Family

വരനെ ആവശ്യമുണ്ട്…

വിവാഹാന്വേഷണത്തിന്റെ പാരമ്പര്യ ശൈലികള്‍ നമ്മുടെ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. അച്ചടി മാധ്യമങ്ങള്‍ കയ്യടക്കിയിരുന്ന വൈവാഹിക പരസ്യമേഖലയില്‍ ഇലക്ട്രോണിക് മാധ്യമങ്ങളും രംഗത്ത് വന്നു. ഇലക്ട്രോണിക് വിവാഹാന്വേഷണങ്ങള്‍ ഇന്ന് വളരെ സുപരിചിതമായി മാറിയിരിക്കുകയാണ്. സ്ത്രീയുടെ ആത്മാഭിമാനത്തിനും മാന്യതക്കും കോട്ടം വരുത്തുന്ന ഒന്നായിട്ടിതിനെ കാണുന്നവരുണ്ട്. യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ക്ക് തന്നെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നത് അനുയോജ്യമല്ലെന്നാണ് അവരുടെ വാദം. എന്നാല്‍ പുരനിറഞ്ഞു നില്‍ക്കുന്ന യുവതികളെ ക്ഷമയുടെ പാതയില്‍ ഒറ്റക്ക് വിടുകയാണോ വേണ്ടത്?
എന്റെ വീക്ഷണപ്രകാരം അവര്‍ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അവിവാഹിതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ സുരക്ഷക്കായി അവള്‍ വരനെ അന്വേഷിക്കുന്നതിനെ തെറ്റായി കാണാനാവില്ല. ഇരുളടഞ്ഞ ദാമ്പത്യത്തിന്റെ കുഴികളില്‍ വന്നു വീഴാതെ അനുയോജ്യനായ ഒരു ഇണയെ കണ്ടെത്തുന്നതിന് ലഭ്യമായിട്ടുള്ള മാധ്യമങ്ങല്‍ ഉപയോഗപ്പെടുത്തുന്നത് ന്യൂനതയുമല്ല.

സല്‍ക്കര്‍മിയായ ഒരാള്‍ മൂസാ(അ)യോട് തന്റെ പെണ്‍കുട്ടികളിലൊരാളെ വിവാഹം കഴിക്കാനുള്ള നിര്‍ദ്ദേശം വെക്കുന്നത് സൂറത്തുല്‍ ഖസസില്‍ അല്ലാഹു വിശദീകരിക്കുന്നു. ആ യുവതികളും അവരുടെ സാമീപ്യം താല്‍പര്യപ്പെട്ടിരുന്നു. ബുദ്ധിമതികളായ അവര്‍ അദ്ദേഹത്തെ ജോലിക്ക് വെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കരുത്തിനെയും വിശ്വസ്തതയെയും പ്രശംസിച്ചതില്‍ അതിന്റെ സൂചനയുണ്ട്. ‘പിതാവേ, അങ്ങ് ഇദ്ദേഹത്തെ നമ്മുടെ കൂലിക്കാരനാക്കിയാലും. തീര്‍ച്ചയായും അങ്ങ്കൂലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്.’ (അല്‍ ഖസസ്: 26) ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ പ്രവാചകന്റെ അടുക്കലേക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കാന്‍ ആളെ അയച്ചിരുന്നു. തങ്ങളുടെ പെണ്‍കുട്ടികളെ അനുയോജ്യരായ ആളുകളുമായി വിവാഹാന്വേഷണം നടത്തുന്നതില്‍ മദീനാ സമൂഹത്തിലെ സഹാബികള്‍ തെറ്റായി കണ്ടിരുന്നില്ല. ഉമര്‍(റ) തന്റെ മകള്‍ ഹഫ്‌സയെ – നബി(സ) വിവാഹം അവരെ വിവാഹം കഴിക്കുന്നതിന് മുമ്പ് – അബൂബക്‌റിനോടും ഉസ്മാനോടും വിവാഹാന്വേഷണം നടത്തിയിരുന്നു. അതിനെ ആരും ഒരു ന്യൂനതയോ ആക്ഷേപമോ ആയി കണ്ടില്ല. മാന്യരായ ആ മഹതികളുടെ സ്ഥാനത്തിന് ഒരു കുറവും വരുത്തിയിട്ടില്ല.

ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാവുന്നതാണ്. ഹദീസിലും ഫിഖ്ഹിലും വിരക്തിയിലും സുപ്രസിദ്ധനായ പ്രമുഖ താബിഈയായ സഈദ് ബിന്‍ മുസയ്യബ് ഒരിക്കല്‍ തന്റെ ശിഷ്യനോട് ചോദിച്ചു: വിവാഹം കഴിക്കാന്‍ താങ്കള്‍ക്ക് എന്ത് തടസ്സമാണുള്ളത്? അയാള്‍ പറഞ്ഞു: രണ്ടോ മൂന്നോ ദിര്‍ഹം മാത്രം കൈവശമുള്ള എനിക്ക് ആര് സ്വന്തം മകളെ വിവാഹം ചെയ്ത് തരും? പെട്ടന്ന് ഇബനു മുസയ്യബ് പറഞ്ഞു: ഞാന്‍ ചെയ്തുതരും, നീ തയ്യാറാണോ? അയാള്‍ സന്തോഷത്തോടെ അത് സമ്മതിച്ചു. രണ്ട് ദിര്‍ഹം മഹ്ര്‍ നിശ്ചയിച്ച് ഇബ്‌നു മുസയ്യബ് തന്റെ മകളെ അയാള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു. യാതൊരു ആഘോഷമില്ലാതെ അയാള്‍ അവളെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. സഈദ് ബിന്‍ മുസയ്യബിന്റെ മകള്‍ക്ക് പിതാവിന്റെയോ ആളുകളുടെയോ കാഴ്ച്ചയില്‍ വല്ല ന്യൂനതയുമുണ്ടായിരുന്നോ? മറിച്ച് അവള്‍ സുന്ദരിയും ഖുര്‍ആന്‍ മനപാഠമുള്ളവളും ഹദീസ് ശാസ്ത്രത്തില്‍ അഗാധമായി അറിവുള്ളവളുമായിരുന്നു. അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ തന്റെ മകനും പിന്‍ഗാമിയുമായ വലീദിന് വേണ്ടി അവളെ വിവാഹമന്വേഷിച്ചിരുന്നുവെന്നത് അവളുടെ സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. അത് നിരസിച്ച ഇബ്‌നു മുസയ്യബ് നിത്യവൃത്തിക്ക് പോലും വകയില്ലാത്ത ഒരാള്‍ക്ക് വിവാഹം ചെയ്തത് അവളോട് ചെയ്ത അനീതിയായിരുന്നില്ല. മറിച്ച് അവളുടെ നന്മയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

വരനെ ആവശ്യമുണ്ടെന്ന തരത്തിലുള്‌ല പരസ്യങ്ങള്‍ പരിശോധിക്കുന്നതില്‍ എനിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഒരു ഇണയെ തേടികൊണ്ടല്ല ഞാനത് വായിച്ചിരുന്നത്. ആരും തന്നെ ശ്രദ്ധിക്കാനിടയില്ലാത്ത സാമൂഹ്യ പഠനമായിരുന്നു ഞാനതുകൊണ്ടുദ്ദേശിച്ചിരുന്നത്. യുവതികള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നും എന്തൊക്കെയാണ് അവരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെന്നും അതിലൂടെ വ്യക്തമാകും. അവയിലധികം പരസ്യങ്ങളുടെയും ഉള്ളടക്കം സമാനതയുള്ളതായിരുന്നു. ഒരു യുവതി തന്നെ എഴുതിയതാണോ അവയെല്ലാം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവ. പതിനഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു അവര്‍. അവരില്‍ പലരും സര്‍വ്വകലാശാല ബിരുദങ്ങള്‍ ഉള്ളവരുമായിരുന്നു. അവര്‍ സ്വന്തത്തെ വിശേഷിപ്പിക്കുന്നത് കുലീന കുടുംബത്തിലെ സുന്ദരിയും സുശീലയും എന്നാണ്. ഏറ്റവും ചുരുങ്ങിയത് സാമാന്യ സൗന്ദര്യമെന്നെങ്കിലും അവര്‍ ചേര്‍ത്തിട്ടുണ്ട്. അവരെല്ലാം തേടുന്നത് സൗന്ദര്യവും ഉയരവും ഉയര്‍ന്ന സ്ഥാനവുമുള്ള യുവാക്കളെയാണ്. ഡോക്ടര്‍, എഞ്ചിനീയര്‍ അല്ലെങ്കില്‍ അതുപോലുള്ള മറ്റേതെങ്കിലും പ്രൊഫഷണലുകള്‍ക്കാണ് മുന്‍ഗണന.

അല്ലാഹുവിനെ സൂക്ഷിക്കുന്ന യുവാവിനെ തേടുന്ന ഒന്നും അതില്‍ ഞാന്‍ കണ്ടില്ല. അല്ലെങ്കില്‍ അവര്‍ രണ്ടുപേരുടെയും വിശ്വാസപരമായ ആഗ്രഹങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് സമരത്തിനൊരുങ്ങിയവളാണെന്നും ആരും പരസ്യം ചെയ്തതായി കണ്ടില്ല. വിശുദ്ധി കാത്തുസൂക്ഷിക്കുകയും ജീവിതത്തിന്റെ മധുരവും കയ്പുമെല്ലാം പങ്കുവെക്കുന്ന ഒരാളെ തേടുന്ന യുവതികളെയും അതില്‍ കണ്ടില്ല. യജമാനത്തിയുടെ കല്‍പ്പനകള്‍ അഥവാ തന്റെ ആഗ്രഹങ്ങള്‍ സാക്ഷാല്‍കരിക്കുന്ന അത്ഭുതവിളക്കിനുടമയെയാണ് അവരെല്ലാം ആഗ്രഹിക്കുന്നത്.

ഇത്തരം ചിന്താഗതി സൃഷ്ടിക്കുന്നതില്‍ അവരുടെ കുടുംബം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഓരോ ഉമ്മയും അവളുടെ ഇളം പ്രായത്തില്‍ തന്നെ അവള്‍ സുന്ദരിമാരില്‍ സുന്ദരിയാണെന്ന ധാരണ അവളില്‍ നട്ടുവളര്‍ത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന അവള്‍ക്ക് തനിക്ക് യോജിച്ച ഇണയെ കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. ഭാവനയിലും വ്യാമോഹങ്ങളിലും ഊട്ടപെട്ട അവള്‍ പലപ്പോഴും അവിവാഹിതയായി തുടരേണ്ടി വരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ സ്ത്രീകളെയും യുവതികളെയും മാത്രം കുറ്റപ്പെടുത്തുകയില്ല. യുവതികള്‍ ഏതൊരു പുരുഷനുമായുള്ള വിവാഹത്തിന് സമ്മതിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. സ്ത്രീകള്‍ തന്നെയാണ് പലപ്പോഴും അവരുടെ വിവാഹങ്ങള്‍ വൈകുന്നതിന് കാരണമാകുന്നതെന്ന് ഉണര്‍ത്തുകയാണ്.

