Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം

family.jpg

‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവര്‍ കുടുംബബന്ധം നിലനിര്‍ത്തട്ടെ’ (ബുഖാരി),’കുടുംബ ബന്ധം തകര്‍ത്തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’. ഈ ഹഥീസുകളില്‍ നിന്നും വ്യക്തമാണ് ഇസ്‌ലാമില്‍ കുടുംബബന്ധം നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം.

ഒരിക്കല്‍ ഒരു യുവാവ് പതിവു പോലെ താന്‍ പങ്കെടുക്കാറുണ്ടായിരുന്ന അബൂഹുറൈറ (റ)വിന്റെ ഹഥീസ് ക്ലാസില്‍ പങ്കെടുക്കാന്‍ പോയി. അന്നത്തെ ക്ലാസില്‍ വച്ച് അബൂ ഹുറൈറ (റ)പറഞ്ഞു. ‘കുടുംബ ബന്ധം മുറിച്ചവര്‍ ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കില്‍ അവര്‍ ഇവിടെ നിന്നും പോകണം.’ ഇത് ക്ലാസിലെത്തിയ ആ യുവാവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അദ്ദേഹം ഉടന്‍ തന്നെ അവിടെ നിന്നിറങ്ങി നഗരത്തില്‍ താമസിക്കുന്ന തന്റെ അമ്മായിയെ തിരിച്ചുവിളിക്കാന്‍ പോയി. തനിക്ക് പൊറുത്തു തരാന്‍ യുവാവ് അവരോട് ആവശ്യപ്പെട്ടു. തന്റെ മുന്‍കാല ചെയ്തികളെക്കുറിച്ചും പെരുമാറ്റത്തിലും അവരോട് മാപ്പു നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ മനംമാറ്റത്തിന്റെ കാരണം അന്വേഷിച്ച അമ്മായിയോട് യുവാവ് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ പശ്ചാതാപം സ്വീകരിച്ചു. എന്നിട്ട് യുവാവിനോട് പറഞ്ഞു നീ അബൂഹുറൈറയോട് ചോദിക്കണം പതിവില്‍ നിന്നും വിപരീതമായി എന്തുകൊണ്ടാണ് ഇപ്പോള്‍ കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തതെന്ന്. ഇതു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അബൂഹുറൈറ മറുപടി പറഞ്ഞു: പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ‘ആര്‍ കുടുംബബന്ധം വിഛേദിച്ചുവോ പിന്നീട് അവന്റെ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല’. ഇതു കേട്ടതോടെയാണ് അത്തരത്തില്‍ ഒരാളും തന്റെ ക്ലാസില്‍ ഇരിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചത്.

മറ്റൊരു ഹഥീസില്‍ പറയുന്നു ‘ആര്‍ കുടുംബബന്ധം മുറിച്ചുവോ അവരിലേക്ക് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുകയില്ല’. ഇത്തരത്തില്‍ കുടുംബങ്ങളുമായുള്ള കരാര്‍ പാലിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്‌ലാമില്‍ അസാധാരണമായ പ്രാധാന്യമാണുള്ളത്. നേരെ തിരിച്ചും, കുടുംബ ബന്ധം തകര്‍ക്കുന്നതിനെക്കുറിച്ചും ഇസ്‌ലാം വളരെ ഗൗരവമായി തന്നെ വിലക്കിയിട്ടുണ്ട്. ഇത് ഇസ്‌ലാമിലെ വന്‍പാപങ്ങളില്‍പ്പെട്ടതുമാണ്. ഖുര്‍ആനില്‍ തന്നെ രണ്ടു സ്ഥലത്ത് അല്ലാഹു ഈ വിഷയത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്.

‘അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്’ (13:25)

‘നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും? ‘അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി’. (47:22-23). അതിനാല്‍ തന്നെ ഇസ്‌ലാമില്‍ വളരെ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ച കുടുംബബന്ധം നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ വളരെ ജാഗ്രത കാണിക്കേണ്ടതുണ്ട്.

 

Related Articles