Current Date

Search
Close this search box.
Search
Close this search box.

ഇണയെ ഓര്‍ക്കുന്നു എന്ന് ബോധ്യപ്പെടുത്തണം

missing.jpg

തന്റെ അസാന്നിദ്ധ്യം കൊണ്ട് ഇണക്ക് ഒരു മനപ്രയാസവുമില്ല എന്ന് മറുപാതിയെ കുറിച്ച് ഭാര്യയോ ഭര്‍ത്താവോ വിചാരിക്കുന്നുവെങ്കില്‍ ഇരുവരും നല്ല പാതി (better half) കളാവുകയില്ല. വിവാഹത്തോടെ ഇരുവരും താന്‍ നല്ല പാതിയാണെന്ന് ബോധ്യപ്പെടുത്തി തുടങ്ങണം. കാലം നീങ്ങുന്നതിനനുസരിച്ച് ആ ബോധം പരസ്പരം ശക്തമാക്കണം. അപ്പോഴാണ് ദാമ്പത്യം മധുരിക്കുക.

ഒരാളുടെ മനസ്സില്‍ അപരനെ കുറിച്ചുള്ള ഓര്‍മ നിലനില്‍ക്കുന്നുവെങ്കില്‍, ആ ഓര്‍മ നന്മയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഓര്‍ക്കുന്നവനിലും ഓര്‍ക്കപ്പെടുന്നവനിലും നന്മയുണ്ട് എന്ന് പറയാം. എന്റെ ഭാര്യക്ക് എന്നെ കുറിച്ചോര്‍ക്കാന്‍ പറ്റിയ എന്തുകാര്യമാണ് ഞാന്‍ ചെയ്തത് എന്ന് ഭര്‍ത്താവ് ഓര്‍ത്തു നോക്കുക; ഭര്‍ത്താവിനെ കുറിച്ച് ഭാര്യയും. ഇത് ഏതു പ്രായത്തിലുലഌഇണകളും നടത്തേണ്ട ആത്മപരിശോധനയാണ്. ഒന്നും ചെയ്തിട്ടില്ല എന്നാണ് ബോധ്യമായതെങ്കില്‍ അധിക ദിവസം കഴിയുന്നതിന് മുമ്പ് ഒരു കാര്യം ചെയ്യുക.

പുരുഷന്‍ നാലുദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര ചെയ്യുന്നു എന്ന് സങ്കല്‍പ്പിക്കുക. ആ യാത്രയില്‍ ഭര്‍ത്താവ് തന്നെയോര്‍ത്തു എന്ന് ഭാര്യക്കും തന്റെ അഭാവത്തില്‍ തന്നെ കുറിച്ച് ഭാര്യ ഓര്‍ത്തു എന്ന് ഭര്‍ത്താവിനും തോന്നണം. അതിനെന്താണ് മാര്‍ഗം? ഇതാ ചില ഉദാഹരണങ്ങള്‍.

നിങ്ങളുടെ ഭാര്യക്ക് വസ്ത്രം വാങ്ങികൊടുക്കേണ്ട ആവശ്യം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. മക്കളും മരുമക്കളും ആങ്ങളമാരും ഗള്‍ഫിലായതിനാല്‍ അവര്‍ കൊടുത്ത സാരിയും മറ്റും ധാരാളമുണ്ട്. എന്നിരുന്നാലും മൈസൂര്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഒരു സാരി വാങ്ങുക. അത് വീട്ടുപയോഗത്തിന് മാത്രം പറ്റിയ വിലകുറഞ്ഞ ഇനമാണങ്കിലും അത് അവളെ ഓര്‍ത്തു എന്നതിന്റെ തെളിവായി കണ്ട് അവള്‍ വല്ലാതെ സന്തോഷിക്കും.

ബുധനാഴ്ച്ച വൈകിയിട്ട് തിരിച്ചെത്തുന്ന നിങ്ങള്‍ക്ക് വ്യാഴാഴ്ച്ച മറ്റൊരു പരിപാടിക്ക് പോവാനുണ്ടെന്ന് കരുതുക. വന്നപാടെ നിങ്ങള്‍ ശ്രദ്ധിക്കുന്നത് ഹംഗറില്‍ വസ്ത്രമുണ്ടോ എന്നാണ്. ഇല്ലെന്നു കണ്ടാല്‍ ഒരു ചെറിയ വിഷമം തോന്നും. തേച്ചു വെച്ചത് ഒന്നുമില്ലേ എന്നു ചോദിച്ചാല്‍ ഭാര്യയുടെ മറുപടി ‘കാലത്ത് പത്തുമണിക്കല്ലേ പുറപ്പെടേണ്ടത്, എട്ടു മണിക്ക് തേച്ചു തരാം’ എന്നാണെങ്കില്‍, സ്ത്രീകളേ, ഈ മറുപടി ഭര്‍ത്താക്കന്‍മാരെ തൃപ്തിപ്പെടുത്തുകയില്ല. അവര്‍ വരുമ്പോഴേക്കും കാണത്തക്ക വിധത്തില്‍ വസ്ത്രങ്ങള്‍ അലക്കി തേച്ചു വച്ചാല്‍ നിങ്ങള്‍ അവരെ അവരുടെ അസാന്നിധ്യത്തില്‍ ഓര്‍ത്തു എന്നു തോന്നും.

