”ലജ്ജാകരമാണിത്, മുസ്ലിംകള്‍ക്കിടയിലെ വിവാഹ മോചനത്തിന്റെ തോത് വളരെ കൂടതലാണ്. എന്തുകൊണ്ടാണ് മുസ്ലിംകള് വിവാഹത്തെ ഇത്ര ലാഘവത്തോടെ കാണുന്നത്?” ഒരു സ്ത്രീയുടെ വാക്കുകളാണിത്. പലപ്പോഴും നാം കേള്‍ക്കുകയോ നമ്മള് തന്നെ ഉയര്‍ത്തുകയോ ചെയ്യാറുള്ള ചോദ്യമാണിത്. എന്നാല്‍ അതിനെ മറ്റൊരു കാഴ്ച്ചപാടിലൂടെ അവതരിപ്പിക്കുകയാണ് ഞാന്‍.
അനീസയുടെ ജീവിത കഥ
അനീസ തന്റെ 22 ാം വയസ്സിലാണ് വിവാഹിതയായത്. 18 വയസ്സുള്ള സമീറിനെ കണ്ടു മുട്ടുമ്പോള്‍ അവള്‍ക്ക് വയസ്സ് 16 ആയിരുന്നു. സ്കൂളിലെ മതനിഷ്ഠ പുലര്‍ത്തുന്ന മുസ്ലിംകള് അവര്‍ മാത്രമായിരുന്നു. ആ നിലക്ക് സമൂഹത്തെ മാനിച്ചു കൊണ്ട് അവര്‍ പരസ്പരം അടുത്തു. അനീസ ഹിജാബ് ധരിക്കുകയും സമീര്‍ ഇസ്ലാമിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തു. അവര്‍ ഒരേ ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കിലും ക്ലാസുകള്‍ക്ക് ശേഷമുള്ള ക്ലബിന്റെ വാരാന്തയോഗങ്ങളില്‍ അവര്‍ പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു. തങ്ങളുടെ നിരന്തരമുള്ള സംസാരത്തെ പറ്റി അവര്‍ കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ അവര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും പരസ്പരം കൂടുതലായി അടുക്കുകയും ചെയ്തു. ജീവിതത്തിലെ സമാനമായ ലക്ഷ്യങ്ങള്‍ അവര്‍ പങ്കുവെച്ചു. ഇസ്ലാമിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇരുവരുടെയും സ്വപ്നം.
ഒരു വര്‍ഷം മുമ്പാണ് അനീസയും സമീറും തമ്മിലുള്ള ബന്ധം പുനരാരംഭിക്കുന്നത്. അനീസ അവളുടെ ഫേസ്ബുക്കില്‍ ഒരു സുഹൃത്തിന്റെ പേജ് പരതുന്നതിനിടയില്‍ സമീറിന്റെ പ്രൊഫൈല്‍ കാണുകയുണ്ടായി. അതവളില്‍ പ്രത്യേക ഉണര്‍വുണ്ടാക്കുകയും ഉടന്‍ തന്നെ അവന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ചെയ്തു. ഒരുമണിക്കൂറിനുള്ളില്‍ തന്നെ അവന് അത് സ്വീകരിച്ചു. ഇതില്‍ നിന്നും സമീറിന് അവളോട് താത്പര്യമുണ്ടെന്നത് വ്യക്തമായിരുന്നു. സമീര്‍ പഠനം പൂര്‍ത്തീകരിച്ച് കോളജിനോട് വിടപറഞ്ഞപ്പോള്‍ അനീസയുടെ മനസ്സില്‍ തളംകെട്ടി നിന്ന ദുഖം നീങ്ങിയിരുന്നില്ല. എങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവളത് മറികടിക്കാന്‍ ശ്രമിച്ചു. ഇത് കേവലം ഒറ്റപ്പെടലിന്റെ പ്രശ്നം മാത്രമാണെന്ന് അവള് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇത് അതിനുമപ്പുറമുള്ള കാര്യമാണെന്ന് അവളുടെ മനസ്സിന്റെ ഉള്ളില്‍ നിന്നും പറയുന്നുണ്ടായിരുന്നു.
അതിനുശേഷം അവര്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ വഴി സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ ഉള്‍ക്കൊണ്ടിരുന്നില്ല. പിന്നീട് അനീസ തന്റെ ഫോണ്‍ നമ്പര്‍ സമീറിന് കൈമാറുകയും തന്നെ വിളിക്കാന്‍ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം പറഞ്ഞു കൊടുക്കുകയും ചെയ്തു. അതവളില്‍ ചെറിയ തോതില്‍ കുറ്റബോധം ഉണ്ടാക്കാന്‍ തുടങ്ങി. അവര്‍ അധികവും സംസാരിച്ചത് ഇസലാമിനെക്കുറിച്ചും ഭാവിയില്‍ തങ്ങള്‍ വിഭാവനം ചെയ്യുന്ന വിവാഹ ജീവിതത്തെക്കുറിച്ചുമായിരുന്നു.
