അതെ, അവര്‍ക്ക് ശേഷം പ്രവാചകന്(സ) മറ്റു വിവാങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്തണമെന്ന നിബന്ധനയോടെ ഖുര്‍ആന്‍ അത് അംഗീകരിച്ചിട്ടുമുണ്ട്. ‘നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റു സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ 2 പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ.’ (നിസാഅ് 3). നീതി കാണിക്കാനാവില്ലെന്ന് ശങ്കിക്കുന്നവര്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നത് ഈ ആയത്ത് നിരോധിക്കുന്നുവെന്ന് ളഹാക്ക് സൂചിപ്പിക്കുന്നു. പ്രവാചകന് തിരുമേനി(സ) പോലും ഇപ്രകാരമാണ് പറയാറുണ്ടായിരുന്നത്. ‘അല്ലാഹുവെ, എനിക്ക് കഴിയുന്ന വിധത്തില്‍ ഞാനെന്റെ ഭാഗം പൂര്‍ത്തീകരിച്ചിരിക്കുന്നു, എനിക്ക് കഴിയാത്ത, നിനക്ക് മാത്രം കഴിയുന്ന കാര്യത്തില്‍ നീയെന്നെ ആക്ഷേപിക്കരുതേ നാഥാ’.
മനുഷ്യന് കഴിയാത്ത കാര്യങ്ങള്‍ അല്ലാഹു ചുമതലപ്പെടുത്തുകയില്ല. നിന്റെ ഈ ആവലാതിക്ക് അതിന്റെതായ ന്യായങ്ങളുണ്ട്. ജീവിതകാലം മുഴുവന്‍ ആ ആവലാതിയും പേറി ജീവിക്കണമെന്നത് നീതിയല്ല. പ്രത്യേകിച്ചും ക്രിയാത്മകവും, സ്വപ്ന സാഫല്യവുമായ യൗവന കാലത്ത്.
പെട്ടെന്നൊരു നാളില്‍ കുടുംബത്തിന്റെ രജിസ്റ്ററിലേക്ക് മറ്റൊരു യുവതി കടന്ന് വരിക. നീയനുഭവിക്കേണ്ടി വന്ന ആദ്യകാല പ്രയാസങ്ങളോ, വിഷമങ്ങലോ അവര്‍ക്കില്ല. ഇത്രയും കാലം നിനക്ക് മാത്രമായിരുന്ന സ്നേഹവും, വികാരവും, വാല്സല്യവും, സമ്മാനവുമെല്ലാം അപഹരിക്കുക. നിന്റെ ആദ്യ കുടുംബത്തെയും, സന്താനങ്ങളെയും ഒരു വശത്തേക്ക് മാറ്റുക. ശേഷം ഒന്നും അറിയാത്ത മട്ടില്‍ മാന്യതയോടെ നടന്ന് നീങ്ങുക. ചിലപ്പോള്‍ ഒരു സലാം ചൊല്ലിയേക്കും. നീയാവട്ടെ അത് ശ്രദ്ധിക്കുക പോലുമില്ല. കണ്ണുകള്‍ തിരിച്ച് അവിടെ നിന്ന് വേഗത്തില്‍ സ്ഥലം വിടുന്നു.
വര്‍ഷങ്ങളോളം കൂടെ ജീവിച്ച ആദ്യത്തെ ഭാര്യയോടുള്ള ബാധ്യതാ പൂര്‍ത്തീകരണവും, അവരുടെ വികാരങ്ങളെ മാനിക്കലും ഇവിടെ പ്രശ്നമേയല്ലേ? തന്റെ തീരുമാനം മറ്റുള്ളവരെ അറിയിക്കുന്നതിന് മുമ്പ് അവളോടായിരുന്നില്ലേ അത് പങ്ക് വെക്കേണ്ടത്!
മറ്റൊരു യുവാവ്, നടുനിവര്‍ത്താന്‍ ശേഷിയില്ല, പ്രാരാബ്ധം പേറി ജീവിക്കുന്നവനാണ്… കൂടാതെ ഭാര്യയും മക്കളുമുണ്ട്, അവനും അടുത്ത പെണ്ണ് അന്വേഷിക്കുകയാണത്രെ. ‘അന്നം അല്ലാഹു നല്കിക്കൊള്ളും’ എന്നതാണത്രെ അവന്റെ ന്യായം. ആകാശം സ്വര്‍ണമോ, വെള്ളിയോ വര്ഷിക്കുകയില്ലെന്ന് അവന് അറിയാമല്ലോ.
നീതി എന്നത് അങ്ങേയറ്റം സുപ്രധാനമായ കാര്യമാണ്. ചെലവഴിക്കുന്നതില്‍ -അതുണ്ടെങ്കില്‍- നീതി കാണിക്കാന്‍ കഴിയുന്ന എത്ര പേരുണ്ട്?
