Current Date

Search
Close this search box.
Search
Close this search box.

അവളുടെ രാജകുമാരനും വരും

alone.jpg

35-കാരിയായ ഹന അവിവാഹിതയായി തന്നെ തുടരുന്നു. ”പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പല അന്വേഷണങ്ങളും ഞാന്‍ നടത്തിനോക്കി. എന്നാല്‍ എനിക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്താന്‍ ഞാന്‍ അശക്തയായിരുന്നു. ബന്ധുക്കളോടും പള്ളിയില്‍ കാണുന്ന ഇത്തമാരോടുമൊക്കെ ഞാന്‍ വിഷയം അവതരിപ്പിച്ചു. വിവാഹം കഴിഞ്ഞ എന്റെ കൂട്ടുകാരികളുടെ ഭര്‍ത്താക്കന്മാര്‍ വഴി അനുയോജ്യരായ ചെറുപ്പക്കാരെ കണ്ടെത്താനും ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ അന്വേഷിച്ചു നടന്നു നടന്ന് എനിക്ക് 33 വയസ്സായി. എന്റെ പ്രൊഫൈല്‍ വെച്ചുകൊണ്ട് ഒരു ഇസ്‌ലാമിക വൈവാഹിക വൈബ്‌സൈറ്റില്‍ ഒരു പരസ്യവും ഞാന്‍ കൊടുത്തു നോക്കി. ഇനിയും നീട്ടിക്കൊണ്ടു പോകുന്നതിന് പകരം എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യ് എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. പക്ഷേ, ആകെ പ്രതീക്ഷ നശിച്ചതു പോലെയായിരുന്നു എന്റെ മുന്നോട്ടുപോക്ക്. എനിക്കെന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ ചിന്തിച്ചുതുടങ്ങി. നല്ല വിദ്യാഭ്യാസ യോഗ്യതയും സാമാന്യം സൗന്ദര്യവുമുള്ള എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നോര്‍ത്ത് ഞാന്‍ കുറേ നേരം വിഷമിച്ചിരുന്നു

ചിലപ്പോള്‍ വിവാഹം എന്ന സങ്കല്‍പത്തോടു തന്നെ പുച്ഛം തോന്നിയതായി ഹന പറയുന്നു. കാരണം, ഒരു സ്ത്രീയുടെ എല്ലാ സ്ഥാനവും അവിവാഹിത എന്നതിനാല്‍ ഇടിച്ചുതാഴ്ത്തപ്പെടുന്നതില്‍ അവള്‍ ആകെ സ്തബ്ധയായിരുന്നു. കാരണം, ഇത്രയും പ്രായമായിട്ടും അവിവാഹിതയായി തുടരുന്ന അവളെ സമൂഹം ഒരിക്കലും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നില്ല. ”നല്ല കുടുംബജീവിതവും മാതൃത്വവുമൊക്കെ സ്വപ്‌നം കണ്ടിരുന്ന ഞാന്‍ ഒന്നുമല്ലാതാകുന്നത് പോലെ എനിക്ക് തോന്നി. വര്‍ഷങ്ങള്‍ അതിവേഗം കടന്നുപോകുന്നത് ഞാന്‍ നിര്‍നിമേഷം നോക്കിനിന്നു. എല്ലാം എന്റെ നിയന്ത്രണ വലയത്തില്‍ നിന്ന് അകന്നു പോകുന്നതുപോലെ”, ഹന പറഞ്ഞു. ഇത് ഹനക്ക് മാത്രമുള്ള പ്രശ്‌നമല്ല. മുസ്‌ലിം സമൂഹത്തില്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അവിവാഹിതരായി തുടരുന്ന സ്ത്രീകള്‍ക്ക് പൊതുവേ സ്ഥാനമില്ല. ഒരു കല്ല്യാണവീട്ടിലോ കുടുംബ പരിപാടിയിലോ ആളുകള്‍ അവരെ കുറിച്ച് കുശുകുശുക്കുന്നതും അടക്കം പറയുന്നതും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ അവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസവും പ്രശ്‌നങ്ങളും ആരും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല.

അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്ന ആര്‍ക്കും മറ്റൊരാളുടെ പ്രതികൂല വിധിയില്‍ സന്തോഷിക്കാന്‍ സാധിക്കില്ല. എല്ലാവരുടെയും വിധി അല്ലാഹുവിന്റെ കയ്യിലാണ്. അവന്‍ ഇച്ഛിക്കുന്നത് അവന്‍ നമുക്ക് നല്‍കുന്നു. അവന്‍ ഇച്ഛിക്കുന്നത് നമ്മില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് നാം ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെ ഓര്‍ത്ത് തളരേണ്ടതില്ല. അതിന് അല്ലാഹു തന്നെ പ്രതിവിധിയും ചെയ്യും എന്ന് ഉറച്ചുവിശ്വസിക്കുക. അവിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ വൈവാഹിക അവസ്ഥയെ കുറിച്ചോര്‍ത്ത് ദുഃഖിക്കുകയല്ല വേണ്ടത്. മറിച്ച്, അല്ലാഹു തനിക്ക് നല്‍കിയ ജീവിതത്തിലെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും തനിക്ക് അനുയോജ്യനായ ഇണയെ ലഭിക്കുന്നത് വരെ പതിവ്രതയായി തുടരുകയുമാണ് വേണ്ടത്. സൗന്ദര്യവും സമ്പത്തും മാത്രമല്ല വൈവാഹിക ബന്ധത്തിന്റെ അടിസ്ഥാനം. അത് പരസ്പര വിശ്വാസവും പൊരുത്തപ്പെടലുമൊക്കെയാണ്. തനിക്ക് അനുയോജ്യമല്ലാത്തത് കൊണ്ട് മാത്രമാണ് അല്ലാഹു തന്റെ കാര്യത്തില്‍ തീരുമാനം വൈകിക്കുന്നതെന്നും എന്നാല്‍ ഏറ്റവും അനുയോജ്യനായ ഇണയെ തന്നെ അവന്‍ തനിക്ക് നല്‍കുമെന്നും അവര്‍ വിശ്വസിക്കണം. അവരുടെ രാജകുമാരന്മാരും വരും, വൈകിയാണെങ്കിലും.

വിവ: അനസ് പടന്ന

Related Articles