക്കി. പകരം ഊഷരമനസ്സുമായി നമുക്കുമുന്നില്‍ ഖണ്ഢന മണ്ഡന പ്രസംഗങ്ങളുടെ വേലിയേറ്റമുണ്ടായി. ഇപ്പോ നാം കുടുംബത്തെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. സ്‌കൂളുപൂട്ടിയാല്‍ ബന്ധുവീടുകളിലേക്ക് വിരുന്നയക്കുമ്പോഴും പോകുന്ന വഴിയില്‍ നിന്ന് ലേശം മധുരം വാങ്ങി കൈയ്യില്‍ കരുതുമ്പോഴും നമ്മുടെ മക്കള്‍ അതുകാണും. ഒരുപാട് അമ്മായിമാരെയും നാത്തൂന്മാരെയും കാരണവന്മാരെയും സന്ദര്‍ശിക്കാനുണ്ടാകുമ്പോള്‍ കുട്ടിക്ക് ഗെയിമുകള്‍ വേണമെന്നുണ്ടാകില്ല. എളാപ്പമൂത്താപ്പ മക്കള്‍ കൂട്ടം കൂടി പാതിരാവരെ കളിതമാശ പറഞ്ഞു ഉറങ്ങാന്‍ കഴിയാതെപോയ കഥകള്‍ കേള്‍ക്കുമ്പോള്‍ പോലും ആവേശത്തോടെ കാതുകൂര്‍പ്പിക്കുന്ന മക്കള്‍ക്ക് അതൊന്നനുഭവിപ്പിക്കാനും തിരിച്ചുപിടിക്കാനും കഴിഞ്ഞെങ്കില്‍ എത്ര നന്നായേനെ. എന്റെ മക്കള്‍ക്ക് ഒന്നും കൊടുക്കരുതെന്നും എന്റെ വീട്ടിലേക്കുവരുമ്പോള്‍ ആരും ഒന്നും  കൊണ്ടുവരരുതെന്നും വിലക്കുന്നവര്‍ ആ പങ്കുവെക്കലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്‌നേഹപ്പശിമയാണ് ഇല്ലാതാക്കുന്നത്.

Related Articles