വികാരം ബന്ധത്തിന്റെ അടിസ്ഥാനമാണ്. ഇവിടത്തെയും അവിടത്തെയും സന്താനങ്ങളെ ഒരു പോലെ ലാളിക്കാനുള്ള വൈകാരിക സമ്പത്ത് ഉടമപ്പെടുത്തിയവര്‍ എത്രയുണ്ട്?
ഇതിന്റെ പേരില്‍ വേദനിക്കുന്ന സ്ത്രീയെ ആക്ഷേപിക്കാന്‍ എന്തവകാശമാണുള്ളത്? നിന്നെ മാത്രം സ്നേഹിക്കുകയും, ജീവിതം നിനക്കായി ഉഴിഞ്ഞ് വെക്കുകയും ചെയ്തതിനും ശേഷം അവളെ മാറ്റിനിര്‍ത്താന്‍ എന്തുണ്ട് ന്യായം?
അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാണെന്ന് പറയുകയല്ല ഞാന്‍. ഭര്ത്താക്കന്മാര്ക്ക് അവരുടെതായ കാരണങ്ങളും, ന്യായങ്ങളുമുണ്ടെന്നത് ഞാന്‍ വിസ്മരിക്കുന്നുമില്ല. എന്നാല്‍ ഇന്നലത്തെ ജീവിത സാഹചര്യമല്ല ഇന്നുള്ളത്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു. ചെലവ്, സംസ്കരണം, ലാളന തുടങ്ങിയവയെല്ലാം ധാരാളം പേര് ചര്‍ച്ച ചെയ്യുന്ന വിഷയമായിരിക്കുന്നു. അവയെല്ലാം മ്യൂസിയത്തില്‍ സംരക്ഷിക്കേണ്ട, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളായിരിക്കുന്നു.
അല്ലാഹു കരുണയും ദയയും കൊണ്ട് കല്പിക്കുന്നില്ല എന്ന് ആരും അവകാശപ്പെടുകയില്ലല്ലോ. ഒരുവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും, കാലങ്ങള്‍ക്ക് ശേഷം മറ്റൊരുവള്‍ കാരണം അവള് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുമോ? അതിന്റെ പേരിലുണ്ടാവുന്ന വേര്‍പിരിയലില്‍ ബലിയാടാവുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കുമോ? അപ്പോള്‍ അടിസ്ഥാനപരമായി അനുവദനീയമായ ഒരു ആസ്വാദനം നീതി കാണിക്കാത്തതിന്റെ പേരില്‍ അല്ലാഹു തന്നെ ശിക്ഷിക്കുമെന്ന ഭയത്താല്‍ ഉപേക്ഷിക്കുകയല്ലേ ഉത്തമമായിട്ടുള്ളത്? അല്ലാഹുവാണ് നമ്മേക്കാള്‍ അറിവുള്ളവന്, അതിനാലാണ് അവന് പറഞ്ഞത് ‘അപ്പോള്‍ ഒന്ന് മതി’ എന്ന്.
അതുമല്ലെങ്കില്‍ അവളുടെ ദീനിനോ, സുരക്ഷക്കോ പോറലേല്പിക്കാതിരിക്കാനെങ്കിലും അത് ഉപേക്ഷിച്ച് കൂടെ. അലി(റ) അബൂ ജഹ്ലിന്റെ മകളെ വിവാഹം ഉദ്ദേശിക്കുന്നുവെന്നറിഞ്ഞ പ്രവാചകന്(സ) അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമാണ്. ‘ഫാത്വിമ എന്നില്‍ നിന്നുള്ളവളാണ്. അവളുടെ ദീനിന്റെ കാര്യത്തില്‍ കുഴപ്പമുണ്ടാവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കാനോ, വിലക്കിയത് അനുവദിക്കാനോ ഞാന്‍ ആളല്ല. പക്ഷെ, അല്ലാഹുവാണ, പ്രവാചക പുത്രിയും, അല്ലാഹുവിന്റെ ശത്രുവിന്റെ പുത്രിയും ഒരു സ്ഥാനത്ത് ഒരിക്കലും യോജിക്കാവതല്ല.’
ചില സ്ത്രീകള്‍ക്ക് ബഹുഭാര്യത്വം എന്നത് തന്നെ പ്രയാസകരമാണ്. മറ്റ് ചിലര്‍ക്ക് രണ്ടാം ഭാര്യയെ വിശേഷണമാണ് പ്രശ്നം. ഇവിടെ അനുവദനീയമായത് നിഷിദ്ധമാക്കുകയല്ല നാം. മറിച്ച്, സഹധര്മിണിയോട് നന്നായ വര്‍ത്തിക്കാനും, അവരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനും, അവരുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വവും, നേട്ടവും പരിഗണിക്കാനും ഉല്‍ബോധിപ്പിക്കുകയാണ്.
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി