Current Date

Search
Close this search box.
Search
Close this search box.

ഇണയെ ആദരിക്കല്‍ ഒരു ന്യൂനതയല്ല

couple-hands-tk.jpg

ഭാര്യയെ നീ ആദരിക്കണം. ഒന്നാമതായി അല്ലാഹു ആദരിച്ചിട്ടുള്ള മനുഷ്യരുടെ ഗണത്തിലാണവള്‍. രണ്ടാമതായി ഭൂലോകത്തെ സ്ത്രീകള്‍ക്കിടയില്‍ നിന്നും നീ ഇണയായി തെരെഞ്ഞെടുത്തവളാണവള്‍. മൂന്നാമതായി നിന്റെ മക്കളുടെ ഉമ്മയാണ്. നാലാമതായി നിന്റെ രഹസ്യങ്ങളുടെയും സ്വകാര്യങ്ങളുടെയും സൂക്ഷിപ്പുകാരിയാണവള്‍. അഞ്ചാമതായി നിന്റെ വീടിന്റെ പരിപാലകയാണവള്‍.

ഡോ. അന്‍വര്‍ വര്‍ദ പറയുന്നു: എന്റെ പിതാവ് അബ്ദുല്‍ ഗനി വര്‍ദ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ചിലയാളുകള്‍ വിവാഹത്തെയും സ്ത്രീകളെയും കുറിച്ചു സംസാരിച്ചു. അപ്പോള്‍ അക്കൂട്ടത്തിലൊരാള്‍ പറഞ്ഞു: ‘സ്ത്രീ ചെരിപ്പു പോലെയാണ്… പുരുഷന് തന്റെ പാകത്തിനൊത്തത് ലഭിക്കും വരെ മാറ്റിക്കൊണ്ടിക്കാം.’ അതുകേട്ട് അവിടെയുണ്ടായിരുന്നവര്‍ എന്റെ ഉപ്പയെ നോക്കി അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചു. ‘ഈ സഹോദരന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. സ്വന്തത്തെ കാല്‍പാദമായി കാണുന്നവനെ സംബന്ധിച്ചടത്തോളം സ്ത്രീ ഒരു ചെരിപ്പു പോലെയാണ്. സ്വന്തത്തെ തലയായി കാണുന്നവരെ സംബന്ധിച്ചടത്തോളം അവള്‍ കിരീടമാണ്. അതുകൊണ്ട് അവരെ ആക്ഷേപിക്കേണ്ട. എങ്ങനെയാണ് അവന്‍ സ്വന്തത്തെ കാണുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ ഇന്നും സ്ത്രീകളോട് പരുക്കന്‍ സമീപനം വെച്ചുപുലര്‍ത്തുന്നവരുണ്ടെന്നത് ദുഖകരമാണ്. ചപ്പുചവറുകളുടെ സ്ഥാനമാണ് പലപ്പോഴും അവള്‍ക്ക് നല്‍കപ്പെടുന്നത്. ഒരു സദസ്സില്‍ വെച്ച് ഭാര്യയെ പ്രശംസിച്ച് സംസാരിക്കുന്നത് കേട്ടാല്‍ മോശപ്പെട്ട എന്തോ കാര്യം ചെയ്ത പോലെ അതിനെ കാണുന്നവരുണ്ട്. എന്തെങ്കിലും വിഷയം ഭാര്യയുമായി കൂടിയാലോചിക്കട്ടെയെന്ന് അവരോട് പറഞ്ഞാല്‍ ‘ആണുങ്ങള്‍ സ്ത്രീകളോട് കൂടിയാലോചിക്കാറില്ലെന്ന്’ തൊണ്ട കീറിക്കൊണ്ടവന്‍ പറയും. എത്രതന്നെ ബുദ്ധിമതിയാണെങ്കിലും അവരോട് കൂടിയാലോചിക്കരുതെന്ന കാഴ്ച്ചപാടാണ് അവര്‍ക്കുള്ളത്. ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു: ”അല്ലാഹുവാണ് സത്യം, ജാഹിലിയാ കാലത്ത് ഒരു കാര്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് വകവെച്ചു കൊടുത്തിരുന്നില്ല. പിന്നീട് അവളുടെ കാര്യത്തില്‍ അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ക്കര്‍ഹതപ്പെട്ടത് ഞങ്ങള്‍ വകവെച്ചു കൊടുത്തു.”

നീ അവളോട് കൂടിയാലോചിക്കണം. അതിലൂടെ അവളുടെ മനുഷ്യത്വത്തെയും ബുദ്ധിയെയും ആദരിക്കുകയാണ് നീ ചെയ്യുന്നത്. ഹിറാ ഗുഹയില്‍ നിന്നും മടങ്ങിയെത്തിയ നമ്മുടെ പ്രിയ പ്രവാചകന്‍(സ) പ്രിയ പത്‌നി ഖദീജ(റ)യോട് കൂടിയാലോചിക്കുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹത്തെയും കൂട്ടി അവരാണ് വറഖത് ബിന്‍ നൗഫലിന്റെ അടുത്തേക്ക് പോകുന്നത്. ആഇശ(റ)നെ കുറിച്ച അപവാദ പ്രചാരണം ഉണ്ടായപ്പോള്‍ നബി തിരുമേനി(സ) സൈനബ് ബിന്‍ത് ജഹ്ശുമായിട്ടായിരുന്നു കൂടിയാലോചിച്ചത്. അവര്‍ക്ക് ആഇശ ബീവിയെ കുറിച്ച നല്ലതല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല. ഹുദൈബിയ സന്ധിയുടെ വേളയില്‍ ഉമ്മു സലമ(റ)യോട് അദ്ദേഹം കൂടിയാലോചിച്ചതും നമുക്കറിവുള്ള കാര്യമാണ്. ബലി മൃഗങ്ങളെ അറുത്ത് ഇഹ്‌റാമില്‍ നിന്ന് വിരമിക്കാന്‍ സഹാബിമാര്‍ വിസമ്മതിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഉപദേശം സ്വീകരിച്ചായിരുന്നു നബി(സ) തന്റെ ബലി മൃഗത്തെ അറുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തത്. അതുകണ്ട സഹാബികളും അപ്രകാരം ചെയ്തു.

ഹസ്സന്‍ ബസ്വരി പറയുന്നു: ”ഉമ്മു സലമയുമായി കൂടിയാലോചിക്കേണ്ട ആവശ്യം റസൂലിന് ഇല്ലായിരുന്നെങ്കില്‍ പോലും ജനങ്ങള്‍ തന്റെ അക്കാര്യത്തിലുള്ള മാതൃക പിന്‍പറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്ത്രീകളോട് കൂടിയാലോചിക്കുന്നത് ഒരു കുറവായി പുരുഷന്‍മാര്‍ക്ക് തോന്നാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്.”

ഉമര്‍ ബിന്‍ ഖത്താബ്(റ) തന്റെ മകളോട് അഭിപ്രായം തേടിയിരുന്നു. ഇബ്‌നു ഉമര്‍ പറയുന്നു: ഉമര്‍ ബിന്‍ ഖത്താബ് ഒരു രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു സ്ത്രീയുടെ പാട്ട് കേട്ടു. അതിലെ വരികള്‍ ഇങ്ങനെയായിരുന്നു:
ഈ രാത്രി നീണ്ടു പോവുകയാണ്, ചുറ്റും ഇരുട്ട് മാത്രം
വിനോദത്തിന് ഒരു കൂട്ടുകാരനില്ലാതെ ഉറക്കമിളക്കുകയാണ് ഞാന്‍

ഇതുകേട്ട ഉമര്‍ മകള്‍ ഹഫ്‌സയോട് ചോദിച്ചു: ഒരു സ്ത്രീക്ക് എത്ര കാലം ഭര്‍ത്താവില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ കഴിയും? ആറോ നാലോ മാസം. അപ്പോള്‍ ഉമര്‍ പറഞ്ഞു: അതിലേറെ കാലം ആരെയും ഞാന്‍ സൈന്യത്തില്‍ തടഞ്ഞുവെക്കില്ല.

വിവ: നസീഫ്‌

Related Articles