Current Date

Search
Close this search box.
Search
Close this search box.

ഭാര്യയുടെ ഹൃദയത്തിലെ പുരുഷന്‍മാര്‍

fingers.jpg

വീട്ടിലെ ഭര്‍ത്താവ് ഭാര്യയുടെ ഹൃദയത്തിലെ ഭര്‍ത്താവാകുമ്പോഴാണ്, ഭര്‍ത്താവിന് സംതൃപ്തിക്ക് വകയുണ്ടാകുന്നത്. അങ്ങനെയല്ല കാര്യത്തിന്റെ കിടപ്പ് എങ്കില്‍ ഭാര്യയോട് വെറുപ്പു വെക്കുകയല്ല വേണ്ടത്. അവളുടെ മനസ്സില്‍ ഇടം നേടാന്‍ താന്‍ എന്തു ചെയ്തു എന്ന് പരിശോധിക്കുകയാണ് ഭര്‍ത്താവ് ചെയ്യേണ്ടത്. എന്തു ചെയ്തു എന്നതിനോടൊപ്പം എന്തെല്ലാം ചെയ്തില്ല, എന്തെല്ലാം ചെയ്യേണ്ടിയിരുന്നു എന്നു കൂടി അയാള്‍ ചിന്തിക്കണം. അപ്പോഴേ ആത്മപരിശോധന ശരിയാവുകയുള്ളൂ.

ആ പരിശോധനയില്‍ വിലപ്പെട്ട റിസള്‍ട്ടുകള്‍ ലഭിക്കും. നമുക്ക് അതെണ്ണി നോക്കാം.
1. അവളോട് ചെയ്തതെല്ലാം ചെയ്യേണ്ടിയിരുന്നതായിരുന്നോ?
2. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുകയോ പറയുകയോ ചെയ്തുവോ?
3. അവള്‍ക്ക് ചെയ്തു കൊടുക്കേണ്ടതില്‍ എന്തെല്ലാം അവശേഷിക്കുന്നുണ്ട്?
4. അവളുടെ ഏതെങ്കിലും പ്രവൃത്തിക്ക് താന്‍ തെറ്റായ വ്യാഖ്യാനം നല്‍കിയോ?
5. അവള്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്തെല്ലാം ആയിരിക്കാം?

മനുഷ്യന്റെ ഏറ്റവും വലിയ ഗുണം അവന്‍ തന്നോട് കളവു പറയുകയില്ല എന്നാണല്ലോ. മദ്യപാനിയായ ഒരാള്‍ താന്‍ മദ്യപിക്കാറില്ല എന്നു വിചാരിക്കില്ലല്ലോ. കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാത്തവന്‍ ഞാനത് തിരിച്ചു തന്നു എന്ന് വാങ്ങിയവനോട് പറയുമെങ്കിലും സ്വന്തത്തോട് പറയുക താനത് കൊടുത്തിട്ടില്ല എന്നല്ലേ? ഇതുപോലെ ഭാര്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ മനസ്സില്‍ ശരിയുത്തരങ്ങളാണുണ്ടാവുക. അവളോട് പറഞ്ഞത് പറയാന്‍ പാടുള്ളതായിരുന്നോ എന്നതിന് ‘പാടുള്ളതായിരുന്നില്ല’ എന്ന ശരിയുത്തരം ലഭിച്ചാല്‍ ഉടനെ പരിഹാരം ചെയ്യണം. അത് രണ്ട് തരത്തിലാവാം.

ഒന്ന്, അവള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം കണ്ടെത്തി അത് ചെയ്തു കൊടുക്കുക. അത് ഒരുമിച്ചുള്ള ഒരു ഷോപിംഗാവാം, അവളെ കൂടെ കൊണ്ടു പോകുന്നില്ലെങ്കില്‍ അവള്‍ക്കിഷ്ടപ്പെട്ട ആഭരണമോ വീട്ടുപകരണമോ വാങ്ങിക്കൊടുക്കുക എന്നതാവാം. അല്ലെങ്കില്‍ സമാനമായ വല്ലതും ചെയ്യാം. ഇതിന്റെ ഫലം വസ്ത്രത്തിലെ അഴുക്കുപുരണ്ട ഭാഗത്ത് സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചതിനു തുല്യമാവും. രണ്ട്, പറഞ്ഞു പോയതില്‍ ഖേദം പ്രകടിപ്പിക്കുക എന്നതും നല്ല മാര്‍ഗമാണ്.

ഇപ്പറഞ്ഞ രണ്ടും ചെയ്യുന്നില്ലെങ്കില്‍ പഴയത് ആവര്‍ത്തിക്കാതിരിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുക. അങ്ങനെയാകുമ്പോള്‍ പറഞ്ഞ കുത്തുവാക്ക് ഒറ്റപ്പെട്ട സംഭവമായി കരുതി അവള്‍ ക്ഷമിക്കും. അതാണ് സ്ത്രീ മനസ്സ്.

തന്നെ കുറിച്ച് ഭാര്യക്കുള്ള പ്രതീക്ഷകളെ പറ്റി ഒരനുമാനം രൂപപ്പെടുത്താന്‍ ഭര്‍ത്താവിനു സാധിക്കണം. തന്നോട് നന്നായി പെരുമാറിയതു കൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നു എന്ന് ഭര്‍ത്താവ് കരുതരുത്. വിദ്യാര്‍ഥികളായ മക്കളുടെ പഠനകാര്യത്തില്‍ ഭര്‍ത്താവ് ഇന്നതെല്ലാം ചെയ്യണം എന്ന് അവള്‍ക്ക് ഒരു കാഴ്ച്ചപാടുണ്ടാവാം. ഭര്‍ത്താവ് ഓഫീസ് വിട്ടോ പണി കഴിഞ്ഞോ വന്നാല്‍ നേരെ പോകും അങ്ങാടിയിലേക്ക്. ചങ്ങാതിമാരോട് സൊറപറയാന്‍. വീട്ടില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുണ്ടെങ്കില്‍ അര മണിക്കൂറെങ്കിലും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കണം എന്നാവും വിദ്യാസമ്പന്നനായ ഭര്‍ത്താവില്‍ നിന്ന് അവള്‍ പ്രതീക്ഷിക്കുക. താഴെ ക്ലാസുകളിലാകുമ്പോള്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ അവര്‍ പൊതുപരീക്ഷകളില്‍ നല്ല മാര്‍ക്കോടെ ജയിക്കുകയുള്ളൂ എന്ന് അവള്‍ ചിന്തിക്കുന്നുണ്ട്. ആ ചിന്ത കുട്ടികളുടെ പിതാവിനില്ല എന്നു വരുമ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോട് വെറുപ്പ് തോന്നും. അവള്‍ വിചാരിക്കുന്നത് ശരിയായ രീതിയിലാണെന്നും കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് കിട്ടേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും പുരുഷന്‍മാര്‍ ചിന്തിക്കണം.

പതിമൂന്ന് വര്‍ഷം മുമ്പ് ഒരു യുവാവ് ഭാര്യയെ തലാഖ് ചെയ്യുകയാണെന്ന് പറഞ്ഞ് ഈയുള്ളവനെ സമീപിച്ചു. അയാള്‍ കരയുന്നുണ്ടായിരുന്നു. കരച്ചിന്റെ കാരണമന്വേഷിച്ചപ്പോള്‍ രണ്ടു കുട്ടികളുണ്ടെന്നും അവള്‍ തന്നോടും മക്കളോടുമൊത്ത് സ്‌നേഹത്തില്‍ കഴിയലാണ് തന്റെ ആഗ്രഹമെന്നും പക്ഷേ എത്ര ഉപദേശിച്ചിട്ടും അവള്‍ക്ക് സ്‌നേഹമുണ്ടാകാത്തതിനാല്‍ ഒഴിവാക്കുകയല്ലാതെ നിര്‍വാഹമില്ലെന്നുമായിരുന്നു മറുപടി. ഏതാനും ചോദ്യങ്ങള്‍ അയാളോട് ചോദിച്ചപ്പോള്‍ കുറ്റം ഭര്‍തൃപക്ഷത്താണെന്ന് മനസ്സിലായി. ഭാര്യയെ മനസ്സിലാക്കാതെ, അവളോട് ഉള്ളു തുറക്കാതെ ഉമ്മക്ക് മാത്രം പരിഗണന നല്‍കി എന്നതായിരുന്നു പ്രശ്‌നം. അത്തരം കാര്യങ്ങള്‍ മധ്യസ്ഥനോടോ കൗണ്‍സിലറോടോ അത്തരക്കാര്‍ തുറന്നു പറയില്ല. തുറന്നു ചോദിക്കാതെ തന്നെ മറ്റു മാര്‍ഗങ്ങളിലൂടെ ഇടയാളന്ന് നിഗമനത്തിലെത്താന്‍ കഴിയും.

അവളെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാതെ പതിനഞ്ചു ദിവസത്തേക്കുള്ള ചില ചിട്ടകള്‍ ചെറുപ്പക്കാരന് പറഞ്ഞു കൊടുത്തു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ കുറിച്ചുള്ള ആക്ഷേപങ്ങളെന്ത് എന്നത് മനസ്സിലാക്കി പുരുഷന്‍മാരെ ചോദ്യം ചെയ്യുമ്പോള്‍ കുറ്റം ആരുടെ പക്ഷത്താണെന്ന് ഊഹിക്കാന്‍ കഴിയും. ഊഹം ശരിയാണോ എന്ന് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശിച്ച പെരുമാറ്റ ചികിത്സയുടെ ഫലം നോക്കി മനസ്സിലാക്കാം. ഊഹം ശരിയായിരുന്നു. മൂന്ന് മാസത്തിനു ശേഷം ആ ചെറുപ്പക്കാരന്‍ പാരിതോഷികവുമായി വീട്ടില്‍ വന്ന് പറഞ്ഞു: ‘ഇപ്പോള്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.’

ഈ കുറിപ്പില്‍ പറഞ്ഞ അഞ്ചു ചോദ്യങ്ങള്‍ ഭാര്യയും ഭര്‍ത്താവും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുക. അതിന് ഇതില്‍ പറഞ്ഞ വിധത്തിലോ സമാന രീതിയിലോ പരിഹാരം കാണുക. പ്രശ്‌നങ്ങള്‍ക്ക് ഒരു കൗണ്‍സിലറുടെ സഹായമില്ലാതെ തന്നെ വലിയൊരളവോളം പരിഹാരമുണ്ടാകും.

Related Articles