നാലാം ദിവസം തിരിച്ചെട്ടുന്ന ഭര്‍ത്താവിനെ കണ്ട് ഭാര്യ അത്ഭുതത്തോടെ ‘അല്ല, നാലു ദിവസമെന്നു പറഞ്ഞിട്ട് മൂന്ന് ദിവസം കൊണ്ട് തിരിച്ചെത്തിയോ എന്ന് പ്രതികരിച്ചാലോ? വലിയ അപകടമാണത്. ഭര്‍ത്താവിനെ ഓര്‍ക്കുന്ന ഭാര്യയില്‍ നിന്ന് ആ മറവിയുണ്ടാവില്ല. ജോലിത്തിരക്കു കൊണ്ടോ വിരുന്നുകാരുടെ മാറിമാറി വരല്‍ കൊണ്ടോ അവള്‍ ദിവസം നാലായത് മറന്നു കാണും. എന്നാല്‍ ഭര്‍ത്താവിന്റെ യാത്രാരംഭം തിരിച്ചു വരവ് എന്നിവ ഭാര്യയുടെ അജണ്ടയിലുണ്ടാവണം. ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഭാര്യക്ക് കഴിയണം. ഭര്‍ത്താവിന് തിരിച്ചും.
‘എങ്ങനെയുണ്ടായിരുന്നു അവിടത്തെ താമസം?’
‘നല്ല സൗകര്യമുള്ള ലോഡ്ജായിരുന്നു. എന്നാലും നമ്മുടെ ഈ ചെറിയ റൂമിന്റെ സുഖം എവിടെയും കിട്ടില്ല.’
ഈ മറുപടി ഭാര്യക്ക് ഇഷ്ടപ്പെടും.
‘ഹോ, നാലേ നാലു ദിവസം നിങ്ങള്‍ വിട്ടുനിന്നത്. പക്ഷേ പത്തു ദിവസത്തിന്റെ നീളം തോന്നുന്നു.’
ഈ പ്രതികരണം ഭര്‍ത്താവിനും ഇഷ്ടപ്പെടും. ഇങ്ങനെ പരസ്പരം ഇഷ്ടപ്പെടുത്താന്‍ എന്തെല്ലം കഴിയും എന്ന് ഇരുവരും പഠിച്ചു വെക്കുകയും പ്രയോഗിക്കുകയും ചെയ്യുക.

ഒരിക്കല്‍ 52 വയസ്സുള്ള പുരുഷനും 46 വയസ്സുള്ള ഭാര്യയും തങ്ങളുടെ ഉലഞ്ഞ ദാമ്പത്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളുമായി എന്നെ സമീപിച്ചു. പ്രശ്‌നം പരസ്പര ശങ്കയും തന്നോട് സ്‌നേഹമില്ലെന്ന് ഇരുവര്‍ക്കുമുള്ള തോന്നലുമാണെന്ന് വേറെ വേറെ സംസാരിച്ചപ്പോള്‍ പിടികിട്ടി. പിന്നീട് പുരുഷനോട് സ്വകാര്യമായി ചോദിച്ചു. ‘നിങ്ങള്‍ ഡ്രസ്സും ചെരിപ്പുമെല്ലാം എവിടെ നിന്നാണ് വാങ്ങാറ്? അയാള്‍ താമസസ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരമുള്ള പഞ്ചായത്ത് ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞു. പിന്നെ ഇങ്ങനെ ഒരു വിശദീകരണവും ‘ഇവിടെ എല്ലാ സാധനങ്ങളും മിതമായ നിരക്കില്‍ കിട്ടും.’
‘എന്നാലും ഇടക്കൊന്ന് കോഴിക്കോട്ടു പോയിക്കൂടേ?’
‘അതിന്റെ ആവശ്യമില്ല. എന്തിന് നാല്‍പതോളം കിലോമീറ്റര്‍ സഞ്ചരിച്ച് പണവും സമയവും കളയുന്നു.’

ഞാനുപദേശിച്ചത് ഇങ്ങനെയായിരുന്നു. കൊല്ലത്തില്‍ രണ്ടോ മൂന്നോ തവണം സാധനങ്ങള്‍ വാങ്ങാന്‍ കോഴിക്കോട്ടു പോവുക. ഒരു നല്ല ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക. ആ ചെലവ് പാഴ്‌ച്ചെലവല്ല. ഇരുവര്‍ക്കുമുള്ള ചികിത്സയാണ്. മനസ്സടുക്കാനും ശങ്കയകലാനും ഈ യാത്ര ഉപകരിക്കും.

അയാള്‍ പരീക്ഷിച്ചു. വലിയ അളവോളം ഫലം കണ്ടു. അകല്‍ച്ചയുടെ കാരണം മനസ്സിലാക്കി അടുക്കാനുള്ള എളുപ്പമാര്‍ഗം അന്വേഷിക്കുക. അത് മുന്നില്‍ തന്നെയുണ്ടായെന്നു വരും.

Related Articles