Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ മുസ്‌ലിംകള്‍ ഭയക്കുന്നത്

divorce.jpg

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അമേരിക്കയില്‍ പലരും പ്രത്യേകിച്ചും മുസ്‌ലിംകള്‍ ഒരു തരം ഭീതിയനുഭവിക്കുന്നുണ്ട്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ജയിച്ചാലും പരാജയപ്പെട്ടാലും അക്രമണങ്ങളുണ്ടാവുമെന്നാണവര്‍ ഭയക്കുന്നത്. ട്രംപിന്റെ തീവ്രമായ പ്രസ്താവനകള്‍ക്ക് പുറമെ, ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് വേണ്ടി തെരെഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കുന്ന് തടയുന്നതിനായി പോളിംഗ് സ്‌റ്റേഷനുകളില്‍ ആയുധവുമായി തങ്ങളുണ്ടാവുമെന്ന് ചില പ്രാദേശിക സായുധ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

പ്രസ്തുത ആശങ്കയെ ശരിവെക്കുന്നതാണ് ജോര്‍ജിയയിലെ സൗത്ത് അറ്റ്‌ലാന്റയില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരെയുള്ള ന്യൂട്ടന്‍ പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്കായി ഒരു ശ്മശാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഭൂമി വാങ്ങാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ അന്റലാന്റയിലെ അമേരിക്കന്‍ മുസ്‌ലിംകള്‍ തീരുമാനിച്ചിരുന്നു. തീര്‍ത്തും നിരുപദ്രവകരമായ തങ്ങളുടെ തീരുമാനം എതിര്‍പ്പിന്റെ കൊടുങ്കാറ്റിന് തിരികൊളുത്തുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രാദേശിക ഉദ്യോഗസ്ഥരും വെള്ളക്കാരായ ദേശീയവാദി സായുധ ഗ്രൂപ്പുകളും അതിനെതിരെ രംഗത്ത് വന്നു. ശ്മശാനം നിര്‍മിക്കുന്നതിന് അല്‍മആദുല്‍ ഇസ്‌ലാമി മസ്ജിദ് ന്യൂട്ടന്‍ കൗണ്ടി അധികൃതരില്‍ നിന്ന് അംഗീകാരം നേടിയിരുന്നതാണ്. പ്രസ്തുത പദ്ധതിക്കായി അര ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വാങ്ങുകയും ചെയ്തു. അത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ പ്രദേശവാസികളും കൗണ്ടി കമ്മീഷണര്‍മാരും അതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ‘ഐസ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതിന്’ പ്രസ്തുത സ്ഥലം ഉപയോഗിക്കുമെന്നാണ് അവര്‍ വാദിച്ചത്.

പദ്ധതി Georgia Security Force III%  എന്ന സംഘത്തിന്റെ ശ്രദ്ധയിലും വന്നു. വെള്ളക്കാരായ ദേശീയവാദികളുടെ ഒരു സായുധ സംഘമാണത്. ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തെയും കുടിയേറ്റ വിരുദ്ധ, മുസ്‌ലിം വിരുദ്ധ കാമ്പയിനുകളെയും ഏറ്റെടുത്തവരാണവര്‍. രക്തദാഹിയായ ജനറല്‍ എന്നറിയപ്പെടുന്ന 42കാരനായ ക്രിസ് ഹില്‍ എന്ന മുന്‍ അമേരിക്കന്‍ സൈനികനാണ് ജോര്‍ജിയ ഫോഴ്‌സിന് നേതൃത്വം നല്‍കുന്നത്. മുസ്‌ലിംകള്‍ ഐഎസ് അനുകൂലികളാണെന്നും ഭീകരരാണെന്നും ആരോപിച്ച് ജോര്‍ജിയ ഫോഴ്‌സ് ആഗസ്റ്റില്‍ മുസ്‌ലിംകള്‍ ന്യൂട്ടനില്‍ ശ്മശാനത്തിനായി വാങ്ങിയ സ്ഥലത്തേക്ക് ആയുധമേന്തി മാര്‍ച്ച് നടത്തി.

അമേരിക്കയിലെ വിദ്വേഷപ്രചാരക ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സൗത്തേണ്‍ പോവെര്‍ട്ടി ലോ സെന്ററിലെ ഗവേഷകനായ റയാന്‍ ലെന്‍സ് പറയുന്നതനുസരിച്ച് സോമാലി മുസ്‌ലിം പള്ളിയും കമ്മ്യൂണിറ്റി സെന്ററും ആക്രമിക്കാന്‍ പദ്ധതിയിട്ട കന്‍സാസ് സായുധഗ്രൂപ്പുമായും ജോര്‍ജിയ സായുധ ഗ്രൂപ്പിന് ബന്ധമുണ്ട്. ഗാര്‍ഡന്‍ സിറ്റിയിലെ മുസ്‌ലിം കമ്മ്യൂണിറ്റി സെന്ററും നിരവധി മുസ്‌ലിംകള്‍ വസിക്കുന്ന സമീപത്തെ അപ്പാര്‍ട്ട്‌മെന്റുകളും കാര്‍ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള കന്‍സാസ് ഗ്രൂപ്പിന്റെ പദ്ധതി പരാജയപ്പെടുത്തിയതായി എഫ്.ബി.ഐ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 11ന് ശേഷം വെള്ളക്കാരായ ദേശീയവാദികള്‍ മുസ്‌ലിം വിരുദ്ധ ഗ്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്ന് മുസ്‌ലിം സമുദായത്തിന് നേര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ലെന്‍സ് പറയുന്നു. ഈ രണ്ട് ഗ്രൂപ്പുകളും ചേര്‍ന്ന് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അത്ര വേഗത്തിലൊന്നും നീങ്ങിപ്പോവാത്ത ഭീതിയുടെ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഒബാമയുടെ തെരെഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം രഹസ്യ ജീവിതത്തില്‍ മുസ്‌ലിമാണെന്ന് പ്രചരിപ്പിച്ച് മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളക്കാരായ ദേശീയവാദികളും വിദ്വേഷ പ്രചാരക ഗ്രൂപ്പുകളും ശക്തിപകര്‍ന്നിരുന്നു.

ശ്മശാന നിര്‍മാണ പദ്ധതിയുടെ പേരില്‍ അല്‍മആദ് മസ്ജിദ് ഇമാമായ ഇമാം മുഹമ്മദ് ഇസ്‌ലാം കടുത്ത ഭീഷണികളും അപകീര്‍ത്തികരമായ പ്രസ്താവനകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹികവും മതപരവുമായ ആവശ്യത്തിന് നിയമപരമായ വഴികളിലൂടെയാണ് മുന്നോട്ടു പോയിട്ടുള്ളൂ എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ക്ഷമയിലൂടെയും പ്രദേശത്തെ മുസ്‌ലിംകളല്ലാത്തവരുമായുള്ള സംവാദത്തിലൂടെയും മാത്രമേ പ്രദേശവാസികളുടെ മനോഭാവത്തില്‍ മാറ്റം വരുത്താനാവൂ എന്നാണ് ഇമാം വിശ്വസിക്കുന്നത്.

സംഗ്രഹം: നസീഫ്
അവലംബം: അല്‍ജസീറ

Related Articles