സുമുഖനും സമ്പന്നനുമായ ഒരു യുവാവിനെ ജീവിത പങ്കാളിയായി ഒരു പെണ്‍കുട്ടി സ്വപ്‌നം കാണുന്നത് ന്യൂനതയൊന്നുമല്ല. എന്നാല്‍ അതൊടൊപ്പം ഭാവനയെയും യാഥാര്‍ത്ഥ്യത്തെയും വേര്‍തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയണം. സാധ്യതയെയും അസംഭവ്യതെയും വേര്‍തിരിച്ച് മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കണം.സാമൂഹ്യ ഗവേഷകനായ ഡോ. അഹ്മദ് മജ്ദൂബ് ഇന്നത്തെ യുവതികള്‍ ഭാവി പങ്കാളിയെ തേടുന്നതിനെകുറിച്ച് പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. നമ്മുടെ ഉമ്മമാരുടെയും വല്ലുമ്മമാരുടെയും തലമുറ, അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നുവെങ്കിലും ജീവിതത്തെ മനസിലാക്കുന്നതില്‍ ഇന്നത്തെ സ്ത്രീകളെക്കാള്‍ എത്രയോ മുന്നിലായിരുന്നു. തന്റെ പങ്കാളിയോടൊപ്പം ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവരായിരുന്നു ഇന്നലെകളിലെ സ്ത്രീകള്‍. എന്നാല്‍ തങ്ങളുടെ സ്വപ്‌നങ്ങളും മോഹങ്ങളും സാക്ഷാല്‍കരിക്കാന്‍ പറ്റിയ ഒരാളെയാണ് ഇന്നത്തെ സ്ത്രീകള്‍ തേടുന്നത്.

അവിവാഹിതകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എല്ലാ സമൂഹങ്ങളിലും നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു പ്രതിഭാസമാണ്. പാശ്ചാത്യ സമൂഹങ്ങളില്‍ വിവാഹം ഇല്ലാതെ തന്നെ എല്ലാ തരത്തിലുമുള്ള ലൈംഗിക ബന്ധങ്ങളും നടക്കുന്നതിനാല്‍ അവര്‍ ഇതിനെ ഒരു വലിയ പ്രശ്‌നമായി കാണുന്നില്ല. എന്നാല്‍ ശരീഅത്തിന്റെ വീക്ഷണത്തില്‍ സദാചാര വ്യതിചലനങ്ങളില്‍ നിന്നും അധാര്‍മ്മികതയില്‍ നിന്നും സമൂഹത്തിനുള്ള സംരക്ഷണമാണ് വിവാഹം. പ്രായം അധികരിക്കുമ്പോള്‍ സ്ത്രീകള്‍ അവരുടെ ആഗ്രഹങ്ങളിലും താല്‍പര്യങ്ങളിലും ചില വിട്ടുവീഴ്ച്ചക്ക് തയ്യാറാകും. എന്നാല്‍ അത് അവരുടെ യൗവനത്തിന്റെ നല്ല ഒരു പങ്ക് കഴിഞ്ഞിട്ടായതിനാല്‍ അത് പ്രത്യേക ഫലമൊന്നുമുണ്ടാക്കുകയില്ല.

അവിവാഹിതരായ പുരുഷന്‍മാരും സമൂഹത്തില്‍ ഒരു പ്രശ്‌നമാണെങ്കിലും സ്ത്രീകളുടെ അത്രത്തോളം ഗുരുതരമല്ല അവരുടെ അവസ്ഥ. കാരണം പുരുഷന് ഏത് പ്രായത്തിലും വിവാഹം സാധ്യമാകുന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷിയുടെ കാലയളവായി ഡോക്ടര്‍മാര്‍ പറയുന്നത് 18-നും 35-നും ഇടയിലുള്ള പ്രായമാണ്. ഒരു സ്ത്രീക്ക് മുപ്പത് വയസ് മുതല്‍ പ്രജനനശേഷി കുറഞ്ഞ് കുറഞ്ഞ് വരികയാണ് ചെയ്യുക. അതുകൊണ്ട് തന്നെ വൈകി വിവാഹിതരാകുന്നവര്‍ക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യതയും കുറയുന്നു. അവള്‍ ഗര്‍ഭിണിയായാല്‍ തന്നെ വളരെയധികം ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Facebook Comments
Related Articles
Show More
Close
Close