അനീസക്ക് 18 വയസ്സു തികയുകയും അവളുടെ ബിരുദം പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സമീര്‍ അവളുടെ സ്കൂള്‍ സന്ദര്‍ശിക്കുകയുണ്ടായി. സമീറിനെ കണ്ടപ്പോള്‍ സമൂഹത്തെ പരിഗണിക്കേണ്ടതുണ്ടായിട്ടും പിന്‍വലിയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ‘എനിക്ക് നിന്നെ കാണേണ്ടതുണ്ടായിരുന്നു” ഹാളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അവന് പറഞ്ഞു. ഇരുവരുടെയും കൈകള്‍ തങ്ങളുടെ പോക്കറ്റുകളിലായിരുന്നെങ്കിലും ഗൂഢമായ ആ നോട്ടം ഒഴിവാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ‘അനീസാ, എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നു.’ ഇത് കേട്ടതോടെ അനീസയുടെ ഹൃദയമിടിക്കാന്‍ തുടങ്ങി. ഇടറിയ ശബ്ദത്തില്‍ അവളും പറഞ്ഞു ‘എനിക്കും’ എന്നാല്‍ തന്റെ പ്രതികരണം നല്ല ബോധത്തോടെയായിരുന്നില്ലെന്ന് അവള് തിരിച്ചറിഞ്ഞപ്പോള്‍ ഇരുവരും പൊട്ടിച്ചിരിച്ചു.
പുറത്തെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് സമീര്‍ പറഞ്ഞു: ഇത്തരം തോന്നലുകള്‍ തെറ്റാണെന്ന എനിക്കറിയാം…” അനീസ അവളുടെ നോട്ടം പിന്‍വലിച്ചു. എന്തോ ഒരുതരം പരിഭ്രമം അവളുടെ മുഖത്ത് പ്രകടമായിരുന്നു. ‘എന്നാല്‍ ഇനിയും എനിക്കിത് മറച്ചുവെക്കാനാവില്ല, നീ എന്റെ കൂടെ ഉണ്ടാകണം എപ്പോഴും.. നിനക്കത് അറിയുമോ?’
സമീറിനെക്കുറിച്ച് അനീസ തന്റെ ഉമ്മയോട് ആ രാത്രിയില്‍ സംസാരിച്ചപ്പോള്‍ ഉമ്മ പറഞ്ഞു: ”നീ ഇപ്പോള്‍ വളരെ ചെറുപ്പമാണ്. മാത്രവുമല്ല അവന് നമ്മുടെ രാജ്യക്കാരനുമല്ല. അത് കൊണ്ട് ഇത് ഒരിക്കലും പ്രാവര്‍ത്തികമാകാന്‍ പോകുന്നില്ല. നിന്റെ ഉപ്പയോട് ഇതിനെപ്പറ്റി പറയാന്‍ എനിക്കാവില്ല. ഏതോ ഒരുത്തന് വേണ്ടി നീ നിന്റെ ജീവിതം നശിപ്പിക്കരുത്.”
‘ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല’ പിറ്റേ ദിവസം സമീര്‍ ഫോണിലൂടെ അവളോട് പറഞ്ഞു. അവനനുഭവിക്കുന്ന മാനസിക പ്രയാസം ശബ്ദത്തില്‍ പ്രകടമായിരുന്നു. ‘ഞാന്‍ നിന്റെ ഉപ്പയോട് സംസാരിക്കാന്‍ പോവുകയാണ്’ സമീര്‍ പറഞ്ഞു.
‘എന്റെ മകളോട് അടുപ്പം വേണ്ട’ മുറിയുടെ ഏകാന്തതയില്‍ ഉപ്പയുടെ ഈ വാക്കുകള്‍ ഞെട്ടലോടെ അനീസ കേട്ടു. മുന്‍വാതില്‍ ശക്തമായി അടയുന്ന ഒച്ച കേട്ട് ജനലിനടുത്തേക്ക് ചെന്ന് അവള് നോക്കിയപ്പോള്‍ തലകുനിച്ച് കാറിനടുത്തേക്ക് നടക്കുന്ന സമീറിനെയാണവള് കണ്ടത്.
