Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹമാണ് സഹനം

mom.jpg

സഹനവും സ്‌നേഹത്തില്‍ പെട്ടതാണ്. ഗര്‍ഭിണികളുടെ അവസ്ഥ ഉദാഹരിച്ചു കൊണ്ട് മഹാകവി ഉള്ളൂര്‍ പറയുന്നു:
‘ചൂടാന്‍ മലരും ഘനമായ്‌ത്തോന്നിന ദോഹദകാലത്തില്‍
ച്ചുമന്നിരിപ്പൂ ദുര്‍ഭരഗര്‍ഭം സുഖേന ജനയിത്രി’

ഒരു പൂവ് പോലും കൈയിലെടുക്കുന്നത് ഭാരമായി തോന്നുന്ന ഗര്‍ഭകാലത്ത് വളരെ സുഖത്തോടെയാണ് ഗര്‍ഭിണി തന്റെ വയറ്റില്‍ കുഞ്ഞിനെ പേറി നടക്കുന്നത്. ഈ സഹനം കുഞ്ഞിനോടുള്ള സ്‌നേഹം കൊണ്ടാണ്. ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടായിട്ടും ഒന്നിനെയും അവഗണിക്കുകയോ മക്കളില്ലാത്തവര്‍ വിലകൊടുത്തു വാങ്ങാന്‍ തയ്യാറാകുമ്പോള്‍ വില്‍ക്കുകയോ ചെയ്യാതെ കഷ്ടപ്പെട്ട്, പലതരം പ്രയാസങ്ങള്‍ സഹിച്ച് അമ്മമാര്‍ അവരെ വളര്‍ത്തുന്നുണ്ടല്ലോ. അവര്‍ക്ക് അതിന് കരുത്ത് പകരുന്നത് സ്‌നേഹമാണ്.

സ്‌കാനിംഗില്‍ കുട്ടികള്‍ രണ്ടോ മൂന്നോ ഉണ്ടെന്ന് മനസ്സിലാക്കുന്ന ഗര്‍ഭിണി മനപ്രയാസമൊന്നുമില്ലാതെ നാളുകള്‍ നീക്കുന്നു. രണ്ടിലധികം കുഞ്ഞികൈകളും കുഞ്ഞിക്കാലുകളും കാണാന്‍. കവികള്‍ പറയുന്ന ഈ പൊതുതത്വം പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ ഗൗരവമുള്ള ഒരു കല്‍പനയിലൂടെ അവതരിപ്പിച്ചിട്ടുണ്ട് :
‘മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. രണ്ടുവര്‍ഷം അവന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം.’ (ലുഖ്മാന്‍ : 14)

മാതാവിന്റെ സ്‌നേഹജന്യമായ സഹനം ഓര്‍മിപ്പിച്ചു കൊണ്ട് അതേ സ്‌നേഹവും സഹനവും മാതാപിതാക്കള്‍ക്കു വേണ്ടി മക്കളില്‍ നിന്നുണ്ടാവണം എന്നാണ് അല്ലാഹു ഉപദേശിക്കുന്നത്. ഗര്‍ഭകാല വിഷമങ്ങളോടൊപ്പം എന്തിന് മുലയൂട്ടലിന്റെ കാലം ഓര്‍മിപ്പിക്കുന്നു? അത് മാതാവിനെ ക്ഷീണിപ്പിക്കുന്ന കര്‍മമാണ്. കുഞ്ഞ് എപ്പോള്‍ മുലപ്പാലിന് വേണ്ടി കരയുന്നോ അപ്പോള്‍ കൊടുക്കണം. ശിശുപരിപാലനത്തിനിടയില്‍ വീട്ടുജോലികളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തുമണിക്ക് കിടന്ന മാതാവിന് രണ്ടു മണിക്കും മൂന്നു മണിക്കും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണരേണ്ടി വരും. അതെല്ലാം ഖുര്‍ആനിന്റെ ഈ ഓര്‍മപ്പെടുത്തലിലുണ്ട്. ഇതു തിരിച്ച് നല്‍കേണ്ട ഒരു ഘട്ടം മക്കള്‍ക്ക് വരും. എന്നുവെച്ചാല്‍ തിരിച്ചു കിട്ടല്‍ അനിവാര്യമായ ഘട്ടം മാതാപിതാക്കള്‍ക്ക് വരും. രാത്രിയില്‍ പലവട്ടം കരഞ്ഞ് മാതാവിനെ ഉണര്‍ത്തിയ മക്കള്‍ വലുതാകും. വിവാഹിതരാകും. അവര്‍ക്ക് മക്കളുണ്ടാകും. അപ്പോഴേക്കും മാതാപിതാക്കള്‍ വാര്‍ധക്യത്തിലെത്തും. ഒരു കുഞ്ഞിനെയെന്നോണം അവരെ ലാളിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ബാധ്യത മക്കള്‍ക്കുണ്ട്. അത് വളരെ വലിയ ബാധ്യതയാണെന്ന് ഖുര്‍ആന്റെ പ്രയോഗം വ്യക്തമാക്കുന്നു. ‘എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ’ എന്ന് അനുബന്ധമായി മറ്റൊരു നന്ദിയെ പരാമര്‍ശിക്കുമ്പോള്‍ അതിനെ വളരെ ഗൗരവത്തില്‍ തന്നെ മക്കള്‍ കാണേണ്ടതുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ രോഗികള്‍ കൂടിയായാല്‍ മക്കള്‍ അവര്‍ക്ക് വേണ്ടി ഭംഗിയുള്ള ക്ഷമ തന്നെ കാണിക്കണം. അവര്‍ കിടക്കയില്‍ ചര്‍ദ്ദിക്കുകയോ വിസ്സര്‍ജ്ജിക്കുകയോ ചെയ്തു പോയാല്‍ ഒരു മനപ്രയാസവും മക്കള്‍ക്കു തോന്നരുത്. ഇതെല്ലാം തൊട്ടിലില്‍ കിടക്കുന്ന കാലത്ത് ചെയ്തിരുന്നതാണെന്നും അന്ന് മാതാപിതാക്കള്‍ക്ക് തങ്ങളോട് ഒരു വെറുപ്പും ഉണ്ടായിരുന്നില്ലെന്നും അവര്‍ ചിന്തിക്കേണ്ടതുണ്ട്.

സ്‌നേഹത്തോളം മധുരമുള്ള ഒന്നുമില്ല. സ്‌നേഹം ലഭിക്കാതിരിക്കുക എന്നതിനേക്കാള്‍ ഗുരുതരമായ അവസ്ഥയുമില്ല. വേദനിക്കുന്നവര്‍ക്കാണ് സ്‌നേഹം അധികം കാണിക്കേണ്ടത്.

‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന കവിവാക്യം എത്ര അര്‍ഥവത്താണ്.

നല്ല വാക്കുപറയല്‍ സദഖ (ദാനധര്‍മം) ആണെന്ന് നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്. സ്‌നേഹം ഒഴുകി വരുന്നത് നല്ല വാക്ക് എന്ന ചാലിലൂടെയാണ്. സഹോദരനെ പ്രസന്ന മുഖത്തോടെ അഭിമുഖീകരിക്കുന്നതും പുണ്യകര്‍മമാണെന്ന് നബി തിരുമേനി പഠിപ്പിച്ചു.

സ്‌നേഹം ഒരു സംസ്‌കാരമായി നാം ഉള്‍ക്കൊള്ളണം. അത് മതത്തിന്റെ സത്തയാണ്. വിശ്വാസ വൈകല്യങ്ങളെ വെറുക്കുക എന്നല്ലാതെ അതുള്ള മനുഷ്യനെ വെറുക്കാന്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. വിശ്വാസ വൈകല്യങ്ങളെയും ഇതര തിന്മകളെയും എതിര്‍ക്കുന്നത് മനുഷ്യരോട് കാണിക്കുന്ന സ്‌നേഹം തന്നെയാണ്. വിയര്‍പ്പു നാറുകയും വസ്ത്രം വൃത്തികേടാവുകയും ചെയ്തവനോട് നീ വസ്ത്രമലക്കി നന്നായൊന്ന് കുളിക്കൂ എന്നുപദേശിക്കുകയും അവന്ന് ഒരു സോപ്പുകൊടുക്കുകയും ചെയ്യുന്നത് സ്‌നേഹമായി കാണണം. അതിന്നു തുല്യമാണ് അനാചാരങ്ങളെയും അന്ധവിശ്വസാങ്ങളെയും എതിര്‍ക്കല്‍. അത് ഗുണകാംക്ഷയോടെയാവണം.

Related Articles