Current Date

Search
Close this search box.
Search
Close this search box.

അബൂബക്കര്‍, ഇന്ന് നമ്മുടെ ആഘോഷദിനമാണ്

eid.jpg

ചെറിയ പെരുന്നാളിന്റെ ആഘോഷവേളയില്‍ നിങ്ങള്‍ക്കെല്ലാം നല്ലത് വരട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്. നിങ്ങളുടെ ത്യാഗപരിശ്രമങ്ങളെ അല്ലാഹു സ്വീകരിക്കട്ടെ! വിശ്വാസത്താലുള്ള നിര്‍ഭയത്വവും ഇസ്‌ലാമിനാലുള്ള സമാധാനവും ദൈവിക തൃപ്തിയിലൂടെയുള്ള അനുഗ്രഹവും നിങ്ങളില്‍ വര്‍ഷിക്കുമാറാകട്ടെ. ഈ സുദിനം മുസ്‌ലിം സമൂഹത്തിന് സന്തോഷത്തിന്റെതും അനുഗ്രഹത്തിന്റേതുമായിത്തീരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്.

ജീവിതയാത്രക്കിടയില്‍ ലഭ്യമാകുന്ന ആശ്വാസകേന്ദ്രങ്ങളെപോലെയാണ് ആഘോഷങ്ങള്‍. അതിനാല്‍ തന്നെ ആഹ്ലാദിക്കാനും ആശ്വാസം കണ്ടെത്താനുമായി മനുഷ്യര്‍ പൗരാണിക കാലം മുതല്‍ക്കേ വ്യത്യസ്തമായ ആഘോഷങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇസ്‌ലാം ആഹ്ലാദിക്കാനും ആഘോഷിക്കാനുമായി വിശ്വാസികള്‍ക്ക് ഒരുക്കിയ രണ്ട് അവസരങ്ങളാണ് ചെറിയ പെരുന്നാളും വലിയ പെരുന്നാളും. ഇസ്‌ലാമിലെ ആഘോഷങ്ങള്‍ മഹത്തായ ആരാധനകളുമായി ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം. നോമ്പുമായി ബന്ധപ്പെട്ടാണ് ഈദുല്‍ ഫിത്വര്‍ സമാഗതമാകുന്നത്. ഒരു സത്യവിശ്വാസിക്ക് രണ്ടു സന്തോഷങ്ങളുണ്ട്. നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷമാണ് ഇതില്‍ ഒന്നാമത്തേത്. നാഥനെ നോമ്പുമായി കണ്ടുമുട്ടുമ്പോഴുള്ള പ്രതിഫലമാണ് ഇതില്‍ രണ്ടാമത്തേത്. നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷം എന്ന പദത്തിന് ദ്വയാര്‍ഥങ്ങളുണ്ട്. ഒരോ ദിനവും പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ച് രാത്രി നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷമാണ് ഇതില്‍ ഒന്നാമത്തേത്. അതുവരെ നിഷിദ്ധമായ സുഖഭോഗങ്ങള്‍ അതിലൂടെ അനുവദനീയമാകുകയാണല്ലോ. ഒരു മാസം മുഴുവനായി അല്ലാഹുവിന്റെ അനുസരണത്തിന് വിധേയമായതിലുള്ള ദീനിയായ ആശ്വാസമാണ് രണ്ടാമത്തേത്. റമദാന്‍ മാസത്തിന്റെ ഒടുവില്‍ വിശ്വാസിയിലുണ്ടാകുന്ന വലിയ ആഹ്ലാദമാണിത്. ഒരു മാസക്കാലം അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിധേയമായി കഴിഞ്ഞുകൂടിയതിലുള്ള സന്തോഷവുമായിട്ടായിരിക്കും വിശ്വാസി അതിനെ അഭിമുഖീകരിക്കുക. ‘പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം'(അന്നഹ്ല്‍ : 58). നോമ്പനുഷ്ഠിച്ച വിശ്വാസിയിയുടെ മുഖത്ത് പ്രസന്നതയും ആഹ്ലാദവും നിഴലിക്കുന്നതായി കാണാം. വിശ്വാസിയുടെ ആഘോഷങ്ങള്‍ രണ്ട് ആശയതലങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ദൈവികവും മാനവികവുമാണവ. പെരുന്നാളില്‍ അല്ലാഹുവെ വിസ്മരിക്കാതിരിക്കുക എന്നതാണ് അതിന്റെ ദൈവികമായ തലം. വൈകാരിക ആസ്വാദനങ്ങളുടെ പുറകെ സഞ്ചരിക്കലല്ല, അത്. മറിച്ച് പ്രസ്തുത ദിനം ആരംഭിക്കുന്നത് തക്ബീര്‍ ധ്വനികളാലും പെരുന്നാള്‍ നമസ്‌കാരത്തിലൂടെയും അല്ലാഹുവിന്റെ സാമീപ്യത്തിലൂടെയുമാണ്. ആരാധനകളില്‍ നിന്നും ദൈവികാനുസരണങ്ങളില്‍ നിന്നുമുള്ള മോചനമല്ല എന്നു നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. പുതുവസ്ത്രം, അനുവദനീയമായ വിനോദങ്ങള്‍, കലാപരിപാടികള്‍ മറ്റു ആനന്ദങ്ങള്‍, ആഹ്ലാദങ്ങള്‍ എന്നിവയെല്ലാം പെരുന്നാളിന്റെ മാനവിക തലങ്ങളാണ്.