‘ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല’ അടുത്ത ദിവസം അനീസ ഫോണിലൂടെ സമീറിനോട് പറഞ്ഞു.
”നമുക്ക് ഒളിച്ചോടാന്‍ പറ്റിയിരുന്നെങ്കില്‍” എന്ന് സമീര്‍ തമാശ രൂപത്തില്‍ പറയുമ്പോളും ആ ശബ്ദത്തില്‍ ദുഖം നിഴലിച്ചിരുന്നു. ഇരുവരെയും അത് ചിരിപ്പിച്ചെങ്കിലും ഫോണ്‍ വെച്ച അനീസയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.
അനീസക്ക് 21 വയസ്സാവുകയും തന്റെ ബിരുദം മൂന്നാം വര്‍ഷം ആവുകയും ചെയ്തപ്പോള്‍ അവളുടെ രക്ഷിതാക്കള്‍ അവളോട് പറഞ്ഞു ഞങ്ങള്‍ നിനക്ക് അനുയോജ്യനായ ചെറുപ്പക്കാരനെ കണ്ടെത്തിയിട്ടുണ്ടെന്ന്. ‘നീ അബ്ദുല്ലയെ നിരസിക്കരുത്’ അനീസ അവനെ കണ്ടമുട്ടുന്നതിന് മുമ്പേ ഉമ്മ അവളോട് പറഞ്ഞു. ‘നിനക്ക് ഏറ്റവും യോജിച്ച ഒരാളെ കണ്ടെത്തുന്നതിന് നിന്റെ ഉപ്പ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അബ്ദുല്ല മെഡിക്കല്‍ സ്കൂളില്‍ നിന്നും കോഴ്സ് പൂര്ത്തതീകരിച്ചു. അവന്റേത് വളരെ നല്ല കുടുംബവുമാണ്. നീ ഞങ്ങളെ നിരാശപ്പെടുത്തരുത.’
പിന്നീട് കാമ്പസില്‍ വെച്ച് സമീറിനെ കണ്ടുമുട്ടിയപ്പോള്‍ അനീസ കാര്യങ്ങളെല്ലാം പറഞ്ഞു. കരച്ചിലടക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അവളുടെ കരച്ചില് നിര്‍ത്താന്‍ സമീറിന് പാടുപെടേണ്ടിവന്നു. സമീര്‍ അവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഒരു നിമിഷത്തേക്ക് അവര്‍ ഇസലാമികമായ പരിധികള്‍ മറന്നു. ഇത് ഈ നിമിഷത്തേക്കു മാത്രമാകട്ടേ എന്നും ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും അവര്‍ ആഗ്രഹിച്ചു.
സ്വാഭാവികമായും അനീസക്ക് അബ്ദുല്ലമായുള്ള വിവാഹം കഴിഞ്ഞ് ആദ്യദിനങ്ങളില്‍ തന്നെ സ്വരചേര്‍ച്ച ഇല്ലായ്മ അനുഭവപ്പെടാന്‍ തുടങ്ങി. അവളുടെ ഹൃദയം അടുക്കപ്പെട്ടിട്ടുള്ളത് സമീറുമായിട്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും സമീറിനെ മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ തന്റെ ഉമ്മയാണ് ശരി എന്നവള്‍ സ്വയം ബോധ്യപ്പെടുത്തി. ഒരു നല്ല മുസ്ലിം പെണ്‍കുട്ടി എപ്പോഴും രക്ഷിതാക്കളെ അനുസരിക്കുന്നവരായിരിക്കും. അവര്‍ തന്റെ ആഗ്രഹങ്ങള്‍ എതിരായതാണ് കല്പ്പിക്കുന്നിതെങ്കിലും.
‘അനീസാ, നമ്മള് നല്ല മുസലിംകളാണ്’ അനീസയുടെയും അബ്ദുല്ലയുടെയും കൂടിക്കാഴ്ചക്ക് ശേഷം അവളുടെ ഉമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. ‘ഞങ്ങള്‍ നിന്നെ നിര്‍ബന്ധിച്ചിട്ടില്ല. അല്ലാഹുവാണ് അത് വിലക്കിയത്. പക്ഷേ നീ അബ്ദുല്ലായേ വിവാഹം ചെയ്തിരുന്നില്ലെങ്കില്‍ നീ നി നിന്റെ രക്ഷിതാക്കളുടെ ഹൃദയം തകര്‍ക്കുമായിരുന്നു. ഞാനാകട്ടെ അതൊരിക്കലും നിനക്ക് പൊറുത്തുതരികയുമില്ലായിരുന്നു.’ ഉമ്മ അവളോട് പറഞ്ഞു.
അബ്ദുല്ല വളരെ നല്ല വ്യക്തിയായിരുന്നു. അനീസയും അക്കാര്യം നിഷേധിക്കുന്നുമില്ല. അവന്റെ വിലയേറിയ സമയങ്ങള്‍ അവളോടൊപ്പം ചെലവഴിക്കുകയും ചെയ്തിരുന്നു. പക്ഷെ, ജീവിത്തെക്കുറിച്ചുള്ള അനീസയുടെ കാഴ്പ്പാടുകളോ സ്നേഹമോ അവര്‍ പങ്കുവെച്ചില്ല. അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ലെങ്കിലും, പഠനം ഉപേക്ഷിച്ച് ‘ഇസ്ലാമിക ഉത്തരവാദിത്വങ്ങളില്‍’ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തൂകൂടെയെന്ന് അബ്ദുല്ല അവളോട് ചോദിക്കാറുണ്ടായിരുന്നു. നല്ല മുസ്ലിം സ്ത്രീ ഒരിക്കലും പുരഷന്മാരുമായി ഇടപഴകി ജീവിക്കുകയില്ല. ജോലി ആശുപത്രിയിലാണെങ്കില്‍ പോലും അവര്‍ സ്ത്രീകളുമായി മാത്രമേ ഇടപഴകുകയുള്ളൂ എന്നെല്ലാം അബ്ദുല്ല അവളോട് പറഞ്ഞു
അബ്ദുല്ല അനീസയോട് ഹിജാബ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് അവളെ ഏറെ അമ്പരപ്പിച്ചു. അവളിത് കരഞ്ഞുകൊണ്ട് ഉമ്മയോട് പറഞ്ഞു. അപ്പോള്‍ ഉമ്മ പറഞ്ഞ മറുപടി അവളെ ഏറെ ആശ്ചര്യപ്പെടുത്തി. ഭര്‍ത്താവിനെ അനുസരിക്കണമെന്നായിരുന്നു ഉമ്മയുടെ മറുപടി. ‘നമ്മള് ജീവിക്കുന്നത് വിഷമകാലഘട്ടത്തിലാണ്. മാത്രവുമല്ല അവിടെ നിനക്ക് പ്രയാസങ്ങള്‍ ഒന്നുമില്ലെല്ലോ’ ഉമ്മ അവളോട് പറഞ്ഞു.
ഹിജാബില്ലാതെ ആദ്യമായി പുറത്തിങ്ങിയപ്പോള്‍ അവള്‍ക്ക് അത് വളരെ പ്രയാസകരമായി തോന്നി. അവള്‍ക്ക് ഒരിക്കലും പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ പറ്റിയില്ല. ഖുര്‍ആന്‍ പാരായണം നിലച്ചതില്‍ അവള്‍ക്ക് ഏറെ ലജ്ജ തോന്നി. നമസ്കാരങ്ങളുമായുള്ള ബന്ധവും അവളുടെ ജീവിതത്തില്‍ കുറഞ്ഞു. അവസാനം അവള് വലിയ മാനസിക നൈരാശ്യത്തില്‍ അകപ്പെടുകയും ആത്മഹത്യയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്തു.
അസ്വസ്ഥ അനുഭവിച്ച ഒരു ദിവസം അനീസ പുറത്തേക്ക് ഇറങ്ങി. സൂര്യപ്രകാശം അവളുടെ മുടിയും കാലുകളെയും ചൂടുപിടിപ്പിച്ചു. അനീസ അവളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു. തന്നെ കുറിച്ചു പോലും കൂടുതലൊന്നും അറിയില്ലെന്ന് അവള് തിരിച്ചറിഞ്ഞു.
”അനീസാ” ആ ശബ്ദം അനീസയുടെ സ്വകാര്യ ചിന്തകളെ മുറിച്ചു. മുന്നില്‍ സമീറും ഒപ്പം ഹിജാബ് ധരിച്ച സുന്ദരിയായ ഒരു സ്ത്രീയും കുട്ടിയും.
അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. അവളുടെ രക്ഷിതാക്കളോടും അബ്ദുല്ലയോടും വരെ വെറുപ്പ് തോന്നി. വിവാഹ മോചനത്തിലൂടെയാണെങ്കിലും തന്റെ ജീവിതം തിരിച്ചു കിട്ടിയെന്നാണ് അവള് പറയുന്നത്.
വിവാഹമോചനത്തിന്റെ യാഥാര്‍ഥ്യം
സാങ്കല്പിക കഥാപാത്രമായ അനീസയെപ്പോലെ വിവാഹമോചനത്തില്‍ എത്തുന്ന മിക്ക ആളുകള്‍ക്ക് പിന്നിലും പ്രായോഗികവും മാനസികവുമായ പോരാട്ടത്തിന്റെ നീണ്ട ചരിത്രമുണ്ടാകും. സ്ത്രീയും പുരുഷനും വിവാഹമോചനത്തെ ഭാവനാത്മകമായി സമീപിക്കരുത്. അതുപോലെ അവര്‍ വിവാഹത്തെ ലാഘവത്തോടെ കാണുകയും ചെയ്യരുത്. ‘വിവാഹമോചനത്തിനുള്ള തീരുമാനം ഒരിക്കലും എളുപ്പമുള്ളതല്ല. ഇതിന്റെ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ പറയുന്നതുപോലെ ഇത് വളരെയധികം ദുഖങ്ങളും വേദനകളും സമ്മാനിക്കുന്ന അനുഭനമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ മുറിവുകള്‍ സമ്മാനിക്കുന്ന അനുഭവം’ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം അത് കൂടുതല്‍ പ്രയാസകരമാണ്. കാരണം അവര്‍ ഇതിന് ഇവിടെയും പരലോകത്തും മറുപടി പറയേണ്ടിവരും.
അത്രമോശം കാര്യമാണോ വിവാഹ മോചനം?
ഇസ്ലാം വിവാഹത്തിന് അതിയായ പ്രാധാന്യം നല്‍കുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും, എന്ത് പ്രയാസം സഹിച്ചും ‘മരണം വരെ ഇണകളായി തുടരണം’ എന്നുള്ളത് ഇസ്ലാമിക കാഴ്ചപ്പാടല്ല.
അല്ലാഹു പറയുന്നു: ”എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല.” (അല്‍ബഖറ: 233)
അല്ലാഹു മറ്റൊരിടത്ത് പറയുന്നു: ”അവരുടെ ഇദ്ദാ കാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക. ‘സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേരാംവിധം സാക്ഷ്യം വഹിക്കുക.’ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കു നല്കപ്പെടുന്ന ഉപദേശമാണിത്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.അവന് വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.” (അത്വലാഖ്: 2,3)
അതുകൊണ്ടു തന്നെ നാം തന്നെ നമുക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതില്ല. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം അവന്റെ വിവാഹത്തിലും വിവാഹമോചനത്തിലും അല്ലാഹുവിന്റെ കാരുണ്യമുണ്ടാവും.
മറുവശം
സത്യസന്ധമായി മുസ്ലിംകള്‍ക്കിടയിലെ വിവാഹ മോചനങ്ങളെ വിലയിരുത്തുമ്പോള്‍ വിവാഹത്തെ ലാഘവത്തോടെ കാണുന്നവരല്ല എല്ലായ്പ്പോഴും വിവാഹ മോചനത്തിലേക്ക് എത്തുന്നതെന്ന് കാണാന്‍ സാധിക്കും. അനീസയെയും അബ്ദുല്ലയെയും പോലെ രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങി വിവാഹിതരാവുന്നവരാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത്. അല്ലെങ്കില്‍ ജീവതത്തിലെ സുപ്രധാന നാഴികക്കല്ലായ വിവാഹത്തെ സംബന്ധിച്ച യുവാക്കള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ലഭിക്കാത്തതാണ് കാരണം.
സ്വാഭാവികമായും വിവാഹമോചനം മാനസികവും ആത്മീയമുമായ ശാന്തി വീണ്ടെടുക്കാനുള്ള അറ്റകൈ എന്ന സമീപനത്തിന് മുമ്പ് നാം പരിശോധിക്കേണ്ടത് വിവാഹം നിര്ബന്ധിതമായിട്ടാണോ നടന്നിട്ടുള്ളതെന്നും അല്ലെങ്കില്‍ അവര്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം ലഭിച്ചിട്ടുണ്ടായിരുന്നോ എന്നതുമാണ്. ഇത്തരം അവസ്ഥയില്‍ ഭാരിച്ച അവസ്ഥയില്‍ നിന്നും തങ്ങള്‍ക്ക് മോചനം നല്കണമേയെന്ന് അല്ലാഹുവിനോട് അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ വിവാഹമോചിതരാകരുതെന്ന് അവരോട് പറയാന്‍ നമ്മള്‍ക്കെന്ത് അവകാശമാണുള്ളത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹമോചനം വളരെയധികം അനുഗ്രഹമായി തീര്‍ന്നേക്കാം. അതോടൊപ്പം തന്നെ നാമതിനെ ലാഘവത്തോടെ കാണുകയും അരുത്.
വിവ: റഈസ് വേളം