Current Date

Search
Close this search box.
Search
Close this search box.

ഭാര്യയുടെ മാര്‍ക്ക്

mark.jpg

ഭാര്യ എല്ലാം തികഞ്ഞവളായിരിക്കണം എന്നായിരിക്കും എല്ലാ ഭര്‍ത്താക്കന്‍മാരും ആഗ്രഹിക്കുക. ആഗ്രഹിക്കുന്നതിനും അതു സഫലമാകാന്‍ പ്രാര്‍ഥിക്കുന്നതിനും കുഴപ്പമില്ല. എന്നാല്‍ അങ്ങനെയാവണമെന്ന് ശഠിച്ച് കുഴപ്പമുണ്ടാക്കരുത്. അവളെ പീഡിപ്പിക്കരുത്. ഉള്ള ശാന്തി നഷ്ടപ്പെടലാവും അതിന്റെ ഫലം.

‘ലക്ഷം മാനുഷരുള്ള സദസ്സില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ’ എന്ന കവിവാക്യം സത്യമാണ്.

ഭാര്യയെ കുറിച്ച് ഭര്‍ത്താവ് സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതു പോലെ അവള്‍ അദ്ദേഹത്തെ കുറിച്ചും സങ്കല്‍പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാവും. അത് കുറ്റമറ്റ ഭാര്യയെ സങ്കല്‍പിക്കുന്ന പുരുഷന്‍ ഓര്‍ക്കണം. തനിക്ക് അവളുടെ സങ്കല്‍പം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ അഥവാ താന്‍ എല്ലാം തികഞ്ഞവനാണോ എന്ന ആത്മപരിശോധ നടത്തണം.

 1. ആത്മപരിശോധ തിരുത്തലിന്റെ മാതാവാണ്.
 2. തിരുത്തല്‍ ശരിയുടെ മാതാവാണ്.
 3. ശരി മനസമാധാനാത്തിന്റെ മാതാവാണ്.
ദമ്പതിമാര്‍ ഈ മൂന്ന് സത്യങ്ങള്‍ ഗ്രഹിച്ച് മുന്നോട്ട് നീങ്ങിയാല്‍ എന്റെ ഭര്‍ത്താവ് എത്ര നല്ലവന്‍, ഞാനെത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിക്കും. അങ്ങനെ അവള്‍ തിരുത്തലിലൂടെ, ശരിയിലൂടെ, സമാധാനത്തിലെത്തും. ഇതു തന്നെയാണ് മേല്‍പറഞ്ഞ വിധം ചെയ്താല്‍ ഭര്‍ത്താവിന്നും സംഭവിക്കുക.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നവരും എഴുതിയാല്‍ തന്നെ ഓരോന്നിനും പൂര്‍ണ മാര്‍ക്ക് ലഭിക്കുന്നവരും വിദ്യാര്‍ഥികളായിരിക്കില്ല. നൂറു ശതമാനം വിജമുണ്ടാക്കുന്ന സ്ഥാപനങ്ങളിലെ ഓരോ വിദ്യാര്‍ഥിക്കും നൂറു ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കില്ല. സ്ഥാപനത്തില്‍ ഡിസ്റ്റിംഗഷന്‍ നേടിയവര്‍ക്ക് പോലും തൊണ്ണൂറോ അതില്‍ താഴെയോ മാര്‍ക്കേ ലഭിച്ചിട്ടുണ്ടാവുകയുള്ളൂ.  പുരുഷന്‍മാരെ, അതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യ നല്‍കിയ മാര്‍ക്ക് അമ്പതോ അറുപതോ ആയിരിക്കും. പക്ഷെ നൂറു തികയാത്തതിന്റെ പേരിലോ തൊണ്ണൂറോ എണ്‍പതോ ആയതിന്റെ പേരിലോ അവള്‍ നിങ്ങളെ സ്‌നേഹിക്കാതിരിക്കില്ല. മുപ്പത്തിയഞ്ചിന്റെയും നാല്‍പതിന്റെയും ഇടയിലായാലും അവള്‍ നിങ്ങളെ സ്‌നേഹിക്കും. അതാണ് ഭാര്യമാരുടെ മനസ്സുകളുടെ ശരാശരി അവസ്ഥ.