ചെറിയ പെരുന്നാളിനെ ഇസ്‌ലാം ഫിത്വര്‍ സകാത്തുമായി ബന്ധിപ്പിക്കുകയുണ്ടായി. പിറന്നുവീണ കുട്ടി മുതല്‍ എല്ലാവര്‍ക്കുമായി അല്ലാഹു അത് നിര്‍ബന്ധമാക്കി. നോമ്പുകാരന് തന്റെ പാപങ്ങളില്‍ നിന്നുള്ള ശുദ്ധീകരണവും അഗതികളും അവശരുമായവര്‍ക്ക് ഭക്ഷണവും ഇതിലൂടെ ലഭ്യമാകുന്നതാണ്. അവശയതനുഭവിക്കുന്നവരെ യാചനയില്‍ നിന്നും ഭക്ഷണത്തിനായി അലഞ്ഞുതിരിയുന്നതില്‍ നിന്നും പെരുന്നാള്‍ ദിവസം മോചിതരാക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അവരെ അന്വേഷിച്ച് സുഭിക്ഷമായ ഭക്ഷണം കഴിച്ച് പെരുന്നാളിന് എത്താനുള്ള അവസ്ഥ അവര്‍ക്ക് എത്തസ് ലാമിന് നിര്‍ബന്ധമുണ്ട്. ദരിദ്രന്‍ തന്റെ മക്കള്‍ പഴകിദ്രവിച്ച വസ്ത്രവും പണക്കാരുടെ മക്കള്‍ പുതുവസ്ത്രവുമണിഞ്ഞു നടക്കുന്നത് കാണുകയാണെങ്കില്‍ ആ പെരുന്നാള്‍ അവന് പ്രയാസങ്ങള്‍ നിറഞ്ഞതായിരിക്കും. അഗതി വയറൊട്ടിയ നിലയിലും മറ്റുള്ളവര്‍ സുഭിക്ഷമായ ഭക്ഷണം കഴിക്കുകയും പുതുവസ്ത്രം ധരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണെങ്കില്‍ അവന് പെരുന്നാള്‍ ഭാരമേറിയതാകും. ദരിദ്രരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായിട്ടാണ് പെരുന്നാളുമായി ഫിത്വര്‍ സകാത്തിനെ ഇസ്‌ലാം ബന്ധിപ്പിച്ചത്.

നോമ്പുകാരന് തന്റെ നോമ്പില്‍ സംഭവിച്ച വീഴ്ചകളില്‍ നിന്നുള്ള മോചനമാണ് സകാത്തുല്‍ ഫിത്വര്‍. പ്രവാചകന്‍(സ) വിവരിച്ചു: അന്നപാനീയങ്ങളില്‍ നിന്നുള്ള മുക്തിയല്ല നോമ്പ്, മറിച്ച് അനാവശ്യകാര്യങ്ങളില്‍ നിന്നും അശ്ലീലഭാഷണങ്ങളില്‍ നിന്നുമുള്ള മുക്തിയാണത്’. പ്രവാചകാലത്ത് ആളുകള്‍ കുറവായതിനാല്‍ പെരുന്നാള്‍ ദിവസം സുബ്ഹിക്കും പെരുന്നാള്‍ നമസ്‌കാരത്തിനുമിടയിലുമാണ് അവര്‍ അത് വിതരണം ചെയ്തത്. സഹാബികളുടെ കാലത്ത് ജനസംഖ്യ അല്‍പം ഉയര്‍ന്നപ്പോള്‍ പെരുന്നാളിന്റെ രണ്ടുദിവസം മുമ്പ് തന്നെ അവര്‍ അത് വിതരണം നടത്തി. പിന്നീട് റമദാന്‍ പകുതിയായ സന്ദര്‍ഭത്തിലും തുടക്കത്തിലുമെല്ലാം അവര്‍ വിതരണം ചെയ്യുകയുണ്ടായി. പെരുന്നാള്‍ നമസ്‌കാരത്തെ തൊട്ട് പിന്തിക്കല്‍ അനഭിലഷണീയവുമാണ്.

