Current Date

Search
Close this search box.
Search
Close this search box.

ഉമ്മയെ കുറിച്ച ഓര്‍മകള്‍

mom.jpg

വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചു കഥയുണ്ട്. ഒരമ്മയും മകനും, അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. അവര്‍ക്ക് വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. മകന്‍ വളര്‍ന്ന് വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കണമെന്നതായിരുന്നു അത്. അതോടെ അവന്റെ ഉറക്കവും ഉന്‍മേഷവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ അമ്മ കാരണമന്വേഷിച്ചു. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും അവസാനം മകന്‍ കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍ ആ അമ്മ പറഞ്ഞു: ‘ മോനേ അതിനു നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. നീ എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയമെടുത്ത് അവള്‍ക്കു കൊണ്ടു പോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി. അങ്ങനെ അമ്മയുടെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകയുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കാല്‍ കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചു പോല്‍ ‘മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?’

ഇത് എന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു കഥയല്ല. എന്റെ ഉമ്മ വാതരോഗത്തിനടിപ്പെട്ട് കഠിനമായ വേദന സഹിച്ചാണ് പത്തു കൊല്ലത്തിലേറെ കാലം ജീവിച്ചത്. ഞാന്‍ പാതിരാവില്‍ വന്ന് വാതില്‍ തുറക്കും. ഉടനെ ചോദിക്കുക: ‘ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? നടന്നാ വന്നത്? പാതിരാവായില്ലേ, പോയി വേഗം കിടന്നോ?’

കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും നിറയൗവ്വനത്തിന്റെ കരുത്തുള്ള എന്നെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വേവലാതിയും ഞങ്ങള്‍ മക്കളുടെ കാര്യത്തിലാണ്.

ഇതാണ് ഉമ്മ. 1983 ജൂലായ് 23-നാണ് ഉമ്മ ഞങ്ങളോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടിനു ശേഷവും കിടക്കാന്‍ പോകുമ്പോള്‍ ഉമ്മയുടെ ചോദ്യം കാതുകളില്‍ വന്നലക്കുന്നു. വൈകാതെ അത് പ്രാര്‍ഥനയായി മാറുന്നു. ‘നാഥാ വേദനകളില്ലാത്ത ലോകത്ത് ഉന്നത സ്ഥാനം നല്‍കി ഉമ്മയെ നീ അനുഗ്രഹിക്കേണമേ.’ ഇതു കൊണ്ടൊക്കെ തന്നെയായിരിക്കുമല്ലോ ഉമ്മക്ക് പ്രവാചക വചനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്.

Related Articles