Current Date

Search
Close this search box.
Search
Close this search box.

ഇണയെ തെരെഞ്ഞെടുക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്കോ?

Choosing-confu.jpg

വിവാഹത്തെച്ചൊല്ലി മാതാപിതാക്കളും മക്കളും തമ്മില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഉണ്ടാവാറുള്ളത്. മാതാപിതാക്കള്‍ അംഗീകരിക്കാത്തവരുമായി മകനോ മകളോ പ്രണയബന്ധത്തിലാവുകയും വേറെയാരെയും വിവാഹം കഴിക്കാന്‍ അവര്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നതാണ് അതില്‍ ഒന്നാമത്തേത്. വര്‍ഗം, മതം, വംശം എന്നിവയൊക്കെ മുന്‍നിര്‍ത്തിയുള്ള മാതാപിതാക്കളുടെയും മക്കളുടെയും താല്‍പര്യങ്ങള്‍ വ്യത്യസ്തമാകലാണ് രണ്ടാമത്തേത്. മൂന്നാമത്തേത് മക്കള്‍ വിവാഹത്തിന് താല്‍പര്യപ്പെടാതിരിക്കുകയും ജീവിതത്തില്‍ വിവാഹമേ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

എന്റെ വ്യക്തിപരമായ അനുഭവത്തിന്റെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നത് ഈ മൂന്ന് വിധത്തിലുള്ള ഏറ്റുമുട്ടലുകളാണ് വിവാഹത്തെച്ചൊല്ലി മാതാപിതാക്കളും മക്കളും തമ്മില്‍ പ്രധാനമായും നടക്കാറുള്ളത് എന്നാണ്. അത്തരം ഏറ്റുമുട്ടലുകള്‍ രണ്ട് വിഭാഗത്തിനും മാനസികമായ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതേസമയം, പെണ്‍കുട്ടികളാണ് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടാറുള്ളത്. കാരണം, തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ കൂടെ ജീവിക്കാന്‍ അവര്‍ പലപ്പോഴും നിര്‍ബന്ധിതരാവാറുണ്ട്.

മാതാപിതാക്കളെ നിരുപാധികമായി അനുസരിക്കേണ്ടതുണ്ടോ?
ഇസ്‌ലാമിക പണ്ഡിതരെല്ലാം പറയുന്നത് മാതാപിതാക്കളെ അനുസരിക്കുക എന്നത് നിര്‍ബന്ധ കര്‍ത്തവ്യമാണ് എന്നാണ്. തീര്‍ച്ചയായും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കല്‍ ഇസ്‌ലാം ഗുരുതരമായ പാപമായാണ് കണക്കാക്കുന്നത് എന്ന് ഞാന്‍ അംഗീകരിക്കുന്നു. അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട വിഷയം വ്യത്യസ്തമാണ്. ആരുടെ കൂടെയാണ് ജീവിതകാലം മുഴുവന്‍ താന്‍ ജീവിക്കേണ്ടതെന്ന നിര്‍ണ്ണായക തീരുമാനമെടുക്കുന്ന സന്ദര്‍ഭമാണത്. അതിനാല്‍ തന്നെ ജീവിതത്തിന്റെ മറ്റു സന്ദര്‍ഭങ്ങളിലെന്ന പോലെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിലും മതാപിതാക്കളെ നിരുപാധികം അനുസരിക്കണമെന്ന് പറയുക അസാധ്യമാണ്.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിരുപാധികമായ അനുസരണം അല്ലാഹുവോടും പ്രവാചകനോടും മാത്രമായിരിക്കണം. ഇസ്‌ലാമിക നിയമത്തോട് നീതി പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ ആരെയും അനുസരിക്കേണ്ടതുള്ളൂ. അത് മാതാപിതാക്കളോ അധ്യാപകരോ ഭര്‍ത്താക്കന്‍മാരോ രാഷ്ട്രീയ നേതാക്കളോ, ആരുമായിക്കൊള്ളട്ടെ. ഇസ്‌ലാമിക നിയമമനുസരിച്ച് ഒരു മകനോ മകളോ നന്മയില്‍ കാര്യങ്ങളില്‍ മാതാപിതാക്കളെ അനുസരിക്കേണ്ടത് നിര്‍ബന്ധമാണ് എന്നത് പോലെത്തന്നെ മക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാതാപിതാക്കള്‍ വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടുള്ളതല്ല. അത് ഇസ്‌ലാം വിലക്കുന്നുണ്ട്.

മക്കള്‍ തങ്ങളോട് അനുസരണക്കേട് കാണിക്കുന്നു എന്ന് പരാതിപ്പെടുന്ന മാതാപിതാക്കള്‍ ഈ വിഷയത്തില്‍ എത്രത്തോളം ബോധവാന്‍മാരാണ്? മക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ പാടില്ലെന്ന് എത്ര മാതാപിതാക്കള്‍ തുറന്ന് പറയാറുണ്ട്?

എന്നാല്‍ മിക്ക മാതാപിതാക്കളും ഇതിന് വിപരീതമായ കാര്യങ്ങളാണ് ചെയ്യാറ്. തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ (ബിസിനസ്സ്-കടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, സമുദായ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടുക തുടങ്ങിയവ) സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവര്‍ മക്കളെ ഒരു നിശ്ചിത പ്രായത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ളവരെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. ഒരുപാട് സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാനത് കണ്ടിട്ടുണ്ട്.

തങ്ങളുടെ മക്കളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കള്‍ അല്ലാഹുവിന് പകരം സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെയാണ് യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത്. അതിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മക്കള്‍ ജീവിതത്തില്‍ അനുഭവിക്കുന്നത് അവര്‍ തന്നെ നേരിട്ട് കാണേണ്ടി വരും. സങ്കീര്‍ണ്ണമായ വൈവാഹിക പ്രശ്‌നങ്ങളാണ് അത് മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ വളരെ മൃദുലമായ ഭാഷയിലായിരിക്കും മാതാപിതാക്കള്‍ തങ്ങളിഷ്ടപ്പെടുന്നവരെ വിവാഹം കഴിക്കാന്‍ മക്കളോട് ആവശ്യപ്പെടുക. എന്നാല്‍ ക്രമേണ അതിന് ഭീഷണിയുടെയും മര്‍ദ്ദനത്തിന്റെയും സ്വഭാവമാണുണ്ടാകുക. എന്നിട്ടും വിവാഹം കഴിക്കാന്‍ സമ്മതിക്കാത്ത പക്ഷം അവര്‍ മക്കളോട് പിണങ്ങി നില്‍ക്കും. ഒടുവില്‍ നിവൃത്തിയില്ലാതെ മക്കള്‍ വിവാഹിതരാകാന്‍ സമ്മതിക്കുകയും ചെയ്യും.

അതേസമയം, ചെറുപ്രായത്തില്‍ തന്നെ മക്കള്‍ക്ക് തര്‍ബിയ്യത്ത് (ധാര്‍മ്മികമായ ഇസ്‌ലാമിക ശിക്ഷണം) നല്‍കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നത് കൊണ്ടാണ് അവര്‍ കൊണ്ടുവരുന്ന ഇണകളുമായി പൊരുത്തപ്പെടാന്‍ മക്കള്‍ക്ക് സാധിക്കാത്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മക്കളുടെ ഭൗതിക വിദ്യാഭ്യാസത്തില്‍ മാത്രം അമിതമായ ശ്രദ്ധ നല്‍കുന്ന മാതാപിതാക്കള്‍ തങ്ങള്‍ കൊണ്ടുവരുന്ന വിവാഹാലോചനകള്‍ സ്വീകരിക്കാന്‍ മക്കള്‍ തയ്യാറാകും എന്ന് കരുതുന്നത് മണ്ടത്തരമാണ്. നിങ്ങള്‍ നട്ടതിനുള്ള ഫലമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

മാതാപിതാക്കളും മക്കളും; ആര്‍ക്കാണ് കൂടുതല്‍ ഭയഭക്തിയുള്ളത്?
വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും മക്കളും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആരുടെയെങ്കിലും പക്ഷം ചേരുന്നതിന് മുമ്പ് ഞാന്‍ നന്നായി ആലോചിക്കാറുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. എനിക്കവരോട് പറയാനുള്ളത് ഇതാണ്: ഒരുപാട് തവണ ഇസ്തിഖാറ (Istikharah) നമസ്‌കാരം നിര്‍വ്വഹിച്ചതിന് ശേഷവും നിങ്ങള്‍ക്ക് മാതാപിതാക്കള്‍ കൊണ്ടുവരുന്ന വിവാഹാലോചനകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ നിന്ന് പിന്‍മാറാം. ആ തീരുമാനം നിങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിച്ചാലും കുഴപ്പമില്ല. അതോടൊപ്പം തന്നെ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെയും എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവരാഗ്രഹിക്കുന്നത് തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് സന്തോഷത്തോടെ ഒരു കുടുംബമായി കഴിയുന്നത് കാണാനാണ്. ഒരു പിതാവെന്ന നിലയില്‍ മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹമെന്താണെന്ന് എനിക്ക് നന്നായറിയാം.

അത്‌പോലെത്തന്നെ തങ്ങളുടെ മരണശേഷം മക്കള്‍ തുണയാരുമില്ലാതെ കഷ്ടപ്പെടരുത് എന്ന ബോധമുള്ളത് കൊണ്ടാണ് അവരുടെ വിവാഹ ജീവിതത്തിനായി മാതാപിതാക്കള്‍ ധൃതി കൂട്ടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മക്കളുടെ നല്ല ഭാവിയാണ് അവരാഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ മാതാപിതാക്കളുടെ നിലപാടാണ് ശരി എന്ന് മക്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതനുസരിക്കുക എന്നതാണ് അഭികാമ്യം. തീര്‍ച്ചയായും തുടര്‍ന്നുള്ള ജീവിതത്തിലൂടനീളം അല്ലാഹുവിന്റെ അനുഗ്രഹം അവരുടെ മേലുണ്ടാകുമെന്നത് തീര്‍ച്ചയാണ്.

സങ്കീര്‍ണ്ണമായ ഈ ജീവിത സാഹചര്യങ്ങളില്‍ അല്ലാഹുവെ ഭയപ്പെടുന്നവര്‍ക്കും ഇസ്‌ലാമിക അധ്യാപനങ്ങളെക്കുറിച്ച് ധാരണയുള്ളവര്‍ക്കും അവ ജീവിതത്തില്‍ മുറുകെപ്പിടിക്കുന്നവര്‍ക്കും മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം ഹറാമായ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മനസ്സിലാക്കേണ്ടത് തങ്ങള്‍ മാതാപിതാക്കളെ മാത്രമല്ല, മറിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകളെ കൂടിയാണ് ധിക്കരിക്കുന്നത് എന്നതാണ്.

ഇനി മാതാപിതാക്കളേക്കാള്‍ ജീവിതത്തില്‍ സൂക്ഷമത പാലിക്കുന്നവരും ഇസ്‌ലാമിക അധ്യാപനങ്ങളെക്കുറിച്ച പരിജ്ഞാനമുള്ളവരും മക്കളാണെങ്കില്‍ അവരുടെ മേല്‍ തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ക്ഷമയോട് കൂടി കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ മക്കള്‍ക്ക് സാധിക്കണം. അത്‌പോലെ ഭൗതികമായ ലാഭത്തെ മുന്‍നിര്‍ത്തിയുള്ള തങ്ങളുടെ തീരുമാനത്തേക്കാള്‍ എന്തുകൊണ്ടും അല്ലാഹുവിന് ഇഷ്ടപ്പെടുക മക്കളുടെ തീരുമാനമാണ് എന്നവര്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്നെ അല്ലഹുവെ ഭയപ്പെടുകയും തങ്ങളെ തിരുത്തുകയും ദീനി വിഷയങ്ങളില്‍ അവഗാഹവുമുള്ള സന്താനങ്ങളെ നല്‍കിയതില്‍ അവര്‍ അല്ലാഹുവോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവെ സൂക്ഷിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും മാത്രമേ വിവാഹവുമായി ബന്ധപ്പെട്ട ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്തുലിതമായ ഒരു തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂ.

വിവ: സഅദ് സല്‍മി

Related Articles