മുസ്‌ലിം സമൂഹത്തില്‍ പെരുന്നാള്‍ സുദിനങ്ങള്‍ ആഹ്ലാദത്തിന്റെ അവസരമായിട്ടും ദുഖത്തിലും അസംതൃപ്തിയിലുമായി കഴിച്ചുകൂട്ടുന്ന ചിലരുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ ആഹ്ലാദത്തിനായി ചിലവഴിച്ചതിന് പ്രവാച ജീവിതത്തില്‍ മഹിതമായ മാതൃക നമുക്ക് വായിക്കാന്‍ സാധിക്കും. പെരുന്നാള്‍ സുദിനത്തില്‍ പ്രവാചകരുടെ സദസ്സില്‍   എത്യോപ്യന്‍ അടിമ സ്ത്രീ കുട്ടികളോടൊപ്പം ഗാനാലാപനം നടത്തിയപ്പോള്‍ വരൂ ഒരുമിച്ചാസ്വദിക്കാം എന്ന് ആയിശയെ വിളിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു. തിരുമേനിയുടെ തോളില്‍ താടിവെച്ചുകൊണ്ട് ആയിശ(റ) ആ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ മതിയായില്ലേ എന്നു പ്രവാചന്‍ ചോദിച്ചപ്പോള്‍ അല്‍പം കൂടി സാവകാശമാവശ്യപ്പെട്ടു. പ്രവാചകന്‍ അതിനവര്‍ക്കവസരം നല്‍കുകയും ചെയ്തു.

പ്രവാചകന്‍ (സ)യുടെ പത്‌നി ആയിശ (റ) ആ സംഭവം ഓര്‍ക്കുകയാണ്. ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്റെയടുത്തേക്ക് വന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച് പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) വിരിപ്പില്‍ കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. (പാട്ടു ശ്രവിച്ചുകൊണ്ടിരുന്നു) അങ്ങനെ അബൂബക്കര്‍ അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി. ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ പാട്ട്. അതു തന്നെ നബി(സ)യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍(റ)ന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: നീ അവരെ വിട്ടേക്കുക. എല്ലാ ജനവിഭാഗങ്ങള്‍ക്കും ആഘോഷദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ ആഘോഷ ദിനമാണ്. ജൂതന്മാര്‍ ഇതിലൂടെ ഇസ്‌ലാമിന്റെ വിശാലതയും സഹിഷ്ണുതയും മനസ്സിലാക്കട്ടെ! (ബുഖാരി.) ഇസ്‌ലാം എന്നാല്‍ വളരെ സങ്കുചിതവും ഇടുങ്ങിയതുമായ ഒരു മതമല്ല, മനുഷ്യ പ്രകൃതിയെ അംഗീകരിക്കുന്നതും നൈസര്‍ഗികമായ കലാ വാസനകളെ ഉള്‍ക്കൊള്ളുന്നതുമാണ്.

നമസ്‌കാര മുസല്ലയിലേക്ക് പെരുന്നാള്‍ ദിനങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും കൂട്ടാതെ പുറപ്പെടുന്നവരുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ മൊത്തം ആഘോഷമാണ് ദിനം.  ഈ ആഹ്ലാദത്തില്‍ പങ്കാളിത്തം വഹിക്കാനും തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാനും പരസ്പരം ആശീര്‍വദിക്കാനുമുള്ള അവസരമായിട്ടാണ് പള്ളിയില്‍ നിന്നും മുസല്ലയിലേക്ക് പ്രവാചകന്‍ പെരുന്നാള്‍ നമസ്‌കാരത്തെ മാറ്റാന്‍ കാരണം.  

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles