Current Date

Search
Close this search box.
Search
Close this search box.

അവള്‍ കാത്തിരിക്കുകയാണ്

couple9.jpg

തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.’ (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. ‘എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?’ ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

Related Articles