എന്നാല്‍ പുരുഷന്‍മാരുടേത് വ്യത്യസ്തമാണ്. അവന്‍ മുപ്പത്തിയഞ്ച് മാക്കുകാരനാണെങ്കിലും ഭാര്യ എഴുപത് മാര്‍ക്കുകാരിയാകണമെന്നാണ് ആഗ്രഹിക്കുക. മാത്രമല്ല, ഭാര്യ തന്റെ സങ്കല്‍പത്തിനനുസരിച്ച് ഉയര്‍ന്നില്ല എന്ന ചിന്തയില്‍ നിന്ന് വിവാഹമോചന ചിന്ത ഉടലെടുത്തെന്നു വരും. വിവാഹ മോചനം ചെയ്ത് മറ്റൊരുവളെ സ്വീകരിച്ചാല്‍ പ്രശ്‌നം തീരും, പൂര്‍ണ സംതൃപ്തി ലഭിക്കും എന്നതിന്ന് എന്തുറപ്പാണുള്ളത്?

ചില ചോദ്യങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കും മറ്റു ചിലതിന് മുക്കാലും അരയും വേറെ ചിലതിന് കാല്‍ഭാഗവുമായി മൊത്തം നാല്‍പത് മാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് നോക്കുക. എങ്കില്‍ ഭാര്യ ജയം നേടി എന്ന് പറയാം.

ചിലര്‍ക്കാഗ്രഹം ഭാര്യ പാട്ടുകാരിയായിരിക്കണം, നല്ല സ്വരത്തില്‍ സംസാരിക്കുന്നവളാകണം, നല്ല വായനക്കാരിയാവണം എന്നെല്ലാമായിരിക്കും. ഇതിലെല്ലാം അഞ്ചുശതമാനക്കാരിയായ അവള്‍ ഭര്‍തൃസ്‌നേഹം, ശിശുപരിപാലനം, ഗൃഹഭരണം തന്റേടം എന്നിവയില്‍ അമ്പതിനു മുകളില്‍ മാര്‍ക്ക് അര്‍ഹിക്കുന്നവളും ഭക്തിയില്‍ അറുപത് ശതമാനക്കാരിയുമാണെങ്കില്‍ അഞ്ചു ശതമാനത്തിലൊതുങ്ങിയ വിഷയങ്ങള്‍ മറന്നു കളയുക. ഇതുപോലെ അവളും തന്റെ ഓരോ വിഷയത്തിലും മാര്‍ക്കിടാന്‍ സാമര്‍ഥ്യമുള്ളവളാണെന്ന് നിങ്ങള്‍ പുരുഷന്‍മാര്‍ ഓര്‍ക്കുക.

മതപരമായ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും കുറഞ്ഞ, ഇംഗ്ലീഷില്‍ അഡ്രസോ നെയിം ബോര്‍ഡുകളോ വായിക്കാനറിയാത്ത ഒരു പെണ്‍കുട്ടി ബിരുദധാരിയായ പുരുഷന്റെ ഭാര്യയായി കഴിയുന്നത് ഈ ലേഖകന്നറിയാം. കുറച്ചേ പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ ആരാധനാ കര്‍മങ്ങള്‍ വളരെയധികം ശ്രദ്ധിക്കും. വീട്ടിലെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിന്നനുസരിച്ചുള്ള സേവനം ചെയ്യും. വിട്ടുവീഴ്ച്ചക്കും പെരുമാറ്റത്തിനും ഉന്നത മാതൃകയുള്ളവള്‍. സ്‌നേഹത്തില്‍ പൊതിഞ്ഞ ആജ്ഞാശക്തിയുള്ള അവളുടെ സാന്നിധ്യം എല്ലാവര്‍ക്കും വേണം. ഭര്‍തൃഗൃഹത്തിലെ മൂത്ത മരുമകളായ അവള്‍ എല്ലാവരുടെയും ആദരവും സ്‌നേഹവും സമ്പാദിച്ച് സുഖമായി കഴിയുന്നു.

നാം ജീവിതം പഠിക്കുക. നമ്മെ പഠിച്ച ശേഷമേ അന്യരെ പഠിക്കുകയും അവര്‍ക്ക് മാര്‍ക്കിടാന്‍ ശ്രമിക്കുകയും ചെയ്യാവൂ. തന്നെ പഠിക്കാതെ അന്യരെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയം നേടാന്‍ പ്രയാസമുണ്ടാവുക.

Related Articles