Current Date

Search
Close this search box.
Search
Close this search box.

ആദരവോടെ ഇടപഴകാം

couple7.jpg

പഴയ കാലത്ത് ആളുകള്‍ പറയാറുണ്ടായിരുന്ന ഒന്നാണ് ‘സ്ത്രീയുടെ സൗന്ദര്യം അവളുടെ നാവിന്റെ മര്യാദയിലാണ്, പുരുഷന്റെ വ്യക്തിത്വം അവന്റെ സംസാര ശൈലിയിലാണ്.’ എത്രയെത്ര സുന്ദരിമാരാണ് തങ്ങളുടെ പരുക്കന്‍ നാവു കൊണ്ട് തങ്ങളുടെ സൗന്ദര്യം നശിപ്പിച്ചിരിക്കുന്നത്. ഭര്‍ത്താവിനോടുള്ള ഇടപെടലില്‍ വെറുക്കപ്പെട്ട ആ ശൈലി കടന്നു വരുന്നു. എത്രയെത്ര മാന്യമാരായ പുരുഷന്‍മാര്‍ക്ക് തങ്ങള്‍ ഭാര്യമാരെ അഭിസംബോധന ചെയ്യുന്ന ശൈലി കൊണ്ട് വ്യക്തിത്വം നഷ്ടമായിരിക്കുന്നത്!

നിങ്ങളിരുവരുടെയും ശൈലി സംസ്‌കാരത്തോടെയും സുന്ദരവുമാവുമ്പോള്‍ നിങ്ങള്‍ക്കിടയിലെ സ്‌നേഹം വര്‍ധിക്കുകയാണ്. ജീവിതാനന്ദത്തെ അത് ഇരട്ടിപ്പിക്കും. നൈര്‍മല്യവും മര്യാദയും ഉള്‍ച്ചേര്‍ന്ന വാക്കുകള്‍ ഉപയോഗിക്കാനായിരിക്കണം എപ്പോഴും ശ്രദ്ധിക്കേണ്ടത്. വീട്ടിനകത്തെ അഭിസംബോധനകളും സ്‌നേഹം തുളുമ്പുന്നവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ദമ്പതികള്‍ക്കിടയിലെ ആദരവും മര്യാദയും നഷ്ടമാകുമ്പോള്‍ ദാമ്പത്യ ജീവിതമാണ് നഷ്ടപ്പെടുന്നത്. അവിടെ പകരം വരുന്നത് മൂര്‍ച്ചയേറിയ കടുത്ത വാക്കുകളും വാഗ്വാദങ്ങളുമായിരിക്കും. ചിലപ്പോള്‍ ബന്ധുക്കളുടെയും കൂട്ടുകാരുടെയും മുന്നില്‍ വെച്ചും ആ വാക്കുകള്‍ പുറത്തു ചാടിയേക്കും. പുരുഷന് ഭാര്യയോടുള്ള ആദരവ് നീങ്ങുമ്പോള്‍ വീട്ടിനകത്ത് കുഴിബോംബുകള്‍ പാകുകയാണ് അതിലൂടെയവന്‍ ചെയ്യുന്നത്. ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ആദരവ് നഷ്ടമാകുമ്പോഴും അത് തന്നെയാണ് അവസ്ഥ. അപ്പോള്‍ അവളുടെ നാവിന് നീളം കൂടുകയും ശബ്ദം ഉയരുകയും വാക്കുകള്‍ മലിനപ്പെടുകയും ചെയ്യും. ദമ്പതികള്‍ക്ക് ദുരിതവും ദൗര്‍ഭാഗ്യവുമാണത് കൊണ്ടുവരിക. ദമ്പതികളേ, നിങ്ങള്‍ പരസ്പരം ആദരിക്കുകയും മര്യാദയോടെ ഇടപഴകുകയും ചെയ്യുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നന്മ വരുത്തും.

ദമ്പതികള്‍ പരസ്പരം ആദരിക്കുന്നതോടൊപ്പം ഇരുവരുടെയും ബന്ധുക്കളെയും ആദരിക്കണം. ദാമ്പത്യത്തിന്റെ സന്തോഷത്തെ കൊല ചെയ്യുന്ന ഒട്ടനവധി പ്രശ്‌നങ്ങളുടെ കാരണം ഭാര്യയുടെ/ ഭര്‍ത്താവിന്റെ ബന്ധുക്കളോട് നല്ല രീതില്‍ പെരുമാറാത്തതാണ്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ ഇരുവരും ബന്ധുക്കളെ കുറിച്ച് നല്ലത് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്ന് കാണാം. എന്നാല്‍ കുറച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ അതില്‍ മാറ്റം വരികയാണ്. ഭര്‍ത്താവ് ഭാര്യാ വീട്ടുകാരെ നിന്ദിച്ചു കൊണ്ട് സംസാരിക്കുന്നു, അല്ലെങ്കില്‍ അവരുടെ പേരില്‍ അവളെ പരിഹസിക്കുന്നു. അവന്റെ വീട്ടുകാരുടെ ദോഷങ്ങളെയും മോശം പെരുമാറ്റത്തെയും കുറിച്ച് അവളും പറയാന്‍ തുടങ്ങുന്നു. അതിന്റെ പേരില്‍ ഭര്‍ത്താവിന് നേര്‍ക്ക് കുത്തുവാക്കുകള്‍ ഉയര്‍ത്തുകയും പരിഹസിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടാലും മായാത്ത പാടുകള്‍ ഹൃദയത്തിലേല്‍പിക്കുന്ന ആ തര്‍ക്കത്തെ കുറിച്ച് പിന്നീട് ചോദിക്കുന്നുമില്ല. അത് തുടര്‍ന്നാല്‍ വേര്‍പിരിയുന്നതിലേക്കും ബന്ധം പേരിന് മാത്രം നിലനില്‍ക്കുന്ന അവസ്ഥയിലേക്കുമാണ് എത്തുക.

ദമ്പതികളേ, നിങ്ങള്‍ ബന്ധുക്കളുടെ നല്ല വശമാണ് പ്രകടമാക്കേണ്ടത്. അവരിലുള്ള നന്മകളെ നിങ്ങള്‍ വിസ്മരിക്കരുത്. മറ്റുള്ളവരുടെ തെറ്റിന് ഉത്തരവാദികള്‍ നിങ്ങള്‍ രണ്ടുപേരുമല്ലെന്ന് തിരിച്ചറിയുക. അവരുടെ തെറ്റുകള്‍ അവരില്‍ തന്നെ ഒതുങ്ങട്ടെ. അവരുടെ സംസ്‌കരണത്തിനായി പ്രാര്‍ഥിക്കാം. നിങ്ങളുടെ സന്തോഷവും ജീവിതവും നിങ്ങള്‍ തന്നെ നശിപ്പിക്കരുത്.

വിവ: നസീഫ്‌

Related Articles